സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകളും അനുമതികളും
ജി. കൃഷ്ണപിള്ള
സംരംഭം തുടങ്ങാനാവശ്യമായ നിക്ഷേപ തോതിന്റെയും (Investment) വാർഷിക വിൽപനയുടെയും അടിസ്ഥാനത്തിൽ 2006 ലെ സൂക്ഷ്മ- ചെറുകിട- ഇടത്തര സംരംഭ വികസന നിയമം അനുസരിച്ച് സംരംഭങ്ങളെ സൂക്ഷ്മം (Micro), ചെറുകിടം (Small), ഇടത്തരം (Medium) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. നിർവ്വഹിക്കപ്പെടുന്ന പ്രവൃത്തിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഉൽപാദനം (Production), സേവനം (Service), വ്യപാരം (Business) എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്. ഓരോ സംരംഭത്തിന്റെ പ്രവർത്തന സ്വഭാവം, നിക്ഷേപം, വിപണന രീതി എന്നിവയ്ക്ക് അനുസരിച്ച് എടുക്കേണ്ട ലൈസൻസുകൾ, അനുമതികൾ എന്നിവയിൽ വ്യത്യാസമുണ്ടാകും.
ഒരു സംരംഭം തുടങ്ങുന്നതിന് അത്യാവശ്യം വേണ്ട ലൈസൻസുകൾ, അനുമതികൾ എന്നിവ എന്തെല്ലാമാണ്?
I ഉദ്യം (Udyam)
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും തുടങ്ങുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുവേണ്ടിയും കേന്ദ്ര സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം (Ministry of MSME) കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷൻ സ്കീമാണ് ഉദ്യം രജിസ്ട്രേഷൻ. ഇത് ഒറ്റത്തവണ രജിസ്ട്രേഷനാണ്. 2020 ജൂലൈ 1 മുതൽ നിലവിൽ വന്നു. ഇതിനെ എം. എസ്. എം. ഇ രജിസ്ട്രേഷൻ (MSME Registration) എന്നും വിളിക്കുന്നു. ഇത് വർഷംതോറും പുതുക്കേണ്ട ആവശ്യമില്ല. പുതിയ സംരംഭം തുടങ്ങാനും നിലവിൽ സംരംഭം നടത്തിക്കൊണ്ടിരിക്കുന്ന എസ്. എസ്. ഐ, ഇ. എം. 2, ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ഉള്ളവർക്കും ഉദ്യം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്.
ഒരു സംരംഭകന് എത്ര ഉദ്യം രജിസ്ട്രേഷൻ എടുക്കാം?
ഒന്നിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടെങ്കിലും ഒറ്റ രജിസ്ട്രേഷനെ അനുവദിക്കൂ.
എങ്ങനെ ഉദ്യം രജിസ്ട്രേഷൻ എടുക്കാം?
http://udyamregistration.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന സൗജന്യമായി സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹായത്തോടെ രജിസ്ട്രേഷൻ എടുക്കാവുന്നതാണ്.
രജിസ്ട്രേഷൻ എടുക്കുന്നതിന് എന്തെല്ലാം രേഖകൾ വേണം?
ആധാർ കാർഡ്, ഉടമസ്ഥൻ/സംരംഭത്തിന്റെ പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, സംരംഭത്തിന്റെ വിവരങ്ങൾ, മെയിൽ ഐ. ഡി, ഫോൺ നമ്പർ എന്നിവ വേണം.
ഉദ്യം രജിസ്ട്രേഷൻ നേട്ടങ്ങൾ എന്തെല്ലാം?
(1) ഉദ്യം രജിസ്ട്രേഷൻ സംരംഭത്തിന്റെ സ്ഥിര രജിസ്ട്രേഷനും തിരിച്ചറിയൽ നമ്പരുമായിരിക്കും.
(2) സംരംഭങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനു വേണ്ടി GeM (ഗവൺമെന്റ് ഇ- മാർക്കറ്റ് പ്ലേസ്) പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനും വിൽപന നടത്തിയ സാധനങ്ങൾ/ സേവനങ്ങളുടെ വില തിരികെ ലഭിക്കുന്നതിന് എം. എസ്. എം. ഇ സമാധാൻ പോർട്ടൽ (MSME Samadan Portal) മുഖേന രജിസ്റ്റർ ചെയ്യുന്നതിനും ഉദ്യം രജിസ്ട്രേഷൻ സഹായകരമാകുന്നു.
(3) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള മുൻഗണന വായ്പകൾ, ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം, പബ്ലിക് പ്രൊക്യുർമെന്റ് പോളിസി, ടെണ്ടർ പങ്കാളിത്തം മുതലായ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നതിന് ഉദ്യം രജിസ്ട്രേഷൻ സഹായകരമാണ്.
(4) ജി. എസ്. ടി, ആദായനികുതി എന്നിവയിൽ ഇളവ് കിട്ടുന്നതിന് ഉദ്യം രജിസ്ട്രേഷൻ സഹായകരമാകുന്നു.
II തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികളും ലൈസൻസുകളും
പ്രധാനമായും കെട്ടിട നിർമ്മാണത്തിനാവശ്യമായ അനുമതി (Building Permit), മെഷിനറി സ്ഥാപിക്കുന്നതിനുള്ള അനുമതി (Consent to Installation), പ്രവർത്തനാനുമതി (Operating Licence) മുതലയാവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും എടുക്കേണ്ടത്.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭങ്ങൾ സ്ഥാപിക്കുന്നത് സുഗമമാക്കുന്നതിനുവേണ്ടി ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് (Ease of Doing Business) ഭാഗമായി കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ (KPBR), മുൻസിപ്പൽ നിർമ്മാണ ചട്ടങ്ങൾ (KMBR) എന്നിവയിൽ പ്രധാനപ്പെട്ട ഭേദഗതികൾ വരുത്തിയിട്ടുണ്ട്. (സർക്കുലർ 75/ആർ. ഡി. 3/2019/തസ്വഭവ, തീയതി 29.03.19) ഏ1, ഏ2 &ഏഎ എന്നിങ്ങനെ 3 വിഭാഗത്തിലുള്ള കെട്ടിടങ്ങളാണ് വ്യവസായ ആവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ളത്. കെട്ടിടത്തിന്റെ വിസ്തീർണം, ഉയരം എന്നിവയെ അടിസ്ഥാനമാക്കിയാണ് വ്യവസായാവശ്യങ്ങൾക്കുള്ള കെട്ടിടം തരംതിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിനുള്ള അനുമതിയ്ക്കായി പ്രമാണത്തിന്റെ പകർപ്പ്, കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, പ്ലാൻ കോപ്പി എന്നിവ ഓൺലൈനായി http://udyamregistration.gov.in എന്ന വെബ്സൈറ്റിലൂടെ അംഗീകൃത ലൈസൻസി മുഖേന സമർപ്പിക്കണം.
കെട്ടിടം പൂർത്തീകരിച്ച് കഴിഞ്ഞാൽ പൂർത്തീകരണ സർട്ടിഫിക്കറ്റ് (completion certificate) പ്ലാനും (completion plan) ഉൾപ്പെടെ നമ്പരിന് അപേക്ഷിക്കുക. നമ്പർ കിട്ടാൻ കാലതാമസം വരുകയാണെങ്കിൽ 50 കോടി വരെ നിക്ഷേപമുള്ള സംരംഭകർക്ക് കെ- സ്വിഫ്റ്റ് നമ്പരിനെ 3 വർഷത്തെ താൽക്കാലികമായ നമ്പരായി പരിഗണിക്കാവുന്നതാണ്. (സ. ഉ. (അച്ചടി) നമ്പർ/59/2023/വ്യവ. തീയതി 01.11.2023). മെഷിനറി സ്ഥാപിക്കുന്നതിനുള്ള അനുമതി, പ്രവർത്തനാനുമതി (Consent to Installation & Consent to operate) എന്നിവ എടുക്കാവുന്നതാണ്. പ്രവർത്തനാനുമതി (ലൈസൻസ്) ലഭിക്കാൻ താമസമുളള സാഹചര്യത്തിൽ 10 കോടി താഴെ നിക്ഷേപമുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടാത്തതുമായ സംരംഭങ്ങൾക്ക് മുൻകൂർ ലൈസൻസിന്റെ ആവശ്യമില്ല. കെ- സ്വിഫ്റ്റ് അക്നോളജ്മെന്റ് (K-Swift Acknowledgement) എടുത്ത് ലൈസൻസില്ലാതെ തന്നെ 3 വർഷം വരെ സംരംഭം നടത്താവുന്നതാണ്. കൂടാതെ പ്രസ്തുത സംരംഭങ്ങൾ നെൽവയൽ- തണ്ണീർതട നിയമത്തിന്റെ പരിധിയിലുൾപ്പെടാത്തത് ആയിരിക്കണം.
III മലിനീകരണ നിയന്ത്രണ ബോർഡ് (PCB)
മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കളാണ് മലിനീകരണം സൃഷ്ടിയ്ക്കുന്നത്. സംരംഭങ്ങൾക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള അനുമതികളാണ് മലിനീകരണ ബോർഡിൽ നിന്നും ആവശ്യമുള്ളത്. സ്ഥാപിക്കുന്നതിനുള്ള അനുമതി (Consent to Establish) പ്രവർത്തിക്കുന്നതിനുള്ള അനുമതി (Consent to operate) എന്നിവയാണ് രണ്ട് തരത്തിലുള്ള അനുമതികൾ. സംരംഭം ആരംഭിക്കുന്നതിന് കെട്ടിടം നിർമ്മിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രം കൺസെന്റ് ടു എസ്റ്റാബ്ലിഷ്മെന്റ് മതിയാകുന്നതാണ്. തൊട്ടടുത്തുള്ള കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, പൊതു ജലാശയങ്ങൾ, റോഡുകൾ, അതിർത്തികൾ മുതലായവയിൽ നിന്നും പാലിക്കപ്പെടേണ്ട ദൂരപരിധികൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മലിനീകരണ ബോർഡ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൂരപരിധി പാലിക്കുന്ന പക്ഷം 5 വർഷത്തേയ്ക്ക് ഫീസ് അടച്ച് അനുമതി വാങ്ങാവുന്നതാണ്. കെട്ടിടം പൂർത്തീകരിച്ച് കഴിഞ്ഞാൽ യന്ത്രങ്ങൾ സ്ഥാപിച്ചതിനുശേഷം കൺസന്റ് ടു ഓപ്പറേറ്റ് അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
മലിനീകരണത്തിന്റെ തോത് അനുസരിച്ച് വ്യവസായങ്ങളെ 4 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലിനീകരണം വളരെ കുറവുള്ളത് വൈറ്റും ഏറ്റവും കൂടുതൽ മലിനീകരണമുള്ളത് റെഡ് വിഭാഗത്തിലുൾപ്പെട്ടതുമാണ്. മറ്റ് രണ്ട് വിഭാഗങ്ങളായ ഗ്രീൻ, ഓറഞ്ച് എന്നിവയിൽ ഗ്രീൻ വിഭാഗത്തിന് ഓറഞ്ചിനേക്കാൾ മലിനീകരണം കുറവായിരിക്കും. ഗ്രീൻ, ഓറഞ്ച്, റെഡ് വിഭാഗത്തിലുൾപ്പെടുന്ന സംരംഭങ്ങൾക്ക് യഥാക്രമം 15, 10, 5 വർഷങ്ങളിലേക്ക് അനുമതിപത്രത്തിന് കാലാവധിയുണ്ടായിരിക്കും. വൈറ്റിന് ഒറ്റത്തവണ ഫീസടച്ച് എടുത്താൽ മതിയാകുന്നതാണ്. മൂലധന നിക്ഷേപ തോതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ചുമത്തുന്നത്.
എങ്ങനെ അപേക്ഷിക്കാം?
തിരിച്ചറിയൽ കാർഡ്, സൈറ്റ് പ്ലാൻ, ടാക്സ് റിസീപ്റ്റ്, ചുറ്റളവ് പ്ലാൻ (100 മീറ്റർ), സത്യപ്രസ്താവന, യന്ത്രങ്ങളുടെ ക്വട്ടേഷൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ (കമ്പനി), പാർട്ണർഷിപ്പ് ഡീഡ് (പങ്കാളിത്ത സ്ഥാപനം) എന്നീ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
IV ചരക്കു – സേവന നികുതി വകുപ്പ് (GST)
2017 ജൂലൈ 1 മുതലാണ് ജി. എസ്. ടി നിലവിൽ വന്നത്. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി (GST). ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുന്നതും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടയ്ക്കാവുന്നതുമായ നികുതിയാണിത്. കേന്ദ്രസർക്കാർ കേന്ദ്ര ജി. എസ്. ടി യും സംസ്ഥാന സർക്കാർ സംസ്ഥാന ജി. എസ്. ടി യുമാണ് ഇതിന്റെ രണ്ട് വകഭേദങ്ങൾ.
എച്ച്. എസ്. എൻ. കോഡ് & ജി. എസ്. ടി
എച്ച്. എസ്. എൻ കോഡ് (Harmonised system Nomenclature) ഉപയോഗിച്ചാണ് ഈ നികുതി തരംതിരിക്കുന്നത്. 1 1/2 മുതൽ 5 കോടി വരെ വിൽപനയുളളവർ 2 അക്ക കോഡും 5 കോടിക്ക് മുകളിൽ വിൽപനയുള്ളവർ 4 അക്ക കോഡും ഉപയോഗിക്കണം. 1 1/2 കോടിക്ക് താഴെ വിൽപനയുള്ളവർ എച്ച്. എസ്. എൻ. കോഡ് ഇൻവോയിസിൽ കാണിക്കണമെന്നില്ല.
ജി. എസ്. ടി നിരക്കും രജിസ്ട്രേഷനും
ഉൽപന്നങ്ങളെ 6 നിരക്കുകളിലായി തരംതിരിച്ചാണ് ജി എസ് ടി ചുമത്തുന്നത് 0.25% മുതൽ 28 % വരെയാണ് ഈ നിരക്കുകൾ ഉണ്ടാവുക. 20 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വിൽപനയുള്ള ഉൽപാദന- ബിസിനസ് സംരംഭകരും നിർബന്ധമായും ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം. എന്നാൽ അതിനു താഴെ വിൽപ്പനയുള്ളവർക്കും അവരുടെ താൽപര്യം അനുസരിച്ച് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. എന്നാൽ എല്ലാ കയറ്റുമതി -ഇറക്കുമതിക്കും, സംസ്ഥാനന്തര വിൽപ്പന, ഇ- കൊമേഴ്സ് എന്നിവയ്ക്കും വിൽപനപരിധി പരിഗണിക്കാതെ തന്നെ ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
എന്താണ് ഇൻപുട്ട് & ഔട്ട്പുട്ട് നികുതി (Input & Output Tax)
ഒരു സാധനം വാങ്ങുമ്പോൾ നൽകുന്ന നികുതിയാണ് ഇൻപുട്ട് നികുതി. എന്നാൽ ഒരു സാധനം വിൽക്കുമ്പോൾ വിൽപ്പനക്കാരൻ ശേഖരിക്കുന്ന നികുതിയാണ് ഔട്ട്പുട്ട് നികുതി. രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭങ്ങൾക്ക് കിട്ടുന്ന ഒരു ആനുകൂല്യമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (Input Tax credit- ITC). ഇൻപുട്ട് ടാക്സും ഔട്ട്പുട്ട് ടാക്സും തമ്മിലുള്ള വ്യത്യാസമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. അപ്പോൾ കൊടുക്കാൻ ബാധ്യസ്ഥമായ നികുതി= ഔട്ട്പുട്ട് ടാക്സ് – ഇൻപുട്ട് ടാക്സ്
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് = ഇൻപുട്ടിന്റെ മൂല്യത്തിന് ചുമത്തപ്പെടുന്ന ആകെ നികുതി മൂല്യം ഃ ജി. എസ്. ടി നിരക്ക്
എങ്ങനെ അപേക്ഷിക്കാം
മൊബൈൽ നമ്പർ, ഇ- മെയിൽ, പാൻകാർഡ്, ആധാർ കാർഡ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം, സ്ഥാപനത്തിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ംംം.ഴേെ.ഴീ്.ശി എന്ന വെബ്സൈറ്റിൽ സൗജന്യമായി അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എല്ലാ സാധന സേവനങ്ങൾക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (Input Tax Credit ITC) ലഭിക്കുമോ?
(1) ഡ്രൈവർ ഉൾപ്പെടെ 13 അല്ലെങ്കിൽ താഴെ സീറ്റുള്ള മോട്ടോർ വാഹനങ്ങൾ
(2) ഗുഡ്സ് ട്രാൻസ്പോർട്ട് ഏജൻസികൾ, കപ്പലുകൾ, വിമാനങ്ങൾ മുതലായവ
(3) ഫുഡ് ആൻഡ് ബിവറേജസ്
(4) ക്ലബ്ബ് അംഗത്വം
(5) ആരോഗ്യ ഇൻഷുറൻസ്
മുകളിൽ പരാമർശിച്ചതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുകയില്ല.
V ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)
2008- ലാണ് ന്യൂഡൽഹി ആസ്ഥാനമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ എടടഅക സ്ഥാപിതമായത്. 2006- ലെ എടടഅക നിയമപ്രകാരമാണ് എടടഅക സ്ഥാപിതമായത്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപ്പന, കയറ്റുമതി, ഇറക്കുമതി എന്നിവ ഈ നിയമം വഴി നിയന്ത്രിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും എടടഅക നിശ്ചയിക്കുന്നു. എല്ലാ ഭക്ഷണസാധനങ്ങളുടെയും ഉൽപാദനം, വിൽപ്പന, വിതരണം, ഇറക്കുമതി എന്നിവയ്ക്ക് നിർബന്ധമായും എഫ്.എസ്.എസ്.എ.ഐ പ്രകാരമുള്ള രജിസ്ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് ആവശ്യമാണ്. ഒരു തരത്തിലുള്ള രജിസ്ട്രേഷനും രണ്ട് തരത്തിലുള്ള ലൈസൻസുകളും ആവശ്യമാണ്. എടടഅക രജിസ്ട്രേഷൻ, സംസ്ഥാന എടടഅക ലൈസൻസ്, കേന്ദ്ര FSSAI ലൈസൻസ് എന്നിവയാണ് അവ.
എന്താണ് FSSAI രജിസ്ട്രേഷൻ ?
നിയമപരമായി FSSAI ലൈസൻസ് ആവശ്യമില്ലാത്ത 12 ലക്ഷം രൂപയിൽ താഴെ വാർഷിക വിൽപ്പനയുള്ള സംരംഭകൻ FSSAI രജിസ്ട്രേഷൻ എടുത്താൽ മതിയാകുന്നതാണ്. രജിസ്ട്രേഷന് പ്രതിവർഷം 100 രൂപയാണ് ഫീസ്.
എന്താണ് FSSAI സ്റ്റേറ്റ് ലൈസൻസ് ?
വാർഷിക വിൽപന 12 ലക്ഷം രൂപ മുതൽ 20 കോടി രൂപ വരെയുള്ള സംരംഭങ്ങൾ, പ്രതിദിന ഉൽപാദനം 100 കിലോ/ 100 ലിറ്റർ (പാൽ പ്രതിദിനം 500 ലിറ്റർ) കാറ്ററിങ് സംരംഭങ്ങൾ എന്നിവ സ്റ്റേറ്റ് ലൈസൻസ് എടുക്കേണ്ടതാണ്.
എന്താണ് FSSAI കേന്ദ്ര ലൈസൻസ് ?
വാർഷിക വിൽപന 20 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭങ്ങൾ, കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങൾ, ഇ- കൊമേഴ്സ് സ്ഥാപനങ്ങൾ, സംസ്ഥാനന്തര വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്ര FSSAI ലൈസൻസ് എടുക്കേണ്ടതാണ്.
എങ്ങനെ അപേക്ഷിക്കാം?
foscos.fssai.gov.in എന്ന ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. ഫോട്ടോ, ഐഡി, സംരംഭത്തിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആവശ്യമാണ്. FSSAI രജിസ്ട്രേഷൻ പ്രതിവർഷം 100 രൂപയും സ്റ്റേറ്റ് ലൈസൻസ് പ്രതിവർഷം 2000 മുതൽ 5000 വരെയും കേന്ദ്ര ലൈസൻസ് 7500 രൂപ വരെയുമാണ്. പരിശോധന ആവശ്യമില്ലാത്തത് ഏഴു ദിവസത്തിനകവും പരിശോധന വേണ്ടവ 30 ദിവസത്തിനകവും ലഭിക്കുന്നതാണ്.
VI ലീഗൽ മെട്രോളജി വകുപ്പ്
പാക്കർ ലൈസൻസ്
ഉപഭോക്തൃ സംസ്ഥാനമായ കേരളം മിക്ക ഉൽപന്നങ്ങളും പാക്കേജ് ചെയ്ത രൂപത്തിലാണ് വിൽപ്പന നടത്തുന്നത്. ലീഗൽ മെട്രോളജി റൂൾസ് 2011-ലെ റൂൾ 27 അനുസരിച്ച് പ്രീ- പാക്കേജ്ഡ് സാധനങ്ങൾ വിൽപ്പന നടത്തുന്നതോ വിതരണം ചെയ്യുന്നതോ ആയ ഒരു പാക്കർ അല്ലെങ്കിൽ ഉൽപാദകൻ പാക്കേജിങ് ലൈസൻസിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ ലൈസൻസ് ലഭിക്കുന്നതിന് പാക്കറുടെ അല്ലെങ്കിൽ ഉൽപാദകന്റെ സത്യപ്രസ്താവനയിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടാകണം:-
(1) ഉൽപന്നത്തിന്റെ എം. ആർ. പി
(2) നിർമ്മിച്ച മാസം
(3) ഉൽപാദകന്റെ പേര്
(4) കസ്റ്റമർ കെയറിന്റെ ഫോൺ നമ്പർ
(5) നിർമ്മിച്ച വർഷം
(6) ഇ- മെയിൽ ഐഡി
ലൈസൻസിനുള്ള അപേക്ഷ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ:-
(1) ഉപഭോക്തൃ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നു.
(2) അപേക്ഷ അവലോകനം നടത്തുന്നു
(3) ഇൻസ്പെക്ടർ പരിശോധന നടത്തും
(4) ലൈസൻസ് നേടുന്നു
(5) രജിസ്ട്രേഷൻ ഫീസ് 750/- രൂപ
(6) പഞ്ചായത്ത് ലൈസൻസ് ഉള്ളടക്കം ചെയ്യുന്നു
അളവും തൂക്കവും
അളവും തൂക്കവും ചട്ടങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കുകയെന്നതാണ്. മുദ്രപതിക്കാത്ത അളവ്- തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അളവിലും തൂക്കത്തിലും കുറച്ചു വിൽപന നടത്തുന്നതും ലീഗൽ മെട്രോളജി ചട്ടങ്ങൾ പ്രകാരം ശിക്ഷാർഹമാണ്.
VII ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി
ആശുപത്രികൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ, ലാബുകൾ എന്നിവ ആരംഭിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഉങഛ) അനുമതിയാ
വശ്യമാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഡി. എം. ഒ യ്ക്ക് അപേക്ഷ സമർപ്പിച്ച് അനുമതിപത്രം വാങ്ങേണ്ടതാണ്.
VIII ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ്
മരുന്ന് (ആയുർവേദം, അലോപ്പതി, ഹോമിയോ, യൂനാനി, സിദ്ധ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഉൽപാദനം, സംവരണം, വിൽപ്പന, വിതരണം എന്നിവ നടത്തുന്നതിന് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അനുമതി വാങ്ങേണ്ടതാണ്. ഉൽപാദനത്തിനുള്ള അനുമതി സംസ്ഥാന ഓഫീസിൽ നിന്നും മറ്റുള്ള അനുമതി അതാത് മേഖല ഓഫീസുകളിൽ നിന്നും വാങ്ങാവുന്നതാണ്.
IX ഫാക്ടറി ആൻഡ് ബോയിലേഴ്സ്
1948 -ലെ ഫാക്ടറി നിയമപ്രകാരം വൈദ്യുതി ഉപയോഗിക്കുന്ന 10 പേർ കൂടുതൽ ജോലി ചെയ്യുന്ന സംരംഭങ്ങളും വൈദ്യുതി ഉപയോഗിക്കുന്ന 20 പേരിലധികം ജോലി ചെയ്യുന്ന സംരംഭങ്ങളും ഫാക്ടറി& ബോയിലേഴ്സ് ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നവരാണെങ്കിൽ പ്രീ എസ്റ്റാബ്ലിഷ്മെന്റ് അനുമതിയും ലൈസൻസും എടുക്കണം. വാടക കെട്ടിടമാണെങ്കിൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റും ലൈസൻസും എടുക്കണം. 25 ലിറ്ററിന് മുകളിൽ ബോയിലർ ഉള്ള സംരംഭകർ ലൈസൻസ് എടുക്കേണ്ടതാണ്.
X ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്
കെട്ടിടത്തിന്റെ വിസ്തീർണ്ണം, ഉയരം എന്നിവ അനുസരിച്ചാണ് ഫയർ & റെസ്ക്യൂ വകുപ്പിന്റെ അനുമതിപത്രങ്ങൾ വാങ്ങേണ്ടത്. 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് അനുമതി ആവശ്യമില്ല. 300 സ്ക്വയർ മീറ്റർ മുതൽ 1000 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ളതും 15 മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത കെട്ടിടങ്ങൾക്ക് ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ അനുമതി ആവശ്യമാണ്. അനുമതിക്കുവേണ്ടി സ്വയം പ്രസ്താവനയും ഫയർ എൻജിനീയർ/ ആർക്കിടെക്റ്റിന്റെ സർട്ടിഫിക്കറ്റും ചേർത്ത് അപേക്ഷ നൽകാവുന്നതാണ്. 1000 സ്ക്വയർ മീറ്റർ മുകളിൽ 15 മീറ്റർ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മാണം നടത്തുന്നതിന് മുൻകൂർ അനുമതി ലഭിക്കുന്നതിന് ഫയർ പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവയോടൊപ്പം നിശ്ചിത ഫീസടച്ച് അതാത് സ്ഥലങ്ങളിലെ സ്റ്റേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം.
XI ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
10 കിലോ വാട്ട് ആംപിയർ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജനറേറ്റർ, സോളാർ പ്ലാന്റ്, മുതലായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണം.
XII മൈനിങ്ങ് & ജിയോളജി വകുപ്പ്
ക്വാറികൾ, മണ്ണ്, പാറ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ സംരംഭങ്ങൾ ജിയോളജി വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.
XIII അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്
വളം, കീടനാശിനി എന്നിവയുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിപണനം എന്നിവ നടത്തുന്ന സംരംഭങ്ങൾ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് എടുക്കേണ്ടതാണ്.
XIV വനംവകുപ്പ്
മരത്തിലധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ വനം വകുപ്പിന്റെ അനുമതിപത്രം വാങ്ങേണ്ടതാണ്.
XV എക്സൈസ് വകുപ്പ്
സ്പിരിറ്റ്, മദ്യം, ആയുർവേദം, അരിഷ്ടം, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എക്സൈസ് വകുപ്പിന്റെ ലൈസൻസും അനുമതിയും വാങ്ങേണ്ടതാണ്.
XV എക്സ്പ്ലോസീവ് വകുപ്പ്
50 കിലോ വരെ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന സംരംഭങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടറുടെയും അതിനുമുകളിൽ ഉപയോഗിക്കുന്നവർ ചീഫ് കൺട്രോളർ ഓഫ് എക്സ്ക്ലോസീവ് (ചെന്നൈ) അനുമതി വാങ്ങേണ്ടതാണ്.
മുകളിൽ പരാമർശിച്ച അനുമതികളും ലൈസൻസുകളും എടുക്കേണ്ടത് ഓരോ സംരംഭത്തിന്റെയും സ്വഭാവം, ഉൽപ്പന്നത്തിന്റെ തരം, വൈദ്യുതിയുടെ അളവ്, കെട്ടിടങ്ങളുടെ വിസ്തീർണം, ഉൽപ്പന്നങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ, ഉൽപാദനം, വിപണനം, വിതരണം, സംഭരണം, ഗുണനിലവാര മാനദണ്ഡങ്ങൾ, സർക്കാർ നിയമങ്ങൾ, മലിനീകരണത്തിന്റെ തോത് എന്നിവ അനുസരിച്ചാണ്. സംരംഭത്തിന്റെ സുഗമകരമായ നടത്തിപ്പിനും സംരക്ഷണത്തിനും വളർച്ചയ്ക്കും ഇത്തരത്തിലുള്ള ലൈസൻസുകളും അനുമതികളും സഹായകരമായി തീരുന്നു
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)