വ്യക്തികളെ സംരംഭകത്വത്തിലേക്ക് പ്രചോദിപ്പിക്കുന്നത്

ഡോ.ശചീന്ദ്രൻ.വി

രു വ്യക്തി എന്തുകൊണ്ട് സംരംഭകത്വം ഒരു പ്രവർത്തനമേഖലയായി തെരഞ്ഞെടുക്കുന്നു എന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. കാരണം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും, വികസനത്തിനും സംരംഭകത്വമാണ് അടിസ്ഥാനമാകുന്നത്. കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, വിവിധങ്ങളായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനും, ജനങ്ങൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനും കാരണമാകുന്നത് സംരംഭകരുടെ പ്രവർത്തനങ്ങളാണ്. അതിനാൽ വ്യക്തികളെ സംരംഭകത്വ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കേണ്ടതും, അവർക്ക് നിലനിൽക്കാൻ ആവശ്യമായ സഹായസഹകരണങ്ങൾ നൽകേണ്ടതും വളരെ അത്യാവശ്യമാണ്. വ്യക്തികളെ സംരംഭകത്വത്തിലേക്ക് ഇറങ്ങാൻ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയുന്നത് ഇക്കാര്യത്തിൽ പ്രാധാന്യം അർഹിക്കുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും പരിശീലനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോൾ ഈ അറിവ് ഏറെ ഗുണം ചെയ്യും. (ഈ മേഖലയിൽ നടന്നിട്ടുള്ള നിരവധി ഗവേഷണ പഠനഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്).

വ്യക്തികളെ സംരംഭകത്വത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഘടകങ്ങളെ പൊതുവിൽ രണ്ടായി തരം തിരിക്കാം.

1. സാമ്പത്തികമായ പ്രചോദനങ്ങൾ (Financial Motivators)

2. സാമ്പത്തികേതര പ്രചോദനങ്ങൾ (Non-Financial Motivators)

I. സാമ്പത്തിക പ്രചോദനങ്ങൾ
ഏതൊരു സംരംഭവും സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു സ്ഥാപനമാണ്. നിരവധി ആവശ്യങ്ങൾക്ക് പണം ചിലവഴിക്കലും, സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന വഴി വരുമാനം നേടുകയും ചെയ്യലാണ് ഓരോ സ്ഥാപനത്തിന്റെയും മുഖ്യ ഇടപാടുകൾ. പരമാവധി ലാഭം നേടുകയും അതിലൂടെ സംരംഭത്തിന് വളർച്ചയും വികസനവും ഉറപ്പുവരുത്തുന്നതിനും സംരംഭകൻ ലക്ഷ്യമിടുന്നു.

1. ജീവിക്കാനുള്ള വരുമാനം കണ്ടെണ്ടത്തുക
ഓരോ സംരംഭകനും ഒരു വാണിജ്യ സ്ഥാപനം തുടങ്ങുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക എന്നതാണ്. സംരംഭത്തിന്റെ വില്പനയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും ചിലവുകൾ കിഴിച്ചാൽ കിട്ടുന്ന ലാഭമാണ് സംരംഭകന്റെ പ്രധാന വരുമാനമാർഗ്ഗം. ലാഭം ഉണ്ടാക്കിയാൽ മാത്രമേ സംരംഭകന് തന്റെ ജീവിതാവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ സാധിക്കുകയുള്ളൂ. അതോടൊപ്പം

സംരംഭത്തിന്റെ വികസനത്തിനും ഭാവി വളർച്ചയ്ക്കും ലാഭം കൂടിയേ തീരു.
ഏതൊരു സംരംഭവും പലതരത്തിലുള്ള നഷ്ട സാധ്യതകൾ (Risks) നേരിടുന്നുണ്ട്. അതിനാൽ തന്നെ വിവിധങ്ങളായ കാരണങ്ങളാൽ പ്രതീക്ഷിക്കുന്ന ലാഭം നേടാൻ കഴിയാതെ വരാം. ഭാവിയിലെ നഷ്ട സാധ്യതകളെ കൃത്യമായ അസൂത്രണത്തോടെ നേരിടാൻ സംരംഭകൻ തയ്യാറാകണം. അതിനു ഉപകരിക്കുന്ന സഹായ സഹകരണങ്ങളും, പദ്ധതികളും സംരംഭകർക്ക് നൽകാൻ ഗവൺമെന്റ് തയ്യാറാകണം. വിപണി സാധ്യതകൾ കണ്ടെത്താൻ സഹായിക്കൽ, അസംസ്‌കൃത വസ്തുക്കൾ കൃത്യമായി ലഭിക്കുന്നതിന് സഹായിക്കൽ, ആവശ്യമായ വായ്പകൾ മിതമായ പലിശ നിരക്കിൽ നൽകൽ തുടങ്ങി നിരവധി പ്രോത്സാഹനങ്ങൾ നൽകാൻ ഗവൺമെൻറ്/ ഗവൺമെന്റിതര സ്ഥാപനങ്ങൾക്ക് കഴിയും. അവ സംരംഭകന്റെ നഷ്ട സാധ്യതകൾ കുറയ്ക്കുകയും കൂടുതൽ ധൈര്യത്തോടെ സ്ഥാപനവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യും. കുറഞ്ഞ ചെലവിൽ മൂലധന സഹായം, മികച്ച ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കൽ, വാണിജ്യ-വ്യവസായ നയങ്ങളിൽ സ്ഥിരതയും, ലാളിത്യവും നിലനിർത്തൽ എന്നിവ സംരംഭകന് നഷ്ട സാധ്യതകൾ കുറയ്ക്കാനും, ലാഭകരമായി തന്റെ സ്ഥാപനത്തെ മുന്നോട്ടുകൊണ്ടു പോകാനും തുണയാകുന്നു.

2. ആസ്തികൾ/സമ്പത്ത് (Wealth) വളർത്തൽ
സ്ഥാപനത്തിൽ നിന്നും ലാഭം നേടി ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത് പോലെ, ദീർഘകാല സമ്പാദ്യം/ സ്വത്ത് വളർത്തുക എന്നതും വ്യക്തികളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കുന്ന സാമ്പത്തിക ഘടകമാണ്. ദീർഘ-കാലയളവിൽ സംരംഭങ്ങളുടെ എണ്ണവും, വ്യാപ്തിയും വളർത്തുകയും, വിവിധങ്ങളായ ആസ്തികൾ (സ്ഥലം, കെട്ടിടം, മറ്റു നിക്ഷേപം എന്നിവ) നേടിയെടുക്കാനും സംരംഭകൻ ആഗ്രഹിക്കുന്നു. അതിനായി സംരംഭകത്വ മേഖലയിൽ ആഴത്തിലുള്ള അറിവും, പ്രായോഗിക തലത്തിൽ ആവശ്യമായ പ്രാവീണ്യവും നേടേണ്ടതുണ്ട്. സംരംഭകത്വ വികസന പദ്ധതികൾ, ഗവൺമെന്റിന്റെ നയപരമായ ഘടകങ്ങൾ എന്നിവ ഇതിനെ സ്വാധീനിക്കും.

II. സാമ്പത്തികേതര പ്രചോദനങ്ങൾ
സാമ്പത്തിക പ്രചോദനങ്ങളെ പോലെ, ചില സാഹചര്യങ്ങളിൽ അതിലും കൂടുതലായി, സാമ്പത്തികേതരമായ നിരവധി ഘടകങ്ങൾ വ്യക്തികളെ സംരംഭകത്വത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കും. അവ ചുവടെ പ്രതിപാദിക്കുന്നു.

1. സ്വതന്ത്രമായി നിൽക്കൽ (Becoming Independent)

ഒരു തൊഴിലാളി/ ജീവനക്കാരൻ എക്കാലവും തന്റെ മുതലാളിയുടെ/ സ്ഥാപന ഉടമയുടെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയനായി നിൽക്കേണ്ടി വരും. എന്നാൽ സംരംഭക സ്ഥാപനത്തിന്റെ ഉടമയ്ക്ക് ആരുടേയും കീഴിൽ വിധേയനായി ജോലി ചെയ്യേണ്ടി വരുന്നില്ല. സ്വതന്ത്രമായി, സ്വന്തം നിലയിൽ ജോലികളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നു. സ്വന്തമായ തീരുമാനങ്ങൾ എടുക്കുവാനും, അവ നടപ്പാക്കുവാനും സംരംഭകന് സാധിക്കുന്നു. ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്തു എടുക്കുന്നതിലൂടെ സ്ഥാപനത്തിനെ വിജയകരമായ ഗതിയിൽ നിയന്ത്രിക്കാൻ സംരംഭകന് അവസരം ലഭിക്കുന്നു. സ്ഥാപനത്തിലെ ആരുടെയും ആജ്ഞകൾക്കോ ഉത്തരവുകൾക്കോ വേണ്ടി കാത്തിരിക്കേണ്ട ആവശ്യം സംരംഭകന് ഇല്ല.

2. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ
സാധാരണക്കാരായ ആളുകൾ വിദ്യാഭ്യാസത്തിനു ശേഷമോ അതിനു മുൻപോ തൊഴിൽ തേടി മറ്റുള്ളവരുടെ വാതിൽക്കൽ മുട്ടുന്നു. നിബന്ധനകൾക്ക് വിധേയമായി എപ്പോൾ വേണമെങ്കിലും അങ്ങനെ കിട്ടുന്ന ജോലി നഷ്ടപ്പെടുകയും ചെയ്യാം. എന്നാൽ ഒരു സംരംഭകൻ, സ്വന്തമായി തൊഴിൽ കണ്ടെത്തുകയും മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നു തൊഴിലില്ലായ്മ എന്ന അന്താരാഷ്ട്ര പ്രശ്‌നത്തിന് തന്റെതായ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിന്റെ സംതൃപ്തിയും കൈവരിക്കുന്നു. സ്വയം തൊഴിൽ കണ്ടെത്തുന്നതിൽ അവസരങ്ങൾക്കായി ആരുടെയും മുന്നിൽ തല കുനിക്കേണ്ട ആവശ്യം ഇല്ല

3. സ്വന്തം ബോസ് ആയിത്തീരുക
മികച്ച നേതൃപാടവും ഇച്ഛാശക്തിയും കാഴ്ചപ്പാടുകളും ഉള്ള വ്യക്തികൾ ഒരിക്കലും മറ്റൊരു വ്യക്തിക്ക് കീഴിൽ തൊഴിലാളിയായി ഒതുങ്ങാൻ ആഗ്രഹിക്കുകയില്ല. സ്വന്തം ബോസ് ആയിത്തീരുന്നതിലൂടെ ജീവിതത്തിൽ ഉയർന്ന ആത്മാഭിമാനവും മറ്റുള്ളവരെക്കാൾ മികച്ച സ്ഥാനവും നേടാൻ സംരംഭകന് സാധിക്കുന്നു. ഒരു സംരംഭകന്റെ ജോലി സമയം, സ്വഭാവം, സാമ്പത്തികവും അല്ലാതെയും ഉള്ള ആനുകൂല്യങ്ങൾ എന്നിവ സ്വയം തീരുമാനിക്കുന്നത് പോലെയാണ് ലഭിക്കുക. മറ്റൊരാളിന്റെ ഇഷ്ടത്തിനോ തീരുമാനത്തിനോ വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. അതിനാൽ തൊഴിലിലും ജീവിത സാഹചര്യങ്ങളിലും സംതൃപ്തി നേടാൻ സംരംഭകന് സാധിക്കുന്നു.

4. സമൂഹത്തിലെ സ്ഥാനമാനങ്ങൾ
വിജയകരമായ സംരംഭങ്ങളുടെ ഉടമകൾക്ക് സമൂഹത്തിന്റെ മനസ്സിൽ ഉന്നത സ്ഥാനവും അംഗീകാരവും ആണ് ലഭിക്കുന്നത്. ഏതൊരു അവസരത്തിലും, മികച്ച സ്ഥാപനങ്ങളുടെ ഉടമകൾക്ക് അർഹിക്കുന്ന സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ ആകുന്നു. ദേശീയതലത്തിൽ മികച്ച സംരംഭങ്ങൾക്കും സംരംഭകർക്കും അവാർഡുകളും ലഭ്യമാകുന്നതിലൂടെ മാധ്യമ ശ്രദ്ധയും ലഭിക്കുന്നു. മികച്ച സൗകര്യങ്ങളും, ആവശ്യമായ ആഡംബരങ്ങളും ആസ്വദിക്കാൻ ലാഭകരമായ സംരംഭങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സാധിക്കുന്നു. ഇവ ആളുകളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് പ്രചോദനമാകുന്നു.

5. രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാവുക
ഒരു സംരംഭകന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ചുക്കാൻ പിടിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗവൺമെന്റുകൾ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളുടെ വികസനത്തിന് സംരംഭകരെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിച്ചിരിക്കുന്നത്. വിവിധങ്ങളായ വിഭവങ്ങൾ ഫലപ്രദമായി ഏകോപിപ്പിച്ചുകൊണ്ട് ഉത്പന്നങ്ങളും സാധനങ്ങളുമായി രൂപാന്തരപ്പെടുത്താൻ മാത്രമല്ല, പ്രാദേശിക വികസനത്തിനും, പിന്നോക്കാവസ്ഥകൾ മാറ്റിയെടുക്കുവാനും സംരംഭകർക്ക് സാധിക്കുന്നു.

6. ആളുകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക
സംരംഭകത്വത്തിന്റെ ഏറ്റവും ആകർഷകമായ ഒരു കാര്യം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ ഗണ്യമായി മാറ്റിയെടുക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്നു എന്നുള്ളതാണ്. ഇന്ന് നാം കാണുന്ന നിരവധിയായ ഉൽപ്പന്നങ്ങളും, സേവനങ്ങളും സംരംഭകരുടെ പരിശ്രമഫലമായാണ് ഉണ്ടായത്. ശാസ്ത്ര സാങ്കേതിക മേഖലകൾ എത്രതന്നെ പുതിയ കണ്ടെത്തലുകൾ നടത്തിയാലും അവ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. അതിന് സംരംഭകർ കൂടിയേ തീരു. നിരവധിയായ സാധനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ സൗകര്യങ്ങളും, സമയലാഭവും, ചെലവ് ചുരുക്കലും, കൂടുതൽ കാര്യക്ഷമതയും നൽകി. ജീവിതം അനായാസമാക്കുകയും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു ആനന്ദകരമാക്കുകയും ചെയ്യുന്നതിൽ സംരംഭകർക്ക് നിർണായകമായ പങ്കുണ്ട്.

7. സാഹസികത കൈവരിക്കൽ
ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ തൊഴിലാളിയായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരാൾക്ക് തൊഴിലിൽ സാഹസികമായ ജീവിതാനുഭവങ്ങൾ കൈവരിക്കാൻ കഴിയുകയില്ല. എന്നാൽ ഒരു സംരംഭകൻ ഓരോ അവസരത്തിലും നവീനമായ ആശയങ്ങളും ഉത്പന്നങ്ങളും, ഉത്പാദന രീതികളും, വിപണികളും കണ്ടെത്തുകയും അവയെ ലാഭകരമായി വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഒരേ ജോലി ചെയ്യുന്നതിന്റെ വിരസതയോ, സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ ആകാതെ സ്വയം ഒതുങ്ങി പോകുന്നതിന്റെ സമ്മർദ്ദമോ സംരംഭകന് അഭിമുഖീകരിക്കേണ്ടി വരില്ല. സംരംഭകന്റെ ഓരോ ദിവസവും പുതിയ സാധ്യതകളെ തേടാനുള്ള അവസരങ്ങളാണ് നൽകുന്നത്. പുതിയ സാഹചര്യങ്ങളും, മാറി വരുന്ന സാങ്കേതികവിദ്യകളും വ്യത്യസ്ത വിപണി സാധ്യതകളും, വഴികളും തേടാൻ സംരംഭകന് അവസരം ലഭിക്കുന്നു

8. മറ്റു ഘടകങ്ങൾ
മേൽപ്പറഞ്ഞ പ്രചോദനങ്ങൾ കൂടാതെ മറ്റു ചില ഘടകങ്ങളും ആളുകളെ സംരംഭകത്വത്തിലേക്ക് നയിക്കാറുണ്ട്. സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ ആണ് അതിൽ പ്രധാനം. സാങ്കേതിക / പ്രൊഫഷണൽ മേഖലയിലെ അക്കാദമി യോഗ്യതകളും, കഴിവുകളും നേടിയെടുത്താൽ അവ പ്രയോജനപ്പെടുത്താനായി ബന്ധപ്പെട്ട സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കുന്നവരുണ്ട്. പ്രത്യേകിച്ചും ഡോക്ടർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുകൾ, എൻജിനീയറിംഗ് വിദഗ്ധർ തുടങ്ങിയവർ. അവർക്ക് സംരംഭകത്വത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ, തങ്ങളുടെ അറിവ്/ കഴിവുകൾ വാണിജ്യ തലത്തിൽ ഉപയോഗിച്ച് കൊണ്ട് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു. അതിലൂടെ ആർജിച്ച വിദ്യാഭ്യാസ യോഗ്യതകൾക്ക്/കഴിവുകൾക്ക് സമൂഹത്തിൽ പ്രയോജനവും, സ്വന്തമായി വരുമാനം നേടാനുള്ള അവസരവും വഴി തുറക്കുന്നു.

ഗവൺമെന്റ് സ്ഥാപനങ്ങൾ നൽകുന്ന ഇൻസെന്റീവുകൾ, സഹായങ്ങൾ, പദ്ധതികൾ എന്നിവ പ്രയോജനപ്പെടുത്താൻ സംരംഭക മേഖലയിലേക്ക് ഇറങ്ങുന്നവരും ഉണ്ട്. ഏതെങ്കിലും ഒരു ജോലി കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ, സംരംഭങ്ങൾ തുടങ്ങാൻ ഗവൺമെന്റ് സ്ഥാപനങ്ങൾ നൽകുന്ന വായ്പകൾ/ മറ്റു സഹായങ്ങൾ എന്നിവ സംരംഭകരെ ആകർഷിക്കുന്നു. അതുപോലെ നവീന സാങ്കേതിക വിദ്യകളുടെ കണ്ടെത്തലുകൾ വിപണത്തിന് സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ അവ പ്രയോജനപ്പെടുത്തുവാനും ആളുകൾ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നു.

ചുരുക്കത്തിൽ വൈവിധ്യവും ആകർഷകവുമായ നിരവധി പ്രചോദനങ്ങളാണ് ഒരു വ്യക്തിയെ സംരംഭകനാക്കുന്നത്. ജീവനോപാധി കണ്ടെത്തുന്നതു മുതൽ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകുന്നത് വരെയുള്ള നിരവധി പ്രചോദനങ്ങൾ സംരംഭകത്വത്തിലേക്ക് ആളുകളെ നയിക്കുന്നു. അതേസമയം സംരംഭകത്വം ഇത്രയേറെ ആകർഷക ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് എന്ന തിരിച്ചറിവ് യുവതലമുറയ്ക്ക് പൂർണമായും കൈവന്നിട്ടില്ല. പലരും ഇതിനെ നഷ്ട സാധ്യതകൾ മാത്രം ഉള്ള ഒന്നായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ സംരംഭകത്വത്തിന്റെ സാധ്യതകളെ കുറിച്ച് കൃത്യമായ അവബോധവും തിരിച്ചറിവുകളും നൽകേണ്ടതുണ്ട്. അതോടൊപ്പം അവർക്ക് ആവശ്യമായ പദ്ധതികളും സഹായങ്ങളും നൽകിയാൽ മികച്ച രീതിയിൽ സംരംഭകത്വം വളർത്തുവാൻ സാധിക്കും എന്നതിൽ സംശയമില്ല. എല്ലാ പാഠ്യപദ്ധതിയുടെ ഭാഗമായിട്ട് സംരംഭകത്വം ഉൾപ്പെടുത്തുന്നതും ഇക്കാര്യത്തിൽ സഹായകമാകും

മഞ്ചേശ്വരം ജി. പി. എം. ഗവൺമെന്റ്

കോളേജിലെ പ്രൊഫസറും വാണിജ്യ വിഭാഗം മേധാവിയുമാണ് ലേഖകൻ