സാമ്പത്തിക വളർച്ചയും സ്വയം തൊഴിൽ പദ്ധതികളും

ജി. കൃഷ്ണപിള്ള

ഇന്ത്യയ്ക്ക് ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനമാണ്. ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യം. ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ 18- 35 നും ഇടയിൽ പ്രായമുള്ളവർ 600 ദശലക്ഷമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.11% ആണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടി സർക്കാർ അനവധി സ്വയംതൊഴിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. വർദ്ധിച്ച വരുന്ന തൊഴിലില്ലായ്മ നിരക്കും തൊഴിൽ രഹിത വളർച്ചയും പരിഹരിക്കുന്നതിന് വേതന തൊഴിലിനേക്കാൾ സ്വയം തൊഴിൽ പദ്ധതികൾ സഹായകരമാകുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സ്വയം തൊഴിൽ പദ്ധതികൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതിനും മറ്റുള്ളവർക്കുവേണ്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വയം തൊഴിൽ സഹായകരമാകുന്നു.
 
ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 43.96% കാർഷിക മേഖലയിലും ബാക്കി വ്യവസായ- സേവന മേഖലകളിലായി വ്യാപിച്ച് കിടക്കുന്നു. 2021-ൽ 333 പേർ ഇന്ത്യയിൽ സ്വയംതൊഴിലിൽ ഏർപെട്ടിരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2010-2021 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്വയംതൊഴിൽ നിരക്ക് 8.1% വർദ്ധിച്ചിരിക്കുന്നു. 
 
സ്വയം തൊഴിൽ മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന മൂലധനവസ്തുക്കൾ, തൊഴിൽ ശക്തി, സാങ്കേതികവിദ്യ, മാനവ മൂലധനം മുതലായവയുടെ വർദ്ധനവ് സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായ ഘടകങ്ങളാണ്.
 
സംരംഭകത്വവും തൊഴിലില്ലായ്മയും (Entrepreneurship and unemployment)
സംരംഭകത്വം ഒരു പ്രക്രിയയാണ്. ആവശ്യമായ സമയം വിനിയോഗിച്ച് മൂല്യത്തോട് കൂടിയ വ്യത്യസ്തമായ എന്തെങ്കിലും സൃഷ്ടിക്കുന്ന പ്രക്രിയയാണ് സംരംഭകത്വം. വേതനം സ്വീകരിച്ച് കൊണ്ട് മറ്റൊരു തൊഴിൽ ദാതാവിന് വേണ്ടി പ്രവർത്തിക്കാതെ സ്വന്തം ആവശ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് സ്വയംതൊഴിൽ. അതുകൊണ്ട് സംരംഭകത്വം ഒരു സ്വയംതൊഴിൽ കൂടിയാണ്. ഒരു സമൂഹത്തിന്റെ വികസനത്തിന് തടസ്സമായി നിൽക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് തൊഴിലില്ലായ്മ. ജോലി ചെയ്യാൻ കഴിവും സന്നദ്ധതയുമുണ്ടെങ്കിലും ജോലി ലഭിക്കാത്ത അവസ്ഥയാണിത്. സംരംഭകത്വ സൃഷ്ടിയിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് യുവതലമുറയെ പ്രാപ്തമാക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പ്രദാനം ചെയ്യണം. 
 
സംരംഭകത്വം എങ്ങനെയെല്ലാം തൊഴിലില്ലായ്മ പരിഹരിക്കുന്നു?
(1) സംരംഭകത്വം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
ഇന്നത്തെ സമ്പദ്വ്യവസ്ഥയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്നതിനും സംരംഭകത്വം പ്രധാന പങ്ക് വഹിക്കുന്നു. പുതിയ സംരംഭത്തെ വിജയത്തിലെത്തിക്കുന്നതിന് അഭിരുചിയും വൈദഗ്ദ്ധ്യമുള്ളതുമായ തൊഴിലാളികളെ ആവശ്യമാണ്.
 
(2) സംരംഭകത്വം സമൂഹത്തെ പുനരുദ്ധരിക്കുന്നു.
സംരംഭകത്വം ഒരു സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു. സംരംഭകത്വത്തിനു വേണ്ടി ഒരു പ്രദേശത്ത് നിക്ഷേപം നടത്തുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത് അത് പ്രാദേശിക സാമ്പത്തിക വികസനത്തെ സഹായിക്കുന്നു. സംരംഭം സ്ഥാപിയ്ക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിമാനബോധം വളരുന്നതിന് ഇത് ഗുണകരമാകുന്നു. ഒരു വിജയകരമായ സംരംഭം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ചുറ്റും ജോലി ചെയ്യുവാനും ജീവിക്കുവാനും ജനങ്ങൾ ആഗ്രഹിക്കുന്നു. 
 
(3) സംരംഭകത്വം മത്സരശേഷി വർദ്ധിപ്പിക്കുന്നു
പുതിയ സംരംഭങ്ങൾ സ്ഥാപിയ്ക്കുന്നത് നിലവിലുള്ള സംരംഭങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നു. കുറഞ്ഞ വിലയിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുന്നത് മുഖേന ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുന്നു. ഇങ്ങനെയുള്ള അവസരത്തിൽ സംരംഭത്തിന് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമാണ്.  
 
(4) സംരംഭകത്വം നൂതനമായ ആശയങ്ങളിലേക്ക് നയിക്കും
നൂതനാശയങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക വികസനവും ഊർജ്ജിതമാക്കാൻ കഴിയുന്നതാണ്. നൂതനമായ ആശയങ്ങളിലൂടെ വിജയചരിത്രം രചിച്ച ധാരാളം സംരംഭകരുണ്ട്. ധാരാളം യുവസംരംഭകർ സംരംഭത്തിന്റെ സ്ഥായിയായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിലുള്ള സംരംഭം വിജയിപ്പിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുന്നു.
 
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംരംഭകത്വ വികസനത്തിന് വേണ്ടി അനവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനു വേണ്ടിയും പുതിയതായി ഈ മേഖലയിൽ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഊർജ്ജിതമായ കർമ്മപരിപാടികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള ഒരു പ്രധാന പദ്ധതിയാണ് പി. എം. ഇ. ജി. പി. 
 
പ്രധാന മന്ത്രിയുടെ തൊഴിൽദായക പരിപാടി (പി. എം. ഇ. ജി. പി.)
2008-ൽ നിലവിൽ വന്ന വായ്പ – ബന്ധിത പദ്ധതിയായ പി. എം. ഇ. ജി. പി. 2022 മെയ് മാസം മുതൽ സമഗ്രമായ മാറ്റത്തോടു കൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പദ്ധതി നിലവിൽ വന്ന അവസരത്തിലുള്ള സബ്സിഡി നിരക്കുകൾ തന്നെ തുടരുന്നതാണ്. പുതിയതായി ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങൾ, നിലവിലുള്ള സംരംഭങ്ങളുടെ അപ്ഗ്രഡേഷൻ എന്നിവയ്ക്ക് ഈ പദ്ധതിപ്രകാരം സഹായം ലഭിക്കുന്നതാണ്. ട്രാൻസ്പോർട്ടേഷൻ പ്രവർത്തനങ്ങൾ, കാർഷിക – മൃഗസംരക്ഷണ മേഖലയിലെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങൾ എന്നിവയ്ക്ക് പദ്ധതി സഹായത്തിന് അർഹതയുണ്ട്.
 
(1) പുതിയ സംരംഭകർക്കുള്ള സഹായങ്ങൾ
ആകെ പ്രോജക്ട് ചെലവിൽ 50 ലക്ഷം രൂപാ വരെ ഉൽപാദന സംരംഭങ്ങൾക്കും 20 ലക്ഷം രൂപാ വരെ സേവന സംരംഭങ്ങൾക്കും പ്രോജക്ട് ചെലവിൽ മേൽസബ്സിഡിയ്ക്ക് അർഹതയുണ്ട്. സബ്സിഡിയ്ക്ക് അർഹതയുള്ള പ്രോജക്ട് ചെലവിനേക്കാൾ അധികരിച്ച് വരുന്ന തുകയ്ക്ക് സബ്സിഡിയ്ക്ക് അർഹതയുണ്ടായിരിക്കുകയില്ല. എന്നാൽ അധികരിച്ച് വരുന്ന പ്രോജക്ട് ചെലവ് ബാങ്ക് വായ്പയായി ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.
 
II. നിലവിലുള്ള പി. എം. ഇ. ജി. പി./ മുദ്ര/ ആർ. ഇ. ജി. പി. സംരംഭങ്ങളുടെ അപ്ഗ്രഡേഷനുള്ള രണ്ടാംഘട്ട വായ്പ
വായ്പ അടച്ചു തീർത്ത കൂടുതൽ ലാഭം/ വിൽപനയുള്ള നിലവിലെ സംരംഭങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഉൽപാദന സംരംഭങ്ങൾക്ക് ഒരു കോടി രൂപാ വരെയുള്ള പ്രോജക്ട് ചെലവിനും സേവന സംരംഭങ്ങൾക്ക് 25 ലക്ഷം രൂപാ വരെയുള്ള പ്രോജക്ട് ചെലവിനും സബ്സിഡിയ്ക്ക് അർഹതയുണ്ടായിരിയ്ക്കും. ഉൽപാദന സംരംഭങ്ങൾക്ക് പരമാവധി 15 ലക്ഷം രൂപാ വരെയും സേവന സംരംഭങ്ങൾക്ക് പരമാവധി 3.75 ലക്ഷം രൂപാ വരെയും സബ്സിഡി ലഭിയ്ക്കും. സബ്സിഡിയ്ക്ക് അർഹതയുള്ള പ്രോജക്ട് ചെലവിനേക്കാൾ അധികരിച്ചു വരുന്ന പ്രോജക്ട് ചെലവ് ബാങ്ക് വായ്പയായി ലഭിക്കാൻ അർഹതയുണ്ട്. 
 
III.  ബാങ്ക് വായ്പ, പലിശ തിരിച്ചടവ്
(1) പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പൊതുവിഭാഗത്തിന് 90% വരെയും മുൻഗണനാ വിഭാഗത്തിന് 95% വരെയും ബാങ്ക് വായ്പ ലഭിക്കുന്നതാണ്. 
(2) നിലവിലുള്ള സംരംഭങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിന് എല്ലാ വിഭാഗത്തിനും 90% ബാങ്ക് വായ്പ ലഭിക്കുന്നതാണ്. 
(3) സാധാരണ പലിശ നിരക്ക്
(4) 3 മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധി
 
IV ഏതെല്ലാം സംരംഭങ്ങൾ തുടങ്ങാം?
(1) ഖാദി/ ഗ്രാമ വ്യവസായ/ പി. എം. ഇ. ജി. പി. സംരംഭങ്ങളുടെ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന ബിസിനസ് ഔട്ട്ലെറ്റുകൾ
(2) ഉൽപാദന- സേവന സംരംഭങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന/ സേവനങ്ങൾ നൽകുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ
(3) കാബ്/ വാൻ/ ബോട്ട്/ മോട്ടോർബോട്ട് തുടങ്ങിയവ പൊതുഗതാഗതത്തിനും വിനോദ സഞ്ചാരികൾക്കും വേണ്ടി വാങ്ങുന്ന ഗതാഗത പ്രവർത്തനങ്ങൾ
(4) സെറികൾച്ചർ, ഹോർട്ടി കൾച്ചർ, ഫ്ളോറി കൾച്ചർ മുതലായവയുമായി ബന്ധപ്പെട്ട മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾ 
(5) പാലും അതിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്ന ഡയറി സംരംഭങ്ങൾ
(6) മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടിയുള്ള പൗൾട്രി യൂണിറ്റുകൾ
(7) മത്സ്യ വളർത്തലുമായി ബന്ധപ്പെട്ട അക്വ കൾച്ചർ സംരംഭങ്ങൾ
(8) തേനീച്ച വളർത്തൽ- സെറികൾച്ചർ സംരംഭങ്ങൾ
(9) പാചകം ചെയ്യാത്തതും സംസ്കരിച്ചതുമായ ഇറച്ചി ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾ
 
V അർഹമായ മാനദണ്ഡങ്ങൾ
(1) 18 വയസ്സിന് മുകളിലായിരിക്കണം
(2) വരുമാനപരിധി ബാധകമല്ല
(3) 10 ലക്ഷം രൂപയ്ക്ക് മുകളിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുമുള്ള സംരംഭങ്ങൾ തുടങ്ങുന്നതിന് 8-ാം ക്ലാസ് ജയിക്കണം.
(4) ആദ്യഘട്ടത്തിലെ പി. എം. ഇ. ജി. പി. വായ്പ പൂർണമായും അടച്ചു തീർത്ത സംരംഭങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിന് സഹായം
(5) പി. എം. ഇ. ജി. പി./ മുദ്ര/ ആർ. ഇ. ജി. പി. സഹായങ്ങൾ ലഭിച്ചിട്ടുള്ള സംരംഭകർ ഒഴികെ മുൻപ് സബ്സിഡി സ്കീമിൽ ഉൾപെട്ടവർക്ക് അർഹതയുണ്ടായിരിക്കുകയില്ല. 
(6) ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രം അപേക്ഷിക്കുന്നതിനുള്ള അർഹത.
 
IV പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
(1) മൂലധന ചെലവുകൾ ഉൾപ്പെടുത്തണം
(2) ഭൂമിയുടെ വില ഉൾപ്പെടുത്താൻ പാടില്ല
(3) ഉൽപാദന സംരംഭങ്ങൾക്ക് പ്രോജക്ട് ചെലവിന്റെ 40%-ൽ കൂടുതലും ബിസിനസ്- സേവന സംരംഭങ്ങൾക്ക് 60%-ൽ കൂടുതലും പ്രവർത്തന മൂലധനം അധികരിക്കുവാൻ പാടില്ല.
(4) ദീർഘനാളായി പാട്ടത്തിനോ/ വാടകയ്ക്കുള്ള വർക്ക് ഷെഡുകൾ, റെഡി- ബിൽറ്റ് ഷെഡ് എന്നിവയുടെ വില നിബന്ധനകൾക്ക് വിധേയമായി ഉൾപെടുത്താം. (പരമാവധി 3 വർഷം)
 
VII. പദ്ധതിപ്രകാരം സഹായം ലഭിക്കാത്ത സംരംഭങ്ങൾ (നെഗറ്റീവ് ലിസ്റ്റ്)
(1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിരോധിച്ചിട്ടുള്ള സംരംഭങ്ങൾ
(2) കശാപ്പു ശാലകൾ, ബീഡി, സിഗററ്റ്, പുകയില, മദ്യം, മയക്ക് മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദന സേവന സംരംഭങ്ങൾ
(3) പരിസ്ഥിതി, മലിനീകരണത്തിന് ഇടയാക്കുന്ന 75 മൈക്രോണിൽ കുറവ് ഘനമുള്ള പോളിത്തീൻ ക്യാരിബാഗ്, ഭക്ഷണ പായ്ക്കറ്റുകൾ മുതലായവ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങൾ
(4) തേയില, കാപ്പി, റബ്ബർ, പട്ട് നൂൽ പുഴു വളർത്തൽ, ഹോർട്ടി കൾച്ചർ, ഫ്ളോറി കൾച്ചർ, മൃഗസംരക്ഷണം മുതലായവയുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാത്ത സംരംഭങ്ങൾ
VII സംരംഭകത്വ വികസന പരിപാടി (ഇ. ഡി. പി.)
പി. എം. ഇ. ജി. പി. പദ്ധതിപ്രകാരം സബ്സിഡി ലഭ്യമാകണമെങ്കിൽ നിർബന്ധമായും ഇ. ഡി. പി. പരിശീലനം പൂർത്തീകരിക്കണം. 5 ലക്ഷം രൂപ വരെയുള്ള പ്രോജക്ടിന് 5 ദിവസത്തെയും 5 ലക്ഷത്തിന് മുകളിലുള്ള പ്രോജക്ടിന് 10 ദിവസത്തെയും പരിശീലനം പൂർത്തീകരിക്കണം. എന്നാൽ 2 ലക്ഷം രൂപ വരെയുള്ള പ്രോജക്ടിന് പരിശീലനം ആവശ്യമില്ല.
 
XI എങ്ങനെ അപേക്ഷിക്കാം?
(1) പി. എം. ഇ. ജി. പി. പോർട്ടലിൽ ഓൺലൈനായി മാത്രമേ അപേക്ഷിക്കുവാൻ കഴിയൂ.
(2) താഴെപ്പറയുന്ന വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതോടൊപ്പം സ്കോർ ഷീറ്റ് തയ്യാറാക്കുകയും വേണം.
എ. വയസ് തെളിയിക്കുന്ന രേഖ
ബി. റേഷൻ കാർഡ് കോപ്പി 
സി. താമസിക്കുന്ന കെട്ടിടത്തിന്റെ നികുതി അടച്ച രസീത്
ഡി. പഞ്ചായത്ത്/ നഗരസഭ പ്രതിനിധിയിൽ നിന്നും താമസം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തൽ
ഇ. യോഗ്യത സർട്ടിഫിക്കറ്റ്
എഫ്. സ്വയം സാക്ഷ്യപ്പെടുത്തിയ പരിചയ സർട്ടിഫിക്കറ്റ്
ജി. നിലവിലുള്ള പാസ്ബുക്കിന്റെ ആദ്യപേജ്
എച്ച്. ഇ. ഡി. പി. പരിശീലന സർട്ടിഫിക്കറ്റ്
ഐ. പ്രോജക്ട് റിപ്പോർട്ട്
ജെ. മറ്റ് ആവശ്യമായ രേഖകൾ
ത അപേക്ഷയെ സംബന്ധിച്ച വിവരങ്ങൾ
(1) ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രം/ ബ്ലോക്ക്- നഗരസഭ വ്യവസായ വികസന ഓഫീസർ/ ഗ്രാമപഞ്ചാത്ത്/ നഗരസഭ ഇ. ഡി. ഇ മാർ
(2) കെ. വി. ഐ. സി/ കെ. വി. ഐ. ബി/ കയർ ബോർഡ് (കയർ സംരംഭം)
(3) പൊതു മേഖലാ ബാങ്കുകൾ/ സഹകരണ/ സ്വകാര്യ ബാങ്കുകൾ
 
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)