വ്യവസായകേരളം മാറുന്നു

ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ്
ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്

സ്വാതന്ത്ര്യത്തിന് മുൻപും സ്വാതന്ത്ര്യത്തിന്റെ ആദ്യഘട്ടത്തിലും കേരളത്തിന്റെ വ്യവസായ മേഖല പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. കയർ, കശുവണ്ടി, സുഗന്ധവ്യജ്ഞനങ്ങൾ, കൊപ്ര തുടങ്ങിയ കാർഷിക വ്യവസായങ്ങളിൽ കേരളം വളരെ മുന്നേറിയിരിക്കുന്നു. കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിച്ച് വൻതോതിൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ നിലനിന്നിരുന്ന കുറഞ്ഞ വൈദ്യുതി നിരക്കിൽ ആകർഷണീയരായി ഇടത്തരം രാസവള നിർമ്മാണ ഫാക്ടറികൾ ഉൾപെടെയുള്ള ഇതര ഇടത്തരം ഫാക്ടറികൾ കൊച്ചിയിലും പാലക്കാട്ടും പ്രവർത്തനം ആരംഭിച്ചു. 1980 കളിൽ സംഭവിച്ച ഗൾഫ്ബൂമിന്റെ ഭാഗമായി കേരളം ഉൾപെടെയുള്ള പ്രദേശങ്ങളിൽ നിന്നും വിദഗ്ദ്ധ തൊഴിലാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയിരുന്നു. ഗൾഫിൽ നിന്നും വൻതോതിൽ പണം കേരളത്തിലേക്ക് പ്രവഹിച്ചു. ഈ പണപ്രവാഹം കൂടിയതോടു കൂടി കേരളത്തിന്റെ കൂലി വ്യവസസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉയർന്ന കൂലി ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഉയർന്ന കൂലി സമ്പ്രദായം കേരളത്തിലെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചു. തൊഴിലാളി സംഘടനകളുടെ ഇടപെടൽ വ്യവസായ മേഖലകളിൽ തൊഴിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. വ്യവസായ ശാലകൾ അടച്ചു പൂട്ടുന്നതിനും സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യവസായ ശാലകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു. 1990 കളിലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. ഉയർന്നകൂലി സമ്പ്രദായം കേരളത്തിൽ ആധുനിക വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് അനുകൂലമല്ലെന്ന പ്രതീതി പരക്കെ സൃഷ്ടിക്കപ്പെട്ടു. ഇതെല്ലാം കേരളത്തിന്റെ വ്യവസായ വളർച്ച മുരടിക്കുന്നതിന് കാരണമായിത്തീർന്നു. ഈ സാഹചര്യത്തിലാണ് കേരളം വ്യവസായ സൗഹൃദമല്ലെന്ന പേരുദോഷമുണ്ടായത്. എന്നാൽ ഇന്ന് ഇതെല്ലാം പഴങ്കഥകളായി മാറിയിരിയ്ക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ ആധുനിക ഉൽപാദന മേഖലയ്ക്ക് ക്രമാനുഗതമായ വളർച്ച കൈവരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 2021-22- ൽ കേരളം 17.3% വ്യാവസായിക വളർച്ച കൈവരിച്ചിട്ടുണ്ട്.

ദേശീയ വ്യവസായ വളർച്ചയേക്കാൾ (18.16%) അല്പം മുന്നിലെത്തുവാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഗ്രാമീണ മേഖലയുടെയും പിന്നോക്ക പ്രദേശങ്ങളുടെ വ്യവസായ വത്കരണത്തിന് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ മേഖല സഹായിക്കുന്നു. യുവാക്കൾക്കും സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്കും എം. എസ്. എം. ഇ മേഖല തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിലെ എം. എസ്. എം. ഇ യുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. എം. എസ്. എം. ഇ സംരംഭങ്ങളാണ് കേരളത്തിലെ പരിസ്ഥിതിയ്ക്ക് ഏറെ അനുയോജ്യമായിട്ടുള്ളത്. കുറഞ്ഞ മൂലധനം മുടക്കി ആരംഭിക്കുന്ന എം. എസ്. എം. ഇ സംരംഭങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുവാനും ഉയർന്ന വേതനം ഉറപ്പാക്കുവാനും സാധ്യമാകുന്നു. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് പദ്ധതികളും പരിപാടികളും കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്. ഇന്ത്യയുടെ വ്യവസായ സൗഹൃദ പട്ടികയിൽ കേരളത്തിന് ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് തൊഴിൽ പ്രശ്‌നങ്ങളോ തൊഴിൽ സമരങ്ങളോ വളരെ കുറവാണ്. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കിയതും കേരളത്തിന്റെ വ്യവസായ കുതിപ്പിന് സഹായിച്ചിട്ടുണ്ട്. കൂടാതെ ഇവയെല്ലാം തന്നെ വരുംവർഷങ്ങളിൽ കേരളത്തിന്റെ വ്യവസായ സൗഹൃദ സൂചിക പട്ടികയിൽ കേരളത്തിന്റെ റാങ്ക് ഉയർത്താൻ സഹായകരമാകും. സംസ്ഥാനത്തേയ്ക്ക് കൂടുതൽ നിക്ഷേപങ്ങളും സംരംഭങ്ങളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്താൻ റാങ്കിലെ പുരോഗതി പ്രചോദനമായി മാറുന്നതാണ്. കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംരംഭക വർഷം പദ്ധതിയുടെ രണ്ടാം പതിപ്പും നടപ്പിലാക്കി കഴിഞ്ഞ ഒന്നാം പതിപ്പും കേരളത്തിന്റെ വ്യവസായ വളർച്ചയെ പ്രത്യേകിച്ച് എം. എസ്. എം. ഇ മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ്. മേൽപറഞ്ഞ ഘടകങ്ങളെല്ലാം തന്നെ കേരള സമൂഹത്തിൽ സംരംഭകത്വ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. സംസ്ഥാന വ്യവസായ വകുപ്പും ഇതര സർക്കാർ വകുപ്പുകളും ഏജൻസികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളും പദ്ധതികളും വ്യവസായ സംരംഭങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് കേരളത്തെ വ്യവസായ കുതിപ്പിലേയ്ക്ക് നയിക്കുമെന്നും ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ അർഹമായ അടയാളപ്പെടുത്തലുകൾ വരുത്തുമെന്നും പ്രത്യാശിക്കുന്നു.