വ്യവസായങ്ങൾ കണ്ടു വളരാൻ ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ
റ്റി. എസ്. ചന്ദ്രൻ
ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു. വ്യവസായ ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഒരു പുതിയ മാർഗം കൂടി കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ഉടനീളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ഭൂമി ഉപയോഗിക്കാതെ കിടക്കുന്നു. ഈ സ്ഥലം ഉപയോഗപ്പെടുത്തി ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നുള്ളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം 2024 എന്നാണ് പുതിയ പദ്ധതിയുടെ പേര്.
അർഹമായ ക്യാമ്പസുകൾ
- കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈവശത്തിലും ഉടമസ്ഥതയിലും 5 ഏക്കറിൽ കുറയാത്ത സ്ഥലം ഉണ്ട് എങ്കിൽ അവിടെ ഒരു ഇൻഡസ്ട്രിയൽ പാർക്ക് ഉണ്ടാക്കാം
- രണ്ട് ഏക്കറിൽ കുറയാത്ത സ്ഥലമാണ് ഇങ്ങനെ ലഭ്യമായത് എങ്കിൽ അവിടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ( SDF) ആണ് നിർമ്മിക്കാൻ കഴിയുക.
- ഇതിനായി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി അപേക്ഷ സമർപ്പിക്കണം.
- അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്നു പ്രധാന കാര്യങ്ങൾ ഉണ്ട്.
- ഒന്ന് പരിസ്ഥിതിലോല പ്രദേശമായിരിക്കരുത്
- രണ്ട് തീരദേശ പരിപാലന നിയമം ബാധകമായ സ്ഥലം ആകരുത്,
- മൂന്ന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ബാധകമായ സ്ഥലവും ആകരുത്.
- സർക്കാർ സഹായവും ഉണ്ടാകും
- ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സഹായങ്ങൾ ലഭിക്കും.
- ക്യാമ്പസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങുന്നതിന് ഒരു ഏക്കറിന് 20 ലക്ഷം രൂപ ക്രമത്തിൽ പരമാവധി 150 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ് ആയി അനുവദിക്കുന്നതാണ്. വൈദ്യുതി, വെള്ളം, റോഡ്, സീവേജ്, പൊതു സേവന കേന്ദ്രങ്ങൾ, ലാബുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ട തുകയാണ് ഇങ്ങനെ നൽകുക.
- ബഹുനില വ്യവസായ സമുച്ചയങ്ങളുടെ കാര്യത്തിൽ (SDF) കെട്ടിട നിർമ്മാണ ചെലവുകൾ ഉൾപ്പെടെ പരമാവധി 150 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ് ആയി ലഭിക്കുന്നതാണ്. ഇത് പിന്നീട് തിരികെ (Reimbursement) നൽകുന്ന രൂപത്തിൽ ആയിരിക്കും ലഭിക്കുക.
- ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിൽ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുന്നതിന് പ്രത്യേകമായ സർക്കാർ സഹായ പദ്ധതികൾ കൊണ്ടുവരുന്നതാണ് എന്ന് ഉത്തരവിൽ പറയുന്നു.
- ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതിന് എൻ ഒ സി നൽകുന്നതാണ്.
- ഇൻഡസ്ട്രിയൽ പാർക്കിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രഖ്യാപിത ഇൻഡസ്ട്രിയൽ ഏരിയയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
- മുനിസിപ്പാലിറ്റി / പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിന്നും പൂർണമായും ഇളവ് ലഭിക്കുന്നതാണ്
കോളേജുകൾ ചെയ്യേണ്ടത്
- ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി സഹിതം അപേക്ഷ സമർപ്പിക്കണം
- അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി റോഡ്, വെള്ളം, സീവേജ്, മലിനീകരണ നിയന്ത്രണം കമ്യൂണിക്കേഷൻ, നെറ്റ്വർക്ക് തുടങ്ങിയവ ഏർപ്പാടാക്കണം.
- രണ്ടുവർഷംകൊണ്ട് പദ്ധതി കമ്മീഷൻ ചെയ്യണം. കഴിഞ്ഞില്ല എങ്കിൽ കാലാവധി നീട്ടി കിട്ടുന്നതിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
- വാർഷിക മെയിന്റനൻസിനുള്ള സംവിധാനങ്ങളും കോളേജുകൾ ഉണ്ടാക്കണം.
- റെഡ് കാറ്റഗറി സംരംഭങ്ങൾക്ക് ഈ കോളേജുകളിൽ സ്ഥലമോ, കെട്ടിടമോ അനുവദിക്കാൻ പാടില്ല.
- ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
- മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം.
- ഖരമാലിന്യ സംസ്കരണ സംവിധാനവും ഏർപ്പാടാക്കണം
- 12 മീറ്റർ ബഫർ സോണായി മാറ്റി വെക്കുകയും അവിടെ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഭംഗിയാക്കുകയും വേണം.
- ഡെവലപ്പർ പെർമിറ്റ് കിട്ടിയ ഭൂമി താല്പര്യമുള്ള വ്യവസായികൾക്ക് അലോട്ട് ചെയ്തു കൊടുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന് സ്വന്തം നിലയിൽ അവിടെ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് തടസ്സമില്ല. ഏതു വ്യവസ്ഥയിൽ നൽകണം എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാ
വുന്നതാണ്. - സർവീസിങ് കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ്, വാഹനങ്ങളുടെ റിപ്പയറിംഗ് സർവീസിങ്ങ് എന്നിവക്കു വേണ്ടി 30 % സ്ഥലം വരെ ഉപയോഗിക്കാം. എന്നാൽ വണ്ടികളുടെ ഷോറൂമുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവയ്ക്ക് ഇവിടെ സ്ഥലം / കെട്ടിടം അനുവദിക്കാൻ പാടില്ല.
- പാർക്കുകൾ ക്യാമ്പസ് സൗഹൃദവും ഗ്രീൻ സംവിധാനവും ഉറപ്പുവരുത്തണം
- താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പിന് ഉള്ള പ്രത്യേക സംവിധാനവും ഉണ്ടാക്കാവുന്നതാണ്.
- വിദ്യാർത്ഥികളുടെ ബിസിനസ് ഇനിഷ്യേറ്റീവ്സിനെയും പ്രോത്സാഹിപ്പിക്കാൻ ഇതുകൊണ്ട് കഴിയും
ഓൺലൈനായി അപേക്ഷിക്കണം
വ്യവസായ വാണിജ്യ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ജില്ലാതലത്തിലുള്ള വ്യവസായ സൈറ്റ് സെലക്ഷൻ കമ്മറ്റിയുടെ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും തീരുമാനം. വ്യവസായ വകുപ്പ് ഈ കാര്യത്തിൽ വേണ്ട പരിശോധനകൾ നടത്തി അതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതാണ്. വ്യവസായം, തദ്ദേശ സ്വയംഭരണം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, ജലവിഭവം, പരിസ്ഥിതി വകുപ്പ്, ഊർജ്ജ വകുപ്പ് എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ചേർന്ന ഒരു കമ്മറ്റിയാണ് ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. ഈ കമ്മിറ്റിയാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക. ഗവൺമെൻറ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി / വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കും സമിതിയുടെ ചെയർമാൻ. കൺവീനർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ആയിരിക്കും.
പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് രണ്ടു വർഷത്തിനുള്ളിൽ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമ്മാണം പൂർത്തിയാക്കി സ്വന്തം നിലയിൽ ഉപയോഗിക്കുകയോ ആവശ്യമുള്ള സംരംഭകർക്ക് ചെയ്തുകൊടുക്കുകയോ ചെയ്യാവുന്നതാണ്.
സംരംഭകത്വം വിദ്യാർത്ഥികളിൽ
വ്യവസായങ്ങൾ കണ്ടുവളരാനുള്ള അവസരമാണ് ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾ നൽകുന്നത്. വിദ്യാത്ഥികളെ സംരംഭത്തിലേക്ക് താൽപര്യം ജനിപ്പിക്കാൻ പര്യാപ്തമാക്കുന്ന ഒരു സംവിധാനമാണ് ഇത്.
അവിടെ ജോലി ലഭിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനാകും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ചുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങൾ വ്യവസായ വികസനത്തിന് ഉപയോഗപ്പെടുത്താനാകും. കേരളത്തിൽ മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി പല പദ്ധതികളും സർക്കാർ നടപ്പാക്കി വരുന്നുണ്ട്. എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ്ബുകൾ ആണ് ഇതിൽ പ്രധാനപ്പെട്ടത്. എന്നാൽ അതിനു പുറമെ ഇപ്പോൾ ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങുന്നതിനുള്ള തീരുമാനവും ഉണ്ടായിരിക്കുന്നു. അങ്ങനെ വ്യവസായങ്ങളെ അടുത്തു കണ്ടു വളരാൻ സാഹചര്യമൊരുക്കുകയാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ