വിഷുവും വിപണിയും
എഴുമാവിൽ രവീന്ദ്രനാഥ്
കാർഷിക കേരളത്തിന്റെ തനതുത്സവങ്ങളിലൊന്നായ വിഷു സമാഗതമായി. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് ആദ്യമേ രണ്ടുപേരെത്തും. കുംഭപ്പാതിയിൽ മൊട്ടിട്ട് മീനപ്പാതിയോടെ പൂവിട്ട് മേടപ്പാതിയോടെ മറയുന്ന കണിക്കൊന്നപ്പൂക്കൾ (കാഷ്യാ ഫിസ്റ്റുല) ആണിതിൽ ഒന്ന്. തായ്ലന്റിന്റെ ദേശീയ പുഷ്പവും നമ്മുടെ സംസ്ഥാന പുഷ്പവുമായ കണിക്കൊന്നപ്പൂക്കൾ തായ്വാൻ സർവകലാശാലയുടെ ഭാഗ്യമുദ്ര കൂടിയാണ്. ലാവോസിന്റെ നവവത്സരാഘോഷങ്ങളിലെ പ്രധാന പുഷ്പാലങ്കാരം കണിക്കൊന്നപ്പൂക്കൾ കൊണ്ടുതന്നെയാണ്. ഗോൾഡൻ ഷവർ എന്ന് ഇതിനു പേരിട്ട ഇംഗ്ലീഷുകാരന്റെ ഭാവനാവിലാസത്തെ നമിയ്ക്കാതെവയ്യ. മണ്ണിനെ വരട്ടിപ്പൊരിയ്ക്കുന്ന മീനച്ചൂടിലും തീക്കാറ്റിലും ഒട്ടും വാടാതെയും വരളാതെയും നൃത്തമാടി നിൽക്കുന്ന ഈ പൂക്കൾ ഓരോ സംരംഭകനോടും പറയുന്നതെന്താണ്? പ്രതിബന്ധങ്ങളെ പ്രചോദനമാക്കൂ…..
മറ്റൊന്നാണ് ഏതോ കാണാമറയത്തിരുന്ന് കൊണ്ട് ഗ്രാമീണജനതയെ ആവേശ ഭരിതരാക്കുന്ന വിഷുപ്പക്ഷി എന്ന കതിരുകാണാക്കിളി. വിളവെടുപ്പുകഴിഞ്ഞ് മണ്ണൊരുക്കവും നടത്തി കന്നിമഴയ്ക്കായി കാതോർത്ത് വിശ്രമിയ്ക്കുന്ന കർഷകരോട് വിത്തും കൈക്കോട്ടും വെക്കം കൈയ്യേന്തൂ എന്നും, കത്തും വെയിൽ പോകും, എത്തും മഴയിപ്പോൾ, കട്ടയുടച്ചിട്ടോ, മുറ്റമടിച്ചിട്ടോ, വിത്തു തിരിച്ചിട്ടോ, ഒത്തു പിടിച്ചോളൂ എന്നും കിളി ആഹ്വാനം ചെയ്യുന്നു. പണ്ടുകാലത്ത് കൃഷിയായിരുന്നു മുഖ്യ വരുമാനമാർഗ്ഗം. പിന്നെയുള്ളത് കച്ചവടം, കൈത്തൊഴിൽ എന്നിവ. അതല്ലാതെയുള്ള ഉൽ
പാദന പ്രക്രിയകളൊന്നും നാടിനും വശമില്ലായിരുന്നു. അതുകൊണ്ടാവാം വിഷുക്കിളിപ്പാട്ടിന് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഭാഷാഭേദങ്ങൾ ഉണ്ടായത്.
പഴയ കാല സംരംഭങ്ങൾ എന്തായിരുന്നു? എണ്ണയാട്ട്, പായ പനമ്പ്, കുട്ട, വട്ടി, മുറം നിർമാണം, കരകൗശല വിദ്യകൾ, കയർ പിരിയ്ക്കൽ, പാത്രങ്ങൾ (മണ്ണും ഓടും), ആഭരണ നിർമാണം, വസ്ത്രം നെയ്ത്ത് തുടങ്ങിയ പരിമിതമായ റേഞ്ചിലായിരുന്നു നമ്മുടെ ഉൽപാദന മേഖല എന്നു പറയാം. ഉപഭോക്താക്കളും നന്നേ കുറവ്. ഭക്ഷ്യോൽപന്ന മേഖല വികസിച്ചിട്ടേയില്ല. അവനവനു വേണ്ടതെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന രീതിയായിരുന്നു. പിന്നെ, വിപണിയും അന്ന് പരിമിതമായിരുന്നല്ലോ. ഓണം, വിഷു തുടങ്ങിയ ആരാധനാലയങ്ങളിലെ വാർഷികോത്സവങ്ങൾ വരെയുള്ള ആഘോഷങ്ങൾക്കെത്തുന്ന ആൾക്കൂട്ടങ്ങൾക്കു മുമ്പിൽ പ്രദർശനവും വിൽപനയിലും ഒതുങ്ങുന്നതായിരുന്നു അക്കാലത്തെ ബിസിനസ്.
വിഷുവെത്തും മുമ്പേ ഇതുമായി ബന്ധപ്പെട്ട വിപണിയുണരും. മരപ്പണിക്കാരും ലോഹപ്പണിക്കാരുമൊക്കെ സജീവമാകും. കൃഷിയ്ക്കു വേണ്ട കൈക്കോട്ടുകൾ, മൺവെട്ടികൾ മുതൽ മഴുവും കത്തിയും വരെ നിർമിച്ച് പ്രദർശനത്തിനെത്തിയ്ക്കുകയോ (മുഖ്യമായും അങ്ങാടികളിൽ) തലച്ചുമടുമായി കൊണ്ടു നടന്നു വിൽക്കുകയോ ആണ് പതിവ്. കണിയൊരുക്കുന്നതിനുള്ള ഓട്ടുരുളി, വാൽക്കണ്ണാടി, വാൽക്കിണ്ടി, നിലവിളക്കുകൾ, ഓട്ടുതളികകൾ എന്നിവയുടെ നിർമാണവും പൊടിപൊടിയ്ക്കും. കളിമണ്ണിൽ തീർത്ത് ചായം പൂശുന്ന വിഗ്രഹങ്ങളും ഇക്കാലത്ത് ഡിമാന്റുള്ളവയാണ്. ഓണക്കോടി പോലെ വിഷുക്കോടി അത്ര പ്രചാരമില്ല. എന്നാൽ കസവിൽ തീർത്ത വിഷുക്കുറിമുണ്ട് കുട്ടികൾക്കായി വാങ്ങുന്ന പതിവുണ്ടായിരുന്നു.
പിന്നീടുള്ളതു കാർഷിക വിപണിയാണ്. മുമ്പേ ഒരുക്കിയിട്ടുള്ള നിലങ്ങളിലും പറമ്പുകളിലും വിഷുച്ചാല് കീറി വിഷുവിത നടത്തുന്നത് ഒരു കാർഷികാചാരം തന്നെയായിരുന്നു. അന്നു തുടക്കമിടുമെന്നു മാത്രം. വ്യാപകമായ വിളയിറക്കൽ വിഷുപ്പത്ത് എന്ന പത്താമുദയത്തിനാണ്. വിത്തുകളൊക്കെ കർഷകരുടെ നിലവറകളിലുണ്ടാവും. ഓരോന്നും ഓരോ ഇടത്തായിരിയ്ക്കും സമൃദ്ധമായുള്ളത്. ഇവ കർഷകർ പരസ്പരം കൈമാറുന്നത് വിഷുവിപണിയിൽ വെച്ചാണ്. ഉദാഹരണമായി ഇന്ത്യയിൽ 40,000 ഇനങ്ങളിൽപ്പെട്ട നെൽവിത്തുകളുണ്ടായിരുന്നുവെന്നും ഇന്നവയിൽ 20,000 തരം നിലവിലുണ്ടെന്നും കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ നൂറിലേറെ ഇനങ്ങളാണ് കേരളം പരിപാലിച്ചു പോന്നതെന്ന് പത്മശ്രീ ജേതാവും ആദിവാസി കർഷക പ്രമുഖനുമായ ചെറുവയൽ രാമൻ പറയുന്നു. ഓരോ പ്രദേശങ്ങളിലെയും വിത്തുകൾ, അവ നെല്ലു മാത്രമല്ല വാഴയും, ചേനയും ചേമ്പും, കാച്ചിലും, തെങ്ങും മരച്ചീനിയുമൊക്കെ സാർവത്രികമാക്കുവാനുള്ള വിശാലമനസ്സ് പഴയ തലമുറയ്ക്കുണ്ടായിരുന്നു. അതാണ് നമ്മുടെ നാടിനെ ഹരിതാഭമാക്കി നിലനിർത്തിയത്.
അക്കാലത്ത് ഷോപ്പിങ്ങ് മാളുകളോ ഓൺലൈൻ പർച്ചേസോ നിലവിലുണ്ടായിരുന്നില്ല. ഉത്സവ സീസണുകളിലെത്തുന്ന മറുനാടൻ കച്ചവടക്കാരിൽ നിന്നും ആവശ്യമായതൊക്കെ വാങ്ങിവെയ്ക്കുകയായിരുന്നു വഴക്കം. ടാൽക്കം പൗഡറും, ടോയ്ലറ്റ് സോപ്പും, പെർഫ്യൂമും മറ്റ് കോസ്മെറ്റിക്സും എല്ലാം ‘ചിന്തിക്കടകൾ’ എന്നു പേരായ സീസണൽ ഷോപ്പുകളിൽ മാത്രമേ ലഭ്യമാകൂ. ആദ്യം ഇവയൊക്കെ ഇവിടെ വിപണനത്തിനെത്തിച്ച സിന്ധികളിൽ നിന്നാണത്രേ ചിന്തിക്കട എന്ന പേരുണ്ടായത്. വൈദ്യുതി എത്തും മുമ്പ് ഓടലെണ്ണ, വേപ്പെണ്ണ, എള്ളെണ്ണ, മരോട്ടിയെണ്ണ തുടങ്ങിയവ ചേർത്തു തയ്യാറാക്കുന്ന തൈലായിരുന്നു ഉത്സവങ്ങൾക്കും മറ്റും ദീപക്കാഴ്ചയൊരുക്കാൻ ഉപയോഗിച്ചിരുന്നത്. പിന്നാലെ ഗ്യാസ് ലൈറ്റും (പെട്രോമാക്സ്), മണ്ണെണ്ണ വിളക്കുകളുമൊക്കെ നിലവിൽ വന്നു. ഉച്ചഭാഷിണികൾ എത്തിയത് ഉത്സവങ്ങൾക്കു കൊഴുപ്പേകി. വൈദ്യുത ദീപാലങ്കാരം അന്നും പരിമിതമായിരുന്നുവെങ്കിലും രാവുകളെ പ്രഭാപൂരിതമാക്കാൻ അവ പര്യാപ്തമായി. അക്കാലത്ത് ഉച്ചഭാഷിണികൾ ഗ്രാമങ്ങളിലെത്തുന്നത് ഉത്സവ സീസണുകളിൽ മാത്രം. ഏറ്റവും വലിയ ആഡംബരമായി അതിനെ കരുതുകയും ചെയ്തിരുന്നു.
ഇന്ന് വിഷു ആഘോഷങ്ങൾ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ വിഷുവെത്തും മുമ്പേ കണ്ണുകൾക്കും കാതുകൾക്കും കുളിർ പകരുന്നു. വ്യാപാരികളും വ്യവസായികളും വിപണന തന്ത്രങ്ങളുമായി രംഗം കൊഴുപ്പിയ്ക്കുന്നു. സൂപ്പർ മാർക്കറ്റുകളിൽ വരെ വിഷുത്തലേന്ന് വിഷുക്കിറ്റുകൾ ലഭ്യമാകുന്നു. കൊന്നപ്പൂവ്, കണിനെല്ല്, കണി വെള്ളരി, മാമ്പഴം, ഇളം ചക്ക എന്നിവയുള്ള റുട്ടീൻ കിറ്റും, പുതുതായി കണിയൊരുക്കുന്നവർക്കുള്ള ഉരുളി, വാൽക്കണ്ണാടി, കുങ്കുമച്ചെപ്പ്, ഓട്ടുകിണ്ടി, വെള്ളികെട്ടിയ വലംപിരിശംഖ്, കസവു പുടവ എന്നിവയടങ്ങിയ ഫുൾകിറ്റും ഇന്നു വിപണിയിൽ സുലഭം. ഏതായാലും ഇവയ്ക്കെല്ലാം ഉപഭോക്താക്കൾ ഏറെയാണ്. വഴിവക്കിൽ കണിപ്പൂവും, ചക്കയും മാങ്ങയും അടങ്ങിയ കിറ്റ് 25 രൂപയ്ക്കു കിട്ടുമ്പോൾ സൂപ്പർ മാർക്കറ്റ് ഇതിന് ഇരട്ടിയിലേറെ വില ഈടാക്കുന്നുവെന്നതൊരു സത്യം. ഇതോടൊപ്പം മറുനാട്ടുകാർ സീസൺ മുതലാക്കാൻ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത വിഗ്രഹങ്ങളുമായി തെരുവോരങ്ങളിലെത്തുന്നതും എടുത്തു പറയേണ്ടതാണ്. ഉപഭോഗത്തിലും ഉത്സവങ്ങളിലും ഹരം ഏറെയുള്ള മലയാളികൾ ആരെയും നിരാശരാക്കുന്നില്ല. എല്ലാവരുടെയും മനം നിറയട്ടെ. വിഷു സമ്പദ് സമൃദ്ധമാകട്ടെ.