പ്രതിബന്ധങ്ങൾ പ്രചോദനമാകുമ്പോൾ
പ്രതിബന്ധങ്ങൾ പ്രചോദനമാകുമ്പോൾ
എഴുമാവിൽ രവീന്ദ്രനാഥ്
കറുത്ത സ്ലേറ്റിൽ കല്ലു പെൻസിൽ കൊണ്ട് ചിത്രങ്ങൾ കോറിയ ബാല്യം. പെൻസിലും പേപ്പറും കൊണ്ട് പ്രകൃതിയെ പകർത്തിയ കൗമാരം. ബ്രഷും, കാൻവാസും വർണക്കൂട്ടുകളുമായി പ്രോജ്ജ്വലിച്ച യൗവനം. ഔദ്യോഗിക ജീവിതത്തിലേക്കു കടന്നതോടെ തന്റെ പ്രിയപ്പെട്ട ചിത്രരചനയെ അല്പം വേദനയൊടെയെങ്കിലും മാറ്റിവെയ്ക്കേണ്ടി വന്ന ദുരവസ്ഥ! 37 വർഷക്കാലത്തെ സുദീർഘമായ അദ്ധ്യാപന ജീവിതത്തിനും കുടുംബ ജീവിതത്തിനുമിടയിൽ ഭാവനയിൽ വിരിഞ്ഞ വർണചിത്രങ്ങളെ എങ്ങും പകർത്താനാവാത്ത നൊമ്പരം. സമയക്കുറവു തന്നെയായിരുന്നു കാരണം. എന്നാൽ മഹാമാരിയായി കൊറോണ വൈറസ് താണ്ഡവമാടിയ വേളകളിൽ, അടച്ചു പൂട്ടപ്പെട്ട അവസ്ഥയിൽ, മനസിന്റെ അഗാധതകളിൽ നിന്ന് ചായക്കൂട്ടുകളും ബ്രഷും ഉയർന്നു വരുന്നത് ഒരു ചിത്രകാരിയെ സംബന്ധിച്ചിടത്തോളം നിർവൃതിദായകമായ അനുഭവമാണ്. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയായ ജയലക്ഷ്മി ടീച്ചർ മനോഹരമായ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ചത് ഇക്കാലത്താണ്.
വരയിൽ ടീച്ചറിനു പ്രിയങ്കരം മ്യൂറൽ പെയിന്റിംഗ് തന്നെ. മറ്റ് ചിത്രങ്ങളെക്കാൾ ആഢ്യത്തം തുടിയ്ക്കുന്ന രചനകൾ മ്യൂറൽ പെയിന്റിങ്ങിൽ കഴിയുമത്രേ. ഡിജിറ്റൽ സാങ്കേതികവിദ്യ പടർന്നു പിടിച്ച കാലത്ത് ഈ ചിത്രരചനാ രീതിയെപ്പറ്റി ഇന്റർനെറ്റിൽ നിന്നു ലഭ്യമായ വിവരങ്ങളൊക്കെ അവർ ശേഖരിച്ചു. പ്രമുഖ ചിത്രകാരനായ പ്രിൻസ് തോന്നയ്ക്കലിന്റെ ശിഷ്യത്വവും തേടി. ഫലമോ? ജീവൻ തുടിയ്ക്കുന്ന നിരവധി മ്യൂറൽ പെയിന്റിങ്ങുകൾ കൊണ്ട് വീടിനകം നിറഞ്ഞു. കൊവിഡ് പിൻവാങ്ങിയതോടെ ചടങ്ങുകൾക്കും മറ്റും പ്രസന്റേഷനായി ഇവ നൽകിത്തുടങ്ങിയതോടെ ചിത്രകാരിയെ തേടി ആളുകളെത്തി. അപ്പോഴാണ് ഇവയുടെ ബിസിനസ് സാധ്യതകളെപ്പറ്റി ചിന്തിക്കുന്നതു തന്നെ. ഒരു ചിത്രം പൂർത്തിയാക്കണമെങ്കിൽ ദിവസങ്ങളോളമുള്ള സപര്യ ആവശ്യമാണ്. എന്നാൽ അതിനു തക്ക പ്രതിഫലം നൽകാൻ ഭൂരിപക്ഷവും തയ്യാറല്ല എന്നതാണു ദു:ഖകരമായ സത്യം. ഇവിടെ ഒരേയൊരു മാർഗം വരയ്ക്കുന്ന ചിത്രങ്ങളുടെ നിരവധി ഡിജിറ്റൽ പ്രിന്റുകൾ എടുത്ത് ഫ്രെയിം ചെയ്ത് വിപണിയിലെത്തിയ്ക്കുക തന്നെ. യഥാർത്ഥ ചിത്രത്തിൽ നിന്നു യാതൊരു വ്യത്യാസവുമില്ല. വിലയാണെങ്കിൽ വളരെക്കുറവും. പത്തു ചിത്രങ്ങൾ പോകുമ്പോൾ ഒന്നിന്റെ യഥാർത്ഥ വിലയും ലഭിയ്ക്കും. ഇന്ന് പെയിന്റിങ്ങുകൾക്ക് വിപണിയേറെയാണ്. ഗൃഹപ്രവേശനത്തിനും മറ്റു മംഗള കർമ്മങ്ങൾക്കും മനോഹരമായ പെയിന്റിങ്ങുകൾ നൽകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. പ്രസന്റേഷനുകളിൽ 35 ശതമാനവും ഇന്ന് പെയിന്റിങ്ങുകൾ കൈയടക്കിയിരിയ്ക്കുന്നു. ഇടനിലക്കാരില്ലാതെ തന്നെ വിപണനം നടത്തിയാൽ മികച്ച ലാഭമാണ് പെയിന്റിങ്ങുകൾ നൽകുക. നല്ല വർക്കുകൾ വാങ്ങാൻ ആവശ്യക്കാരേറെ. വിദേശ വിപണികളിലും ഇവയ്ക്കു വൻ ഡിമാന്റാണ്.
ഇടനിലക്കാരില്ലാതെയുള്ള വിപണനത്തെക്കുറിച്ചു പറഞ്ഞെങ്കിലും വലിയ തോതിൽ പെയിന്റിങ്ങുകൾ ‘മൂവ്’ ചെയ്യണമെങ്കിൽ വിശ്വസ്തമായ മാർക്കറ്റിങ്ങ് എജൻസികളുടെ സേവനം അനിവാര്യമാണ്. അതല്ലെങ്കിൽ ചുറ്റുവട്ടത്തിലെ ലോക്കൽ മാർക്കറ്റു കൊണ്ടു തൃപ്തിയടയേണ്ടി വരും. അമച്വർ ആയി ചെയ്യുന്നവർക്ക് ഇതു മതിയാവും. എന്നാൽ പ്രൊഫഷണൽ ആയി ചിത്രകലയെ സ്വീകരിച്ചവർക്ക് കൂടുതൽ ഉൽപന്നവും തദനുസൃതമായ ലാഭവും ഉണ്ടായേ മതിയാവൂ. തലസ്ഥാന നഗരിയിലെ ചാല സ്കൂളിലായിരുന്നു ജയലക്ഷ്മി ടീച്ചർ തന്റെ റിട്ടയർമെന്റ് കാലത്ത് പഠിപ്പിച്ചിരുന്നത്. കൊറോണയുടെ ഭീതിയിൽ നിന്നകലാനും മനസ്സ് കൂടുതൽ കർമനിരതമാക്കുവാനും ലോക്ഡൗൺ കാലം ടീച്ചറിനു സഹായകമായി. ഉണ്ടും, ഉറങ്ങിയും, മൊബൈലിൽ കുത്തിയും, ടി വി കണ്ടും ഈ കാലത്തെ തള്ളിനീക്കിയവരാണേറെയും. എന്നാൽ ടീച്ചറിനെപ്പോലെ സർഗാത്മകമായ അന്തരീക്ഷമൊരുക്കിയവരും ഇവിടെയുണ്ട്. നഴ്സറി, പച്ചക്കറി കൃഷി, ശിൽപ നിർമാണം, കവിതയെഴുത്ത് എന്നു തുടങ്ങി വിവിധ മേഖലകൾ സ്വയം കണ്ടെത്തിയവർ നിരവധി. ഇവരൊക്കെയും മഹാമാരിയുടെ പിടിയിൽ അകപ്പെട്ടില്ല എന്നതൊരു നഗ്നയാഥാർത്ഥ്യമാണ്. എല്ലാറ്റിന്റെയും കാരണം മനസ്സാണ് എന്നു പറയുന്നതിൽ വാസ്തവമുണ്ട് എന്ന് ഇത് നമ്മെ പഠിപ്പിയ്ക്കുന്നു. പോസിറ്റീവ് ചിന്തകൾ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു. അത് മനസിനെയും ശരീരത്തെയും ഒരുപോലെ സംരക്ഷിക്കുന്നു. ഒഴുക്കിനെതിരെ നീന്താൻ പഠിച്ചവർക്ക് പ്രതിബന്ധങ്ങൾ പുഷ്പശരം പോലെയാണെന്ന് ടീച്ചറിന്റെ വിജയഗാഥ നമ്മെ പഠിപ്പിയ്ക്കുന്നു.
വിശദവിവരങ്ങൾക്ക് 9947174905 എന്ന നമ്പറിൽ ബന്ധപ്പെടാം