3 കിടിലൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ
ഡോ. സുധീർ ബാബു
പീക്ക് എൻഡ് റൂൾ (Peak – End Rule)
നിങ്ങൾ കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകുന്നു. നല്ല ചിത്രം. നിങ്ങളും കുടുംബവും ചിത്രം ആസ്വദിക്കുന്നു. എന്നാൽ സിനിമയുടെ ക്ലൈമാക്‌സ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ക്ലൈമാക്‌സ് നിങ്ങളെ തീർത്തും നിരാശപ്പെടുത്തുന്നു. ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും? മികച്ച ക്ലൈമാക്‌സ് സിനിമയ്ക്ക് മികച്ച അഭിപ്രായം നൽകുന്നു എന്നാൽ മോശം ക്ലൈമാക്‌സ് നേരെ തിരിച്ചും. അനുഭവത്തിന്റെ ഉത്തുംഗത്തിൽ (Peak) ആണ് ഓരോ വ്യക്തിയും അവരുടെ അഭിപ്രായം രൂപീകരിക്കുന്നത്.
നിങ്ങൾ കുടുംബവുമായി റസ്റ്റോറൻറിൽ ഭക്ഷണം കഴിക്കുന്നു. നല്ല അന്തരീക്ഷം, സൗഹൃദത്തോടെയുള്ള പെരുമാറ്റം, സ്വാദിഷ്ഠമായ ഭക്ഷണം. നിങ്ങൾ ആസ്വദിച്ചു കഴിക്കുന്നു. ഭക്ഷണം കഴിച്ചു തീരുന്ന വേളയിൽ റസ്റ്റോറൻറ് ഷെഫ് നിങ്ങളുടെ മേശക്കരികിലേക്ക് നടന്നു വരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിങ്ങൾക്കുള്ള ഐസ്‌ക്രീമാണ്. ഷെഫ് മനോഹരമായ ചിരിയോടെ ആ ഐസ്‌ക്രീമിന്റെ പ്രത്യേകത നിങ്ങൾക്ക് വിവരിച്ചു നൽകുന്നു അതിനുശേഷം തികച്ചും സൗജന്യമായി ആ ഐസ്‌ക്രീം നിങ്ങൾക്കും കുടുംബത്തിനുമായി നൽകുന്നു. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവം. എന്തായിരിക്കും നിങ്ങൾക്ക് ആ റസ്റ്റോറന്റിനെക്കുറിച്ചുള്ള അഭിപ്രായം?
സിനിമ കണ്ടപ്പോൾ നിങ്ങൾക്കുള്ള അതേ അനുഭവമല്ല റസ്റ്റോറൻറിൽ ഉണ്ടായത്. സിനിമയുടെ ക്ലൈമാക്‌സ് നിങ്ങളെ നിരാശപ്പെടുത്തുകയും തികച്ചും നെഗറ്റീവായ അനുഭവം നൽകുകയും ചെയ്തു. റസ്റ്റോറന്റിൽ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, നിങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം സംഭവിക്കുകയും ചെയ്തു. ഇത് അത്യധികം പോസിറ്റീവായ സംഭവമായി മാറി. നാമോരുത്തരും അനുഭവങ്ങൾ വിലയിരുത്തുന്നത് അനുഭവങ്ങളുടെ ഉച്ചസ്ഥായിയിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ്.
അനുഭവങ്ങളുടെ ഉത്തുംഗത്തിൽ (Peak) നെഗറ്റീവായ അല്ലെങ്കിൽ പോസിറ്റീവായ അഭിപ്രായങ്ങൾ ഉരുത്തിരിയും. ഉപഭോക്താക്കൾ ബ്രാൻഡുമായുള്ള തങ്ങളുടെ അനുഭവങ്ങൾ വിലയിരുത്തുന്നത് എപ്പോഴും ഈ പീക്ക് എൻഡ് റൂൾ (Peak-End Rule) അനുസരിച്ചാണ്. അനുഭവങ്ങളുടെ തീവ്രത ഒരു ഉപഭോക്താവിന് പൂർണ്ണമായി സംവേദനക്ഷമാകുന്നത് അതിന്റെ ഉത്തുംഗ നിമിഷങ്ങളിലായിരിക്കും.
മികച്ച ഒരു പ്രഭാഷകനെ നിങ്ങൾ ശ്രദ്ധിക്കൂ. അദ്ദേഹം എപ്പോഴും പ്രസംഗം അവസാനിപ്പിക്കുന്നത് ഓർമ്മയിൽ നിൽക്കത്തക്ക പ്രാധാന്യമുള്ള, ശക്തിയുള്ള എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുകൊണ്ടാവും. അത് ഗൗരവമുള്ള ഒന്നാവാം അല്ലെങ്കിൽ തമാശ രൂപത്തിലുള്ള ഒന്നാവാം. പക്ഷേ നല്ലൊരു പ്രഭാഷകൻ ഒരിക്കലും തന്റെ പ്രസംഗം സാധാരണ രീതിയിൽ ഒഴുക്കൻ മട്ടിൽ പറഞ്ഞ് അവസാനിപ്പിക്കുകയില്ല. തന്റെ കേൾവിക്കാർക്ക് മനോഹരമായ ഒരു അനുഭവം നൽകിക്കൊണ്ട് മാത്രമേ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയുള്ളൂ.
ഉൽപ്പന്നം വിൽക്കാൻ ശ്രമിക്കുന്ന ഒരു സെയിൽസ്മാൻ ഡീൽ അവസാനിക്കുന്ന സമയത്ത് ഉപഭോക്താവ് ഒരിക്കലും ചിന്തിക്കാത്ത എന്തെങ്കിലും കൂടി കൂടുതൽ നൽകുകയാണെങ്കിൽ ഉപഭോക്താവിന്റെ പ്രതികരണം എന്തായിരിക്കും? ഉപഭോക്താക്കളെക്കൊണ്ട് ”വൗ” (WOW) എന്ന് പറയിപ്പിക്കുന്ന അനുഭവം അവർക്ക് നൽകുകയാണെങ്കിൽ ബ്രാൻഡുമായി ദൃഢമായ ബന്ധം ഉടലെടുപ്പിക്കുവാൻ സാധിക്കും.
ചില ടെലിവിഷൻ ഷോകൾ (Television Show) ജനപ്രീതിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പരമാവധി മീഡിയ വരുമാനം നേടാനാണ് നിർമ്മാതാക്കൾ ഇതിലൂടെ ശ്രമിക്കുന്നത്. ബ്രാൻഡുമായി അതിശക്തമായ ബന്ധം ഉപഭോക്താക്കളിൽ സൃഷ്ടിക്കാൻ പീക്ക് എൻഡ് റൂൾ (Peak-End Rule) തന്ത്രത്തിന് സാധിക്കും. അനുഭവ തീവ്രതയുടെ ഏറ്റവും ഉന്നതിയിൽ ഉപഭോക്താവിനെ സംതൃപ്തനാക്കുയും പോസിറ്റീവ് അഭിപ്രായങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിലാവട്ടെ ബിസിനസുകളുടെ ഊന്നൽ. അപ്രതീക്ഷിതമായത് നല്കുക, ഉപഭോക്താവിനെ അത്ഭുതപ്പെടുത്തുക, മികച്ച അനുഭവങ്ങൾ തേടി അവർ വീണ്ടും വീണ്ടും നിങ്ങളെ സമീപിച്ചുകൊണ്ടിരിക്കും.
സ്‌കേസിറ്റി മാർക്കറ്റിംഗ്
(Scarcity Marketing)
ക്ലബ് ഹൗസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ എത്ര വേഗമാണ് നമുക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ജനകീയമാകുകയും ചെയ്തത്. കോവിഡ് കാലഘട്ടത്തിൽ അടച്ചുപൂട്ടിയിരിക്കേണ്ട അനിവാര്യതയിലേക്ക് നാമെത്തിയപ്പോൾ ക്ലബ് ഹൗസ് എല്ലാവർക്കും ഒത്തുകൂടാനും പരസ്പരം കേട്ടു മുട്ടുവാനുമുള്ള വലിയൊരു വേദിയായി മാറി.
ക്ലബ് ഹൗസിലേക്കുള്ള ആദ്യ പ്രവേശനം നിങ്ങൾ ഓർക്കുന്നുണ്ടാകും. ആരുടെയെങ്കിലും ക്ഷണം ലഭിച്ചാൽ മാത്രമേ ക്ലബ് ഹൗസിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ക്ലബ് ഹൗസിലേക്ക് ഇൻവിറ്റേഷൻ ലഭിക്കുന്നത് ഒരു അംഗീകാരമായി കരുതിയിരുന്നു. അങ്ങിനെ ക്ഷണം ലഭിച്ച് ജോയിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നിയിരുന്നു. തങ്ങൾക്കെന്തോ പ്രത്യേക പരിഗണന ലഭിച്ചു എന്ന തോന്നൽ അതുളവാക്കുമായിരുന്നു.
ഇൻവിറ്റേഷൻ വഴി ആപ്ലിക്കേഷനിലേക്ക് പ്രവേശനം അനുവദിച്ച ആ തന്ത്രം കിടിലമായിരുന്നു. ഉൽപ്പന്നം കുറച്ചു പേർക്ക് മാത്രം ലഭ്യമാകുന്നു എന്ന് കരുതുക. ആ പ്രത്യേക വിഭാഗത്തോട് മറ്റുള്ളവർക്ക് അസൂയ തോന്നും. അവർക്കെന്തോ വിശേഷപ്പെട്ട അംഗീകാരം ലഭിച്ചതായി ചിന്തിക്കും. മനുഷ്യസഹജമായ ഇത്തരമൊരു വിചാരത്തെ, വികാരത്തെ മുതലെടുക്കുന്ന ഈ മാർക്കറ്റിംഗ് തന്ത്രമാണ് സ്‌കേസിറ്റി മാർക്കറ്റിംഗ് (Scarcity Marketing).
ഒരു പ്രത്യേക ഉൽപ്പന്നം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് തോന്നിയാൽ അത് കയ്യടക്കണമെന്ന ഉൽക്കടമായ ആഗ്രഹം ഉപഭോക്താവിൻറെ മനസ്സിൽ ഉടലെടുക്കും. ഇത് സ്വാഭാവികമായ ഒരു ആന്തരിക പ്രതികരണം മാത്രമാണ്. ലിമിറ്റഡ് എഡിഷൻ വാഹനങ്ങളോടുള്ള കമ്പം നോക്കുക. ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്നത് എണ്ണത്തിൽ കുറവായിരിക്കും. എന്നാൽ അവയ്ക്കുള്ള ആവശ്യകത നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തെക്കാൾ എത്രയോ മടങ്ങായിരിക്കും.
ഇവിടെ ഉൽപ്പന്നത്തിന് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയാണ്. നേടാൻ ബുദ്ധിമുട്ടുള്ള ഒന്ന് നേടിയെടുക്കുക ഒരു ത്രില്ലാണ്. സിറ്റിയിൽ വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കുന്നു. പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അതിൽ പങ്കെടുക്കുന്നവരെ ഇൻവിറ്റേഷൻ ലഭിക്കാത്തവർ അസൂയയോടെ വീക്ഷിക്കുന്നു. അതിൽ പങ്കെടുക്കാൻ സാധിച്ചിരുന്നെങ്കിൽ, തന്നെ ക്ഷണിച്ചിരുന്നെങ്കിൽ എന്നൊക്കെ വിചാരിച്ചു വിഷമിക്കുന്നു. അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത് അഭിമാനകരമെന്ന് വിശ്വസിക്കുന്നു.
വൺപ്ലസ് സ്മാർട്ട് ഫോണുകൾ വിപണിയിലേക്ക് കടന്നു വന്നത് ഓർമ്മയില്ലേ? അവ മൊബൈൽ സ്റ്റോറുകളിൽ ലഭ്യമായിരുന്നില്ല. പ്രത്യേക ഇൻവിറ്റേഷൻ ലഭിച്ചാൽ മാത്രമേ ഉപഭോക്താക്കൾക്ക് വൺ പ്ലസ് ഫോണുകൾ വാങ്ങുവാൻ കഴിഞ്ഞിരുന്നുള്ളൂ. അന്നേവരെ ഒരു ഉൽപ്പന്നം ഇത്തരത്തിൽ വാങ്ങുന്ന രീതി ഉപഭോക്താക്കൾക്ക് പരിചിതമായിരുന്നില്ല. സ്റ്റോറുകൾ സന്ദർശിച്ച് ഫോൺ നോക്കി തിരഞ്ഞെടുക്കുക എന്ന അവസരം ഉപഭോക്താക്കൾക്ക് നിഷേധിക്കപ്പെട്ടു. ഇത് ഉപഭോക്താക്കളിൽ ആകാംക്ഷ നിറച്ചു. അവർക്ക് ഇതെന്തോ വിശേഷപ്പെട്ട ഫോണായി തോന്നി. ഉപഭോക്താക്കൾ ഫോണിനെക്കുറിച്ചറിയാൻ തിരക്കുകൂട്ടി. വൺ പ്ലസ് വിപണിയിൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ 25 മില്യൺ ഉപഭോക്താക്കളാണ് അവരുടെ വെബ്‌സൈറ്റ് സന്ദർശിച്ചത്. ഏകദേശം ഒരു മില്യൺ ഫോണുകളാണ് ഈ തന്ത്രം വഴി വിറ്റഴിക്കപ്പെട്ടത്.
ഹോട്ടൽ ബുക്കിംഗ് വെബ്‌സൈറ്റുകൾ നോക്കൂ. വളരെ കുറഞ്ഞ എണ്ണം മുറികളായിരിക്കും പല ഹോട്ടലുകളിലും ഒഴിവുള്ളതായി കാണിക്കുക. ഇത് പെട്ടെന്ന് ആവശ്യകത വർദ്ധിപ്പിക്കും. വളരെ വേഗം ബുക്കിംഗ് തീരുന്ന ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്യാൻ ആവശ്യക്കാർ തിരക്കു കൂട്ടും. ലഭ്യത കുറച്ച് ആവശ്യകത വർദ്ധിപ്പിക്കുന്ന സ്‌കേസിറ്റി മാർക്കറ്റിംഗ് (Scarcity Marketing) തന്ത്രം തന്നെയാണ് ഇത്തരം ബിസ്സിനസുകൾ ഫലപ്രദമായി ഉപയോഗിക്കുന്നത്.
മോണാലിസ എന്ന പെയിന്റിംഗ് നോക്കുക. അത്തരം ഒരേയൊരു പെയിന്റിംഗ് മാത്രമേ ഈ ഭൂമിയിലുള്ളൂ. ഈ അപൂർവ്വത അതിന്റെ മൂല്യം ഉയർത്തുന്നു. അപൂർവ്വമായതിനെ നേടാൻ മനുഷ്യൻ എപ്പോഴും തീവ്രമായി ആഗ്രഹിക്കുന്നു. അതിനായി എന്തു ത്യാഗവും സഹിക്കുവാൻ തയ്യാറാകുന്നു. എന്ത് വിലയും നൽകാൻ മടിക്കുകയുമില്ല. ഇത് തന്നെയാണ് സ്‌കേസിറ്റി മാർക്കറ്റിംഗ് (Scarcity Marketing) തന്ത്രത്തിന്റെ മന:ശാസ്ത്രം.
ഫ്രീമിയം (Freemium)
നിങ്ങൾക്ക് മൊബൈൽ ഗെയിം കളിക്കാൻ ഇഷ്ടമാണ്. നിങ്ങൾ ഗെയിം മൊബൈലിൽ ഡൌൺലോഡ് ചെയ്യാൻ നോക്കുന്നു. ആയിരക്കണക്കിന് ഫ്രീ ഗെയിമുകൾ സ്റ്റോറിൽ ലഭ്യമാണ്. നിങ്ങൾ ഒരു ഗെയിം എടുക്കുന്നു, കളിച്ചു തുടങ്ങുന്നു. കളിയിൽ കൂടുതൽ മുഴുകിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നു ഈ ഗെയിം ഒരു ബേസിക് വേർഷൻ മാത്രമാണ്. കൂടുതൽ ഫീച്ചറുകൾ ഉള്ള ഗെയിം വേണമെങ്കിൽ അത് സൗജന്യമായി ലഭ്യമല്ല പകരം വില കൊടുത്ത് വാങ്ങേണ്ടി വരും.
നിങ്ങൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ (Experiences) ഗെയിമിൽ നിന്നും ലഭിക്കണമെങ്കിൽ നിങ്ങൾ പണം മുടക്കാൻ തയ്യാറാവണം. ഫ്രീ ഗെയിം എന്ന ഓഫറിൽ നിങ്ങൾ ആദ്യം ആകൃഷ്ടനാകുന്നു. കളിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്ക് ഹരം പിടിക്കുന്നു. നിങ്ങൾ ഗെയിമിൽ കൂടുതൽ പ്രാവീണ്യം നേടിത്തുടങ്ങുന്നു. കളിക്കുന്നത് തന്നെ കളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ബോറടിക്കുന്നു. നിങ്ങളുടെ മനസ്സ് കൂടുതൽ ത്രിൽ ആഗ്രഹിക്കുന്നു. നിങ്ങൾ പണം മുടക്കാൻ തയ്യാറാകുന്നു.
ഫ്രീമിയം (Freemium) ബിസിനസ് മോഡലിന്റെ തന്ത്രം അതാണ്. ഉൽപ്പന്നം സൗജന്യമായി ഓഫർ ചെയ്യുന്നു. ഉൽപ്പന്നം ലഭിക്കുവാൻ പണം മുടക്കേണ്ടതില്ല എന്ന ഓഫറിൽ നിങ്ങൾ വീഴുന്നു. ഉപഭോക്താവിനെ കുടുക്കുവാനുള്ള ചൂണ്ടയാണ് ഫ്രീ വേർഷൻ. വളരെ ലിമിറ്റഡ് ഫീച്ചറുകളുള്ള ബേസിക് വേർഷനായിരിക്കും ഉപഭോക്താവിന് ലഭിക്കുക. യഥാർത്ഥ ഉപഭോക്താക്കളിലേക്കുള്ള ലീഡായി മാറുന്നു ഈ സൗജന്യ ഓഫർ.
സ്‌പോട്ടിഫൈ (Spotify) ഡൌൺലോഡ് ചെയ്ത് ഗാനങ്ങൾ കേൾക്കാത്തവർ ചുരുക്കമായിരിക്കും. സൗജന്യമായി തന്നെ പ്ലേ സ്റ്റോറിൽ നിന്നും സ്‌പോട്ടിഫൈ ലഭിക്കും. നിങ്ങൾ ഗാനങ്ങൾ തിരഞ്ഞെടുക്കുന്നു, കേൾക്കുന്നു. എന്നാൽ ഓരോ ഗാനം കഴിയുമ്പോഴും പരസ്യങ്ങൾ നിങ്ങളെ ആലോസരപ്പെടുത്തുന്നു. ഈ പരസ്യങ്ങൾ വലിയ ശല്യമാണല്ലോ ഇതെങ്ങിനെ ഒഴിവാക്കാൻ കഴിയുമെന്ന് നിങ്ങൾ പരിശോധിക്കുന്നു. അപ്പോൾ കാണാം സ്‌പോട്ടിഫൈ പ്രീമിയം വാങ്ങൂ പരസ്യങ്ങൾ ഇല്ലാതെ പാട്ടുകൾ ആസ്വദിക്കൂ.
സ്‌പോട്ടിഫൈ നിങ്ങൾക്ക് സൗജന്യമായി നൽകുന്നത് ക്വാളിറ്റി കുറഞ്ഞ ശ്രവണാനുഭവമാണ് കൂടെ പരസ്യങ്ങളും. നിങ്ങൾ പണം മുടക്കാൻ തയ്യാറാണെങ്കിൽ മെച്ചപ്പെട്ട ക്വാളിറ്റിയുള്ള ഗാനങ്ങൾ കേൾക്കാം അതും പരസ്യങ്ങളുടെ ശല്യമില്ലാതെ. പുതിയ ഗാനങ്ങൾ ചൂടോടെ ലഭിക്കും. ഓഫ്ലൈനിൽ സേവ് ചെയ്യാൻ സാധിക്കും. അങ്ങനെ നിരവധി ഗുണങ്ങൾ. എന്നാൽ ഇതൊന്നും ബേസിക് വേർഷനിൽ ലഭ്യമല്ല.
കുട്ടിയുടെ വിദ്യാഭ്യാസം നിങ്ങൾക്ക് വളരെ പ്രധാനമാണ്. വളരെ എളുപ്പം കുട്ടിക്ക് പഠിക്കാൻ സാധിക്കുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്‌ഫോം നിങ്ങൾ തിരയുകയും ഒരെണ്ണം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അത് എത്രമാത്രം നല്ലതാണെന്ന് നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് പണം മുടക്കണോ വേണ്ടയോയെന്ന് നിങ്ങൾ ശങ്കിക്കുന്നു. അപ്പോൾ അതാ നിങ്ങൾ അവരുടെ ഓഫർ കാണുന്നു. 15 ദിവസം നിങ്ങൾക്ക് ആപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാം. ഇഷ്ടപ്പെട്ടാൽ മാത്രം പണം മുടക്കി വാങ്ങിയാൽ മതി.
ട്രയൽ, ഡെമോ വേർഷനുകൾ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കും. ഉപയോഗിച്ച് തുടങ്ങിയാൽ പണം മുടക്കി ഉൽപ്പന്നം വാങ്ങുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യക്കാരനെ കണ്ടെത്താനും അവരെ പ്രീമിയം ഉൽപ്പന്നത്തിലേക്ക് നയിക്കാനും ഫ്രീമിയം മോഡൽ ബിസിനസ് തന്ത്രത്തിന് സാധിക്കുന്നു. ഡ്രോപ്പ്‌ബോക്‌സ് എല്ലാ ഉപഭോക്താക്കൾക്കും 2 ജി ബി ഫ്രീയായി നൽകുന്നു. കൂടുതൽ സ്‌പേസ് വേണമെങ്കിൽ പണം നൽകണം. ആദ്യം ഉപഭോക്താവിനെക്കൊണ്ട് ഉൽപ്പന്നം ഉപയോഗിപ്പിക്കുക പിന്നീട് വിൽക്കുക ഇതാണ് തന്ത്രം.