സംരംഭകർക്ക് ഒപ്പം
ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ്
ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്
കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൈപിടിച്ച് ഉയർത്തുന്നതിനുമായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ആവാസ വ്യവസ്ഥ വളർത്തിയും ഏതൊരാൾക്കും തന്റെ ‘സ്വന്തം സംരംഭം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന വ്യവസായ വകുപ്പ് സംരംഭകർക്ക് ഒപ്പമുണ്ട്. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോട് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുമായി സഹകരിച്ച് കേരള സംരംഭക വായ്പ പദ്ധതിയ്ക്ക് (Kerala Entrepreneur Loan Scheme- KELS) തുടക്കം കുറിച്ചിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനും ഈ പദ്ധതിപ്രകാരം സഹായം ലഭിക്കുന്നതാണ്. പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ഉൽപാദന- സേവന സംരംഭങ്ങൾക്കൊപ്പം ബിസിനസ് സംരംഭങ്ങൾക്കും ഈ പദ്ധതിപ്രകാരം സഹായം ലഭിക്കും. പദ്ധതിയുടെ പലിശ നിരക്ക് 4% ആണ്. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ/ ഗ്രാമപഞ്ചായത്ത് എന്റർപ്രൈസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നിവരുടെ സഹായത്തോടെ ഒരു പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ കുടുംബത്തിലും സംരംഭകത്വ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും വനിതാ സംരംഭകത്വം ശാക്തീകരിക്കുന്നതിനും വേണ്ടിയും ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് ‘ഒരു കുടുംബം ഒരു സംരംഭം’ One Family One Enterprise – OFOE) . ആകെ പ്രോജക്ട് ചെലവിൽ 10 ലക്ഷം രൂപ വരെയുള്ള കാലാവധി വായ്പ (Term Loan) / പ്രവർത്തന മൂലധന വായ്പ (Working capital Loan) രണ്ടിനും കൂടി ഒരുമിച്ചും പരമാവധി 60% പലിശ സബ്‌സിഡി ലഭ്യമാകുന്ന പദ്ധതിയാണിത്. 2022 ഏപ്രിൽ മാസം മുതൽ ആരംഭിച്ച പുതിയ സംരംഭങ്ങൾക്ക് പദ്ധതിപ്രകാരം ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ പദ്ധതി (PMFME) പ്രകാരം പുതിയതായി തുടങ്ങിയ സംരംഭങ്ങൾക്കും നിലവിൽ വിപുലീകരിച്ച സംരംഭങ്ങൾക്കും പ്രവർത്തന മൂലധന വായ്പയുടെ 6% വരെ പലിശ സബ്‌സിഡിയ്ക്ക് അർഹതയുണ്ടായിരിക്കും. വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ പാർക്കുകൾ, ബഹുനില വ്യവസായ സമുച്ചയങ്ങൾ എന്നിവ സ്ഥാപിച്ച് സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർവകലാശാല ക്യാമ്പസുകളിൽ തന്നെ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുളള പദ്ധതികളും തുടക്കം കുറിച്ചിട്ടുണ്ട്. മേൽപറഞ്ഞവയെല്ലാം കേരളത്തെ വ്യവസായ കുതിപ്പിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നു.