കുതിപ്പോടെ വ്യവസായവളർച്ചയും വ്യവസായനിക്ഷേപവും
കുതിപ്പോടെ വ്യവസായവളർച്ചയും വ്യവസായനിക്ഷേപവും
സൗമ്യ ബേബി
സംസ്ഥാനത്തിന്റെ വ്യവസായവളർച്ചയും വ്യവസായനിക്ഷേപവും കുതിപ്പിന്റെ പാതയിലാണ്. ഒരുകാലത്ത് ഇവിടുത്തെ വ്യാവസായികാന്തരീക്ഷത്തിൽ നിലനിന്നിരുന്ന കരിനിഴൽ മായ്ച്ചുകളഞ്ഞുകൊണ്ടാണ് ഈ കുതിപ്പ്. മാതൃകാപരമായ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിലൂടെയാണ് ഇത് സാധ്യമായതെന്ന കാര്യത്തിൽ തർക്കമില്ല. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിലായി ഓരോ മാസവും ആയിരക്കണക്കിന് പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുന്നു. ഇതിലൂടെ എല്ലാ മേഖലകളിലേക്കും കൂടുതൽ നിക്ഷേപമെത്തുന്നു. സംരംഭകർക്ക് ആവശ്യമായ പിന്തുണയുമായി വ്യവസായവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി രംഗത്തെത്തുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതിയ അനുഭവമാണ്.
വ്യവസായവളർച്ചയും നിക്ഷേപവും
കേരളത്തിന്റെ സമീപകാല വ്യവസായ വളർച്ചാനിരക്ക് റെക്കോർഡ് ഉയരത്തിലാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലാണ് ഈ മാറ്റം ഏറ്റവുമധികം പ്രകടമായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചാനിരക്ക് 17.3 ശതമാനമാണ്. ഇതിൽ തന്നെ മാനുഫാക്ചറിംഗ് മേഖലയുടെ മാത്രം വളർച്ചാനിരക്ക് പരിഗണിക്കുമ്പോൾ അത് 18.9 ശതമാനമാണെന്ന് കാണാം. 2014-15 സാമ്പത്തികവർഷം മാനുഫാക്ചറിംഗ് മേഖലയിലുണ്ടായ വ്യവസായവളർച്ച 9.78 ശതമാനം മാത്രമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത് 18.9 ശതമാനമാനത്തിലേക്ക് എത്തി. ഈ രംഗത്ത് ദേശീയതലത്തിൽ നിലനിൽക്കുന്ന വളർച്ചാനിരക്കിനും മുകളിലാണ് കേരളത്തിന്റെ സ്ഥാനം. ദേശീയാടിസ്ഥാനത്തിലുള്ള കണക്കുകൾപ്രകാരം മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ചാനിരക്ക് 18.16 ശതമാനമാണ്.
വ്യവസായമേഖലയിലേക്ക് എത്തുന്ന നിക്ഷേപത്തിന്റെ കാര്യത്തിലും സമാനമായ വളർച്ചയുണ്ട്. ഒരുവർഷം കൊണ്ട് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംരംഭകവർഷം പദ്ധതി ഇതിന് ഏറെ സഹായകമായി മാറി. പദ്ധതി പ്രവർത്തനം ആരംഭിച്ച് പത്തുമാസം പിന്നിട്ടപ്പോഴേയ്ക്കും 1,32,500 പുതിയ സംരംഭങ്ങൾ തുടങ്ങി. ഇതിലൂടെ 8000 കോടിരൂപയുടെ നിക്ഷേപമാണ് വിവിധ ജില്ലകളിലേക്ക് എത്തിയത്. കൂടാതെ 2.85 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ദേശീയതലത്തിൽ തന്നെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാൻ സംരംഭകവർഷം പദ്ധതിയിലൂടെ സാധിച്ചു. കേരളം അവതരിപ്പിക്കുകയും വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്ത ഈയൊരു മാതൃക അനുകരിച്ച് നടപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾ ഇതിനകം തന്നെ മുന്നോട്ടു വന്നുകഴിഞ്ഞു. എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്രസർക്കാരും സംരംഭകവർഷം പദ്ധതിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഏതുതരത്തിലുള്ള പരിശോധന നടത്തിയാലും വ്യവസായകേരളം അതിവേഗം മുന്നേറുന്നതിന്റെ തെളിവുകൾ ഏത്ര വേണമെങ്കിലും ലഭ്യമാണ്. രാജ്യത്തെ വ്യവസായനിക്ഷേപ സൗഹൃദസംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കപ്പെടുമ്പോൾ അടുത്തകാലം വരെയും ഏറെ പിന്നിലായിരുന്ന കേരളം ചുരുങ്ങിയ നാളുകൾക്കുള്ളിൽ പതിനഞ്ചാം സ്ഥാനത്തെത്തി. മുൻപുണ്ടായിരുന്ന ഇരുപത്തെട്ടാം റാങ്കിൽനിന്നും നേരിട്ടാണ് പതിനഞ്ചാം റാങ്കിലേക്ക് എത്തിയത്. ഇതോടൊപ്പം കൂടുതൽ നിക്ഷേപത്തിനായുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ വ്യവസായനിക്ഷേപം ആകർഷിക്കാൻ സർക്കാർ തയ്യാറാക്കുന്ന പദ്ധതികൾ ഇതിന്റെ ഭാഗമാണ്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മൂന്നംഗ സമിതിയെയും നിയോഗിച്ചുകഴിഞ്ഞു. ഓക്സ്ഫഡ് സർവ്വകലാശാലയുടെ ഭാഗമായ സെയ്ദ് സ്കൂൾ ഓഫ് ബിസിനസിലെ ഡോ. അക്ഷയ് മാംഗ്ല അദ്ധ്യക്ഷനായ സമിതിയിൽ ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസ് എം.ഡിയായ സി.ജെ. ജോർജ്ജ്, ഐബിഎം സോഫ്റ്റ്വെയർ സീനിയർ വൈസ് പ്രസിഡണ്ടായ ദിനേശ് നിർമ്മൽ എന്നിവർ അംഗങ്ങളാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ ഇത്തരമൊരു നയരൂപീകരണം നടത്തുന്നത്.
സ്വകാര്യ വ്യവസായപാർക്കുകൾ
കൂടുതൽ നിക്ഷേപം ആകർഷിക്കുകയും പരമാവധി തൊഴിലവസരം സൃഷ്ടിക്കുകയും വ്യവസായമേഖലയ്ക്ക് ഉണർവ്വേകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സ്വകാര്യവ്യവസായ പാർക്കുകൾ എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ സർക്കാരാണ്. ഇതിന്റെ തുടർച്ചയെന്ന നിലയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു വർഷത്തിനുള്ളിൽ ഇത്തരം പാർക്കുകൾ യാഥാർത്ഥ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. ആദ്യഘട്ടമെന്ന നിലയിൽ എട്ടു സ്വകാര്യവ്യവസായ പാർക്കുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, അടൂർ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ മൂന്നിലവ്, മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിലും മലപ്പുറം ജില്ലയിലെ തിരൂരിലും കണ്ണൂർ ജില്ലയിലെ പരിയാരത്തുമാണ് സ്വകാര്യവ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ആദ്യപാർക്കിന്റെ നിർമ്മാണം പത്തനംതിട്ട ജില്ലയിലെ അടൂരിൽ ആരംഭിക്കുകയും ചെയ്തു.
അനുമതി ലഭിച്ചുകഴിഞ്ഞ വ്യവസായപാർക്കുകളുടെ നിർമ്മാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടുകൂടി ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഇത്തരം പാർക്കുകളിലേക്ക് കടന്നുവരും. 350 കോടിയോളം രൂപയുടെ നിക്ഷേപവും അയ്യായിരത്തോളം തൊഴിലവസരങ്ങളും ഇവിടെയുണ്ടാകും. കൃഷി അധിഷ്ഠിത വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസംസ്കരണം, കയർ, റബ്ബറുത്പന്നങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കാവും ആദ്യഘട്ടത്തിൽ പ്രാധാന്യം നൽകുക. മറ്റു ജില്ലകളിലും സ്വകാര്യ വ്യവസായപാർക്കുകൾ ആരംഭിക്കുന്നതിനുള്ള വിവിധ അപേക്ഷകൾ പരിശോധനാഘട്ടത്തിലാണ്. കൂടുതൽ അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള വ്യവസായപാർക്കുകളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് നിഗമനം.
പൊതുമേഖലയിലുള്ള വ്യവസായപാർക്കുകളിൽ ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും സ്വകാര്യ വ്യവസായപാർക്കുകളിലും ലഭിക്കും. ഇവിടെ നിക്ഷേപം നടത്തുന്ന വ്യവസായികൾക്ക് നിയമാനുസൃതമായ എല്ലാ സഹായവും അതിവേഗം ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പത്തു ഏക്കറും അതിലധികവും ഭൂമിയുള്ള ചെറുകിട സംരംഭക കൂട്ടായ്മകൾക്കും സഹകരണസ്ഥാപനങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും സ്വകാര്യ വ്യവസായപാർക്കുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ നൽകാവുന്നതാണ്. വ്യവസായ വാണിജ്യ ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന്മേൽ വ്യവസായ, റവന്യു, ധനകാര്യ വകുപ്പിലെ സെക്രട്ടറിതല ഉന്നതസമിതി പരിശോധിച്ച് ഡെവലപ്പർ പെർമിറ്റ് നൽകും. ഈ അനുമതികളെല്ലാം ഏകജാലക സംവിധാനം വഴിയായതിനാൽ നടപടികൾ സുതാര്യവും എളുപ്പത്തിൽ പൂർത്തിയാകുന്നതുമാണ്.
അനുമതി ലഭിച്ചുകഴിഞ്ഞാൽ നിർദ്ദിഷ്ട സ്ഥലത്ത് വിവിധ തരം സംരംഭങ്ങൾക്ക് പ്രവർത്തിക്കാൻ സഹായകമായ രീതിയിൽ അടിസ്ഥാനസൗകര്യം ഒരുക്കണം. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, ഡ്രയിനേജ്, മാലിന്യസംസ്കരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിനായി സർക്കാർ ധനസഹായവും നൽകുന്നുണ്ട്. ഒരേക്കറിന് മുപ്പതുലക്ഷം രൂപയെന്ന ക്രമത്തിൽ പരമാവധി മൂന്നുകോടി രൂപ വരെയാവും ഇത്തരത്തിൽ ധനസഹായം നൽകുക. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം-2022 എന്ന പദ്ധതിക്ക് കീഴിലാണ് സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി ലഭ്യമാക്കുന്നത്. വ്യവസായപാർക്കുകൾ ആരംഭിക്കുന്നതിലൂടെ, കേരളം നേരിടുന്ന സംരംഭങ്ങൾക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യതക്കുറവെന്ന പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുണ്ടാവുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ചെറുകിട വായ്പയിലും കുതിപ്പ്
ചെറുകിട വ്യവസായസംരംഭങ്ങൾക്ക് (എംഎസ്എംഇ) സംസ്ഥാനത്തെ വിവിധ ബാങ്കുകൾ നൽകിവരുന്ന വായ്പാതുകയുടെ കാര്യത്തിലും വൻവർധന ഉണ്ടായിട്ടുണ്ട്. ഉത്പാദനമേഖലയ്ക്കൊപ്പം സേവനവ്യാപാര മേഖലയും എംഎസ്എംഇകളുടെ ഗണത്തിലേക്ക് വന്നതും ഇതിന് സഹായകമായി. 2021 മാർച്ച് വരെ ഈ രംഗത്ത് 62,141 കോടിരൂപയാണ് വിവിധ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത്. എന്നാൽ അടുത്ത ആറുമാസത്തിനുള്ളിൽ വലിയ മാറ്റമുണ്ടായി. 2022 സെപ്തംബർ വരെയുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് വിവിധ ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പ 69,612 കോടിരൂപയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ 7,471 കോടിരൂപയുടെ വർധനയാണ് ഉണ്ടായത്.
സാമ്പത്തികവർഷത്തിന്റെ ബാക്കി കാലയളവായ 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകൾകൂടി പുറത്തുവരുമ്പോൾ വായ്പാതുകയിൽ വീണ്ടും വൻകുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാരണം, സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഏറ്റവുമധികം എംഎസ്എംഇകൾ പ്രവർത്തനം ആരംഭിച്ചത് ഈ കാലയളവിലാണ്. ഇവയ്ക്കെല്ലാം തന്നെ ബാങ്ക് വായ്പയും ലഭിച്ചിട്ടുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യത്തിലും അവയ്ക്ക് ബാങ്കുകൾ നൽകുന്ന വായ്പയുടെ കാര്യത്തിലും ഇത്രയധികം ഉണർവ്വുണ്ടായിട്ടുള്ള നാളുകൾ ഇതിനുമുൻപ് കേരളത്തിലില്ല. ബാങ്കുകൾ സംരംഭകർക്ക് നൽകേണ്ട വായ്പാതുകയിൽ ലക്ഷ്യം കൈവരിക്കാൻ പരസ്പരം നടത്തിയ ആരോഗ്യകരമായ മത്സരവും ഈ തുക വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാൻ സാഹചര്യമുണ്ടായത് കൂടുതൽ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതിനും സഹായകമായി. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപവരെ മുതൽമുടക്കിയുള്ള സംരംഭങ്ങൾക്ക് നാലുശതമാനം പലിശനിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്. മാത്രവുമല്ല, ഇത്തരം വായ്പകളെക്കുറിച്ച് സംരംഭകർക്കിടയിൽ അവബോധം ഉണ്ടാക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിൽ ഇന്റേൺസുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോൺ-ലൈസൻസ്-സബ്സിഡി മേളകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നടത്തിയിരുന്നു. എംഎസ്എംഇകൾക്ക് നൽകുന്ന മറ്റു വായ്പകളുടെ പരിശനിരക്ക് ഒൻപതുശതമാനം ആണെങ്കിലും കൃത്യമായ തിരിച്ചടവ് വരുന്നതോടുകൂടി ഇത് അഞ്ചുശതമാനമായി മാറും. നാലുശതമാനം പലിശതുക സബ്സിഡിയാകുമെന്നതിനാൽ സംരംഭകർ തിരിച്ച് അടയ്ക്കേണ്ടതില്ല.
മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി കേരളം വ്യവസായസൗഹൃദമായി മാറിയെന്ന യാഥാർത്ഥ്യം ഇന്ന് പൊതുസമൂഹവും മറ്റു സംസ്ഥാനങ്ങളുമെല്ലാം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷണൽ ആന്റ് ഫെസിലിറ്റേഷൻ ആക്ട് നടപ്പാക്കിയതും, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ നിയമത്തിൽ മറ്റു വ്യവസായങ്ങളെക്കൂടി ഉൾപ്പെടുത്തിയതുമെല്ലാം നിക്ഷേപകർക്കും വ്യവസായമേഖലയ്ക്കും ഏറെ ഗുണകരമായി.