ഓൺലൈൻ വിപണിയിൽ സജീവമാകാൻ കുടുംബശ്രീ
ഓൺലൈൻ വിപണിയിൽ സജീവമാകാൻ കുടുംബശ്രീ
സൗമ്യ ബേബി
പുതിയ കാലത്തിന്റെ വിപണനസാധ്യതകളിൽ കൂടുതൽ സജീവമാകാൻ സംസ്ഥാനത്തെ വനിതാകൂട്ടായ്മയായ കുടുംബശ്രീ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒഎൻഡിസി) ഭാഗമാകുന്നതോടെയാണ് ഇത് സാധ്യമാവുക. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ-കൊമേഴ്സ് ശൃംഖലയാണ് ഒഎൻഡിസി. ആമസോണും ഫ്ളിപ്കാർട്ടും പോലെയുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇപ്പോഴത്തെ ഇ-കൊമേഴ്സ് വിപണനരംഗം പൊതുശൃംഖലയുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ പദ്ധതിയായ ഒഎൻഡിസിയുടെ ലക്ഷ്യം. ഇതിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതോടൂകുടി മുഴുവൻ കുടുംബശ്രീ ഉത്പന്നങ്ങളും എല്ലാ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുന്നതാണ്. കോവിഡ് കാലത്തെ ലോക്ഡൗൺ പോലെയുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ഓൺലൈൻ വിപണനത്തിലൂടെ സാധ്യമാകും.
വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ഓൺലൈനിലൂടെ വില നൽകുന്നതുമായി ബന്ധപ്പെട്ട യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് പോലെയൊരു സംവിധാനമാണ് ഇ-കൊമേഴ്സ് മേഖലയിൽ ഒഎൻഡിസി. ഗൂഗിൾപേ, പേയ്ടിഎം, ഭീം, ഫോൺപേ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാതെ യുപിഐ വഴി പണം അടയ്ക്കാമെന്നതുപോലെ ഓൺലൈനിലൂടെയുള്ള ഉത്പന്നവിപണനത്തിന്റെ വമ്പൻസാധ്യതകൾ തുറന്നുവെക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. ഉത്പാദകനും ഉപഭോക്താവും തമ്മിൽ നേരിട്ടു ബന്ധപ്പെടുമ്പോൾ അത് ഇരുകൂട്ടർക്കും ഒരുപോലെ ലാഭകരമായ ബിസിനസായി മാറുന്നുമുണ്ട്. ഓൺലൈനിലൂടെയുള്ള ഉത്പന്നവിപണനത്തിൽനിന്നും ഇടനിലക്കാർ ഒഴിവാക്കപ്പെടുമ്പോൾ അവർക്ക് കിട്ടേണ്ടിയിരുന്ന പണംകൂടി ഉത്പാദകനും ഉപഭോക്താവിനും ലാഭമായി ലഭിക്കുന്നു.
തുറന്നുകിട്ടുന്ന വലിയ വിപണി
നിലവിൽ ആമസോണിലൂടെയും ഫ്ളിപ്കാർട്ടിലൂടെയും കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ലഭ്യമാകുന്നുണ്ട്. ആമസോണിൽ 632 ഉത്പന്നങ്ങളും ഫ്ളിപ്കാർട്ടിൽ 40 ഉത്പന്നങ്ങളുമാണ് കുടുംബശ്രീ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബശ്രീയുടെ കേന്ദ്രീകൃത സംവിധാനം മുഖേന നേരിട്ടാണ് ഇതുവരെയുള്ള ഓൺലൈൻ ഉത്പന്നങ്ങളുടെ വിപണനം നടന്നിരുന്നതെങ്കിൽ ഇനിയങ്ങോട്ട് സ്ഥിതി മാറും. ഓരോ കുടുംബശ്രീ യൂണിറ്റുകൾക്കും ഉത്പന്നവിപണനം നടത്താനുള്ള സാഹചര്യമാണ് പുതിയ വിപണനശൈലിയിലൂടെ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ, ഓൺലൈൻ വ്യാപാരം പരമാവധി സജീവമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിപുലമായ കോൺക്ലേവും യൂണിറ്റ് അംഗങ്ങൾക്കായി മാർക്കറ്റിംഗ് പരിശീലനപരിപാടിയും കുടുംബശ്രീ സംഘടിപ്പിക്കുന്നുണ്ട്.
പ്രാദേശികതലത്തിലുള്ള കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന മൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആയുർവ്വേദ ഉത്പന്നങ്ങൾ എന്നിവയ്ക്കെല്ലാം നിലവിലുള്ളതിനെ അപേക്ഷിച്ച് പുതിയ സംവിധാനത്തിലൂടെ വൻ വിപണനസാധ്യത ഉണ്ടെന്നാണ് നിഗമനം. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ ഇതുവരെയുള്ളതിൽ വച്ചേറ്റവും ഗുണകരമായ മാറ്റമായിരിക്കും കുടുംബശ്രീക്ക് ലഭ്യമാവുക. ഇക്കാലമത്രയും ഉത്പാദകനും ഉപഭോക്താവും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും കുടുംബശ്രീയോടുള്ള വൈകാരികബന്ധവുമായിരുന്നു ഇവിടുത്തെ വനിതാ ഉത്പന്നങ്ങളുടെ നട്ടെല്ല്. എന്നാൽ, ഇടനിലക്കാരെ ഒഴിവാക്കുന്നിലൂടെ ഉത്പാദകനും ഉപഭോക്താവിനും ലഭിക്കുന്ന സാമ്പത്തികനേട്ടവും ഉത്പന്നത്തിന്റെ ഗുണമേന്മയുമാവും ഇനിയങ്ങോട്ട് വിപണി നിശ്ചയിക്കുക. ഇതുരണ്ടും മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുന്നുവെന്നത് കൊണ്ടുതന്നെ കുടുംബശ്രീ പ്രവർത്തകർക്ക് ആശങ്കകളില്ല.
ഉൾനാടൻ ഗ്രാമങ്ങളിൽ തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങൾ നഗരങ്ങളിലേക്കും ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുകയെന്നത് കുടുംബശ്രീ യൂണിറ്റുകൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളിയാണ്. മേളകളിലൂടെ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ട്രാൻസ്പോർട്ടിംഗിലൂടെയും മറ്റും കൂടുതൽ ചെലവ് ഉണ്ടാകാറുണ്ടായിരുന്നു. മാത്രവുമല്ല, ഉത്പാദകർക്ക് തങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങൾ ലാഭകരമായി വിപണനം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്നുമില്ല. അതുകൊണ്ടുതന്നെ ഉത്പന്നങ്ങൾ തയ്യാറാക്കാനും അവ വിറ്റഴിക്കാനും രണ്ടു ഗ്രൂപ്പുകളുണ്ടെങ്കിൽ ലാഭകരമായ വിപണനം സാധ്യമാകും. മാർക്കറ്റിംഗിൽ വൈദഗ്ധ്യമുള്ളവരുടെ സംഘമായിരിക്കും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഓൺലൈൻ വിപണി സജീവമാകുന്നതിലൂടെ നിലവിൽ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാനാവും.
ക്രിയാത്മകമായ വിപണനശൈലി
ഓൺലൈൻ വ്യാപാരത്തിന്റെ വലിയ സാധ്യതകൾ കൂടുതൽ സജീവമായി ഇപ്പോഴാണ് തുറന്നുകിട്ടുന്നതെങ്കിലും ആഭ്യന്തരവിപണി ലക്ഷ്യമിട്ടുള്ള ഫലപ്രദമായ കച്ചവടരീതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കുടുംബശ്രീക്ക് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. മാർക്കറ്റിംഗ് കിയോസ്ക്, കുടുംബശ്രീ ബസാർ, നാനോ മാർക്കറ്റ്, കമ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്വർക്ക്, വിപണനമേളകൾ, മാസച്ചന്തകൾ, ഫുഡ് ഫെസ്റ്റുകൾ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. കുടുംബശ്രീ സൂക്ഷ്മസംരംഭകരുടെ ഉത്പന്നങ്ങൾ പ്രാദേശികവിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ സ്ഥിരമായി എത്തിച്ചുകൊടുക്കുക, സംരംഭങ്ങളുടെ ഉത്പാദനശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പാക്കുക തുടങ്ങിയവയാണ് മാർക്കറ്റിംഗ് കിയോസ്കുകളുടെ ലക്ഷ്യം. ഇതിലൂടെ ആയിരക്കണക്കിന് സംരംഭകർക്കായി ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്.
ഓരോ ജില്ലയിലെയും കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക, സ്ഥിരം വിപണനത്തിന് വേദിയൊരുക്കുക, സുസ്ഥിരമായ ഉത്പാദനവും ലഭ്യതയും ഉറപ്പാക്കുക, ജില്ലയിലെ സംരംഭകരെ ക്ലസ്റ്റർ ചെയ്ത സംരംഭകരുടെ കൺസോർഷ്യം രൂപീകരിക്കുക, സംഭരണത്തിനും വിപണനത്തിനും വിതരണത്തിനും പൊതുമാനദണ്ഡം ഉറപ്പാക്കുക, കുടുംബശ്രീ ഉത്പാദകരുടെ സ്ഥിരവരുമാനം ഉറപ്പാക്കുക, സംരംഭങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായി ഉന്നമനത്തിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച വിപണനസംവിധാനമാണ് കുടുംബശ്രീ ബസാർ. കൂടുതൽ ഉത്പാദകരെ വളർത്തുന്നതും പുതിയ സംരംഭങ്ങൾക്ക് വഴിയൊരുക്കുന്നതും സ്ഥിരമായ വിപണനസാധ്യതകളാണ് എന്നത് കുടുംബശ്രീ ബസാറുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, പഞ്ചായത്ത്-കോർപറേഷൻ ഓഫീസുകൾ, പ്രാദേശിക സൂപ്പർ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി വിപണനസാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷെൽഫ് സ്പേസ്/ അലമാരയെ ആണ് നാനോ മാർക്കറ്റുകളായി കണക്കാക്കുന്നത്. സംരംഭകർക്ക് പ്രാദേശികവിപണി ഒരുക്കുക, അവരുടെ ഉത്പന്ന-ഉത്പാദനശേഷി വർദ്ധിപ്പിക്കുക, കൂടുതൽ സാമ്പത്തികസഹായം ലഭ്യമാക്കുക, പരമാവധി സംരംഭകരെ സൃഷ്ടിക്കുക, വിഷരഹിത ഉത്പന്നങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കുക എന്നിവയെല്ലാം നാനോ മാർക്കറ്റുകളുടെ ലക്ഷ്യങ്ങളാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള നിരവധി നാനോ മാർക്കറ്റുകളുണ്ട്.
ഓരോ മേഖലയിലെയും കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് സാമൂഹ്യാധിഷ്ഠിത വിതരണ വിപണനസംവിധാനം ഒരുക്കുന്നതാണ് കമ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്വർക്ക് അഥവാ ഹോംഷോപ്പ്. കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ ഒരു വിതരണ-വിപണനശൃംഖല സൃഷ്ടിക്കുക വഴി സംരംഭകരായ വനിതകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക, പ്രാദേശിക സാമ്പത്തികവികസനത്തിന് ആക്കം കൂട്ടുക എന്നിവ ഹോംഷോപ്പുകളുടെ ലക്ഷ്യമാണ്. ഇതിനുപുറമെ, കുടുംബശ്രീയുടേതായ വിപണനമേളകളും മാസച്ചന്തകളും സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പ്രാദേശിക-താലൂക്ക്-ജില്ലാ-സംസ്ഥാന തലങ്ങളിൽ നടക്കുന്ന പല വിപണനമേളകളിലും കുടുംബശ്രീ സജീവമായി പങ്കെടുത്തുവരുന്നു.
തരംഗമായി കേരള ചിക്കൻ
അടുക്കളവിഭവങ്ങളിലും കരകൗശലവസ്തുക്കളിലുമായി ഒതുങ്ങിനിന്നിരുന്ന കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വൻസ്വീകാര്യത കൊടുത്ത പദ്ധതികളിലൊന്നായിരുന്നു കേരള ചിക്കൻ. ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2017 നവംബറിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനുവേണ്ടി മൃഗസംരക്ഷണവകുപ്പും കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷനുമായും കുടുംബശ്രീ സഹകരിച്ചു. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 103 ചിക്കൻ ഔട്ട്ലറ്റുകൾ കുടുംബശ്രീക്കുണ്ട്. ഫെബ്രുവരിയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും മലപ്പുറത്തും ഏപ്രിൽ മാസത്തിൽ ആലപ്പുഴയിലും പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കുന്നതോടുകൂടി അവയുടെ എണ്ണം 106 ആയി ഉയരും. ഇവിടേക്ക് ആവശ്യമായ കോഴികളെ ലഭ്യമാക്കുന്നതിനായി മുന്നൂറിലധികം ബ്രോയ്ലർ ഫാമുകളും പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇപ്പോൾ കുടുംബശ്രീയുടെ ബ്രോയ്ലർ ഫാമുകളും കേരള ചിക്കൻ വിൽപ്പനകേന്ദ്രങ്ങളുമുള്ളത്. ഇതിൽ തന്നെ എറണാകുളം ജില്ലയാണ് മുന്നിൽ. ഇവിടെ 55 ഫാമുകളും 25 ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ 50 ഫാമുകളും 21 ഔട്ട്ലറ്റുകളും, കൊല്ലം ജില്ലയിൽ 49 ഫാമുകളും 16 ഔട്ട്ലറ്റുകളും, തിരുവനന്തപുരം ജില്ലയിൽ 48 ഫാമുകളും 15 ഔട്ട്ലറ്റുകളും, തൃശ്ശൂർ ജില്ലയിൽ 47 ഫാമുകളും 16 ഔട്ട്ലറ്റുകളും, കോഴിക്കോട് ജില്ലയിൽ 41 ഫാമുകളും 10 ഔട്ട്ലറ്റുകളുമുണ്ട്. പാലക്കാട് ജില്ലയിൽ 13 ഫാമുകളുണ്ടെങ്കിലും ഔട്ട്ലറ്റുകൾ ഒന്നുമില്ല. കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്ന കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഇതുവരെയുള്ള ആകെ വിറ്റുവരവ് 149 കോടിരൂപയാണ്. ഓരോ ദിവസവും ശരാശരി 24,000 കിലോഗ്രാം കേരള ചിക്കൻ വിറ്റഴിക്കുന്നുവെന്നാണ് കണക്ക്.
സംസ്ഥാനത്ത് കേരള ചിക്കന്റെ ആദ്യവിപണനകേന്ദ്രം ആരംഭിക്കുന്നത് എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഏഴിക്കര സിഡിഎസിന് കീഴിലാണ്. ഇത് വൻവിജയമായതോടെ മറ്റു ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. ഇന്റഗ്രേഷൻ ഫാമിംഗ് വഴി ചിക്കൻ വിപണിയിലെത്തിക്കുകയും പ്രോസസിംഗ് യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്യുന്നത് കുടുംബശ്രീയാണെങ്കിലും പദ്ധതിയുടെ സമഗ്രമായ മേൽനോട്ട ചുമതല നിർവ്വഹിക്കുന്നത് മൃഗസംരക്ഷണവകുപ്പാണ്. അടുത്ത ഘട്ടത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്ക് കൂടി കേരള ചിക്കന്റെ വിപണനകേന്ദ്രവും ബ്രോയ്ലർ ഫാമുകളും ആരംഭിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ.
സ്ത്രീശാക്തീകരണത്തിൽ കേരളം മുന്നോട്ടുവെച്ച കുടുംബശ്രീയെന്ന മാതൃക പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉത്പാദന-വിപണനമേഖലയിൽ കൂടുതൽ കരുത്ത് നേടാനുള്ള പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു വരുന്നു.