സംരംഭകത്വ വിജയത്തിന് പരീശീലന മന്ത്രം

ആഷിക്ക് കെ പി

    Workers are the perishable commodity എന്ന കാറൽ മാർക്സിന്റെ പ്രശസ്തമായ ഒരു വാക്യമുണ്ട്. ഒരുൽപാദന പ്രക്രിയയിൽ ഭൂമി, മൂലധനം, തൊഴിലാളി, അസംസ്കൃത വസ്തുക്കൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ ഘടകങ്ങളിൽ തൊഴിലാളി ഒരു പെരിഷബിൾ കമ്മോഡിറ്റി ആണ് എന്നാണ് അദ്ദേഹത്തിന്റെ വാക്യം. നശിച്ചു പോയേക്കാവുന്ന ഉൽപാദനക്ഷമത എന്ന് അർത്ഥം. എന്താണ് പെരിഷബിൾ കമ്മോഡിറ്റി എന്ന് കൃത്യമായി മനസ്സിലാക്കുമ്പോഴാണ് ഓരോ വ്യവസായ ശാലകളിലും സംരംഭങ്ങളിലും അത് ചെറുതോ വലുതോ എന്നുള്ളതല്ല ഏതായിരുന്നാലും അവിടെയുള്ള മറ്റ് ഉൽപാദന ഘടകങ്ങളെക്കാളൊക്കെ പ്രാധാന്യം തൊഴിലാളിക്കാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കാരണം മറ്റു ഘടകങ്ങൾ ഒക്കെ ഇന്നോ നാളെയോ ഉപയോഗിച്ചാലും വലിയ മാറ്റങ്ങൾ വരാത്ത സ്ഥായിഭാവമുള്ളവയാണ്. എന്നാൽ ഒരു തൊഴിലാളിയുടെ ഉൽപ്പാദനക്ഷമത ഓരോ ദിവസവും കൂടിയും കുറഞ്ഞും ഇരിക്കും.  അത് അയാളുടെ അതാത് ദിവസത്തെ മാനസിക അവസ്ഥയ്ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നുള്ളതാണ് മേൽ വാക്യം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഏതൊരു വ്യവസായിയുടെയും സംരംഭകരുടെയും പ്രധാന ശ്രദ്ധാകേന്ദ്രമായി മാറേണ്ടത് അവരുടെ തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നത് തന്നെയാണ്.  കാരണം കാര്യക്ഷമത എന്നത് ഓരോ തൊഴിലാളിയിലും വ്യത്യസ്തമാണ്. അത് അവരുടെ മാനസികാവസ്ഥയുമായും വൈജ്ഞാനിക തലവുമായും നൈപുണി കേന്ദ്രീകൃതമായും വ്യത്യാസപ്പെട്ടിരിക്കും.  എത്ര ബുദ്ധിമാനായ തൊഴിലാളിയും സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനനുസരിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിൽ ആത്യന്തികമായി ഉൽപാദനക്ഷമത കുറയുകയും സ്ഥാപനത്തിന്റെ മൊത്തം ഗുണമേന്മയെ അത് ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വളർച്ച, ഉയർച്ച, വിജയം എന്നീ മൂന്ന് ആപ്തവാക്യങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഒരു സംരംഭം നയിക്കണമെങ്കിൽ തീർച്ചയായും അവിടെയുള്ള എല്ലാതരം ജീവനക്കാരെയും സ്ഥാപനത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ച് പ്രവർത്തിപ്പിക്കാനുള്ള ആന്തരിക പ്രചോദനം നൽകി എന്താണോ സ്ഥാപനം ഉദ്ദേശിക്കുന്നത് അതേ തലത്തിലേക്ക് എത്തിക്കുവാനുള്ള പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. പലപ്പോഴും സംരംഭകരും വ്യവസായികളും ചിന്തിക്കുന്നത് പരിശീലനം എന്നത് എല്ലാവർക്കും ആവശ്യമില്ല എന്നും അത് നൈപുണി കേന്ദ്രീകൃതമാണെന്നും പുതിയ ടെക്നോളജിയോ മറ്റോ മാറുന്ന സമയത്ത് അവർക്ക് നൽകേണ്ട ഒന്നാണ് എന്നുമാണ്. അതേ പോലെ അത് തുടർച്ചയായി നൽകേണ്ടതല്ല എന്നും തൊഴിലാളിയുടെ മാനസിക ഉല്ലാസം അവരുടെ ഉൽപാദനക്ഷമതയെ ബാധിക്കില്ല എന്നതൊക്കെയാണ്. എന്നാൽ യാഥാർത്ഥ്യം പരിശീലനങ്ങൾ കേവലം അറിവ് പകർന്നു കൊടുക്കാൻ വേണ്ടിയോ നൈപുണി മാറുന്നതിനനുസരിച്ച് നൽകാൻ വേണ്ടിയോ മാത്രം ഉള്ളതല്ല മറിച്ച് കാലാനുസൃതമായി ഒരു തൊഴിലാളിക്ക് അയാൾ എങ്ങനെയൊക്കെ മാറി ചിന്തിക്കണമെന്നും എത്രമാത്രം സന്തോഷത്തോടെയും അഭിമാനത്തോടെയും തന്റെ തൊഴിലിടത്തെ കാണാം എന്നു ചിന്തിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന മാനസിക വ്യായാമമാണ്. ലോകപ്രശസ്ത മന:ശാസ്ത്ര വിദഗ്ധരായിട്ടുള്ള അബ്രഹാം മാസ്ളോ, ഡേവിഡ് മെക്ലല്ലാൻ, ഡെയ്ൽ കാർണേജ് തുടങ്ങിയവരുടെ അഭിപ്രായത്തിൽ ഓരോ വ്യക്തികളുടെയും മാനസിക ഉന്നതി അവരുടെ ഉത്പാദന ക്ഷമതയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കുന്നു എന്നതാണ്.

     എന്താണ് ഒരു വ്യവസായശാലയിൽ അല്ലെങ്കിൽ സംരംഭകത്വ പ്രവർത്തനത്തിൽ തൊഴിലാളിക്ക് നൽകേണ്ട പരിശീലനം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംശയമാണ്. ഏതു തരം പരിശീലനവും അറിവിന്റെ നിർമ്മാണമോ വിനിമയമോ എന്നതിനപ്പുറം ഒരു തൊഴിലാളിയുടെ നിലവിലുള്ള അറിവിനെയും കഴിവിനെയും നൈപുണിയെയും മനോഭാവത്തെയും അയാൾ ഉൾക്കൊള്ളുന്ന ബിസിനസ് പരിസ്ഥിതിക്ക് വേണ്ട രീതിയിൽ ഉയർത്തി കൊണ്ടുവരാനുള്ള പ്രക്രിയയാണ്. അതായത് അവർ കഴിവ് കുറഞ്ഞവരെന്നോ സാമർത്ഥ്യം ഇല്ലാത്തവരെന്നോ മനോഭാവം നെഗറ്റീവ് ആയവരെന്നോ അല്ല മറിച്ച് ഒരു സ്ഥാപനം കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട അറിവും കഴിവും മനോഭാവവും ഉണ്ടോ എന്ന് പരിശോധിക്കുകയും അത് സ്ഥാപനത്തിന് കാര്യക്ഷമായി പ്രവർത്തിക്കാൻ തക്ക രീതിയിൽ എത്തിക്കുവാനുള്ളത്ര കൈവരിച്ചിട്ടുണ്ടോ എന്നും കൈവരിച്ചിട്ടില്ലെങ്കിൽ ഇനി എത്രമാത്രം മാറേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പരിശീലനം. എല്ലാ പരിശീലനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം മേൽപ്പറഞ്ഞ താണ്. കാരണം അസ്വസ്ഥനായ ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഒരു ഉൽപാദന പ്രവർത്തനത്തിൽ മറ്റു തൊഴിലാളികളോടൊപ്പം കാര്യക്ഷമമായി ഇടപെടാനും പ്രവർത്തിക്കാനും കഴിയില്ല. ഇത്തരം അസ്വസ്ഥതകളുടെ കാരണം പ്രധാനമായും എന്താണെന്ന് അറിഞ്ഞു അതിനുതകുന്ന രീതിയിൽ അവരെ എത്തിക്കുകയാണ് ഒരു ശാസ്ത്രീയമായ പരിശീലനത്തിന്റെ പ്രധാനപ്പെട്ട ഘടകം.

     അതുകൊണ്ടുതന്നെ ഒരു വ്യവസായ സ്ഥാപനം ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോൾ അത് കേവലം തൊഴിലാളികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ഉള്ള ഒരു കാര്യപരിപാടിയല്ലെന്നും ഒരു സ്ഥാപനത്തിൻറെ ഓരോ പ്രവർത്തനങ്ങളിലും ഓരോ തൊഴിലാളിയും വഹിക്കേണ്ട പങ്ക്, ഉത്തരവാദിത്വം, എത്രയാണെന്ന് കൃത്യമായി നിർവഹിച്ചു അതിലേക്ക് എത്തുന്നതിനുള്ള തടസ്സങ്ങൾ എന്താണെന്ന് കണ്ടെത്തി അത്തരം തടസ്സങ്ങൾ നീക്കുവാൻ എന്തൊക്കെ ചെയ്യണം എന്ന് മനസ്സിലാക്കി കൊടുക്കുകയുമാണ്.ഏതൊരു സംരംഭക പ്രവർത്തനത്തിനും ഇന്ന് തൊഴിലാളി പരിശീലനം അത്യന്താപേക്ഷിതമായി മാറുന്നത് അതുകൊണ്ടാണ്. കാരണം കുറെ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു പരിശീലനം ലഭിക്കുമ്പോൾ അവർ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നും ഇനി എത്ര ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട് എന്നും സ്വയം മനസ്സിലാക്കാനും തിരുത്താനുമുള്ള അവസരം ലഭിക്കുന്നു.തുടക്കകാലങ്ങളിൽ പൊതുമേഖല വ്യവസായങ്ങളിൽ റിയാബിന്റെ ആഭിമുഖ്യത്തിൽ ധാരാളം മനുഷ്യ വിഭവ ശേഷി പരിശീലനങ്ങൾ നടത്തിയിരുന്നു. മുപ്പതു വർഷത്തിലേറെയായി ഒരേ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്ന തൊഴിലാളി ഏത് മനോഭാവത്തിലും ഏത് രീതിയിലും ആയിരിക്കും ജോലി ചെയ്യുന്നത് എന്ന് അപ്പോഴാണ് ഒരു പരിശീലകൻ എന്ന രീതിയിൽ നേരിട്ട് ബോധ്യപ്പെട്ടത്. പരിശീലനത്തിന് മുമ്പും പരിശീലനത്തിനു ശേഷവും അവരിൽ ഒരാളായി നിന്നുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞപ്പോഴാണ് എത്രമാത്രം പ്രധാനപ്പെട്ടതാണ് ഇത്തരത്തിലുള്ള പരിശീലനങ്ങൾ എന്ന് മനസ്സിലായത്.ഓരോ തൊഴിലാളിയും ഓരോ മാനസികാവസ്ഥയ്ക്ക് ഉടമകളാണ്. വ്യക്തിപരമായ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഉടമസ്ഥരുമായുള്ള പ്രശ്നങ്ങളും അവരെ പല രീതിയിൽ പിന്നോട്ട് നയിക്കാറുണ്ട്. വർഷങ്ങളായി ഒരേ തൊഴിലിടങ്ങളിൽ പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന ഈഗോ ക്ലാഷസുകളും മടുപ്പും നിരാശയും ഒക്കെ തൊഴിലാളികളിൽ അടിഞ്ഞു കൂടിയേക്കാം. ഇവിടെ ഓരോരുത്തരുടെയും ധർമ്മവും കർമ്മവും എന്താണ് എന്ന് കൃത്യമായി അവരിലേക്ക് എത്തിച്ചു കൊടുത്താൽ മാത്രമേ സ്വയം തിരിച്ചറിയാനും കൂടുതൽ മുന്നേറാനും മാറുന്ന കാലഘട്ടത്തിനനുസരിച്ച് തന്റെ ചിന്തകളെയും രീതികളെയും മാറ്റണമന്നും ബോധ്യപ്പെടുത്താൻ സ്വയം അവർക്ക് കഴിയുകയുള്ളു.

     അപ്പോൾ മാത്രമേ ഒരു തൊഴിലാളിക്ക് തന്റെ കഴിവും കഴിവു കേടുകളും തിരിച്ചറിയാനും ഞാനിപ്പോൾ എവിടെയെന്ന് മനസ്സിലാക്കാനും കഴിയുകയുള്ളൂ. ആധുനിക മാനേജ്മെൻറ് സിദ്ധാന്തത്തിൽ ട്രാൻസ്ഫർമേഷൻ ലീഡർഷിപ്പ് എന്ന് ഇതിനെ വിളിക്കാം. ചിൻമയാനന്ദ സ്വാമിയുടെ ട്രാൻസ്ഫോർമിംഗ് ഇന്ത്യൻസ് ടു ട്രാൻസ്ഫോം ഇന്ത്യ പുസ്തകത്തിൽ എന്താണ് ട്രാൻസ്ഫർമേഷൻ എന്ന് വിവരിക്കുന്നുണ്ട്. സ്വയം ആരെന്നു തിരിച്ചറിയുമ്പോൾ മാത്രമേ തൻറെ ചുറ്റുപാടുമുള്ള ആളുകൾ ആരെന്നും എന്താണ് ഒരു ഗ്രൂപ്പിൽ താൻ ചെയ്യേണ്ടതെന്നും ഒരു വ്യക്തിക്ക് കൃത്യമായി തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. ഇത്തരം തിരിച്ചറിവുകളാണ് ഏതൊരു വ്യക്തിക്കും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നത്.പിന്നീട് അങ്ങോട്ട് അവരുടെ പ്രവർത്തനത്തിൽ തന്നെ മാറ്റങ്ങൾ വരുന്നതായി കാണാം. കൃത്യമായ ഇടവേളകളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നൽകുമ്പോൾ അവർക്ക് പുതിയ ഊർജ്ജം ലഭിക്കുകയും മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കൃത്യമായി അവരെ അപ്ഡേറ്റ് ചെയ്യുവാനും കഴിയുന്നു.

     എത്ര യോഗ്യതയുള്ള തൊഴിലാളി ആയാലും എത്ര പരിചയസമ്പന്നൻ ആയാലും ഒരു സ്ഥാപനം ഡിസൈൻ ചെയ്തിരിക്കുന്ന രീതിയിൽ തന്നെ അയാൾ പ്രവർത്തിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ മാനേജ്മെന്റിന്റെ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ.  അതുകൊണ്ടുതന്നെ ഒരു പരിശീലന പ്രക്രിയയിൽ എല്ലാവരെയും അവർ എന്തൊക്കെ ചെയ്യണം എങ്ങനെ ചെയ്യണം എപ്പോൾ ചെയ്യണം ഏതു രീതിയിൽ ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകണം.

തിരിച്ചറിവുപകർന്നു നൽകട്ടെ പരിശീലനങ്ങൾ

     അറിവിനെ മിനുക്കിയെടുക്കുക എന്നു വേണമെങ്കിൽ ചുരുക്കി നമുക്ക് ഇതിനെ പറയാം. ഒരു തൊഴിലിടത്തിൽ തനിക്കിടപെടേണ്ട എല്ലാ മേഖലകളെ സംബന്ധിച്ചും അറിവുള്ള ഒരു തൊഴിലാളി മറ്റൊരാളെയും ആശ്രയിക്കാതെ സ്വതന്ത്രനായും നിർഭയനായും സന്തോഷത്തോടെയും സർവ്വോപരി ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ കഴിവുള്ളവനായിരിക്കും. ഇത്തരം ഊർജ്ജസ്വലരായ തൊഴിലാളികളാണ് മാറുന്ന കാലഘട്ടത്തിൽ ഓരോ സംരംഭങ്ങൾക്കും വ്യവസായ ശാലകൾക്കും വേണ്ടത്.  അറിവ് ഒരു മനുഷ്യന് ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകും.  അറിവില്ലാത്ത ഒരാൾക്ക് എപ്പോഴും മറ്റുള്ള ആളുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ ആശ്രയത്വം മറ്റൊരാൾക്ക് അയാളെ ചൂഷണം ചെയ്യാനും തൻറെ കീഴിലാക്കാനും തന്റെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കാനും സാധ്യമായേക്കും. തിരിച്ചു പ്രതികരിക്കാൻ ആവാത്ത രീതിയിൽ അവരെ തന്റെ കീഴിലാക്കാനും കഴിയും. ഇങ്ങനെ ഒരാളുടെ കീഴിൽ ചൂഷണത്തിന് വിധേയമായി കൊണ്ട് പ്രവർത്തിക്കുമ്പോൾ അയാളിൽ വലിയ മാനസിക സമ്മർദ്ദം, അടിമത്ത മനോഭാവം,അസ്വസ്ഥത എന്നിവയൊക്കെ ഉണ്ടാവും. ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ കീഴിൽ ആ സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ മുഴുവൻ കേന്ദ്രീകരിച്ചാൽ സ്ഥാപനം മുന്നോട്ടു പോവില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഓരോ തൊഴിലാളിക്കും കൃത്യമായി അവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്താണെന്നുള്ളതിനെ കുറിച്ചും അത് എങ്ങനെ എന്നതിനെക്കുറിച്ചും അറിവുണ്ടായിരിക്കണം. അവരെ നിയന്ത്രിക്കുന്ന നേതൃത്വമുള്ള മാനേജർക്ക് അതിനേക്കാൾ ഒരു പടി കൂടെ അറിവ് ഉണ്ടാവണം. ഇത്തരം ഘട്ടത്തിൽ എല്ലാവരും സ്വതന്ത്രരും നിർഭയരും ആത്മവിശ്വാസം ഉള്ളവരും ആയി മാറും.

സഹപ്രവർത്തകരെ തിരിച്ചറിയാം
     രണ്ടാമതായി മറ്റുള്ളവരെ അറിയുക എന്നുള്ളതാണ്.  തന്റെ സഹപ്രവർത്ത കരെയും അവരുടെ രീതികളെയും സ്വഭാവത്തെയും അറിയാനും അവരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഒരു സ്ഥാപനത്തിൽ ഒരു ടീം വർക്ക് രൂപപ്പെടുകയുള്ളൂ. വിഘടിച്ച് നിന്നുകൊണ്ട് ഓരോരുത്തരും ഒറ്റപ്പെട്ട് ചെയ്യുന്നതല്ല വിജയകരമായ സംരംഭങ്ങളുടെ പ്രവർത്തനം എന്നും അത് കൂട്ടായി ഒന്നിച്ച് മുന്നേറേണ്ടതാണെന്നുമുള്ള ചിന്ത എല്ലാവരിലും ഉണ്ടാവേണ്ടതുണ്ട്. പല വ്യവസായ ശാലകളിലും സംരംഭങ്ങളിലും ജീവനക്കാർ പല തട്ടുകളിലായി വ്യത്യസ്ത ഗ്രൂപ്പുകളിലായി കാണുന്നുണ്ട്. തൊഴിലിടങ്ങളിലെ ടീം വർക്ക് ഇതിലൂടെ ഇല്ലാതായി മാറും. ടീം വർക്ക് ഇല്ലാത്ത ഒരു സ്ഥാപനത്തിന് ആധുനിക കാലത്ത് മെച്ചപ്പെട്ട ഒരു പ്രവർത്തനവും ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു നല്ല സിസ്റ്റം മാനേജ്മെൻറ് എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കിൽ കൃത്യമായ പരിശീലനങ്ങളിലൂടെ അത് ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. ഓരോ തൊഴിലാളിക്കും മറ്റുള്ളവർ തന്നെ പരിഗണിക്കുന്നു എന്നും തൻറെ ആശയങ്ങളെ മുഖവിലക്കെടുക്കുന്നുണ്ടെന്നും ബോധ്യപ്പെടേണ്ടതുണ്ട്. ഒരു ഗ്രൂപ്പിൽ ഒരാളെ അവഗണിച്ചാൽ അയാളിൽ അപകർഷതാബോധം ഉണ്ടാവുകയും അത്തരം അപകർഷതാബോധം അയാളെ കൂട്ടത്തിൽ നിൽക്കാതെ ഒറ്റപ്പെട്ടു പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നും അത് പിന്നീട് നെഗറ്റീവ് മനോഭാവം അയാളിൽ വളർത്തുമെന്നും അവർ അത്തരം ഗ്രൂപ്പുകളുടെ ഭാഗമായി മാറും എന്നും സ്ഥാപനം മുഴുവൻ ഇത്തിൾകണ്ണി പോലെ വ്യാപിക്കും എന്നും ഒരു സംരംഭകൻ അഥവാ വ്യവസായ സ്ഥാപനം നടത്തുന്ന ആൾ മനസ്സിലാക്കേണ്ടതുണ്ട്. പരിശീലനത്തിന്റെ മറ്റൊരു സുപ്രധാന മേഖലയായി മേൽപ്പറഞ്ഞതിനെ കണക്കിലെടുക്കേണ്ടതാണ്. ഇതിന് തക്ക രീതിയിൽ അവരുടെ മാനസികാവസ്ഥയെ ഉയർത്തി കൊണ്ടു വരേണ്ടതുണ്ട്. ഇന്ന് വിജയാവസ്ഥയിൽ നിൽക്കുന്ന സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ഒരു ടീമായി പ്രവർത്തിക്കാനുള്ള ധാരാളം പരിശീലനങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഇൻഫോസിസിന്റെ വിജയത്തിന്റെ പ്രധാന കാരണം എന്തെന്ന് ഈയിടെയായി ഒരു ഇന്റർവ്യൂവിൽ നാരായണമൂർത്തി പറഞ്ഞത് ഒറ്റക്കെട്ടായി ഒരു ടീമായി മുന്നോട്ടു കൊണ്ടു പോകാൻ ഞാൻ ശ്രമിക്കുന്നു എന്നതാണ്. ഇങ്ങനെ താനാരാണെന്നും തന്നോടൊപ്പമുള്ള മറ്റുള്ളവർ ആരാണെന്നും അവരുടെ കഴിവും കഴിവുകേടുകളും എന്തൊക്കെയാണെന്നും അവരോട് എത്രമാത്രം കരുതലോടെ പെരുമാറണമെന്നും അവരെ പരിഗണിക്കണമെന്നും സ്വയം ബോധ്യപ്പെടുത്തുകയും ഒരു ടീമായി പ്രവർത്തിക്കുകയും ചെയ്യുവാനുള്ള തര ത്തിലേക്ക് ഒരു സ്ഥാപനത്തിലെ തൊഴിലാളികളെ ഉയർത്തി കൊണ്ടുവരേണ്ടതാണ്.

     ഈ രീതിയിൽ ഓരോ തൊഴിലാളിയും മാനസികമായി ഉയർന്നു കഴിഞ്ഞാൽ അനായാസമായി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഇങ്ങനെ തൊഴിലാളിയുടെ സ്വഭാവ രൂപീകരണത്തിലും ചിന്തയിലും മനോഭാവത്തിലും മാറ്റം വരുത്തുന്ന പ്രവർത്തനങ്ങളാണ് ഒരു സംരംഭകൻ അല്ലെങ്കിൽ ഒരു വ്യവസായി തന്റെ ജീവനക്കാർക്ക് പ്രഥമ പരിഗണനയോടെ നൽകേണ്ട പരിശീലനങ്ങൾ. കൃത്യമായ ഇടവേളകളിൽ ഇത്തരം പരിശീലനങ്ങൾ നൽകുമ്പോൾ ഓരോ വ്യക്തിയിലും നൈതികത മൂല്യബോധം കൂടുതൽ പ്രവർത്തിക്കാനുള്ള ഉത്തേജനം മറ്റുള്ളവരെ മനസ്സിലാക്കാനുള്ള വിശാലമനസ്സ് അഭിമാന ബോധം സ്വയം തിരിച്ചറിയാനുള്ള മാനസിക തലം എന്നിവയ്ക്ക് നിദാനമാവും. ഇത് അനായാസമായി ഒരു സ്ഥാപനത്തിൻറെ വളർച്ചയ്ക്ക് അഥവാ ലാഭകരമായ മുന്നേറ്റത്തിന് കാരണമായി മാറും.