വ്യാപാര മേഖലയ്ക്ക് പുതു ഊർജ്ജം പകർന്ന് വാണിജ്യ വിഭാഗം

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്

ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

        ചെറുകിട വ്യാപാരി സമൂഹം ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും വ്യാപാര മേഖലയുടെ പുരോഗതിക്കും വേണ്ടി ഒരു പ്രത്യേക സർക്കാർ വിഭാഗം ആരംഭിക്കണം എന്നത്.  സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. വ്യവസായ പ്രോത്സാഹന പദ്ധതികളിൽ കേന്ദ്രീകരിച്ചിരുന്ന വകുപ്പ് ഇപ്പോൾ വാണിജ്യ സ്ഥാപനങ്ങളെ പ്രത്യേകിച്ച് ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വാണിജ്യ വിഭാഗം ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. അതിൻറെ ഭാഗമായി ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് നിരവധി സേവനങ്ങൾ നൽകാൻ സർക്കാരിന് കഴിയും.

        കച്ചവട സ്ഥാപനങ്ങളുടെ പ്രോത്സാഹനമാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന വാണിജ്യ വിഭാഗത്തിന്റെ പ്രധാനമായ ലക്ഷ്യം. വ്യാപാരം ശക്തിപ്പെട്ടാൽ മാത്രമേ ഉൽപാദന മേഖലയും ശക്തിപ്പെടുകയുള്ളൂ, ജി.എസ്.ടി.വരുമാനവും ഉയരുകയുള്ളൂ. അതുകൊണ്ടുതന്നെ കൂടുതൽ വ്യാപാര സ്ഥാപനങ്ങളെ നിലനിർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും സർക്കാരിൻറെ ഉത്തരവാദിത്തമാണ്. കേരളത്തിൽ ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനം വ്യവസായ വകുപ്പിൽ പുതുതായി രൂപീകരിക്കപ്പെടുന്ന വാണിജ്യ വിഭാഗം ഏറ്റെടുത്തു നടത്തും.

        എം.എസ് എം.ഇ ആനുകൂല്യങ്ങളും പലിശ സബ്‌സിഡിയും നൽകാൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം.  ഇപ്പോൾതന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് അവരെടുക്കുന്ന 10 ലക്ഷം രൂപ വരെയുള്ള വായ്പയുടെ ആറ് ശതമാനം വാർഷിക പലിശ തിരികെ നൽകുന്ന സംവിധാനം നിലവിലുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ തുടർന്നും നടപ്പിലാക്കുന്നതാണ്. വ്യാപാര സ്ഥാപനങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 2008ലെ മഹാപ്രളയത്തിൽ ഇതിൻറെ ആവശ്യകത ശരിക്കും ബോധ്യപ്പെട്ടതാണ്.  ചെറുകിട വ്യപാരികൾ എടുക്കുന്ന ഇൻഷുറൻസുകൾക്ക് അവയുടെ പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയായി നൽകുന്ന ഒരു പദ്ധതി ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്. ഈ പദ്ധതി ഒന്നുകൂടി പരിഷ്‌കരിച്ച് കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതാണ്.

     രാജ്യത്ത് വരുന്ന മാറ്റങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ട പരിശീലന പരിപാടികൾ സർക്കാർ തലത്തിൽ കൊണ്ടുവരാൻ കഴിയുന്നത് കൂടാതെ ജി എസ് ടി, പാക്കേജിങ്, ഫുഡ് സേഫ്റ്റി അങ്ങനെ നിരവധി വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പരിശീലന പരിപാടികൾക്കും പുതിയ വിഭാഗത്തിന് രൂപം നൽകാനാകും. വ്യാപാര രംഗത്ത് ചെലവ് കുറയ്ക്കുന്നതിനും ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചു കൂടാനാവാത്തതാണ്. മാറിയ സാഹചര്യത്തിൽ ലഭ്യമായ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുവാൻ പുതിയ വിഭാഗത്തിന് കഴിയും. ഉല്പാദന ചെലവ് കുറയ്ക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുവാൻ സർക്കാരിന് മുൻകൈയെടുക്കാനും അവ കുറഞ്ഞ ചിലവിൽ വ്യാപാരികൾക്ക് ലഭ്യമാക്കുവാനും സാധിക്കും.

     ചെറുകിട വ്യാപാരികൾ അഭിമുഖീകരിക്കുന്ന സമാന സ്വഭാവമുള്ള പ്രശ്‌നങ്ങൾക്കും സമാനതകൾ ഉണ്ടാകും. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്ലസ്റ്റർ അധിഷ്ഠിതമായിട്ടുള്ള സമീപനം കൊണ്ടുവരുന്നതിന്  മുൻകൈ എടുക്കാൻ വാണിജ്യ വിഭാഗത്തിന് സാധിക്കും. നിലവിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ വികസനം, വൈവിധ്യവൽക്കരണം, ആധുനികവൽക്കരണം എന്നിവ കൊണ്ടു വരുന്നതിനുള്ള  സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകുന്ന സർക്കാരിൻറെ ഏജൻസിയായി വാണിജ്യ വിഭാഗത്തിന്  പ്രവർത്തിക്കാൻ കഴിയും.

     വാണിജ്യ രംഗത്തെ പുതിയ പ്രവണതകൾ മനസ്സിലാക്കുന്നതിന് ദേശീയ – അന്തർദേശീയ പ്രദർശന മേളകൾ സഹായിക്കും. ഇത് ചെലവ് കുറയ്ക്കാനും വ്യാപാര വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും അതുവഴി പുതിയ മേഖലകൾ തുറക്കാനുതകുന്ന സാഹചര്യം സൃഷ്ടിക്കുവാനും പുതിയ വിഭാഗത്തിനാകും. ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും പുതിയ ഒരു വേദി കൂടി വ്യാപാരികൾക്ക് ലഭ്യമായിരിക്കുന്നു എന്നതാണ് പ്രധാനം.