സംരംഭകത്വത്തിന്റെ പ്രാധാന്യം

ഡോ. ശചീന്ദ്രൻ.വി

യുവാക്കളുടെ ഇടയിൽ, പ്രത്യേകിച്ചും അഭ്യസ്ത വിദ്യരായവർക്കിടയിൽ, പലരും സർക്കാർ ജോലിയെ മാത്രം സ്വപ്നം കാണുകയും അതിനായി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നതായിട്ടാണ് കാണാറുള്ളത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി കിട്ടാനായി മാത്രം ശ്രമം നടത്തുന്നു. എന്നാൽ സ്വയം ഒരു തൊഴിൽ ദാതാവ് ആകുന്നതും അതിനായി സ്വന്തം ഒരു സംരംഭം തുടങ്ങുന്നതും പൊതുവേ കുറഞ്ഞതോതിൽ മാത്രമേ കാണാറുള്ളൂ. പി.എസ്.സി/ ബാങ്കിംഗ് മത്സര പരീക്ഷകൾക്ക് പരിശീലനം നൽകാനായി നിരവധിയായ കോച്ചിംഗ് സ്ഥാപനങ്ങളും ഓൺലൈൻ മാധ്യമങ്ങളും കാണിക്കുന്ന ഉത്സാഹം സംരംഭകരെ വളർത്തിയെടുക്കാൻ കാണിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സുരക്ഷാ മേഖലകളിൽ കേരളം നേടിയ പുരോഗതി സാമ്പത്തിക രംഗത്തും നേടണമെങ്കിൽ സംരംഭകത്വം കൂടിയേ തീരൂ എന്നതാണ് നിലവിലെ യാഥാർത്ഥ്യം. അതിനായി സംരംഭകത്വത്തിന്റെ പ്രാധാന്യം പുതിയ തലമുറ മനസ്സിലാക്കേണ്ടതുണ്ട്.  പ്രസ്തുത ലക്ഷ്യം മുൻനിർത്തിയാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്.

സംരംഭകത്വത്തിന്റെ  പ്രാധാന്യം ചുവടെ ചേർക്കുന്നു.

  1. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കലും വിതരണം ചെയ്യലും

നമുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നത് സംരംഭകരാണ്. മനുഷ്യർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹന സൗകര്യം തുടങ്ങിയ വിവിധങ്ങളായ സാധനങ്ങളും സേവനങ്ങളും നൽകുന്നത് സംരംഭകരാണ്. കൂടാതെ മൃഗങ്ങൾക്ക് ആവശ്യമായ ആവാസ സൗകര്യങ്ങൾ, മരുന്ന് തുടങ്ങിയവയും, വിളകൾക്കും സസ്യലതാദികൾക്കും ആവശ്യമായ വളം, കൃഷി ആയുധങ്ങൾ തുടങ്ങിയവയും ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുന്നതും സംരംഭകരാണ്. ആ അർത്ഥത്തിൽ, ഒരു ജനതയുടെ ജീവിതം അർത്ഥപൂർണ്ണമാക്കാൻ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നത് സംരംഭകരാണെന്ന് പറയാം . അങ്ങനെ സംരംഭകത്വം ആളുകളുടെ ജീവിത നിലവാരം ഉയർത്താൻ ആവശ്യമായ സാധനങ്ങളും സേവനങ്ങളും, ഗുണമേന്മയോടെയും, മിതമായ നിരക്കിലും ലഭ്യമാക്കുകയും ചെയ്യുന്നു.

  1. ഉപജീവന മാർഗം

ജീവിക്കാനുള്ള മാർഗം കണ്ടെത്തുക എന്നത് പരമപ്രധാനമായ കാര്യമാണ്. സ്വന്തമായി സംരംഭം തുടങ്ങുന്നത് നല്ല രീതിയിൽ ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്താൻ സഹായിക്കുന്നു. മറ്റൊരാൾ ശമ്പളം നൽകുന്ന ഒരു ജോലിയിൽ നിന്നും ഒരു വർഷം നേടാൻ കഴിയുന്നത് ഒരുപക്ഷേ ഒരു മാസം കൊണ്ടോ അതിൽ കുറഞ്ഞ കാലയളവ് കൊണ്ടോ സ്വന്തം സംരംഭത്തിൽ നിന്നും നേടാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാരായ എല്ലാവരും തന്നെ സംരംഭകരാണ് എന്ന യാഥാർത്ഥ്യം ഓർക്കണം. കേവലം ഉപജീവനമാർഗ്ഗം എന്നതിനപ്പുറം ഏറ്റവും മികച്ച ജീവിതസൗകര്യങ്ങൾ നേടിയെടുക്കാനും സംരംഭകത്വം സഹായിക്കുന്നു.

  1. സാമൂഹിക ബന്ധങ്ങൾ

സംരംഭകത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് മറ്റുള്ളവരുമായുള്ള ഇടപെടലുകളും ബന്ധങ്ങൾ വളർത്തിയെടുക്കലും നിരന്തരം എല്ലാ തട്ടിലുമുള്ള ആളുകളുമായും സംരംഭകർക്ക് ബന്ധപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ സാമൂഹ്യബന്ധങ്ങൾ വളരുകയും ജീവിതം കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യുന്നു. ഇത് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അനുകൂലമായ പല മാറ്റങ്ങൾക്കും കാരണമാകും. മികച്ച ബിസിനസ് സുഹൃത്‌വലയം വളർത്തിയെടുക്കുന്നത്, ഇടയ്ക്കിടെയുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലേക്കും, പരസ്പരമുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്കുവെച്ച് പരിഹാരം കണ്ടെത്തുന്നതിലേക്കും സഹായിക്കുന്നു. പരസ്പര വിശ്വാസത്തോടെയുള്ള ബിസിനസ്, സംരംഭത്തെ കൂടുതൽ ഉയർന്ന നിലയിലേക്ക് വളർത്താനും സഹായിക്കുന്നു. പങ്കാളിത്ത ബിസിനസുകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ പൂർണമായും പരസ്പര വിശ്വാസവും സഹകരണവും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

  1. തൊഴിൽ ദാതാവ്

ഒരു സംരംഭത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് സ്വയം ഒരു തൊഴിൽ ദാതാവ് ആകുന്നത്. തൊഴിലിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നതിനു പകരം സ്വയം തൊഴിൽ കണ്ടെത്തുകയും മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യാൻ സംരംഭകത്വത്തിന് മാത്രമേ കഴിയൂ. സ്വന്തം സ്ഥാപനം ആയതിനാൽ ആരുടെയും കീഴിൽ അല്ലാതെ സ്വതന്ത്രമായി, ഇഷ്ടാനുസരണം തൊഴിലെടുക്കാൻ സംരംഭകത്വം അനുവദിക്കുന്നു. സ്വന്തം ബോസ് താൻ തന്നെ ആയതിനാൽ അധികാരവും നിയന്ത്രണവും സംരംഭകർക്ക് ലഭിക്കുന്നു. അതുകൂടാതെ സ്ഥാപനത്തിന് ഉതകുന്ന ഏതൊരു തീരുമാനവും സ്വന്തം നിലയ്ക്ക് എടുക്കാൻ സാധിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംരംഭകത്വത്തിന്റെ പങ്ക് വളരെ വലുതാണ്. സർക്കാർ സേവന/കാർഷിക മേഖലകൾ ഉൾപ്പെടെയുള്ള ഇതര തൊഴിൽ മേഖലകളെ താങ്ങി നിർത്തുന്നത് പോലും രാജ്യത്തിന്റെ സംരംഭങ്ങൾ ആണെന്ന് നിസംശയം പറയാം.

മറ്റുള്ളവർക്ക് തൊഴിൽ നൽകുന്നതിലൂടെ അവർക്ക് വരുമാന മാർഗ്ഗം ലഭിക്കുകയും അതിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സാധിക്കുന്നു. അതായത് ഒരു രാജ്യത്തിൻറെ ശാശ്വതമായ ദാരിദ്ര്യനിർമ്മാർജ്ജനം ചെയ്യാൻ വേണ്ടത് സൗജന്യ സാമ്പത്തിക വിതരണമോ, ഉൽപാദന അധിഷ്ഠിതമല്ലാത്ത ക്ഷേമ പദ്ധതികളോ അല്ല. മറിച്ച് ചെറുതും വലുതുമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിലൂടെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതോടൊപ്പം, ഓരോ കുടുംബത്തിനും ജീവിക്കാനുള്ള വക കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ തൊഴിൽ കണ്ടെത്താൻ സാധിക്കുന്നതിലൂടെ ഭീകരവാദം, ലഹരികൾക്ക് അടിമയായി സാമൂഹ്യവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, അക്രമവും അശാന്തിയും വളർത്തി സാമൂഹികമായ അരക്ഷിതത്വം ഉണ്ടാക്കൽ തുടങ്ങിയ അപകടകരമായ അവസ്ഥകളിൽ നിന്നും വ്യക്തികളെ മാറ്റിയെടുക്കാൻ കഴിയും. ആ അർത്ഥത്തിൽ, ദേശ സുരക്ഷ, ക്രമസമാധാനം നിലനിർത്തൽ, കുറ്റകൃത്യങ്ങൾ കുറയ്ക്കൽ, ശാന്തമായ സാമൂഹ്യജീവിതം ഉറപ്പുവരുത്തൽ എന്നിങ്ങനെയുള്ള നിരവധിയായ വിശാല ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, പരോക്ഷമായി, സംരംഭകത്വത്തിന് സാധിക്കും.

  1. സാമൂഹ്യ അംഗീകാരവും പദവിയും

സംരംഭകത്വത്തിന്റെ ആധുനിക മുഖം വിശാലമായ സാധ്യതകളാണ് തുറന്നുതരുന്നത് സർക്കാർതലങ്ങളും, മാധ്യമങ്ങളും,  സമൂഹത്തിലെ വിവിധങ്ങളായ കൂട്ടായ്മകളും സംരംഭകർക്ക് വളരെ ഉയർന്ന സ്ഥാനമാണ് നൽകുന്നത്. വ്യവസായ സംഗമങ്ങൾ, സംരംഭകരെ ആദരിക്കൽ, പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ നൽകൽ, നികുതികൾ ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകളിൽ ഇളവുകൾ നൽകൽ തുടങ്ങി നിരവധിയായ അംഗീകാരങ്ങളും പ്രാധാന്യവും സംരംഭകർക്ക്/ സംരംഭകത്വത്തിന് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംരംഭകത്വം ആത്മാഭിമാനവും സംതൃപ്തിയും നൽകുന്ന ഒന്നാണ്.

  1. വിദേശ നാണയം നേടൽ

ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തി നിർണയിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ് അതിൻറെ കയറ്റുമതിയും വിദേശനാണയ ശേഖരവും. ബാലൻസ് ഓഫ് പെയ്‌മെന്റ് (ആമഹമിരല ീള ജമ്യാലി)േ,  വിദേശ നാണയ ശേഖരത്തിന്റെ അളവ് എന്നിവ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിൻറെ സ്ഥാനവും സ്വാധീനവും നിർണയിക്കും. മികച്ച സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ച് വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്തുകയും അതിലൂടെ വിദേശനാണയം നേടുകയും ചെയ്യുന്നത് രാജ്യത്തിന് വളരെയേറെ പ്രയോജനം ചെയ്യും. ഇന്ത്യയുടെ നിരവധി ബ്രാൻഡുകൾ നിലവിൽ ആഗോള അംഗീകാരവും മതിപ്പും നേടിയെടുത്തിട്ടുള്ളതാണ്. അത്തരത്തിലുള്ള വിദേശ വിപണികൾ കീഴടക്കാനും ലോകത്തിന് സാധനങ്ങളും സേവനങ്ങളും നൽകുന്ന ഒരു ആഗോള ശക്തിയായി രാജ്യത്തെ വളർത്തുവാനും സംരംഭകത്വത്തിന് മാത്രമേ കഴിയൂ. അന്താരാഷ്ട്രതലത്തിൽ മികച്ച നയതന്ത്ര ബന്ധം പോലും സാധ്യമാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും കെട്ടുറപ്പും അടിസ്ഥാനമായാണ്. കൂടാതെ സംരംഭകർ മികച്ച കയറ്റുമതി നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ആവശ്യമായ മറ്റു ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള ശേഷി ലഭിക്കുകയുള്ളൂ.

  1. ശാസ്ത്ര സാങ്കേതിക വികസനം

രാജ്യത്തെ ശാസ്ത്രസാങ്കേതിക വിദ്യാ വികസനത്തിന് സംരംഭകത്വം  കൂടിയേ തീരൂ. ശാസ്ത്ര സാങ്കേതിക മേഖലയിലെ വികസനത്തിനാവശ്യമായ സാമ്പത്തിക സ്രോതസ്സിൽ മുഖ്യമായ പങ്കും സംരംഭകത്വത്തിലൂടെയാണ് നേടുന്നത്. കൂടാതെ അവയുടെ കണ്ടെത്തലുകൾ, നവീനതകൾ തുടങ്ങിയവ അർത്ഥപൂർണ്ണമാകുന്നത്, സംരംഭകർ അവ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ച് വിപണി കണ്ടെത്തുമ്പോഴാണ്. വാണിജ്യതലത്തിൽ പ്രയോജനപ്പെടുത്താതെ വലിയ കണ്ടുപിടുത്തങ്ങൾക്കും മറ്റു സാങ്കേതിക വിദ്യകൾക്കും അവയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. മാറിവരുന്ന ജീവിതസാഹചര്യങ്ങളും സങ്കീർണമായ പ്രശ്‌നങ്ങളും പരിഹരിക്കാൻ ശാസ്ത്രസാങ്കേതിക വിദ്യകൾക്ക് സാധിക്കും. എന്നാൽ അവയുടെ വികസനത്തിനും വളർച്ചയ്ക്കും സംരംഭകത്വം നൽകുന്ന സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. ഇവ ഒരുപോലെ വികസിക്കുന്ന ഒരു രാജ്യത്തിന് സമഗ്ര പുരോഗതി കൈവരിക്കാൻ ആകും.

  1. രാജ്യത്തിന്റെ വരുമാനം, വളർച്ച

രാജ്യത്തിന്റെ വരുമാനം (ചമശേീിമഹ കിരീാല) നേടിയെടുക്കുന്നത് അവിടുത്തെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദനവും വിതരണവും നടത്തുന്നതിലൂടെയാണ്. അതിനാൽ സംരംഭങ്ങളിലൂടെയുള്ള നിർമ്മാണ ഉൽപാദന പ്രവർത്തനങ്ങളും വിതരണങ്ങളും സേവനങ്ങൾ നൽകലും വളരെ ഉയർന്ന തോതിൽ നടക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ച ഉയരണമെങ്കിൽ ഓരോ വർഷവും പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും നിലവിലുള്ളവ കൂടുതൽ ഉയർന്ന തോതിൽ ബിസിനസ് നടത്തുകയും വേണം. ലോകരാജ്യങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നവയാണ് മൊത്ത ആഭ്യന്തര ഉൽപാദനവും (ഏൃീ ൈഉീാലേെശര ജൃീറൗരശേീി) പ്രതിശീർഷ വരുമാനവും (ജലൃ ഇമുശമേ കിരീാല). ഇവ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സംരംഭകത്വം വളർത്തുക എന്നത് തന്നെയാണ്. അതിലൂടെ രാഷ്ട്ര പുനർ നിർമാണത്തിൽ പങ്കാളികളാകാനും സംരംഭകർക്ക് സാധിക്കുന്നു.

  1. വിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗം

ഒരു രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും, പ്രാദേശിക തലത്തിലും വിവിധതരത്തിലുള്ള വിഭവശേഷികൾ ഉണ്ട്. അസംസ്‌കൃത വസ്തുക്കൾ, മാനവ വിഭവശേഷി എന്നിവ ഇതിൽ പ്രധാനമാണ്. പ്രകൃതിയുടെ കാലാവസ്ഥയുടെ പ്രത്യേകതകളും, പ്രാദേശികമായി ലഭിക്കുന്ന പ്രകൃതി വിഭവങ്ങളും വളരെ മൂല്യമുള്ളതാണ്. ഇവയെല്ലാം കാര്യക്ഷമമായി സമാഹരിക്കുവാനും ഫലപ്രദമായി വിനിയോഗിക്കുവാനും സംരംഭകത്വത്തിന് മാത്രമേ കഴിയൂ. അവ ശരിയായ രീതിയിൽ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും വേണം. അല്ലാത്തപക്ഷം അവ പ്രയോജനം ഇല്ലാതെ നശിക്കുന്നു. അത്തരം നഷ്ടങ്ങൾ രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും തന്നെ നഷ്ടങ്ങളാണ്. വിഭവങ്ങൾ പുതുതായി സൃഷ്ടിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഉള്ളവ കാര്യക്ഷമമായ രീതിയിൽ ഉപയോഗിക്കുക എന്നത്. നിലവിലെയും വരും തലമുറകളുടെയും ആവശ്യങ്ങളും പ്രതീക്ഷകളും നേടിയെടുക്കണമെങ്കിൽ വിവിധങ്ങളായ വിഭവശേഷികൾ പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം. അതിനുള്ള ചാലകശക്തിയും മാർഗ്ഗവും സംരംഭകത്വം വളർത്തലാണ്.

ചുരുക്കത്തിൽ സംരംഭങ്ങൾ എന്നത് ചില വ്യക്തികൾക്ക് കേവലം വരുമാനം നേടാനുള്ള സ്ഥാപനങ്ങൾ മാത്രമല്ല. രാഷ്ട്രത്തിന്റെയും മാനവരാശിയുടെയും സമഗ്ര വളർച്ചയ്ക്കുള്ള മാധ്യമങ്ങളാണ് അവ എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ ബഹുമുഖ പ്രാധാന്യമുള്ള മേഖലയിലേക്ക് വ്യക്തികൾ താൽപര്യപൂർവ്വം കടന്നു വരികയും ഫലപ്രദമായ രീതിയിൽ സംരംഭങ്ങൾ വളർത്തിയെടുക്കുകയും വേണം. തങ്ങൾ ഏർപ്പെട്ടിരിക്കുന്ന വിശാലമായ ലക്ഷ്യത്തിന്റെ പ്രാധാന്യമാവണം സംരംഭകത്വത്തിന്റെ ഓരോ ഘട്ടവും വിജയകരമായി തരണം ചെയ്യുവാനുള്ള ഊർജ്ജവും പ്രയോജനവും. ഇത്തരത്തിൽ സംരംഭകത്വത്തിലേക്ക് കടന്നു വരുന്ന ഓരോ വ്യക്തിയേയും അർഹമായ രീതിയിൽ സ്വീകരിക്കുവാനും, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുവാനും സംവിധാനം ഒരുക്കണം. സംരംഭകത്വത്തിലൂടെ പുതിയൊരു രാജ്യം വളർത്തിയെടുക്കുവാനുള്ള ആവേശവും താൽപര്യവും ഉണ്ടാകുന്നതിലൂടെയാണ് അതിൻറെ പുരോഗതിയും വളർച്ചയും നിലനിൽക്കുന്നത് എന്നതിനാൽ സംരംഭകത്വത്തെ വളരെയേറെ പ്രാധാന്യത്തോടെ കാണേണ്ടത് അത്യാവശ്യമാണ്.

(മഞ്ചേശ്വരം ജി.പി.എം ഗവൺമെന്റ് കോളേജില വാണിജ്യ വിഭാഗം മേധാവിയും പ്രൊഫസറുമാണ് ലേഖകൻ)