വീടുകൾ ബിസിനസ് ഇൻക്യുബേഷൻ സെൻററുകൾ ആവട്ടെ
വീടുകൾ ബിസിനസ് ഇൻക്യുബേഷൻ സെൻററുകൾ ആവട്ടെ
ആഷിക് കെ പി
ഓരോ വീടും ബിസിനസ് ഇൻക്യൂബേഷൻ സെൻററുകൾ ആയി മാറേണ്ടതുണ്ട്. ഗാർഹിക സംരംഭങ്ങൾക്ക് ഒട്ടേറെ സാധ്യതകളും അവസരങ്ങളുമാണ് ഇന്ന് ഉള്ളത്. പലതരം കാരണങ്ങളാൽ ഇന്നും സംരംഭകത്വത്തിന് കേരളത്തിൽ ഏറെ മുന്നേറാൻ കഴിഞ്ഞിട്ടില്ല. ഇതിൻറെ പ്രധാനപ്പെട്ട കാരണം പ്രോത്സാഹനങ്ങൾ ഏറെ ഉണ്ടായിട്ടും സംരംഭകത്വം എന്ന ആശയം ഇപ്പോഴും എവിടെ എന്ത് എങ്ങനെ തുടങ്ങണം എന്നുള്ള ആശങ്കയിൽ തട്ടി നിൽക്കുന്നു എന്നതാണ്. ഈ ആശങ്ക പരിഹരിക്ക
പ്പെടേണ്ടതുണ്ട്.കേരളത്തിലെ ജനസംഖ്യയിൽ 50 ശതമാനത്തോളം സ്ത്രീകളാണ് എന്നുള്ള കാര്യം നമുക്കറിയാം. ഇവരിൽ 30 ശതമാനത്തിലേറെ ഇപ്പോഴും വീട്ടമ്മമാരായി വീട്ടുജോലിയും എടുത്ത് ജീവിതം തള്ളിനീക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. ഓരോ പഞ്ചായത്തിലും ഓരോ സംരംഭങ്ങൾ എന്നതിൽ നിന്നും മാറി ഓരോ വീട്ടിലും ഓരോ സംരംഭങ്ങൾ എന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. ഇതിന് സ്ത്രീശാക്തീകരണം അത്യന്താപേക്ഷിതമാണ്. വ്യത്യസ്തവും വൈവിധ്യവുമാർന്ന കഴിവുകളാണ് ഓരോ വീടുകളിലും ഉള്ള സ്ത്രീകൾക്ക് ഉള്ളത്. ഒരുപക്ഷേ വീട്ടിലുള്ള പുരുഷന്മാരെക്കാൾ പതിന്മടങ്ങ് കഴിവും ശേഷിയും ഉള്ളവർ ആണ് സ്ത്രീകൾ . എന്നാൽ പലതരം കാരണങ്ങൾ കൊണ്ട് ഇവരുടെ സർഗാത്മകശേഷികൾ വിനിയോഗിക്കപ്പെടുന്നില്ല. കുടുംബത്തിൻറെ ഭാരിച്ച ചുമതല, മക്കളുടെ പഠനം , വീട്ടു ജോലികൾ, മുതിർന്നവരുടെ സംരക്ഷണം, കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അടിമത്ത മനോഭാവം , നമ്മുടെ സാമൂഹ്യ രീതി ഇവയൊക്കെ ഇതിന് കാരണമാണ്. ഇതൊക്കെ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്ന മനോഭാവത്തിലേക്ക് നാം ഇപ്പോഴും മാറിയിട്ടില്ല. ഓരോ വീടും പുലർത്തേണ്ടത് അല്ലെങ്കിൽ വരുമാനം ഉണ്ടാക്കേണ്ടത് പുരുഷനാണെന്നും അത് പരിപാലിക്കുക മാത്രമാണ് സ്ത്രീയെന്നുമുള്ള ഒരു ധാരണ കാലാകാലങ്ങളിലായി നാം വെച്ചു പുലർത്തുന്നുണ്ട് . ഇന്ത്യയിൽ കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലും ഇത്തരം ധാരണകൾ കാലഹരണപ്പെട്ടിട്ട് കാലം കുറെയായി. തൊട്ടടുത്ത തമിഴ്നാട്ടിലോ തെലുങ്കാനയിലോ കർണാടകത്തിലോ ഗ്രാമങ്ങളിലൂടെ നമ്മൾ ഇപ്പോൾ സഞ്ചരിച്ചാൽ വ്യത്യസ്തവും വൈവിധ്യവും ആയ സംരംഭകരായി ഓരോ കുടുംബങ്ങളും മാറിയ കാഴ്ച നമുക്ക് കാണാൻ കഴിയും . ഗ്രാമീണ ഉൽപന്നങ്ങളുടെ വലിയ നിരതന്നെ കാണാം.
ഒരു വീട്ടിലെ എല്ലാ അംഗങ്ങളും ഒറ്റയ്ക്കോ കൂട്ടായോ വ്യത്യസ്തമായ വിവിധ സംരംഭങ്ങൾ നടത്തിയോ സ്വയം തൊഴിൽ ചെയ്തു ജോലി ചെയ്തോ വരുമാനം ഉണ്ടാക്കുന്ന കാഴ്ചയാണ് അവിടെയൊക്കെ നാം കാണുന്നത്. അതേസമയം സാക്ഷരത കൊണ്ടും ആശയ സമ്പന്നത കൊണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതകൾ കൊണ്ടുമൊക്കെ നാം അനുഗ്രഹീതരാണെങ്കിലും നമ്മുടെ മനോഭാവത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് ഇപ്പോഴും സംരംഭകത്വം എന്ന് പറയുന്നത് വീട്ടമ്മമാർക്കും കുടുംബത്തിൽ ചെയ്യേണ്ടതായ ഒന്ന് എന്ന തലത്തിലും മാറിയിട്ടില്ല . ഓരോ പ്രദേശങ്ങളും അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പ്രകൃതി വിഭവങ്ങളെ കൊണ്ടും ആവശ്യങ്ങളെ കൊണ്ടും കാസർകോട് മുതൽ തിരുവനന്തപുരം വരെ വ്യത്യസ്തമാണ് എന്ന് നമുക്കറിയാം. ഈ വ്യത്യസ്തതകൾ ഉൾക്കൊണ്ടുകൊണ്ട് ഓരോ വീടുകളും അവിടെയുള്ള തനതായ ഉൽപ്പന്നങ്ങൾ ഏതുമാവട്ടെ ഓരോ ഗൃഹനാഥയുടെയും വ്യത്യസ്തമായശേഷി ഉപയോഗിച്ചുകൊണ്ട് ഉത്പാദിപ്പിക്കുകയും അതിന് ആ നാട്ടിലും അല്ലെങ്കിൽ പുറത്തു വിപണി സാധ്യത കണ്ടെത്തുകയും ചെയ്താൽ ചെറുകിട കുടിൽ വ്യവസായങ്ങളെ കൊണ്ട് സമ്പന്നമായ സംസ്ഥാനമായി മാറും നമ്മുടെ നാട് . ഇതിലൂടെ കേവലം ഒരു ഉത്പാദന കേന്ദ്രമായി മാറുക മാത്രമല്ല ചെയ്യുന്നത് സ്ഥിരോൽസാഹികളായ വീട്ടമ്മമാരെ പുതിയ സ്വപ്നങ്ങൾ കാണാനും അവ പ്രാവർത്തികമാക്കാനും അവരെ സ്വയംസമ്പന്നരാക്കാനും പുതിയ തലമുറയ്ക്ക് മാതൃക സൃഷ്ടിച്ചു കൊടുക്കാനും കഴിയും. ഓരോ വാർഡിലും ഇത്തരത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന , അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം കൊടുക്കുന്ന, അവരുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ട വിപണന സാധ്യതകൾ നൽകുന്ന, പഞ്ചായത്ത് തല കേന്ദ്രങ്ങൾ കൂടി ഉണ്ടായാൽ എല്ലാ മേഖലകളിലും ഉൽപാദനവും വിപണനവും എളുപ്പത്തിൽ നടത്താൻ കഴിയും. ഇത്തരം മാതൃകകൾ സംരംഭകത്വത്തിൽ വലിയ മുന്നേറ്റം ആയിരിക്കും ഉണ്ടാവുന്നത് . ഇന്ന് മാറുന്ന ലോകത്ത് മാറ്റങ്ങളെ ഏറെ സ്വീകരിക്കുന്ന, വ്യത്യസ്തതകളെ ഏറെ ഉൾക്കൊള്ളുന്ന ഉപഭോക്താക്കളാണ് നമുക്ക് ചുറ്റും. സ്ഥിരമായ ഒന്ന് ഉപയോഗിക്കുന്നതിന് പകരം പ്രത്യേകിച്ച് ദൈനംദിന ഉപഭോഗത്തിൽ വ്യത്യസ്തതകൾ പരീക്ഷിക്കാനും ഉൾക്കൊള്ളാനും തയ്യാറാവുന്നവരാണ് നമ്മുടെ ഉപഭോക്താക്കൾ . അതുകൊണ്ടുതന്നെഏത് ഉൽപ്പന്നവും എളുപ്പത്തിൽ വിജയിക്കാൻ കഴിയും. എറണാകുളം നഗരത്തിൽ കപ്പ ഉണ്ടാക്കി വൃത്തിയായി പാക്ക് ചെയ്തു ബേക്കറിയിൽ കൊടുക്കുന്ന ഒരു സംരംഭകയെ പരിചയപ്പെട്ടു. അവർ ആദ്യം ഒന്ന് രണ്ട് ബേക്കറിയിൽ അന്വേഷിച്ചപ്പോൾ വൈകുന്നേരം ആര് വാങ്ങും എന്ന സംശയം ബേക്കറി ഉടമ ഉന്നയിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ തൻറെ ഉൽപ്പന്നത്തിൽ നല്ല വിശ്വാസമുള്ള ആ സ്ത്രീ ആ പ്രദേശത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയപ്പോൾ ആ ബേക്കറിക്ക് മുന്നിലൂടെ കടന്നു പോകുന്ന എത്രയോ ആളുകൾ ഉദ്യോഗസ്ഥകളാണ് എന്ന് മനസ്സിലാക്കുകയും ആ ബേക്കറിയിൽ ബിസ്ക്കറ്റ്, കേക്ക്, പാൽ തുടങ്ങിയവ വാങ്ങാൻ അവർ നിരന്തരമായി വരാറുണ്ടെന്നും അവർ മനസ്സിലാക്കി. സ്വാഭാവികമായും ഒരു ഭക്ഷ്യോൽപന്നം കണ്ടാൽ അവരത് വാങ്ങിക്കൊള്ളുമെന്ന് ധാരണയിൽ വിറ്റഴിച്ചാൽ കാശ് തന്നാൽ മതി എന്ന ധാരണയിൽ അവർ ഒന്നോ രണ്ടോ കിലോ കപ്പ മാത്രം ഉപയോഗിച്ചുകൊണ്ട് തുടങ്ങിയ തൻറെ സംരംഭം ഇന്ന് പത്തോളം തൊഴിലാളികളെ വച്ച് കിലോ കണക്കിന് കപ്പ വാങ്ങി പുഴുങ്ങി പാക്ക് ചെയ്തു വിൽക്കുന്ന തലത്തിലേക്ക് വിജയിയായ സംരംഭകയായി മാറിയിരിക്കുന്നു . ഇതുപോലുള്ള എത്രയോ വ്യത്യസ്തമായ ഭക്ഷ്യോൽപ്പന്നങ്ങൾ, എണ്ണകൾ, ചോക്ളേറ്റുകൾ , കറികൾ, കാർഷിക വിഭവങ്ങൾ, പേപ്പർ പ്രോഡക്ടുകൾ, കോസ്മെറ്റിക്കുകൾ, കളിപ്പാത്രങ്ങൾ, പാത്രങ്ങൾ,വീട്ടുപകരണങ്ങൾ, തുടങ്ങിയവ ഉണ്ടാക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട് . എന്നാൽ ഇതിന് ഒരു പ്രൊഫഷണൽ സംരംഭകത്വ രീതി ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗാർഹിക സംരംഭങ്ങളെ പ്രത്യേകിച്ച് സ്ത്രീകൾ നടത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പഞ്ചായത്ത് തലത്തിൽ തന്നെ അവയുടെ നവീനവൽക്കരണത്തിനും വിതരണത്തിനും വിപണനത്തിനും ആവശ്യമായ സഹായ പിന്തുണ സംവിധാനങ്ങൾ ആവിഷ്കരിച്ചു കഴിഞ്ഞാൽ ഓരോ വീടും ഓരോ സംരംഭങ്ങൾ ആയി മാറും എന്നുള്ളത് ഉറപ്പാണ്. നാം ധരിക്കുന്ന വസ്ത്രം, ചെരുപ്പ്, കഴിക്കുന്ന ഭക്ഷണങ്ങൾ, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട, അലങ്കാര വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങളും സേവനങ്ങളുംനൽകുന്ന സംരംഭങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ തുടങ്ങിയാൽ കേരളം സംരംഭകത്വം വികസനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും സംരംഭകത്വം എന്ന ആശയം അതിവേഗം പ്രചാരം ആർജിക്കുകയും ചെയ്യും. ഒരുകാലത്ത് മലബാറിലെ മിക്ക വീടുകളും കൈത്തറികൾ നെയ്യുന്ന കേന്ദ്രങ്ങൾ ആയിരുന്നു. ആളുകൾ ജോലിക്ക് പോലും പോകാതെ സംരംഭകരായ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ പ്രോത്സാഹനങ്ങളും നവീന വൽകൃത ആശയങ്ങളും ഇല്ലാതെ കാലഹരണപ്പെട്ടു പോയ ഒരു സംരംഭകത്വ മാതൃകയായിരുന്നു അത്. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഗാർഹിക സംരംഭങ്ങൾക്കും വനിത സംരംഭങ്ങൾക്കും വലിയ പ്രോത്സാഹനമാണ് കേരള സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. അവരെ പ്രോത്സാഹിപ്പിക്കാൻ ഉള്ള പരിശീലന പരിപാടികളും സാമ്പത്തിക സഹായങ്ങളും സബ്സിഡികളും വിപണന സഹായങ്ങളും മറ്റും നൽകാൻ വ്യവസായ വകുപ്പ് അടക്കമുള്ള സംരംഭകത്വം വികസന ഏജൻസികൾ ഒറ്റയ്ക്കും കൂട്ടായും ശ്രമിക്കുന്നുണ്ട്. പഞ്ചായത്തിൻ പ്ലാൻ ഫണ്ടിൽ നിന്ന് പ്രത്യേക തുക ഗാർഹിക സംരംഭങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ ലൈസൻസു പോലും വേണ്ട. ഭക്ഷ്യ ഉൽപന്നങ്ങളാണെങ്കിൽ മാത്രം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടാവണം. അതുകൊണ്ടുതന്നെ ഇന്ന് ഒരു വീട്ടമ്മ വീട്ടിലോ വീടിന് അനുബന്ധിച്ചോ ഒരു സംരംഭം തുടങ്ങിയാൽഅവരെ പ്രോത്സാഹിപ്പിക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും സംവിധാനങ്ങൾ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിന് പുറത്തുപോലും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഇന്ന് എളുപ്പത്തിൽ കഴിയും. ഒരുപക്ഷേ ആരുടെയും സഹായമില്ലാതെ ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിയുന്ന തരത്തിലേക്ക് നമ്മുടെ സാങ്കേതിക വിദ്യകൾ പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ സാധിക്കും എന്നുള്ളത് ഇന്ന് ഏറെ തെളിയിക്കപ്പെട്ടതാണ്. കണ്ണൂർ ജില്ലയിലെ ഒരു വീട്ടമ്മ തനിക്ക് സ്വതസിദ്ധമായി കിട്ടിയസ്വാദിഷ്ടമായി ഉണ്ടാക്കുന്ന ചിക്കൻ കറി ഹോട്ടലുകളിലേക്ക് കൊടുക്കുകയും ഇന്ന് ആവശ്യക്കാർ അധികമായി അവർ വലിയ ഒരു ഉത്പാദന കേന്ദ്രം തന്നെ ആരംഭിക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്. സ്വയംതൊഴിൽ ചെയ്യാൻ തയ്യാറായ അഭ്യസ്തവിദ്യരായ ആളുകളെ അന്വേഷിച്ചു എത്രയോ കമ്പനികൾ വിവിധ സൈറ്റുകളിലൂടെ ആവശ്യപ്പെടുന്നത് നമുക്കറിയാം. ഓരോ വീടുകളും ബിസിനസ് ഇൻക്യുബേഷൻ സെൻററുകൾ ആയി മാറിയാൽ ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന ഉന്നതമായ സംരംഭകത്വ ആശയം നമുക്ക് സാക്ഷാത്കരിക്കാൻ കഴിയും. ജനകീയ കൂട്ടായ്മ, സാമൂഹ്യ വികസനത്തിനുള്ള ഉദാത്ത മാതൃക, ചെറിയ നിക്ഷേപം, വനിതാ ക്ഷേമം എളുപ്പത്തിൽ നടപ്പിലാക്കൽ, അടുക്കളയെ പുറത്തേക്കെത്തിക്കുക, വൻ വിപണന സാധ്യതകൾ ഉള്ള ഉൽപ്പന്നങ്ങളുടെ ആഗമനം, പഞ്ചായത്ത് തല ബ്രാൻഡിംഗ് തുടങ്ങി എത്രയോ അവസരങ്ങളാണ് ഗാർഹിക സംരംഭങ്ങളുടെ പ്രോത്സാഹനത്തിലൂടെ സാധ്യമാവുക. വീട്ടിൽ ഒരു സംരംഭം, വാർഡുകളിൽ സംരംഭങ്ങൾ, പഞ്ചായത്ത് തല പിന്തുണ സംവിധാനം, കേരള ബ്രാൻഡിംഗ് ഇതൊക്കെയാവണം നമ്മുടെ സംരംഭകത്വത്തിന് മുതൽക്കൂട്ടാവേണ്ടത്.
ഇന്ന് ഗാർഹിക സംരംഭങ്ങൾ തുടങ്ങാൻ തയ്യാറായിക്കൊണ്ട് എത്രയോ സ്ത്രീകൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നു എന്ന് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജരായ ഗിരീഷ് കുമാർ അഭിപ്രായപ്പെടുന്നു. ഈയിടെ നാദാപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു സംരംഭകത്വ വികസന ശില്പശാലയിൽ പങ്കെടുത്തപ്പോൾ നാദാപുരം പഞ്ചായത്തിൽ മാത്രം 140 ഐടിഐക്കാർ 4000 പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ 2027 ബിരുദധാരികൾ 525 പോസ്റ്റ് ഗ്രാജ്വേറ്റ് ഉടമകൾ മറ്റ് ഡിപ്ലോമ നേടിയവർ 500 ഉം ഉണ്ടെന്ന് മനസ്സിലാക്കി. ഇവർ തൊഴിൽ അന്വേഷകരായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു എന്ന് കണ്ടു . എന്നാൽ ഈ പഞ്ചായത്തിൽ മാത്രം വൻകിട ഉത്പാദകർ ഉണ്ടാക്കുന്ന സാധാരണക്കാരന് ആവശ്യമായ ദൈനംദിന ഉൽപ്പന്നങ്ങൾ വിറ്റു പോകുന്നത് ലക്ഷക്കണക്കിന് ആണ് എന്ന് അറിയുമ്പോഴാണ് നാം എങ്ങനെ ചിന്തിക്കണം എങ്ങനെ മാറണം എന്ന് മനസ്സിലാവുക. ഒരു കുടുംബം ഒരു സംരംഭം എന്ന രീതിയിൽ സംരംഭം തുടങ്ങിയാൽ 10 ലക്ഷം രൂപ വരെ വായ്പാസാധ്യതകളുള്ള, നാനോ ഹൗസിംഗ് യൂണിറ്റുകൾക്ക് അതിലേറെ വായ്പകൾ ലഭിക്കുന്ന, സബ്സിഡി ലഭിക്കുന്ന ഒരു കാലത്താണ് ഇത്രയും തൊഴിലില്ലായ്മ നമ്മുടെ നാട്ടിൽ ഉള്ളത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിൽ ഗാർഹിക സംരംഭങ്ങൾക്ക് പരിഗണന കൊടുത്ത് ഓരോ വീടുകളും ഒരു ബിസിനസ് ഇൻക്യുബേഷൻ സെൻറർ ആയി മാറി സംരംഭകത്വത്തിന് ഒരു പുതിയ രൂപവും ഭാവവും കേരളത്തിൽ വരേണ്ടതുണ്ട്.