സംരംഭകർക്ക് ആവശ്യമായ കഴിവുകൾ
ഡോ. ശചീന്ദ്രൻ.വി
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും വികസനത്തിനും ചുക്കാൻ പിടിക്കുന്നവരാണ് സംരംഭകർ. സംരംഭകരുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും വളരെയേറെയാണ്. സ്ഥാപനം ആരംഭിക്കുവാനുള്ള ആശയം രൂപപ്പെടുത്തുന്നത് മുതൽ വിവിധതരം നടപടിക്രമങ്ങൾ പൂർത്തിയാക്കലും, വ്യക്തികളെയും മറ്റു വിഭവങ്ങളെയും ഫലപ്രദമായി നേടിയെടുക്കലും, വിനിയോഗിക്കലും, വിജയകരമായി സ്ഥാപനത്തെ മുന്നോട്ടു നയിക്കലും എല്ലാം മികച്ച കഴിവുകൾ ആവശ്യപ്പെടുന്ന പ്രവർത്തികളാണ്. അത്തരം കഴിവുകൾ ചിലരിൽ ജന്മസിദ്ധമായി ലഭിക്കുന്നതാണെങ്കിലും, മറ്റുള്ളവരിൽ പരിശീലനത്തിലൂടെ അവ വളർത്തിയെടുക്കാവുന്നതാണ്. പരിശീലനം സ്വന്തമായി നേടാവുന്നതോ, മറ്റൊരു ഏജൻസിയുടെ സഹായത്തിൽ സ്വായത്തമാക്കാവുന്നതോ ആണ്. അതിനായി, ആദ്യം ഏതൊക്കെ കഴിവുകളാണ് സംരംഭകർക്ക് ഉണ്ടാകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. അവ വ്യക്തമാക്കുന്നതാണ് ഈ ലേഖനം.
1. അച്ചടക്കം (Discipline)
ഒരു വ്യക്തിക്ക് സംരംഭകനായി വിജയിക്കുവാൻ ഏറ്റവും പ്രധാനമായും വേണ്ട കഴിവുകളിൽ ഒന്നാണ് സ്വയം അച്ചടക്കം. നീണ്ട മണിക്കൂറുകൾ ജോലി ചെയ്യാനും ചുറ്റുപാടുമുള്ള വ്യക്തികളെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും, നിയന്ത്രിക്കാനും സ്വയം നിയന്ത്രണം ആവശ്യമാണ്. ക്ഷമയും, സ്വയം പ്രചോദനവും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനും അച്ചടക്കം കൂടിയേ തീരൂ. സ്വയം അച്ചടക്കം ഇല്ലാത്തവർ മറ്റുള്ളവരെയും ചുറ്റുമുള്ള സാഹചര്യങ്ങളെയും നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടും. കോപം, വെറുപ്പ് പോലുള്ള നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കുന്നതും, പണവും മറ്റു വിഭവങ്ങളും ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതും, ദുരുപയോഗം തടയുന്നതും അച്ചടക്കത്തിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരു സംരംഭത്തിന്റെ വിജയകരമായ നടത്തിപ്പിന് നേരിട്ടോ അല്ലാതെയോ നിർണായകമാണ് എന്നതിനാൽ, സംരംഭകത്വത്തിൽ ഏർപ്പെടുന്നവർ അച്ചടക്കം നിർബന്ധമായും നേടിയിരിക്കണം.
2. സർഗാത്മകത (ക്രിയേറ്റിവിറ്റി)

3. ജിജ്ഞാസ (Curiosity)
ഒരു സംരംഭകൻ എല്ലായിപ്പോഴും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിയുകയും മനസ്സിലാക്കുകയും വേണം. ശരിയായ ചോദ്യങ്ങൾ ചോദിക്കുകയും അവസരങ്ങൾ കണ്ടെത്തുകയും ചെയ്യണം. ലോകം അനുദിനം മാറുന്നതിനാൽ അവ തിരിച്ചറിയുകയും അവയുടെ വിപണി സാധ്യതകൾ പരീക്ഷിക്കുകയും വേണം. ഉൽപ്പന്നങ്ങളുടെ സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങൾ, അവയുടെ രൂപത്തിലും ഭാവത്തിലും വരുന്ന വ്യതിയാനങ്ങൾ, നവീന രീതിയിലുള്ള ഉപയോഗങ്ങൾ എന്നിവ ഉപഭോക്താവ് ആവശ്യപ്പെടുന്നതിനു മുമ്പേ മനസ്സിലാക്കുകയും, അവ യഥാസമയം വിതരണം ചെയ്യുവാൻ തയ്യാറാക്കി വെക്കുകയും വേണം. അതിനായി പുതിയ അറിവുകളും വിവരങ്ങളും നേടാനുള്ള ജിജ്ഞാസ എക്കാലവും ഉണ്ടായേ തീരൂ.
4. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള താൽപര്യം

5. വാഗ്ദാനങ്ങൾ പാലിക്കൽ
സംരംഭക ലോകത്ത് വളരെ പ്രാധാന്യമുള്ള ഒരു കഴിവാണ് തങ്ങൾ നൽകുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും പാലിക്കുക എന്നത്. ഇത് ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. സത്യസന്ധവും ആത്മാർത്ഥവുമായ ഇടപെടലുകൾക്ക് മാത്രമേ തൊഴിലാളികളുടെയും, മറ്റു ജീവനക്കാരുടെയും, ബിസിനസ് പങ്കാളികളുടെയും, ഉപഭോക്താക്കളുടെയും ദീർഘകാല വിശ്വാസവും, സഹകരണവും നേടിത്തരുവാൻ സാധിക്കുകയുള്ളൂ. കബളിപ്പിക്കൽ, വിശ്വാസവഞ്ചന, ഉറപ്പുകൾ മനപ്പൂർവമായി ലംഘിക്കൽ എന്നിവ ആരും അംഗീകരിക്കുകയില്ല. ഓരോ സംരംഭകനും വ്യക്തിയെന്ന നിലയിലും, തന്റെ സ്ഥാപനത്തിൻറെ കാര്യത്തിലും ആദരവും വിശ്വാസവും (trust), നല്ല പേരും (goodwill) നേടിയെടുക്കേണ്ടതുണ്ട്. പലപ്പോഴും ആളുകൾ സാമ്പത്തിക ഘടകത്തേക്കാളും വിലമതിക്കുക മറ്റുള്ളവർ നൽകുന്ന വാഗ്ദാനങ്ങളുടെ ഉറപ്പും, സത്യസന്ധതയും ആണ്. വ്യക്തിപരമായ വിശ്വാസം നഷ്ടപ്പെടുന്നിടത്ത് ബന്ധങ്ങൾ ശിഥിലമാകുന്നു. വ്യക്തിജീവിതത്തിൽ എന്നപോലെ സംരംഭക ജീവിതത്തിനും ഇത് ബാധകമാണ്.
6. നേതൃത്വപാടവം

7. ആശയവിനിമയ പാടവം
ഏതൊരു സംരംഭത്തിന്റെയും വിജയത്തിൻറെ ഒരു പ്രധാന ഘടകം അതുമായി ബന്ധപ്പെട്ട ആളുകളുമായി എത്രമാത്രം നന്നായി ആശയവിനിമയം നടത്തുന്നു എന്നുള്ളതാണ്. സ്ഥാപനത്തിലെ തൊഴിലാളികൾ, മറ്റു ജീവനക്കാർ, ഉപഭോക്താക്കൾ, ഗവൺമെൻറ് ഉദ്യോഗസ്ഥർ, ബിസിനസിലെ പങ്കാളികൾ, മറ്റ് ഓഹരി ഉടമകൾ, അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവർ, ഉൽപ്പന്നത്തിന്റെ വിവിധ തട്ടിലുള്ള വിതരണക്കാർ, മറ്റു തരത്തിൽ സ്ഥാപനവുമായി ബന്ധപ്പെടുന്ന വ്യക്തികൾ തുടങ്ങി നിരവധി വിഭാഗങ്ങളുമായി കൃത്യവും ഫലപ്രദവുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. കാര്യക്ഷമവും തന്ത്രപരവുമായ ആശയ വിനിമയത്തിലൂടെ മാത്രമേ ദീർഘകാലം ബിസിനസ് ബന്ധങ്ങളും പങ്കാളിത്തങ്ങളും നിലനിർത്താൻ സാധിക്കുകയുള്ളൂ.
8. നഷ്ടസാധ്യത കൈകാര്യം ചെയ്യുവാനുള്ള കഴിവ്
ഒരു സംരംഭത്തിന് നഷ്ട സാധ്യതകൾ ഉണ്ടാകാം. അവ മനസ്സിലാക്കുകയും നഷ്ടം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്യണം. യഥാർത്ഥത്തിൽ നഷ്ടം വരികയാണെങ്കിൽ അത് കുറയ്ക്കുവാനും നടപടികൾ ഉണ്ടാകണം. ഒഴിവാക്കാനാവാത്ത നഷ്ടങ്ങൾ അംഗീകരിക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോവുകയും വേണം. സംരംഭങ്ങൾ ഭാവിയെ മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഭാവിയിലെ അനിശ്ചിതത്വങ്ങൾ സംരംഭങ്ങളുടെ ലാഭനഷ്ട സാധ്യതകളെ ബാധിച്ചേക്കാം. ശരിയായ മുന്നൊരുക്കങ്ങൾ നടത്തുകയും നഷ്ട സാധ്യതകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും വേണം. സാമ്പത്തികമായ പ്രാപ്തിയോടൊപ്പം മാനസികവും വൈകാരികവുമായ പക്വതയോടെയാണ് നഷ്ട സാധ്യതകളെ നേരിടേണ്ടത്. ശരിയായ സമയത്ത്, സമചിത്തതയോടെ ശരിയായ തീരുമാനങ്ങൾ നടപ്പിലാക്കിയാൽ നഷ്ട സാധ്യതകൾ ഇല്ലാതാക്കാനോ, അതിൻറെ പ്രത്യാഘാതം കുറയ്ക്കുവാനോ സാധിക്കുന്നു.
9. മറ്റു കഴിവുകൾ
മേൽപ്പറഞ്ഞവയുടെ ഭാഗമായോ അല്ലാതെയോ ഉള്ള പലതരം കഴിവുകൾ ഒരു വ്യക്തിയെ സംരംഭകൻ എന്ന നിലയിൽ വിജയിപ്പിക്കാൻ സഹായിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവാണ് അതിൽ പ്രധാനമായ ഒന്ന്. ഒരു സംരംഭകൻ തന്റെ എല്ലാ ഘട്ടത്തിലും നിരന്തരമായി തീരുമാനങ്ങൾ എടുക്കേണ്ടിവരും. ലഭ്യമായ വസ്തുതകളുടെയും അനുഭവ സമ്പത്തിന്റെയും അടിസ്ഥാനത്തിൽ, സാഹചര്യം വിശകലനം ചെയ്താണ് തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനാൽ വിവരങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവ് വളരെ പ്രധാനമാണ്.
സ്ഥിരോത്സാഹമാണ് ഒരു സംരംഭകനെ വിജയിയാക്കുന്നതിനു വേണ്ട മറ്റൊരു കഴിവ്. ഒരു സംരംഭം നടത്തുക എന്നത് കേവലം ഒരു ദിവസത്തെ മാത്രം കാര്യമല്ല. മറിച്ച് എല്ലാ ദിവസവും അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുകയും ഫലപ്രദമായി സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കുകയും വേണം. ഫാക്ടറി/ഓഫീസ് എല്ലാ ദിവസവും പ്രവർത്തിപ്പിക്കുക, നിർമ്മാണ പ്രവർത്തനങ്ങൾ/ സേവനം നൽകൽ നിരന്തരം നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക, ആവശ്യമായ അസംസ്കൃത വസ്തുക്കൾ യഥാസമയം ശേഖരിക്കുക, വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നിവ ഇക്കൂട്ടത്തിൽപെട്ടവയാണ്. സ്ഥിരോത്സാഹത്തോടെ നിരന്തരം ഇവ വിജയകരമായി ചെയ്താൽ മാത്രമേ സംരംഭം ലാഭകരമായി എക്കാലവും മുന്നോട്ടു പോവുകയുള്ളൂ.
മികച്ച സുഹൃത്ത് വലയം ഉണ്ടാക്കുക എന്നത് മറ്റൊരു സംരംഭകത്വ കഴിവാണ്. അസംസ്കൃത വസ്തുക്കൾക്ക് ആയാലും, ജീവനക്കാരെ ലഭിക്കാനും, വിപണനത്തിനും, നിയമപരമായ കാര്യങ്ങൾ പാലിക്കുന്നതിനും മികച്ച സൗഹൃദബന്ധങ്ങൾ ആശയപരമായും സാങ്കേതികമായും സഹായകമാകുന്നു. പ്രതിസന്ധികളെ നേരിടുന്നതിനും, പ്രശ്നങ്ങളെ സമീപിക്കാനുള്ള വിവിധ പോംവഴികൾ കണ്ടെത്തുവാനും സുഹൃദ്ബന്ധങ്ങൾ സഹായിക്കുന്നു.
ചുരുക്കത്തിൽ, ഒരു സംരംഭകൻ മികച്ച വിജയം കൈവരിക്കുന്നതിന് നിരവധി കഴിവുകൾ സഹായിക്കുന്നു. ആ കഴിവുകൾ സംരംഭകന് സ്വന്തമായി നേടാവുന്നതോ ചുറ്റുപാടുകളിൽ നിന്ന് ആർജിക്കാവുന്നതോ ആണ്. അതിനായി വായനയും, പരിശീലന ക്ലാസുകളും പ്രയോജനപ്പെടുത്താവുന്നതാണ്. (ഇതിനായി നിരവധി സ്ഥാപനങ്ങൾ കേരള സംസ്ഥാനത്തിലും, ദേശീയ തലത്തിലും പ്രവർത്തിക്കുന്നുണ്ട്. അതെ കുറിച്ച് മറ്റൊരു ലേഖനത്തിൽ പ്രതിപാദിക്കാം) സ്വന്തം അനുഭവസമ്പത്തും ഇത്തരം കഴിവുകൾ നേടിയെടുക്കാൻ സഹായിക്കും. സംരംഭകരുടെ വിജയം എന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തന്നെ വിജയം ആണെന്നതിനാൽ സംരംഭകരിൽ ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്
മഞ്ചേശ്വരം ജി. പി. എം. ഗവൺമെന്റ് കോളേജിലെ വാണിജ്യ വിഭാഗം പ്രൊഫസറാണ് ലേഖകൻ