സംരംഭങ്ങൾക്കായി സ്ഥലം മുതൽ അസംസ്കൃതവസ്തുക്കൾ വരെ തിരഞ്ഞെടുക്കുവാൻ ഒരു മാർഗ്ഗരേഖ
സംരംഭങ്ങൾക്കായി സ്ഥലം മുതൽ അസംസ്കൃതവസ്തുക്കൾ വരെ
തിരഞ്ഞെടുക്കുവാൻ ഒരു മാർഗ്ഗരേഖ
ഡോ. സുധീർ ബാബു
സംരംഭം ആരംഭിക്കുന്നതിന് മുമ്പ് സംരംഭകൻ എടുക്കുന്ന ചില തീരുമാനങ്ങളാണ് സംരംഭത്തിന്റെ വിജയസാധ്യത നിർണ്ണയിക്കുന്നത്. നടപ്പിലാക്കപ്പെട്ട അത്തരം തീരുമാനങ്ങളിൽ പലതും പിന്നീട് തെറ്റെന്ന് ബോധ്യമായാലും തിരുത്തുക അത്ര എളുപ്പവുമാവില്ല. കാരണം സംരംഭകത്വത്തിൽ ഓരോ തീരുമാനവും ചെലവേറിയതാണ്. ഉൽപ്പാദനത്തിനായി യന്ത്രം വാങ്ങുകയും അത് തനിക്കനുയോജ്യമായ ഒന്നല്ലെന്ന് പിന്നീട് സംരംഭകന് മനസിലായാലും അത് മാറ്റി മറ്റൊന്ന് വാങ്ങുകയെന്നത് പെട്ടെന്ന് സാധ്യമാവണമെന്നില്ല. വിജയസാധ്യത ഉണ്ടായിരുന്ന നല്ലൊരു പദ്ധതി നഷ്ടത്തിലേക്ക് പോകുവാൻ ഈയൊരു പാളിച്ച മൂലം സാധ്യതയേറും.
താൻ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ എന്ന് സംരംഭകൻ നിരന്തരം അവലോകനം ചെയ്തുകൊണ്ടിരിക്കണം. സ്വയം ആർജ്ജിച്ച അറിവുകൾ കൂടാതെ വ്യവസായത്തിൽ അനുഭവസമ്പത്തുള്ളവരുടെ കൂടി അഭിപ്രായങ്ങൾ സംരംഭകൻ തേടേണ്ടതുണ്ട്. ചെയ്യാൻ പോകുന്നത് ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്താൻ ഇത് സഹായകരമാകും. സംരംഭം ആരംഭിക്കുമ്പോൾ ഒരു സംരംഭകൻ അതീവശ്രദ്ധ പുലർത്തേണ്ട നാല് കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ താഴെ നൽകുന്ന ചില ചോദ്യാവലികൾ സഹായകരമാകും.
സ്ഥലം
അതീവ ജാഗ്രതയോടെയുംസൂക്ഷ്മതയോടെയുമാവണംവ്യവസായത്തിനാവശ്യമായ സ്ഥലം തിരഞ്ഞെടുക്കേണ്ടത്. വ്യവസായത്തിൽ വലിയൊരു നിക്ഷേപം ആവശ്യമുള്ള ഘടകമാണ് സ്ഥലം. വാടകയ്ക്കാണ് സ്ഥലം എടുക്കുന്നതെങ്കിൽ പോലും പിന്നീടത് ബിസിനസിന് അനുയോജ്യമല്ല എന്ന് തോന്നിയാലും മാറ്റം എളുപ്പമാവില്ല. കാരണം മറ്റ് നിക്ഷേപങ്ങൾ കൂടി അപ്പോൾ നടന്നിട്ടുണ്ടാകും.വ്യവസായം സ്ഥാപിക്കുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ താഴെ കൊടുത്തിട്ടുള്ള ചോദ്യാവലി സംരംഭകൻ ശ്രദ്ധ നൽകേണ്ട എല്ലാ വസ്തുതകളിലും കൂടി കടന്നുപോകുവാൻ സഹായിക്കും.
Particulars Yes No
1. സ്വന്തം സ്ഥലത്ത് തന്നെ സംരംഭം ആരംഭിക്കുവാൻ സാധിക്കുമോ?
2. വ്യവസായ മേഖലകളിൽ സംരംഭത്തിനാവശ്യമായ സ്ഥലം ലഭ്യമാണോ എന്ന് അന്വേഷിച്ചുവോ?
3. വാടക സ്ഥലം ലഭ്യമാണോ എന്ന് അന്വേഷിച്ചുവോ?
4. മുകളിൽ പറഞ്ഞവയുടെ വിശദമായ പരിശോധനകൾക്ക് ശേഷം സംരംഭം തുടങ്ങാൻ ആവശ്യമായ സ്ഥലം കണ്ടെത്തിയത് ഏതാണ്?
മ. സ്വന്തം സ്ഥലത്ത്
യ. വാടകയ്ക്ക്
ര. വ്യവസായ എസ്റ്റേറ്റിൽ
റ. വാങ്ങുവാൻ
5. മലിനീകരണം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുവാൻ സാധിക്കുമോയെന്ന് ഉറപ്പുവരുത്തിയോ?
6. വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കിയോ?
7. ജലത്തിന്റെ ലഭ്യതയും ഗുണനിലവാരവുംപരിശോധിച്ചുവോ?
8. ആവശ്യമായഗതാഗതസൗകര്യംഉണ്ടോ? വ്യവസായത്തിനാവശ്യമായ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും മറ്റ് സാധന സാമഗ്രികളും, ഉത്പന്നങ്ങളുംസുഗമമായി ഗതാഗതം നടത്തുവാൻ സാധ്യമായ സ്ഥലമാണോ?
9. തൊഴിലാളികളുടെ ലഭ്യത, അവർക്ക് എത്തിച്ചേരുവാനുള്ള ഗതാഗതസൗകര്യം എന്നിവയുണ്ടോ?
10. ഭാരമേറിയ യന്ത്രങ്ങളും മറ്റും സ്ഥാപിക്കുവാൻ ഉറപ്പേറിയ പ്രതലമാണോ?
11. വ്യവസായത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളെല്ലാംഅവിടെ ലഭ്യമാണോ?
12. ഭാവിയിൽ വികസനത്തിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമാണോ?
13. ചെലവുകളുടെതാരതമ്യ പഠനത്തിന് ശേഷമാണോ സ്ഥലം തിരഞ്ഞെടുത്തത്?
14. സ്ഥലം തിരഞ്ഞെടുക്കുന്നതിന് വേണ്ടി വിദഗ്ദ്ധാഭിപ്രായം തേടിയോ?
15. സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ് സമാനമായ മറ്റ് വ്യവസായങ്ങൾ സന്ദർശിക്കുകയുണ്ടായോ?
ഈ ചോദ്യാവലിയിലൂടെ കടന്നുപോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അതൊക്കെ കൃത്യമായി പഠിച്ചതിന് ശേഷമാണോ താൻ തീരുമാനം കൈക്കൊണ്ടത് എന്ന് ഉറപ്പുവരുത്താനും സംരംഭകന് സാധിക്കും. സ്ഥലം വാങ്ങുന്നതിനേക്കാൾ ചിലപ്പോൾ ലാഭകരമാകുക ദീർഘകാലത്തേക്ക് വ്യവസായ എസ്റ്റേറ്റുകളിൽ പാട്ടത്തിന് ലഭ്യമാകുന്ന ഭൂമിയായിരിക്കാം. സംരംഭത്തിന്റെ തുടക്കത്തിൽ വലിയ സ്ഥിര മൂലധന നിക്ഷേപംഇതുമൂലം ഒഴിവാക്കുവാൻ സാധിക്കും. നാനോ സംരംഭങ്ങൾക്ക് വീടുകളിൽ തന്നെ വ്യവസായങ്ങൾ ആരംഭിക്കുവാൻ കഴിയും. സ്ഥലത്തിലെ നിക്ഷേപം വലിയ സാമ്പത്തിക പ്രത്യാഘാതം ഉളവാക്കുവാൻ പര്യാപ്തമായ ഒന്നായത് കൊണ്ട് വളരെയധികം സൂക്ഷിച്ചു വേണം തീരുമാനമെടുക്കുവാൻ.
സാങ്കേതികവിദ്യ (Technology)
ഉൽപ്പാദനരംഗത്ത് അതിവേഗമാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. സാങ്കേതികവിദ്യയുടെ (Technology) വളർച്ച വ്യവസായലോകത്ത് പുതിയ തരംഗങ്ങളുണ്ടാക്കുന്നു. ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും പ്രക്രിയകളിലും നവീനങ്ങളായ പല മാറ്റങ്ങളും മെച്ചപ്പെടുത്തലുകളുംഅതിദ്രുതം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഏറ്റവും പുതിയ, മികച്ച സാങ്കേതികവിദ്യ സ്വീകരിക്കുന്ന വ്യവസായങ്ങള്ക്ക് മാത്രമേ വിപണിയിൽ പിടിച്ചു നിൽക്കുവാനും വളരുവാനും സാധിക്കുകയുള്ളൂ. സംരംഭകൻ വേഗത്തിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെ നിരീക്ഷിക്കുകയും തന്റെ വ്യവസായത്തിനാവശ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യയെ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പിനായി ഈ ചോദ്യാവലി സംരംഭകനെ സഹായിക്കും.
Particulars Yes No
1. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തേടിയോ?
2. ഉൽപ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പഠനത്തിന് വിധേയമാക്കിയോ?
3. സമാനമായ വ്യവസായങ്ങൾ സന്ദർശിക്കുകയും പഠിക്കുകയും ചെയ്തുവോ?
4. ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതികവിദ്യ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തിയോ?
5. അതിന് അനുയുക്തമായ യന്ത്രങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയോ?
6. അസംസ്കൃതവസ്തുക്കളുടെ ലഭ്യത പരിശോധിച്ചോ?
7. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തിയോ?
8. വിപണിയിൽ ലഭ്യമായുള്ള സമാന ഉൽപ്പന്നങ്ങളുമായി അതിനെ താരതമ്യം ചെയ്തുവോ?
9. ഉൽപ്പാദനത്തിന്റെ ചെലവും ഉൽപ്പന്നങ്ങളുടെ വിൽപനവിലയും വിശകലനം ചെയ്തുവോ?
10. സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ മൊത്തം ആവശ്യമാകുന്ന സ്ഥിര മൂലധനം കണക്കുകൂട്ടിയോ?
11. ഉൽപാദന പ്രക്രിയയിൽ പരിശീലനം നേടിയോ?
12. ആവശ്യമായ വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തിയോ?
13. വേസ്റ്റേജിന്റെ തോതും അതുമൂലമുള്ള നഷ്ടവും കണക്കിലെടുത്തുവോ?
യന്ത്രങ്ങൾ (Machinery)
സ്ഥലത്തിലുള്ള നിക്ഷേപം പോലെതന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് യന്ത്രങ്ങളിലെ നിക്ഷേപവും. തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞാൽ പിന്നൊരു മാറ്റം പ്രയാസമാണ്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പ് ഇവിടെ ആവശ്യമാണ്. സാങ്കേതികവിദ്യക്ക് അനുസൃതമായി ഏതൊക്കെ യന്ത്രങ്ങളാണ് വേണ്ടത് എന്ന തീരുമാനം എടുക്കേണ്ടതുണ്ട്. സംരംഭത്തിന്റെ ആവശ്യകതകൾക്ക് (ഞലൂൗശൃലാലിെേ) അനുയോജ്യമായ യന്ത്രങ്ങൾ വേണം തിരഞ്ഞെടുക്കേണ്ടത്. വ്യക്തമായ തയ്യാറെടുപ്പുകൾ കൂടാതെയുള്ള നിക്ഷേപം ബുദ്ധിപരമാവില്ല. യന്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ ചോദ്യാവലി സംരംഭകനെ ഓർമ്മപ്പെടുത്തും.
Particulars Yes No
1. സാങ്കേതികവിദ്യക്കനുസൃതമായ യന്ത്രങ്ങളാണോ തിരഞ്ഞെടുത്തത്?
2. ഉൽപ്പാദന രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തേടിയോ?
3. ഉൽപ്പാദനത്തിന്റെ അളവ് നിശ്ചയിച്ചോ?
4. ഈ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന മറ്റ് വ്യവസായങ്ങൾ സന്ദർശിക്കുകയും പഠിക്കുകയും ചെയ്തുവോ?
5. യന്ത്രങ്ങൾ സപ്ലൈ ചെയ്യുന്ന വിവിധ സപ്ലയേഴ്സിന്റെ ക്വട്ടേഷൻ വാങ്ങുകയും താരതമ്യ പഠനം നടത്തുകയുംചെയ്തുവോ?
6. നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി സപ്ലയേഴ്സിനെ ധരിപ്പിച്ചോ?
മ. യന്ത്രങ്ങളുടെ ഉൽപ്പാദനശേഷി
യ. ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിവരങ്ങൾ.
ര. പ്രതീക്ഷിക്കുന്ന ഗുണനിലവാരം
7. യന്ത്രങ്ങളുടെ കപ്പാസിറ്റി പരിശോധിച്ചുവോ?
8. കൃത്യതയും ഗുണനിലവാരവും പരിശോധിച്ചുവോ?
9. നിങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്വട്ടേഷനാണോ ലഭിച്ചിട്ടുള്ളത്?
10. യന്ത്രം ഉപയോഗിക്കുന്ന വൈദ്യതിയുടെ അളവ് ലഭ്യമായോ?
11. സ്പെയർ പാർട്സ് ലഭ്യതയും അതിന്റെ വിലയും പരിശോധിച്ചുവോ?
12. ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ തേടിയോ?
13. ഗാരന്റിയുംഅനുബന്ധ നിബന്ധനകളും തൃപ്തികരമാണോ?
14. സപ്ലയർമാരുടെ വിശ്വാസ്യത വിലയിരുത്തിയോ?
15. സപ്ലയേഴ്സിന്റെ നിബന്ധനകളുടെ താരതമ്യ പഠനം നടത്തിയോ?
16. തൃപ്തികരമായ വിൽപ്പനാനന്തര സേവനം ലഭ്യമാണോ?
മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ യന്ത്രങ്ങൾ തിരഞ്ഞെടുക്കാവൂ. സാങ്കേതിക കാര്യങ്ങളിൽ എല്ലാ സംരംഭകർക്കും കാര്യമായ പരിജ്ഞാനമുണ്ടാകണമെന്നില്ല. അതുകൊണ്ട് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടേയും സ്ഥാപനങ്ങളുടേയും സഹായം ഇതിനായി തേടുന്നത് നന്നായിരിക്കും.
അസംസ്കൃതവസ്തുക്കൾ (Raw Materials)
ഉൽപന്നങ്ങളുടെ മേന്മ (Quality) വലിയൊരളവിൽ അസംസ്കൃത വസ്തുക്കളുടെ (Raw Materials) മേന്മയെ ആശ്രയിച്ചിരിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ് വലിയൊരു സാമ്പത്തിക തീരുമാനവും കൂടിയാണ്. കാരണം പ്രവർത്തന മൂലധനത്തിന്റെ വലിയൊരു പങ്കും സംരംഭം ചെലവിടാൻ പോകുന്നത് അസംസ്കൃത വസ്തുക്കളിലാണ്. അസംസ്കൃത വസ്തുക്കളുടെ വാങ്ങൽ, സൂക്ഷിക്കൽ എന്നിവ വളരെയധികം സൂക്ഷ്മത വേണ്ട പ്രവൃത്തിയാണ്. അമിത അളവിലുള്ള സ്റ്റോക്ക് സംരംഭത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും ക്രമേണ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും.
ഈ ചോദ്യാവലി അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പിനായി സംരംഭകന് സഹായകരമാകും.
Particulars Yes No
1. അസംസ്കൃത വസ്തുക്കളുടെ സ്പെസിഫിക്കേഷൻ തീരുമാനിച്ചുവോ?
2. അതിനായി വിദഗ്ദ്ധാഭിപ്രായം തേടിയോ?
3. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന അസംസ്കൃത വസ്തുക്കൾ തന്നെയാണോ തിരഞ്ഞെടുത്തിരിക്കുന്നത്?
4. അസംസ്കൃത വസ്തുക്കൾ വാങ്ങേണ്ട അളവുകൾ നിശ്ചയിച്ചു കഴിഞ്ഞോ?
5. സ്റ്റോക്ക് പ്ലാൻ തയ്യാറാക്കിയോ?
6. വിവിധ സപ്ലെയർമാരിൽ നിന്നും ക്വട്ടേഷൻ വാങ്ങിച്ചുവോ?
7. ക്വട്ടേഷനുകളുടെ താരതമ്യപഠനം നടത്തിയോ?
8. വിലനിലവാരം താരതമ്യം ചെയ്തുവോ?
9. തുടർച്ചയായി അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയോ?
10. ഇറക്കുമതിക്കുള്ള സാധ്യതകളും വിലനിലവാരവും പരിശോധിച്ചുവോ?
11. Just-in-Time Purchase, Rate Contract തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ സാധിക്കുമോ എന്ന് പരിശോധിച്ചുവോ?
12. സപ്ലെയർമാരുടെ ഇൃലറശ Credit Terms, Discounts എന്നിവ കണക്കിലെടുത്തോ?
ഓരോ അസംസ്കൃത വസ്തുവിനും ഒന്നിലധികം സപ്ലയർമാരെ കണ്ടുവെക്കുന്നത് നല്ലതായിരിക്കും. വിലനിലവാരവും മേന്മയും നിരന്തരം അവലോകനം ചെയ്തുകൊണ്ടിരിക്കേണ്ട മേഖലയാണിത്. പരമാവധി ചെലവ് കുറച്ചുകൊണ്ടുള്ള ഉത്പാദനത്തിന് മാത്രമേ വിപണിയിൽ എതിരാളികളോട് മത്സരിക്കുവാൻ സാധിക്കുകയുള്ളൂ.
ചോദ്യാവലികൾ നിയന്ത്രണത്തിന്റെ കുന്തമുനയാക്കുക
നാമിവിടെ കണ്ട ചോദ്യാവലികൾ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുവാൻ സംരംഭകന് പിന്തുണ നൽകുന്നു. സംരംഭവുമായി ബന്ധപ്പെടുന്ന എല്ലാ പ്രധാന കാര്യങ്ങളിലും ഇത്തരം ചോദ്യാവലികൾ പ്രാവർത്തികമാക്കുവാൻ സംരംഭകന് സാധിച്ചാൽ ഒരു പരിധിവരെ തെറ്റായ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കുവാൻ സാധിക്കും.
വളരെ കാതലായ ചോദ്യങ്ങളാണ് ചോദ്യാവലികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യവസായത്തിന്റെ സ്വഭാവത്തിനും ആവശ്യങ്ങൾക്കുമനുസരിച്ച് ഇവയിൽ മാറ്റങ്ങൾ വരുത്താം. ‘NO”എന്ന് ഉത്തരങ്ങൾ വരുമ്പോൾ അത് സംരംഭകനെ ജാഗരൂകനാക്കണം. താനിത് ചെയ്യേണ്ടതാണെന്ന ബോധം സംരംഭക നിലുണർത്താൻ ഇതിന് സാധിക്കും. യാതൊരു മുൻ പരിചയവുമില്ലാത്ത വ്യവസായങ്ങൾ തുടങ്ങുന്നവർ കൂടുതൽ സൂക്ഷ്മതയോടെയാവണം കാര്യങ്ങളെ സമീപിക്കേണ്ടത്. വിദഗ്ദ്ധരുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും സഹായങ്ങൾ തേടാൻ സംരംഭകർ മടിക്കേണ്ടതില്ല. ആവശ്യമായ എല്ലാ മേഖലകളിലുംചോദ്യാവലികൾ തയ്യാറാക്കുവാൻ മുകളിലെ ചോദ്യാവലികളെ മാതൃകയായി സ്വീകരിക്കാം.