സംരംഭകർക്ക് ലഭ്യമായ 4 പ്രധാന മൂലധന നിക്ഷേപ സബ്സിഡി പദ്ധതികൾ

റ്റി. എസ്. ചന്ദ്രൻ

     കേരളത്തിലെ സംരംഭകർക്ക് പൊതുവിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന നാല് മൂലധന നിക്ഷേപ സബ്സിഡി പദ്ധതികളാണ് ചുവടെ ചേർക്കുന്നത്. ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്ത് അപേക്ഷ സമർപ്പിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

1. എന്റർപ്രണർ സപ്പോർട്ട് സ്കീം – മികച്ച നിക്ഷേപ സബ്സിഡി
    പുതു സംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു മൂലധന നിക്ഷേപ പദ്ധതിയാണ് എന്റർപ്രണർ സപ്പോർട്ട് സ്കീം അഥവാ ഇ.എസ്.എസ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളിലെ നിർമ്മാണ യൂണിറ്റുകൾക്ക് സബ്സിഡിക്ക് അർഹതയുണ്ട്. ഒരു സംരംഭത്തിൽ നടത്തിയിട്ടുള്ള സ്ഥിര നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് സബ്സിഡി നൽകുന്നത്. ഭൂമി, കെട്ടിടം, മെഷിനറികൾ, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ തുടങ്ങിയ ഇനങ്ങളിൽ വന്നിട്ടുള്ള സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ ആനുകൂല്യം നൽകുന്നത്.

ആനുകൂല്യങ്ങൾ ഇങ്ങനെ .

പൊതു വിഭാഗം :
   സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം പരമാവധി 30 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു.

പ്രത്യേക വിഭാഗം :
    സ്ഥിരനിക്ഷേപത്തിന്റെ 25% പരമാവധി 40 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു. (പ്രത്യേക വിഭാഗം എന്നാൽ വനിതകൾ, എസ് സി /എസ് ടി വിഭാഗക്കാർ, 45 വയസ്സിൽ താഴെ വരുന്ന യുവതി യുവാക്കൾ, പ്രവാസി മലയാളികൾ എന്നിവരാണ്)

മുൻഗണന മേഖലകൾ :
      ഏതാനും സംരംഭങ്ങളെ മുൻഗണന മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10% അധിക സബ്സിഡി ഈ മേഖലക്ക് അനുവദിക്കുന്നു. ഭക്ഷ്യ സംസ്കരണം, ഗാർമെന്റ് മേക്കിങ്, ബയോ ടെക്നോളജി, 100% കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ, പഴയ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉപകരണങ്ങൾ, കാർഷിക മൂല്യവർദ്ധക ഉൽപ്പന്നങ്ങൾ, റബർ ഉൽപ്പന്നങ്ങൾ, ജൈവവളം, മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് സബ്സ്റ്റിറ്റിയൂട്ടുകൾ, സാനിറ്ററി – ഹൈജീൻ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഓക്സിജൻ, മാസ്ക് എന്നിവയാണ് മുൻഗണന വിഭാഗത്തിൽ വരുന്നത്.

പിന്നോക്ക ജില്ലകൾ:
     കേരളത്തിലെ നാല് പിന്നോക്ക ജില്ലകൾക്ക് 10% അധിക സബ്സിഡി നൽകിവരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ഈ അധിക സബ്സിഡി ലഭിക്കുക.

       ഏതൊരു സാഹചര്യത്തിലും ഒരു യൂണിറ്റിന് അനുവദിക്കാവുന്ന പരമാവധി മൂലധന നിക്ഷേപ സബ്സിഡി പുതിയ ഭേദഗതി പ്രകാരം 40 ലക്ഷം രൂപ വരെ ആയിരിക്കും.

       സ്റ്റാർട്ടപ് സപ്പോർട്ട്, ഇൻവെസ്റ്റ്മെൻറ് സപ്പോർട്ട്, ടെക്നോളജി സപ്പോർട്ട് എന്നീ 3 ഘട്ടങ്ങളിലായി സബ്സിഡി ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം :
ഇപ്പോൾ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. (www.industry.kerala.gov.in) ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2.പ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്കരണ പദ്ധതി – നിക്ഷേപ സബ്സിഡി.
     ഇന്ത്യയിൽ ഉടനീളം വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന ഒരു മൂലധന നിക്ഷേപ പദ്ധതിയാണ് പി എം എഫ് എം ഇ. ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതിയുടെ ഭാഗമായി ആണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് ഇത്. ജൃശാല ാശിശേെലൃ െരെവലാല ളീൃ ളീൃാമഹശമെശേീി ീള ാശരൃീ ളീീറ ുൃീരലശൈിഴ ലിലേൃുൃശലെ െീൃ ജങഎങഋ പദ്ധതി അഞ്ചു വർഷത്തേക്കാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കുന്നതാണ്. 2020 -21 മുതൽ 2024 -25 വരെ പതിനായിരം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

     ഓരോ ജില്ലയിലെയും മുഖ്യവിളകളെ മൂല്യ വർദ്ധനവ് വരുത്തി അതിനെ വളർത്തിക്കൊണ്ടു വരിക എന്നതാണ് ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇതനുസരിച്ച് 14 ജില്ലകൾക്കായി 10 കാർഷിക വിളകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

നിക്ഷേപ സബ്സിഡി ആനുകൂല്യം ഇങ്ങനെ
     വ്യക്തി സംരംഭങ്ങൾക്ക് പദ്ധതി ചിലവിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം വരെയാണ് ധന സഹായമായി ലഭ്യമാവുക. എന്നാൽ ഓർഗനൈസേഷനുകൾക്ക് (എഫ്.പി. ഒ)35 ശതമാനം പരമാവധി 3 കോടി രൂപ ലഭിക്കും. യന്ത്ര സാമഗ്രികളും, ടെക്നിക്കൽ സിവിൽ വർക്കുമാണ് മൂലധന സബ്സിഡിക്ക് പരിഗണിക്കുക. എന്നാൽ ടെക്നിക്കൽ സിവിൽ വർക്ക് ആകെ പദ്ധതി ചിലവിന്റെ 30 ശതമാനത്തിൽ കൂടുവാൻ പാടുള്ളതല്ല. എന്നാൽ വർക്കിങ്ങ് ക്യാപ്പിറ്റലിന് സബ്സിഡിക്ക് അർഹതയില്ല.

എങ്ങനെ അപേക്ഷിക്കാം
ഈ പദ്ധതിയെപ്പറ്റി കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും mofi.nic.in/PMFME എന്ന സൈറ്റ് സന്ദർശിക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയും, അതിന്റെ സബ്ബ് ഓഫീസുകൾ വഴിയും ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.

3. മിഷൻ – 1000

പുത്തൻ മൂലധന നിക്ഷേപ പദ്ധതി.
     സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും, ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ശേഷി ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മിഷൻ – 1000. (Scheme towards assistance for Micro to Small, Small to Medium, Scaling up of MSMEs) ഇത് ഏറ്റവും പുതിയ മൂലധന നിക്ഷേപ പദ്ധതിയാണ്. നിർമ്മാണ / സേവന സ്ഥാപനങ്ങൾക്ക് ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 3 വർഷം പ്രവർത്തിച്ചു വരുന്ന സംരംഭങ്ങൾക്ക് അർഹത.

മൂന്ന് ഘട്ടമായി ആനുകൂല്യങ്ങൾ
1) പ്രോജക്ട് റിപ്പോർട്ടിന് ധനസഹായം.
   ഉൽപാദന ശേഷി ഉയർത്തുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു ലക്ഷം രൂപ വരെയാണ് പരമാവധി സബ്സിഡി ലഭിക്കുക.

2)സ്ഥിരനിക്ഷേപത്തിന് മൂലധന സബ്സിഡി
   സ്കെയിൽ അപ് ചെയ്യുന്നതിന്ന് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിന് 40% വരെ സർക്കാർ സബ്സിഡി ലഭിക്കും. അധികമായ ഭൂമി, കെട്ടിടം, മെഷിനറികൾ, മറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഇതിന് പരിഗണിക്കും. ഒരു സംരംഭത്തിന് പരമാവധി ലഭിക്കുന്ന സബ്സിഡി 2 കോടി രൂപ വരെയാണ്.

3) പ്രവർത്തനം മൂലധന വായ്പക്ക് പലിശ സബ്സിഡി.
   ഉത്പാദനശേഷി ഉയർത്തൽ പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന പ്രവർത്തന മൂലധന വായ്പയിന്മേലുള്ള പലിശയുടെ 50 ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. പലിശ അടച്ചശേഷം അത് തിരിച്ചു നൽകുന്ന രീതിയിൽ ആണ് പദ്ധതി നടപ്പാക്കുക. 50 ലക്ഷം രൂപ വരെയാണ് പരമാവധി പലിശ സബ്സിഡി ലഭിക്കുക.

     www.industry.kerala.gov.in എന്ന സൈറ്റ് വഴി വേണം അപേക്ഷിക്കുവാൻ. ജില്ല /താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ അപേക്ഷകൾ ഈസിയായി സമർപ്പിക്കാം.

     സംരംഭങ്ങളുടെ പ്രൊഡക്ഷൻ കപ്പാസിറ്റി ഉയർത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരിക്കുന്നത്.

4) ആഷ – കരകൗശല മേഖലയിലെ മികച്ച മൂലധന നിക്ഷേപ സബ്സിഡി .
     കരകൗശല തൊഴിലാളികൾക്കായി വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പാക്കിവരുന്ന ഒരു സുപ്രധാന പദ്ധതിയാണ് ആഷ (അസിസ്റ്റൻറ്സ് സ്കീം ഫോർ ഹാന്റിക്രാഫ്റ്റ് ആർട്ടിസാൻ). ആർട്ടിസാൻസ് കാർഡ് നേടിയിരിക്കണം എന്നുള്ളതാണ് ഇതിന്റെ പ്രധാന യോഗ്യത.

    തയ്യൽ, കൊത്തുപണി, ഫർണിച്ചർ നിർമ്മാണം, സ്വർണ്ണപ്പണി, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ബാഗ് നിർമ്മാണം, കുട നിർമ്മാണം, വയറിങ്, പ്ലംബിംഗ്, മൺപാത്ര നിർമ്മാണം തുടങ്ങി നിരവധിയായിട്ടുള്ള പ്രവർത്തികൾക്കെല്ലാം തന്നെ ഇപ്പോൾ ആർട്ടിസാൻസ് കാർഡ് ലഭിക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കരകൗശല വകുപ്പാണ് ഈ കാർഡ് നൽകുന്നത്. ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ ഈ കാർഡ് ലഭിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തുതരും. ഈ കാർഡ് ലഭിക്കുന്ന സംരംഭകർക്കാണ് മൂലധന നിക്ഷേപ സബ്സിഡി ലഭിക്കുക. വേണ്ടത്ര അപേക്ഷകരെ ലഭിക്കുന്നില്ല എന്നുള്ളതാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ പറയുന്നത്.

ആനുകൂല്യങ്ങൾ ഇങ്ങനെ :
1 . പൊതു വിഭാഗത്തിന് സ്ഥിര നിക്ഷേപത്തിന്റെ 40% പരമാവധി 2 ലക്ഷം രൂപ വരെ മൂലധന നിക്ഷേപ സബ്സിഡി ആയി നൽകുന്നു.

2. പ്രത്യേക വിഭാഗത്തിന് സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി മൂന്നുലക്ഷം രൂപ വരെ മൂലധന നിക്ഷേപ സബ്സിഡി ആയി നൽകുന്നു. (പ്രത്യേക വിഭാഗം എന്നാൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗം, വനിതകൾ, 45 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർ എന്നിവരാണ്) കെട്ടിടം, മെഷിനറികൾ, ഉപകരണങ്ങൾ, ടൂളുകൾ മറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നിവയിലെ നിക്ഷേപം സബ്സിഡിക്ക് പരിഗണിക്കും.

ഫർണിച്ചർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി പുതിയ ഒരു മെഷീനറി വാങ്ങി സ്ഥാപിച്ചാൽ പോലും ഇതേ നിരക്കിൽ നിക്ഷേപ സബ്സിഡി ലഭിക്കും.

അപേക്ഷ എങ്ങനെ .
വ്യവസായ വാണിജ്യ വകുപ്പിന്റെ സൈറ്റ് വഴി അപേക്ഷിക്കാം. (www.industry.kerala.gov.in) ജില്ലാ വ്യവസായ കേന്ദ്രങ്ങൾ അതിന്റെ കീഴിലുള്ള സബ് ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുവാനാകും. ഇതുപ്രകാരമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് അതത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരാണ്.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്

മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ