സംരംഭകർ അറിയേണ്ട ബിസിനസിലെ 6 തമോഗർത്തങ്ങൾ
ഡോ. സുധീർ ബാബു
ബിസിനസിൽ അപകടകരങ്ങളായ പല ഗർത്തങ്ങളുമുണ്ട് (Holes) അതിലേക്ക് വീണാൽ രക്ഷപ്പെട്ടു പോരുക ചിലപ്പോൾ അസാദ്ധ്യമാകും. ഇത്തരം ഗർത്തങ്ങളെ ‘ആഹമരസ ‘Black Holes’ (തമോഗർത്തങ്ങൾ) എന്ന് വിളിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിനസിലെ ഇരുണ്ട ഇടങ്ങളാണിവ. സംരംഭകൻ തന്നെയാണ് ബോധപൂർവമോ അല്ലാതെയോ ബ്ലാക്ക് ഹോൾസ് ബിസിനസിൽ രൂപപ്പെടുത്തുന്നത്. താൻ രൂപം നൽകുന്ന ശക്തമായ സമ്പത്ത് വ്യവസ്ഥയാണ് തലമുറകൾ കൈമാറ്റം ചെയ്യപ്പെടേണ്ട ബിസിനസെന്നത് അതിന് ബീജാവാപം നിർവഹിക്കുന്ന ഓരോരുത്തരും ഓർത്തിരിക്കേണ്ടതാണ്.
സംരംഭത്തോടുള്ള അടങ്ങാത്ത അഭിനിവേശം, വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്ത്, വിജയത്തിനോടുള്ള ആസക്തി, ആത്മവിശ്വാസം എന്നിവയൊക്കെ സംരംഭകനെ വിജയത്തിലേക്കു നയിക്കും എന്ന് നാം വിശ്വസിക്കുന്നു. ഈ ഗുണവിശേഷങ്ങളൊക്കെയുള്ള, വിജയം കൈവരിച്ചു എന്ന് നമ്മൾ വിശ്വസിക്കുന്ന പല സംരംഭകരും പിന്നീട് ചില്ലുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചകളും നാം കാണുന്നുണ്ട്. വിജയം എന്നത് നിങ്ങൾ സ്വപ്നം കാണുന്ന ഒരു സ്ഥാനത്ത് എത്തപ്പെടുക മാത്രമാണോ? എന്നാൽ അവിടെ തുടരാൻ കഴിയുന്നില്ലായെങ്കിൽ പിന്നീടത് പരാജയമായി മാറുന്നു. ആഗ്രഹിക്കുന്നത് നേടുക മാത്രമല്ല അത് കൊണ്ടുനടക്കുവാനും സാധിക്കേണ്ടതുണ്ട്.
സംരംഭത്തിലേക്ക് കാലെടുത്തു വെക്കുന്ന ഒരു വ്യക്തി തന്റെ ബൈബിൾ പോലെ കൊണ്ടുനടക്കേണ്ട കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. വിജയിക്കുവാനും വിജയം നിലനിർത്തുവാനും അതിന്റെ എല്ലാ പ്രയോജനങ്ങളും തന്നെ പിന്തുടർന്നു വരുന്നവർക്ക് കൈമാറാനും സംരംഭകൻ ബിസിനസിലെ ഈ തമോഗർത്തങ്ങൾ മനസിലാക്കിയിരിക്കണം. നിസ്സാരമെന്ന് തോന്നി തള്ളിക്കളയുന്ന ചില ചെറിയ കാര്യങ്ങൾ പിന്നീട് ബിസിനസിന്റെ വേരറുക്കും. സ്വയം അച്ചടക്കം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സംരംഭകനുണ്ട്. ”എന്ത് സംഭവിച്ചാലും ഇനി പറയുന്ന ആഹമരസ ഒീഹല െഎന്റെ ബിസിനസിൽ ഉണ്ടാവുകയില്ല” എന്ന ഉറച്ച തീരുമാനം സംരംഭം തുടങ്ങുമ്പോൾ തന്നെ സംരംഭകൻ കൈക്കൊള്ളുക.
Black Hole 1
നിയമങ്ങൾ (Laws)
നിയമങ്ങളെ അനുസരിക്കുന്ന സംരംഭങ്ങൾ മാത്രമേ ദീർഘകാലം നിലനിൽക്കുകയുള്ളൂ. താത്കാലിക ലാഭങ്ങൾക്ക് വേണ്ടി നിയമങ്ങൾ മറികടക്കാം എന്ന മാനസികാവസ്ഥ ഒരു തമോഗർത്തമാണ് നിങ്ങൾക്കായി ഒരുക്കുന്നതെന്ന് മനസിലാക്കിയിരിക്കുക. നിങ്ങളുടെ സംരംഭം ഏത് ഗണത്തിൽപ്പെടുന്നതാണോ അതുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ചു മാത്രമേ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കാവൂ. സംരംഭത്തിനാവശ്യമായ എല്ലാ അനുമതികളും രജിസ്‌ട്രേഷനുകളും ലൈസൻസുകളും സമയാസമയങ്ങളിൽ നേടിയിരിക്കണം. ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന ഉപേക്ഷ പിന്നീട് സങ്കീർണ്ണതകളിലേക്ക് നയിക്കും. ബിസിനസ് വലിയൊരു വളർച്ചക്കായി തയ്യറെടുക്കുമ്പോഴായിരിക്കും ഇത്തരം അലംഭാവങ്ങൾ മൂലം ഉടലെടുത്ത തമോഗർത്തം നിങ്ങൾ തിരിച്ചറിയുന്നത്.
നിയമത്തെ നിസ്സാരവത്കരിച്ച് കാര്യങ്ങൾ ചെയ്ത് അവസാനം തകർന്നടിഞ്ഞുപോയ ധാരാളം സംരംഭങ്ങളുടെ കഥകൾ നമുക്കു ചുറ്റിലും കേൾക്കാം. ബിസിനസിനായി കെട്ടിടം നിർമ്മിക്കുമ്പോൾ പോലും കാണിക്കുന്ന ചെറിയൊരു ശ്രദ്ധക്കുറവ് ബിസിനസിനെ ദോഷകരമായി ബാധിക്കാം. നിയമപരമായ കാര്യങ്ങൾ ഒരിക്കലും ലാഘവത്തോടെയല്ല കൈകാര്യം ചെയ്യേണ്ടത്. നാം നടുന്ന വിത്ത് മുളച്ചു പൊന്തുമെന്നും അതൊരു വടവൃക്ഷമായി മാറുമെന്നും ഓർത്ത് വേണം ഓരോ ചുവടും മുന്നോട്ടു വെക്കുവാൻ.
ഏത് നാട്ടിലാണോ ബിസിനസ് അവിടുത്തെ നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുക. നിയമത്തിന്റെ വഴികളിലൂടെ നടക്കുക. നിയമത്തെ കബളിപ്പിച്ചുള്ള യാത്ര ഹ്രസ്വമാണ്. ദീർഘയാത്രകളിൽ കൂടുതൽ തയ്യാറെടുപ്പുകൾ വേണം കൂടുതൽ ശ്രദ്ധ വേണം. സംരംഭകന്റെ യാത്ര ദൈർഘ്യമുള്ളതാണ്. അവിടെ നിയമങ്ങളുടെ തമോഗർത്തം സ്വയം നിർമ്മിക്കാതിരിക്കുക. നിയമങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകുകയുള്ളൂ എന്ന് തീരുമാനമെടുക്കുക.
Black Hole 2
കണക്കുകൾ (Accounts)
ബിസിനസിന്റെ 2 കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുക. ”ഡാറ്റ”എന്തുമാത്രം വിലപിടിച്ചതാണെന്ന് നിങ്ങൾക്കറിയാം. മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല സംരംഭകൻ കണക്കുകൾ അക്കൗണ്ട് ചെയ്യുന്നതെന്ന് മനസിലാക്കുക. ബിസിനസിന്റെ നേർരേഖാചിത്രമാണ് അവ വരച്ചിടുന്നത്. സംരംഭകന്റൈ തീരുമാനങ്ങൾ ശരിയാവണമെങ്കിൽ അത് ശരിയായ ഡാറ്റയിൽ അധിഷ്ഠിതമായിരിക്കണം. ഡാറ്റ തെറ്റെങ്കിൽ തീരുമാനങ്ങൾ തെറ്റും അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും.
ഡാറ്റ അനാലിസിസ് ബിസിനസിലെ പരമപ്രധാനമായ ഒരു പ്രക്രിയയാണ്. കേവലം ലാഭ ന ഷ്ടങ്ങൾ അറിയുക എന്നതിലുപരി ഇന്ന് നിങ്ങൾ സൂക്ഷിക്കുന്ന ഓരോ ഡാറ്റയും ബിസിനസിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണയ്ക്കുന്നു. നിസ്സാരമായ താത്കാലിക ലാഭങ്ങൾക്ക് വേണ്ടി കണക്കുകൾ കൃത്യമായി സൂക്ഷിക്കാതെ മുന്നോട്ടു പോകുമ്പോൾ സ്വയം കെണിയൊരുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. നന്നായി ബിസിനസ് ചെയ്യുമ്പോഴും വെറുമൊരു അസ്ഥിപഞ്ജരം പോലെയാണ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്‌സ് തയ്യാറാക്കപ്പെടുന്നത്. ബിസിനസിനായി മൂലധനം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതും വിൽപ്പന വർദ്ധിപ്പിക്കുവാൻ സാധിക്കാതെ വരുന്നതും ചെലവുകൾ നിയന്ത്രിക്കാൻ കഴിയാതെയാകുന്നതും ഈ തമോഗർത്തം ഉടലെടുക്കുന്നതു കൊണ്ടാണ്.
സംരംഭത്തിന്റെ തുടക്കം മുതൽ തന്നെ കൃത്യമായ അക്കൗണ്ട്സ് സൂക്ഷിക്കുക. ബിസിനസിലെ ഓരോ ഡാറ്റയും രേഖപ്പെടുത്തുക. കണക്കുകൾ വിശകലനം ചെയ്യുകയും അവയുടെ പിൻബലത്തിൽ മാത്രം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക.
Black Hole 3
നികുതികൾ (Taxes)
ഏതൊക്കെ നികുതികളാണോ നിങ്ങളുടെ ബിസിനസിന് ബാധകം അത് മുഴുവൻ കൃത്യമായി അടക്കുക. അതുമായി ബന്ധപ്പെട്ട റിട്ടേണുകൾ കൃത്യസമയത്ത് ഫയൽ ചെയ്യുക. ഇവിടെ കാണിക്കുന്ന ഉപേക്ഷയും ശ്രദ്ധക്കുറവും മറ്റൊരു തമോഗർത്തം തീർക്കും . ബിസിനസിനായി ചിലവഴിക്കേണ്ട സമയം മുഴുവൻ കേസും പ്രശ്‌നങ്ങളുമായി പാഴാകും. നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോൾ സംരംഭത്തിന് ഉറപ്പുള്ള അടിത്തറ തീർക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.
നിയമപരമായ കുരുക്കുകൾ പരമാവധി ഒഴിവാക്കി മുന്നോട്ടു കുതിക്കുവാനാണ് ബുദ്ധിമാനായ സംരംഭകൻ എപ്പോഴും ശ്രമിക്കേണ്ടത്. സംരംഭത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന അലംഭാവം വളരുന്ന ഘട്ടത്തിൽ അഴിയാക്കുരുക്കായി മാറുന്നു. മറ്റെല്ലാം സാഹചര്യങ്ങളും ഒത്തുവരുമ്പോൾ വിജയത്തിന്റെ പടിവാതിക്കലിൽ വെച്ച് ഈ തമോഗർത്തം നിങ്ങളെ വിഴുങ്ങും. കൃത്യമായ കണക്കുകൾ സൂക്ഷിച്ച്, സമയത്ത് നികുതിയടച്ച്, യഥാസമയം റിട്ടേണുകൾ ഫയൽ ചെയ്ത് ബിസിനസിന് ശക്തമായ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം.
നികുതി വെട്ടിക്കാതിരിക്കുക. അതുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിക്കുക. അതീവ ശ്രദ്ധ ആവശ്യമുള്ള മേഖലയാണ് ഇത്. സംരംഭകൻ എന്ന നിലയിൽ ഈ ഉത്തരവാദിത്തം വളരെ വലുതാണ്. വിജയത്തിലേക്കുള്ള യാത്രയിൽ ഈ ധാർമ്മികത നിങ്ങളെ തുണക്കും. എത്തുന്ന ഉയർന്ന സ്ഥാനത്ത് ദീർഘകാലം നിലനിൽക്കാൻ ഈ നയം കരുത്തേകും.
Black Hole 4
ഉത്പന്നം / സേവനം (Products/Service)
ഉപഭോക്താവിനെ കബളിപ്പിക്കുന്ന ബിസിനസുകൾക്ക് വലിയ ആയുസ്സില്ല. ഏറ്റവും മികച്ച ഉത്പന്നമോ സേവനമോ ഉപഭോക്താവിന് നൽകുന്ന ബിസിനസുകൾ മാത്രമാണ് ഉയരങ്ങളിലേക്ക് എത്തപ്പെടുന്നത്. ലാഭത്തിന് വേണ്ടി ഉപഭോക്താവിനെ കബളിപ്പിക്കാം എന്ന മനോഭാവം തമോഗർത്തത്തെ രൂപപ്പെടുത്തുന്നു. ഇത് ശ്രദ്ധക്കുറവല്ല മറിച്ച് വികലമായ മനോഭാവമാണ്. ഇത് ഒരിക്കലും വളരാൻ ശ്രമിക്കുന്ന സംരംഭകന്റെ കാഴ്ച്ചപ്പാടല്ല. ബിസിനസ് വളരണമെങ്കിൽ ഉപഭോക്താവ് ബിസിനസിനൊപ്പം സഞ്ചരിക്കണം. അവർക്ക് നല്ല ഉത്പന്നങ്ങൾ അല്ലെങ്കിൽ സേവനം നൽകാത്ത ബിസിനസുകളെ അവർ കൈവിടും.
വളരാൻ കൊതിക്കുന്ന സംരംഭകർ ഈ തമോഗർത്തിൽ വീഴരുത്. ബിസിനസിന്റെ ആപ്തവാക്യം മികച്ച ഉത്പന്നം / സേവനം എന്നതാവട്ടെ. ഓരോ ഉപഭോക്താവും ബിസിനസിലെ വിലപിടിച്ച ആസ്തിയാണ് (അലൈ)േ. ബാലൻസ് ഷീറ്റിൽ അത് പ്രത്യക്ഷപ്പെടുന്നില്ല എന്നേയുള്ളൂ. സംതൃപ്തരായ ഉപഭോക്താക്കൾ നിങ്ങളുടെ ബിസിനസ് വളർത്തും. അവർ അസംതൃപ്തരായാൽ ബിസിനസ് തളരും. ലാഭം നേടുന്നതിനൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തിക്കും അവരുമായുള്ള ബന്ധത്തിനും പ്രാധാന്യം നൽകുക.
ഉപഭോക്താവിനെ പഠിക്കുക. അവർക്ക് മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നൽകുക. ഉത്പന്നങ്ങളും സേവനങ്ങളും മോശമെങ്കിൽ ബിസിനസ് വളരില്ല. ബിസിനസിൽ മികച്ച വിജയം കാംക്ഷിക്കുന്ന സംരംഭകൻ ഇതിൽ ശ്രദ്ധയൂന്നണം. ഉപഭോക്താവിൽ നിന്നും ശ്രദ്ധ ചലിച്ചാൽ ബിസിനസ് തമോഗർത്തത്തിൽ വീഴും.
Black Hole 5
മൂലധനത്തിന്റെ ചെലവ്
(Cost of Capital)
സംരംഭകൻ ശ്രദ്ധ കൊടുക്കാത്ത ഒരിടമാണിത്. താൻ നിക്ഷേപിച്ച മൂലധനത്തിന് എന്താണ് ചെലവ് എന്നതാവും ചിന്ത. സംരംഭകൻ സ്വന്തം പോക്കറ്റിൽ നിന്നും നിക്ഷേപിക്കുന്ന മൂലധനത്തിനാണ് ബിസിനസിൽ ഏറ്റവും കൂടുതൽ ചെലവ്. ഇത് കൃത്യമായി നിർണ്ണയിക്കുവാൻ മറന്നാൽ ബിസിനസ് ലാഭകരമായി നടത്തുവാൻ സാധിക്കുകയില്ല.
Black Hole 6
പ്രവർത്തന മൂലധനം (Working Capital)
സംരംഭത്തിൽ പ്രവർത്തന മൂലധനം പ്രധാനമായും നിക്ഷേപിക്കുന്നത് സ്റ്റോക്കിലും ഡെബ്‌റ്റേഴ്‌സിലുമാണ് (Debtors ഉപഭോക്താക്കളിൽ നിന്നും തിരികെ ലഭിക്കാനുള്ള തുക). കൃത്യമായ നിയന്ത്രണമില്ലാതെയുള്ള ഈ നിക്ഷേപം ബിസിനസിനെ പ്രതിസന്ധികളിലേക്ക് തള്ളിയിടും. സംരംഭം തുടങ്ങുന്ന നാളുകളിൽ വിൽപന വർദ്ധിപ്പിക്കുവാൻ കൂടുതൽ കടം നൽകും. പിന്നീട് ഇത് ബിസിനസിനെ വിഴുങ്ങും.
സ്റ്റോക്കിൽ അധികം വരുന്ന നിക്ഷേപം ചത്ത നിക്ഷേപമാണ് (Dead Investment). അതൊരിക്കലും ബിസിനസിന് വരുമാനം കൊണ്ടുവരുന്നില്ല. ബിസിനസിന്റെ അളവനുസരിച്ച് മാത്രമേ സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമുള്ളു. സ്റ്റോക്കിൽ അധികമായി നിക്ഷേപിക്കപ്പെടുന്ന ഓരോ രൂപയും അധികച്ചെലവാണ്. അത് ബിസിനസിന്റെ ലാഭം കുറയ്ക്കും. കൂടുതൽ ഉൽപാദനക്ഷമമായി ഉപയോഗിക്കേണ്ട പണം സ്റ്റോക്കിൽ കുടുങ്ങിക്കിടക്കും. സ്റ്റോക്കിലും ഡെബ്‌റ്റേഴ്‌സിലും അനാവശ്യമായി പണം നിക്ഷേപിക്കപ്പെട്ടാൽ അത് ബിസിനസിനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് (ഇമവെ ഇൃൗിരവ) നയിക്കും.
ബിസിനസിന്റെ വലുപ്പമനുസരിച്ച് സ്റ്റോക്കിലും ഡെബ്‌റ്റേഴ്‌സിലും നിക്ഷേപിക്കപ്പെടെണ്ട പ്രവർത്തന മൂലധനത്തിന്റെ പരിധി നിശ്ചയിക്കുക. ഇത് കൃത്യമായ ഇടവേളകളിൽ വിശകലനം ചെയ്യണം. വിൽപ്പനയുടെ പണം ഉപഭോക്താക്കളിൽ നിന്നും കൃത്യമായി ലഭ്യമാക്കുവാൻ ക്രെഡിറ്റ് പോളിസി തയ്യാറാക്കുകയും നടപ്പിലാക്കുകയും വേണം. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇത് ഒരുപരിധി കഴിഞ്ഞാൽ ബിസിനസിനെ തകർക്കും.
തമോഗർത്തങ്ങളെ സൂക്ഷിക്കുക
ഈ 6 തമോഗർത്തങ്ങളും ബിസിനസിനെ തകർക്കാൻ അസാമാന്യ കെൽപ്പുള്ളവയാണ്. സംരംഭം ആരംഭിക്കുമ്പോൾ മാത്രമല്ല പിന്നീടുള്ള യാത്രയിലെല്ലാം ഈ കെണികൾ ശ്രദ്ധിക്കേണ്ടതുണ്ട്. സംരംഭകന്റെ മനോഭാവമാണ് സംരംഭത്തിന്റെ വിജയം നിശ്ചയിക്കുന്നത്. സംരംഭകൻ യാത്രയുടെ തുടക്കത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ് പിന്നീട് സംരംഭത്തിന്റെ ശക്തിയോ ദൗർബ്ബല്യമോ ആയി മാറുന്നത്. വിജയത്തിന്റെ അടിസ്ഥാനം മാനസിക ധൈര്യമോ അഭിനിവേശമോ അറിവോ നിപുണതകളോ അനുഭവങ്ങളോ മാത്രമല്ല. മുന്നോട്ട് നീങ്ങുമ്പോൾ കടന്നുവരാനിടയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുവാനും ബിസിനസിന് സുഗമമായി വളരാൻ പരിസ്ഥിതി (Environment)ഒരുക്കുവാനുമുള്ള വ്യവസ്ഥിതി (System) സംരംഭത്തിൽ കൂട്ടിച്ചേർക്കുക എന്നതും കൂടിയാണ്.