സാമൂഹ്യ സംരംഭകത്വം

പി. എസ്. സുരേഷ് കുമാർ

അധികം പരിചിതമല്ലാത്ത സംജ്ഞയെങ്കിലും കാലികമായി ഏറെ പ്രസക്തമായ ഒന്നാണ് സാമൂഹ്യസംരംഭകത്വം (Social Entrepreneurship). സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരം ആണ് സാമൂഹ്യസംരംഭകത്വം പ്രാവർത്തികമാക്കുന്നത്. സാമൂഹത്തിന്റെ വളർച്ചയോടൊപ്പം ലാഭം, കൂടുതൽലാഭം എന്നുള്ള സംരംഭകത്വരയാൽ കൂടുതൽ സാമൂഹചോദ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിൽ അവലംഭിക്കുന്ന അസ്വഭാവിക പ്രവണതകളും അതോടൊപ്പം പരിഹാരമാകാത്ത പ്രശ്നങ്ങളും വ്യക്തിയെ മാത്രമല്ല അയാൾ ഉൾപ്പെടുന്ന സാമൂഹത്തെ തന്നെ ആകെ ബാധിക്കും. സമൂഹത്തിന്റെ വളർച്ച, ഉയർച്ച എന്നതിന് സാമൂഹികസംരംഭകത്വവുമായുള്ള സന്തുലിതാവസ്ഥ ഒരു അനിവാര്യഘടകമാണ്.

സംരംഭകനെന്നു പറയുമ്പോൾ നഷ്ടസാധ്യത (Risk) നേരിടാൻ ത്രാണിയുള്ള വ്യക്തിയായിരിക്കും. സ്വയം മുതൽ മുടക്കിൽ സാമൂഹികപ്രശ്നങ്ങൾക്ക് പുത്തൻ സമ്പ്രദായങ്ങൾ ഉപയോഗിച്ച് ഏറ്റെടുക്കാൻ തയ്യാറുള്ള വ്യക്തിയായിരിക്കും സാമൂഹിക സംരംഭകൻ. ഇതിലൂടെ വ്യക്തിയുടെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയും മറ്റുള്ളവരുടെ പ്രശ്നങ്ങളോട് അനുഭാവപരമായി പ്രതികരിക്കുകയും അതിലൂടെ സമൂഹത്തിൽ ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിനായി നിരന്തരം പരിശ്രമിക്കുയും ചെയ്യുന്നു.

ചില അനിവാര്യതകളാണ് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അതേഗണത്തിൽ 2020 ൽ ലോകം സാക്ഷ്യം വഹിച്ച കോവിഡ് ഭീതി ഇതിന്റെ സാധ്യതയ്ക്കും ആവശ്യകതയ്ക്കും മുമ്പത്തേക്കാൾ നിമിത്തമായി. സാധാരണ സംരംഭകന്റെ അതേ അച്ചിൽ സ്യഷ്ടിക്കപ്പെടുന്നവരെങ്കിലും സാമൂഹ്യസംരംഭകന്റെ സാമൂഹ്യപ്രസക്തി നാൾക്കു നാൾ ഏറിക്കൊണ്ടിരിക്കുന്നു. സാധാരണ സംരംഭകൻ പുതിയ മാർഗ്ഗങ്ങൾ, മേച്ചിൽപുറങ്ങൾ അന്വേഷിച്ച് ലാഭം വർദ്ധിക്കുമ്പോൾ സാമൂഹ്യസംരംഭകൻ അവസരങ്ങൾക്കൊപ്പം സാമൂഹ്യമൂല്യം ഉയർത്താൻ ശ്രദ്ധിക്കുന്നു.

സാമൂഹ്യപ്രശ്നങ്ങൾ എന്നുപറയുമ്പോൾ ദാരിദ്ര്യം, തൊഴിലിലായ്മ, പട്ടിണി, പരിസ്ഥിതി നശീകരണം, അഴിമതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യസംരംഭം അടിസ്ഥാനപരമായ ലാഭേതര സ്ഥാപനം (No profit organization) ആയിരിക്കും. അതിന്റെ പ്രയോജനം സമൂഹത്തിന്റെ മേൽതട്ടിലുള്ളവർക്ക് മാത്രമല്ല, കീഴ് നിലയിലുള്ളവർക്കും ലഭിക്കുന്നു.

സാമൂഹ്യസംരംഭങ്ങൾ പ്രസക്തമാകുന്നത്, നമ്മുടെ രാജ്യത്ത് ഇന്നും സാധാരണ ജന ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ്. പുതിയ സ്ഥിതിവിവര കണക്കുകൾ പ്രകാരം 17% ത്തോളം ജനവിഭാഗം ദാരിദ്രരേഖയ്ക്കു താഴെയാണ് സ്ഥിതി ചെയ്യുന്നത്. അതോടൊപ്പം രാജ്യത്തെ 10% പേരിൽ സമ്പത്തിന്റെ 70% വും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അതിലുപരി അനേകം വൈവിദ്ധ്യവും വൈരുദ്ധ്യവും അതോടൊപ്പം ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയും നിലനിൽക്കുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ സാമൂഹ്യസംരംഭങ്ങളുടെ കാലാനുസൃതമായ ഉന്നതി, സമൂഹത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കും അനിവാര്യമാണ്.

സംരംഭകത്വത്തിന്റെ മൂശ ഇൻക്യുബേറ്ററുകളും ആക്സിലേറ്ററുകളുമാണെന്ന് കരുതപ്പെടുന്നു. ഇത് ഏതൊരു സംരംഭത്തിന്റെയും ആവശ്യഘടകമാണ്. അപക്വമായ ആശയങ്ങളും ആലോചനകളും വഴിയാംവണ്ണം പ്രയോഗത്തിലെത്തിക്കുവാനും അതിൽനിന്നും പ്രവർത്തന പന്ഥാവ് വിപൂലികരിക്കുവാനും (scale up) ഇവആവശ്യമായിവരുന്നു. പുതിയ ഇൻക്യുബേഷൻ മാർഗ്ഗങ്ങൾ കാലികമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. ഫണ്ടിംഗ്, മെന്ററിംഗ്, നെറ്റ് വർക്കിംഗ് എന്നീ രംഗങ്ങളിലെ ഹാൻഡ് ഹോൾഡിംഗ് സഹായം സാമൂഹ്യസംരംഭങ്ങളുടെ പ്രാരംഭദശകളിൽ ഒഴിച്ചുകൂടാനാവത്തതാണ്. സാങ്കേതികവിദ്യയിലും ഉൽപന്ന വൈവിദ്ധ്യത്തിലും നവീന മാത്യകകൾ കാലാനുസൃതമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതനുസരിച്ച് സംരംഭങ്ങൾക്ക് മുന്നേറാൻ കഴിയുന്നില്ലെങ്കിൽ അവയുടെ പ്രസക്തി നഷ്ടപ്പെടുന്ന സാധ്യത ഉണ്ടാകാം. വിവര, വിനിമയ സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗം നടപ്പാക്കാനായില്ലെങ്കിൽ അവയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടാം. ഇന്നു പല പ്രമുഖ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന ഇൻകുബേഷൻ സെന്ററുകൾ പുതിയ സംരഭകത്വത്തിനും ഉത്പന്ന വികാസത്തിനും വഴികാട്ടിയായി പ്രവർത്തിച്ചിട്ടുള്ളവയാണ്.

നവീകരണം
സാമൂഹ്യസംരംഭങ്ങൾ നിലനിന്നുപോകേണ്ടതും അവ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. എന്നാൽ കാലികമായ മാറ്റങ്ങൾ ഇതിനെ രൂപാന്തരപ്പെടുത്തിയേക്കാം. അത്തരത്തിൽ രൂപാന്തരത്തിനുശേഷം അതിജീവിക്കാൻ ആവശ്യമായ പരിഷ്കരണം (modification) സാമൂഹ്യസംരംഭകൻ നടത്തേണ്ടതുണ്ട്. നിലനിൽക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ പരിഹരിച്ചുവെന്നു പറയുമ്പോഴും നാം അറിയാത്ത മറ്റുപല പ്രശ്നങ്ങളും ഉയർന്നു വരുന്നുണ്ട്. അതീജിവനത്തിനുള്ള എളുപ്പമായ പരിഹാരമാണ് നവീകരണം (Innovation). ഏതുതരത്തിലുള്ള മാറ്റവും നവീകരണമായി കരുതാം. സമയബന്ധിതമായി നവീകരിക്കാതൊന്നും യാതൊന്നിനും നിലനിൽക്കാനാകില്ല.

നമുക്ക് പരിചിതമായ hybrid engine നിലവിലെ എഞ്ചിനിൽ നിന്നും വ്യത്യസ്തമായി നവീകരിച്ച ഉൽപന്നമാണ്. അതുകൊണ്ടു തന്നെ പഴയതിൽ നിന്നും വ്യത്യസ്തമായ ഗുണഫലങ്ങളും ലഭിക്കുന്നു. ഇതിലൂടെ hydrocarbons പുറന്തള്ളലിന്റെ അളവു കുറക്കുവാനും ഫ്യുവലേജ് കൂട്ടുവാനും കഴിയുന്നു. ഹരിത ഊർജ്ജത്തിന്റെ സ്രോതസ്സായ സൗരോർജ്ജവും അവകൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്ര സാമഗ്രികളും സാമൂഹ്യസംരംഭകത്വത്തിന്റെ ഗുണഫലങ്ങളാണ്. ഇനിയും ഈ ദിശയിൽ ബഹുദൂരം മുന്നേറുവാനുണ്ട്. ഫ്ളക്സി എഞ്ചിനുകളും ഇത്തരം നൂതന ഉൽപന്നങ്ങളാണ്. സാധാരണ പെട്രോളിനൊപ്പം താരതമ്യേന താപമൂല്യം കുറവുള്ള (heating value) മെഥനോൾ അഥവാ എത്തനോൾ കൂട്ടിക്കലർത്തി സങ്കര ഇന്ധനങ്ങളാണ് ഇതിലുപയോഗിക്കുന്നത്. ഇതുമൂലം ഇന്ധനവിലയിൽ ഗണ്യമായ കുറവും എന്നാൽ എഞ്ചിൻ പ്രകടനത്തിൽ കാര്യമായ മാറ്റവും ഉണ്ടാകുന്നുമില്ല. ഫോസിൽ ഫ്യുവലുകളെ ആശ്രയിച്ചു നിൽക്കുന്ന നമ്മുടേതുപോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് ഇത് നൽകുന്നത്. ഇതു സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങളും ആ രീതിയിലേക്ക് രാജ്യം മാറി ചിന്തിക്കുന്നതായും നമുക്ക് കാണുവാൻ കഴിയും. നമ്മുടെ നാട്ടിലെ വ്യവസായ സമൂഹത്തിന്റെ (Industrial Cluster) സന്തതികളായ മാന്നാർ ഓടുപാത്രനിർമ്മാണവും മറയൂർ ശർക്കര നിർമ്മാണവുമൊക്കെ സാമൂഹ്യ സംരംഭങ്ങളുടെ ഉത്തമ മാത്യകകളാണ്. ആവശ്യമായ ഇടപെടൽ ഇവയുടെ വളർച്ചയ്ക്ക് യഥാസമയങ്ങളിൽ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സർക്കാരിന്റെ മാത്രം കൈതാങ്ങിൽ നിലനിർത്തുകയല്ല, മറിച്ച് സംരംഭമെന്ന നിലക്ക് എക്കാലവും സ്വയം നിലനിൽക്കാൻ പ്രാപ്തമാക്കുകയാണ് വേണ്ടത്. അതുപോലെ വ്യവസായ സഹകരണ സംഘങ്ങളും പുനരുജ്ജീകരണത്തിന്റെ പാതയിലാണ്. പ്രവർത്തനം നിലച്ചതോ പൂട്ടിപ്പോയതോ ആയ ആയിരത്തോളം സംഘങ്ങളുടെ പുന ക്രമീകരണങ്ങൾക്കായി 140 ലക്ഷം രൂപ ഈ വർഷത്തെ ബജറ്റിൽ വക കൊള്ളിച്ചിരിക്കുന്നു. നിലവിലുള്ളവ വിപുലീകരിച്ചോ വൈവിധ്യവൽകരിച്ചോ ആധുനീകരിച്ചോ നിലനിർത്തി കൊണ്ടുപോകുവാനുള്ള തന്ത്രമാണ് ആസൂത്രണം ചെയ്യേണ്ടത്. അതിനായി കൂടുതൽ ഫണ്ട് കണ്ടെത്തുവാനുള്ള സാഹചര്യം വകുപ്പ് ലക്ഷ്യമിടുന്നു. സാമൂഹ്യസംരഭക മേഖല കരുത്താർജ്ജിക്കുന്നതിലൂടെ പല സാമൂഹ്യപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാനും കഴിയും.