സംരംഭക വർഷം 2.0

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

2022- 2023- ൽ നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയുടെ പ്രധാന ലക്ഷ്യം പുതിയ സംരംഭങ്ങളുടെ തുടക്കമായിരുന്നു. സംരംഭക വർഷം പദ്ധതി കാലയളവിൽ 1,39,840 പുതിയ സംരംഭങ്ങളും, 8,422 കോടി രൂപയുടെ വ്യവസായ നിക്ഷേപവും, 3 ലക്ഷത്തിലധികം പുതിയ തൊഴിലുകളും സൃഷ്ടിച്ചു. 45,099 വനിത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് പദ്ധതിയുടെ റിക്കാർഡ് നേട്ടമാണ്. ആഗോളതലത്തിൽ തന്നെ സാങ്കേതിക വിദ്യയിലുണ്ടായ വൻമുന്നേറ്റം വ്യവസായ വിപ്ലവത്തിന്റെ 4-ാം പതിപ്പിന് തുടക്കം കുറിച്ചു. ആഗോളതലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ചുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ അനുയോജ്യമായ വ്യവസായ സൗഹൃദാന്തരീക്ഷം വളർത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് സംരംഭക വർഷം പദ്ധതിയുടെ രണ്ടാം ഘട്ടം ‘സംരംഭക വർഷം 2.0’ ന് 2023 വർഷം മുതൽ തുടക്കമിടുന്നത്. ‘സംരംഭക വർഷം 2.0’ യിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടർ സഹായം നൽകി ഗുണനിലവാരം വർദ്ധിപ്പിച്ച് അടുത്ത 4 വർഷം കൊണ്ട് ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ‘മിഷൻ 1000’ പദ്ധതി ആരംഭിക്കുന്നത്. സംരംഭകരെ നേരിട്ട് സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അത് പ്രദാനം ചെയ്യുന്നതിനുള്ള കർമ്മ പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ്. സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ സംരംഭങ്ങളെ സബ്സിഡിയോടു കൂടിയുള്ള സാമ്പത്തിക സഹായങ്ങൾ നൽകി ഉയർത്തുന്നതിനും ‘സംരംഭക വർഷം 2.0’ ലക്ഷ്യമിടുന്നു. സംരംഭങ്ങളുടെ സാങ്കേതിക- തൊഴിൽ- വിപണനപരമായ ഉയർച്ചയാണ് സംരംഭങ്ങളുടെ വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പുതിയ വ്യവസായ- വാണിജ്യ നയം വിഭാവനം ചെയ്യുന്ന 22 മുൻഗണനാ മേഖലകളിൽ വ്യവസായ വളർച്ച കൈവരിക്കുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.

സംരംഭക വർഷം പദ്ധതി കാലയളവിൽ നടപ്പിലാക്കിയ പൊതു ബോധവൽക്കരണ പരിപാടി സംരംഭകത്വ ബോധവൽക്കരണ പരിപാടി നിക്ഷേപക സംഗമം, സംരംഭകത്വ വികസന പരിശീലനം, ടെക്നോളജി ക്ലിനിക്കുകൾ വായ്പ- ലൈസൻസ്- സബ്സിഡി മേളകൾ രണ്ടാം ഘട്ട പദ്ധതിയിലും തുടരുന്നതാണ്. പുതിയ സംരംഭകർക്ക് നിലവിലുള്ള വിപണന സാധ്യതകൾ പരിചയപ്പെടുന്നതിന് ‘സംരംഭക വർഷം 2.0’ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംരംഭക വർഷം പദ്ധതിയിൽ സ്ഥാപിക്കപ്പെട്ട സംരംഭങ്ങളുടെ ഉൽപന്നങ്ങളെ പരിചയപ്പെടുന്നതിനു വേണ്ടി ജില്ലാതലത്തിൽ വിപുലമായ രീതിയിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിപണന മേളകൾ സംഘടിപ്പിക്കുകയെന്നുള്ളതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പ്രാദേശിക സംരംഭങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ ആഗോള വിപണന ശൃംഖലകളുമായി (Global Marketing Network) ബന്ധപ്പെടുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രം. ‘സംരംഭക വർഷം 2.0’ ആഗോള മാറ്റങ്ങൾക്ക് അനുസരിച്ച് വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും സുസ്ഥിര വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്തി കേരളത്തെ വ്യവസായ കുതിപ്പിലേക്ക് നയിക്കുന്നതിനും പ്രാപ്തമാകുമെന്നുള്ള ശുഭപ്രതീക്ഷയുണ്ട്.