സംരംഭങ്ങൾക്കും, സംരംഭകർക്കും പ്രോൽസാഹനമായി എം.എസ്.എം.ഇ. സംസ്ഥാന അവാർഡുകൾ 2023

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
 
202223 സാമ്പത്തിക വർഷം സംരംഭക വർഷമായി കേരളാ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംരംഭക വർഷത്തിൻറെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ തൊഴിൽ സൃഷ്ടിക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് രൂപം നൽകി. ഈ പദ്ധതിയുടെ ഭാഗമായി 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരളത്തിൽ 1,39,840 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
 
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സംരംഭങ്ങൾ ഇന്ന് കേരളത്തിൽ ഉയർന്നു വരുന്നുണ്ട്. ഇങ്ങനെ ഉയർന്നു വരുന്ന സംരംഭങ്ങളുടെ വിജയവും, സുസ്ഥിരതയും ഉറപ്പാക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിൻറെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് വ്യവസായ വകുപ്പ് നല്കുന്ന സംസ്ഥാന അവാർഡുകൾ2023. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാർജ് ആൻഡ് മെഗാ കാറ്റഗറിയിൽ ഉൽപ്പാദന/സേവന/വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങൾ, ഉല്പാദന സ്റ്റാർട്ടപ്പുകൾ, വനിതാ/പട്ടിക ജാതി/ പട്ടിക വർഗ്ഗ/ ട്രാൻസ്‌ജെൻഡർ സംരംഭങ്ങൾ എന്നിവയ്ക്കും പുരസ്‌കാരങ്ങൾ നല്കാൻ ഉദ്ദേശിക്കുന്നു. ഇവ കൂടാതെ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്കിയ മികച്ച സംഭാവനകളെ മുൻനിർത്തി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നല്കുന്നതാണ്. 2021-22 സാമ്പത്തിക വർഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുക.
 
സംരംഭങ്ങൾക്ക് നല്കുന്ന അവാർഡുകൾക്ക് പുറമെ സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്‌കാരങ്ങൾ നല്കുന്നതാണ്. വസ്തുനിഷ്ഠവും സുതാര്യവുമായ ഓൺലൈൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് അവാർഡിന് അർഹരായ സംരംഭങ്ങളെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്.
 
സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിലും തദ്ദേശ തലത്തിലും രൂപീകരിക്കപ്പെട്ട സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാർക്കുകളുടെ വിവരങ്ങൾ, മറ്റു പദ്ധതികളുടെ പ്രവർത്തനങ്ങൾ, തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്.
 
സംരംഭങ്ങൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളുടെ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ള സംരംഭങ്ങൾക്കും സംരംഭകർക്കും മികവിനായി പരിശ്രമിക്കാൻ വേണ്ടിയുള്ള പ്രചോദനവും കൂടിയാണ് അവാർഡ് – 2023 ലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.