വ്യവസായ കുതിപ്പിന് കേരള ബഡ്ജറ്റ്

മുഖക്കുറിപ്പ്


ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

വ്യവസായ കുതിപ്പിന് കേരള ബഡ്ജറ്റ്

2023-24 ലെ കേരള ബഡ്ജറ്റിൽ വ്യവസായ മേഖലയുടെ ആകെ അടങ്കൽ തുക 1259.66 കോടി രൂപയാണ്. ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്. പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയർ, കശുവണ്ടി എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ബഡ്ജറ്റ്. ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്ക് 483.40 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. ചെറുകിട വ്യവസായം- 212.70 കോടി, കയർ- 117 കോടി, കശുവണ്ടി- 58 കോടി, ഖാദി- 16.10 കോടി, കൈത്തറി- 56.40 കോടി, കരകൗശലം- 4.20 കോടി, വാണിജ്യം- 7 കോടി എന്ന തരത്തിൽ ബഡ്ജറ്റ് വിഹിതമുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വ്യവസായ വികസന പ്ലോട്ടുകൾ (ഐ. ഡി. പി) ആധുനിക വൽക്കരിക്കുന്നതിനും നവീകരിക്കുന്നതിനും ഇക്കുറി ബഡ്ജറ്റിൽ 18 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ഭൂമി ലഭ്യത വളരെക്കുറവുള്ള സംസ്ഥാനമാണ് കേരളം. ഇതിനു പരിഹാരമായി വ്യവസായ വകുപ്പിന്റെ ബഹുനില വ്യവസായ സമുച്ചയം (Multistoried Industrial Estate) എന്ന ആശയം ഊർജ്ജിതമാക്കുന്നതിനു വേണ്ടി 10 കോടി രൂപയുടെ ബഡ്ജറ്റ് വിഹിതം ഉണ്ട്. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകൾ/ പാർക്കുകൾ വികസിപ്പിക്കുന്നതിന് 4 കോടി രൂപയും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 10 കോടി രൂപയും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

2023 – 24 സാമ്പത്തിക വർഷത്തിൽ വ്യവസായ വകുപ്പ് ലക്ഷ്യമിടുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് 2022- 23 സംരംഭക വർഷം പദ്ധതിയിൽ ആരംഭിച്ച 1000 സംരംഭങ്ങളെ ഉയർത്തുക (scale
up) എന്നുള്ളത്. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളാക്കിയും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളാക്കി 100 കോടി വിറ്റുവരവ് നേടുകയെന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി 21.50 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ജില്ലാ വ്യവസായകേന്ദ്രങ്ങൾ മറ്റ് ഏജൻസികൾ മുഖേനയും 50,000 പേർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിനും 9 കോടി രൂപ ബഡ്ജറ്റ് വിഹിതമായിട്ടുണ്ട്. സംരംഭക സഹായ പദ്ധതി 60 കോടി, സംരംഭങ്ങളുടെ പുനരുജ്ജീവനം 2.50 കോടി, നാനോ സംരംഭകർക്ക് മാർജിൻ മണി ഗ്രാന്റ് 18 കോടി രൂപ എന്നിങ്ങനെ ബഡ്ജറ്റിൽ തുക മാറ്റി വച്ചിട്ടുണ്ട്. കൂടാതെ എറണാകുളം ചേന്ദമംഗലം കൈത്തറി ഗ്രാമം, കെ. എസ്. ഐ. ഡി. സി യുടെ വിവിധ പദ്ധതികൾ, കിൻഫ്രാ പദ്ധതികൾ മുതലായവ നടപ്പിലാക്കുന്നതിനും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സംരംഭകവർഷം പദ്ധതിയുടെ നേട്ടങ്ങൾ നിലനിർത്താനും പുതിയ വ്യവസായ നയത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും കേരളത്തിന്റെ വ്യവസായ സൗഹൃദ സൂചിക ഉയർത്താനും 2023-24 ബഡ്ജറ്റ് സഹായകരമാകുമെന്ന് പ്രത്യാശിക്കാം.