സ്പീഡ് വായ്പകളുംപൊല്ലാപ്പുകളും

എഴുമാവിൽ രവീന്ദ്രനാഥ്

ബാങ്കിങ്ങ് രംഗത്ത് വളരെ മുന്നേറ്റങ്ങൾ നടത്തിയ രാജ്യമാണ് നമ്മുടേത്. ആഗോളതലത്തിലെ ആകെ ഡിജിറ്റൽ ബാങ്കിങ്ങിന്റെ 45 ശതമാനം നാം കയ്യാളിയിരിയ്ക്കുന്നു. 12 പൊതുമേഖലാ ബാങ്കുകളും 22 സ്വകാര്യ മേഖലാ ബാങ്കുകളും 46 വിദേശ ബാങ്കുകളും 56 റീജിയണൽ റൂറൽ ബാങ്കുകളും 1485 അർബൻ സഹകരണ ബാങ്കുകളും 96,000 സഹകരണ ബാങ്കുകളും, 6 പെയ്‌മെന്റ് ബാങ്കുകളും ചേർന്നതാണ് ഇന്ത്യൻ ബാങ്കിങ്ങ് രംഗം. ഇതിനു പുറമെയാണ് 268 മൈക്രോ ഫിനാൻസ് ബാങ്കുകൾ. വായ്പകൾ നൽകുക, നിക്ഷേപങ്ങൾ സ്വീകരിയ്ക്കുക, വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയാണ് ഇവയെല്ലാം ചെയ്തു വരുന്നത്. വ്യവസായ മേഖലയ്ക്കുള്ള ദീർഘ, മദ്ധ്യ, ഹ്രസ്വകാല വായ്പകൾ ഇവ നൽകിവരുന്നു.

എന്നാൽ ഇവയ്ക്കിടയിലൂടെ വായ്പാവിതരണം നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുണ്ട്. റിസർവ് ബാങ്ക് ലൈസൻസുള്ളതും 42 ലക്ഷം കോടിയുടെ ആസ്തിയുള്ളതുമായ 95,000 ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങളും (നോൺ ബാങ്കിങ്ങ് ഫിനാൻഷ്യൽ കമ്പനികൾ) ഇത്തരം അംഗീകാരങ്ങളൊന്നുമില്ലാത്ത നാലു ലക്ഷത്തോളം ഫിനാൻസ് കമ്പനികളുമാണ് ഈ ഗണത്തിൽ. ഇവയിൽ ചിലവ പ്രാദേശികമായി മാത്രം ഓപ്പറേഷൻസ് നടത്തുന്നു. മറ്റു ചിലത് അന്യസംസ്ഥാനത്ത് ചിട്ടിക്കമ്പനിയുടെയോ മറ്റോ പേരിൽ രജിസ്‌ട്രേഷൻ എടുത്തശേഷം സമീപ സംസ്ഥാനങ്ങളിൽ വായ്പകൾ നൽകുന്നു.

ഇവയിൽ പലതിന്റെയും പ്രവർത്തനങ്ങൾ വളരെ വിചിത്രമാണ്. ചെറുകിട വ്യവസായികൾ, വ്യപാരികൾ തുടങ്ങിയവരാണ് ഇവരുടെ കക്ഷികൾ. ബ്ലാങ്ക് ചെക്ക്, സ്റ്റാമ്പ് പേപ്പറിൽ (ബ്ലാങ്കായ) ഒപ്പിട്ടത് തുടങ്ങിയവയാണ് ഇവർ വായ്പകൾക്കു വാങ്ങുന്ന ഈടുകൾ. മറ്റു ചിലരാകട്ടെ വീടിന്റെയും പറമ്പിന്റെയും ആധാരമാകും ഈടായി സ്വീകരിയ്ക്കുക. പണം തേടി ഇവരുടെ ഓഫീസുകളിൽ എത്തേണ്ട പണവുമായി പ്രതിനിധി വീട്ടിലെത്തും, വലിയ കാലതാമസങ്ങൾ വരുന്നില്ല. തിരിച്ചടവിനും ഓഫീസിൽ പോകേണ്ട. വായ്പകൾ ഇടയ്ക്കിടെ പുതുക്കി കാലാവധി നീട്ടാം. ഈ സൗകര്യങ്ങൾ മൂലമാണ് പലരും ഇവരുടെ കെണികളിൽ വീഴുന്നത്. പറയുന്ന പലിശ  ഒന്ന്. ഈടാക്കുന്നത് വേറൊന്ന്. ഇതാണവരുടെ രീതി. മറഞ്ഞിരിയ്ക്കുന്ന ചാർജ്ജുകൾ പലതും പിന്നീടാണ് പുറത്തു വരുന്നത്. അടച്ചാലും അടച്ചാലും തീരാത്ത വായ്പയായി ഇതു മാറുമ്പോൾ മാത്രമാണ് ഇടപാടുകാർ തങ്ങൾ ‘പെട്ടുപോയി’ എന്നറിയുന്നത്. അപ്പോഴേക്കും കാലമേറെ കഴിഞ്ഞിരിയ്ക്കും.

വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലും ഇത്തരം സ്ഥാപനങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നത് ഞെട്ടിപ്പിയ്ക്കുന്ന യാഥാർത്ഥ്യമാണ്. ചെറുകിട വ്യവസായ സംരംഭങ്ങളിൽ പലതും ഈസി ഫൈനാൻസ് എന്ന ഓഫറിൽ വീണിട്ടുമുണ്ട്. സംരംഭങ്ങളിലൂടെ ലഭിയ്ക്കുന്ന ലാഭം പലപ്പോഴും അനുഭവിയ്ക്കാൻ യോഗം ഇത്തരം അന്യസംസ്ഥാന സ്ഥാപനങ്ങൾക്കാണ്. ഇവരുടെ ദൂഷിത വലയത്തിൽപ്പെട്ടാൽ പത്മവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനുണ്ടായ അനുഭവമാണ്.

എന്തുകൊണ്ടാണ് ഇവരിലേയ്ക്കു പലരും അടുക്കുന്നതെന്ന ചോദ്യം ഉയരുന്നു. സ്ഥാപനങ്ങളുടെയോ സംരംഭകരുടെയോ ഫോൺ നമ്പരുകൾ ഇവർ എപ്രകാരമോ ശേഖരിക്കുന്നു. തുടർന്ന് വളരെ ശാസ്ത്രീയവും തന്ത്രപരമായും സംരംഭകരെ പരോക്ഷമായി സമീപിയ്ക്കുന്നത്. നെടുങ്കൻ ഓഫറുകളാവും ഇവർ വിളമ്പുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ, ചുവപ്പുനാട, കർശന നിയന്ത്രണങ്ങൾ, നിയമങ്ങൾ, മേൽനോട്ടങ്ങൾ ഇവയൊക്കെ സംരംഭകന്റെ മനസ്സിൽത്തട്ടുംവിധം അവതരിപ്പിയ്ക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അമ്പതു ശതമാനം പേരും അതിൽ വീഴുകതന്നെ ചെയ്യും.

ചിലർ ഒരേസമയം രണ്ടു വള്ളങ്ങളിലും കാൽ ചവിട്ടും. ബാങ്കു വായ്പകൾക്കൊപ്പം ബ്ലേഡ് വായ്പകളും കൂടി സംഘടിപ്പിയ്ക്കും. പണമല്ലേ അല്പം കൂടിയാലെന്താ കൈയ്ക്കുമോ? സംരംഭം പച്ച പിടിയ്ക്കട്ടെ. ഫണ്ട് ഫ്‌ളോ ഒട്ടും കുറയരുതല്ലോ. സംഭവം ശരിയാണ് മുതൽമുടക്കാൻ പണം സുലഭമെങ്കിൽ സംരംഭത്തിനു കരുത്തു വർദ്ധിയ്ക്കും. പക്ഷേ അതനുസരിച്ചുള്ള റിട്ടേൺ ഉണ്ടാവണമെന്നു മാത്രം.

ബാങ്കുകൾ വായ്പ അനുവദിക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. അവ പ്രസ്തുത ധനകാര്യ സ്ഥാപനത്തിന്റെ പോളിസി വ്യക്തമാക്കുന്നതിനും, സംരംഭകന്റെ സുരക്ഷിതത്വത്തിനും സംരംഭത്തിന്റെ വളർച്ചയ്ക്കും വേണ്ടിയാണ്. അവർ പ്രോജക്ട് റിപ്പോർട്ടുകൾ വിലയിരുത്തും. സംരംഭത്തിലെ ലാഭ നഷ്ട സാധ്യതകൾ പരിശോധിയ്ക്കും, സംരംഭകന്റെ പശ്ചാത്തലവും കണക്കിലെടുക്കും. ഇവ വായ്പ നൽകുന്ന സ്ഥാപനമെന്ന നിലയിൽ പരിശോധിയ്‌ക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. കൊടുക്കുന്ന വായ്പകൾ അതേ ഉദ്ദേശലക്ഷ്യങ്ങൾ സാധിതമാക്കാൻ ഉപയോഗിയ്ക്കണമല്ലോ. ഇക്കാര്യത്തിൽ നമ്മുടെ വ്യവസായ വകുപ്പും പ്രതിജ്ഞാബദ്ധമാണ്. ഓരോ സംരംഭവും വിജയിയ്ക്കണമെന്നും സംരംഭകനും ഉയരങ്ങളിലേയ്ക്കു കുതിയ്ക്കണമെന്നുമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സിംഗിൾ വിൻഡോ ക്ലിയറൻസ് വരെ തയ്യാറാക്കി പണ്ടെന്നോ പ്രചരിച്ച ചുവപ്പുനാട പ്രശ്‌നങ്ങളും ഇല്ലാതാക്കി. സബ്‌സിഡിയും മാർക്കറ്റിങ്ങ് അസിസ്റ്റൻസും ഉറപ്പാക്കി. ഇതെല്ലാം തന്നെ അംഗീകൃത ബാങ്ക് വായ്പകളുമായി ബന്ധിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ധനസഹായങ്ങൾ സംരംഭകന്റെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാവും എത്തുക. 

ഇനി ആധികാരികമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും സ്പീഡ് ലോണിനു പോകുന്നവരെപ്പറ്റി നോക്കാം. അവിടെ പ്രോജക്ട് അനാലിസിസ് ഇല്ല, ടെക്‌നിക്കൽ സപ്പോർട്ട് ഇല്ല, കോസ്റ്റ് ബെനിഫിറ്റ് അനാലിസിസോ മാർക്കറ്റിങ്ങ് സപ്പോർട്ടോ ഉണ്ടാവില്ല. പണം അക്കൗണ്ടിലേയ്ക്കാവില്ല നൽകുക. ലിക്വിഡ് ക്യാഷ് ആയിട്ടാവും പലപ്പോഴും ഡിസ്‌ബേഴ്‌സ്‌മെന്റ്. ഇതു പലപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വരുന്ന ബ്ലാക്ക്മണി തന്നെയാവും. വായ്പ തിരിച്ചടയ്ക്കുന്നത് അക്കൗണ്ടിലൂടെയുമാവണമത്രേ. അതിനർത്ഥം വല്ലവരുടെയും ബ്ലാക്ക് മണി വൈറ്റ് ആക്കുന്ന ഏജന്റായി സംരംഭകൻ മാറുമെന്നാണ്. വല്ല റവന്യൂ ഇന്റലിജൻസോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ പൊക്കിയാൽ സംരംഭം വെള്ളത്തിലും സംരംഭകൻ അഴിയ്ക്കുള്ളിലുമാകും.

ഓരോ മാർഗനിർദ്ദേശവും സംരംഭകത്വത്തിന്റെ സുഗഗമായ നീക്കത്തിനുള്ളതാണ്. സംരംഭകന്റെ വിജയപാത വെട്ടിത്തെളിയ്ക്കുവാനുള്ളതാണ്. വ്യവസായ വകുപ്പും, സാങ്കേതിക വിദഗ്ദ്ധരും, അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത് മറ്റൊന്നുമല്ല. ഓരോ സംരംഭകനും രാഷ്ട്രവികസനത്തിന്റെ ചാലകശക്തിയായി മാറണം. കരുത്തുറ്റ വ്യാവസായിക അടിത്തറയിലൂടെ കേരളത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഹബ്ബ് ആക്കി മാറ്റുവാനുള്ള യജ്ഞത്തിലാണു നാം. ദേശീയ ശ്രദ്ധയാകർഷിച്ച നിരവധി പദ്ധതികളുടെ ഉപജ്ഞാതാക്കളായി സംസ്ഥാ വ്യവസായ വകുപ്പ് മാറിക്കഴിഞ്ഞു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മറ്റിയും ഒപ്പമുണ്ട്. ഓരോ വർഷവും അവർ നിശ്ചിത ടാർജറ്റുമായി സംരംഭകർക്കു സഹായ ഹസ്തമായി മാറുന്നു. അതിനു പുറമെയുള്ള വ്യാജ ഹസ്തങ്ങൾ സംരംഭകരെ തഴുകിത്തലോടാനുള്ളതല്ല തകർത്തു തരിപ്പണമാക്കാനുള്ളതാണ്. നേരായ പാതയിലൂടെ വ്യാവസായിക ചക്രവാളത്തിലെ ശുഭ്രതാരകങ്ങളായി ഓരോ നവസംരംഭവും പ്രോജ്ജ്വലിയ്ക്കട്ടെ.