വൈവിധ്യവൽക്കരണത്തിന്റെ അനിവാര്യത
എഴുമാവിൽ രവീന്ദ്രനാഥ്
ഏതാനും വർഷങ്ങൾക്കു മുമ്പ് സംസ്ഥാന അവാർഡു നേടിയ ഒരു കർഷകനെ കാണാൻ പോയി. ആറു പതിറ്റാണ്ടുകൾക്കു മുമ്പ് തെങ്ങു മാത്രമായിരുന്നു അവരുടെ കുടുംബത്തിന്റെ ആദായ സ്രോതസ്സ്. വെറുതെ തേങ്ങയിട്ട് കൂട്ടി കച്ചവടക്കാർക്കു നൽകി പണം വാങ്ങുന്ന പരമ്പരാഗത ശൈലയിൽ നിന്ന് ഒന്നു മാറ്റിപ്പിടിയ്ക്കുവാൻ നമ്മുടെ കർഷകൻ തീരുമാനിച്ചു. തേങ്ങയിട്ട് അവ തൊണ്ടു നീക്കി പൊട്ടിച്ചുണക്കി, ചിരട്ട നീക്കി കൊപ്രയാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടെ തൊണ്ടിനും ചിരട്ടയ്ക്കുമെല്ലാം ആവശ്യക്കാരായി. അതനുസരിച്ച് വരുമാനവും വർദ്ധിച്ചു. പിന്നാലെ തെങ്ങിന് ഇടവിളയായി വാഴയും ഇഞ്ചിയുമൊക്കെ പരീക്ഷിച്ചു. ഇവയ്‌ക്കൊക്കെ വളം നൽകാനായി കുറെ പശുക്കളെയും വാങ്ങി. ഇവയ്ക്കു തീറ്റയ്ക്കായി പുൽകൃഷിയും വന്നു. ശുദ്ധമായ നാടൻ പാലിന് ആവശ്യക്കാരേറിയതോടെ ചെറിയ രീതിയിൽ ഒരു ഫാമും ആരംഭിച്ചു. പശു വളർത്തലിനു പിന്നാലെ കോഴിയും ആടും പന്നിയുമൊക്കെ അദ്ദേഹത്തിന്റെ പതിനഞ്ചേക്കർ പുരയിടത്തെ ശബ്ദായമാനമാക്കി. ഇന്ന് അമ്പതിലധികം പേർക്ക് തൊഴിൽ നൽകുന്ന ഇദ്ദേഹം ഓർഗാനിക് ഫാമിങ്ങിന്റെ പ്രചാരകന്മാരിൽ ഒരാളുമാണ്. അദ്ദേഹത്തിന്റെ ഒരു വാക്കിവിടെ കടമെടുക്കട്ടെ. ഇന്നും ഞാനീ തെങ്ങുകളെ മാത്രം കെട്ടിപ്പിടിച്ചിരുന്നെങ്കിൽ ജീവിതം കോഞ്ഞാട്ടയായേനെ!
ഈയൊരു വാചകം അടിവരയിടുന്നത് വൈവിധ്യവൽകരണത്തിലേക്കാണ്. സഹസ്രകോടികൾ അമ്മാനമാടിയ, മലയാളക്കരയ്ക്കു തന്നെ അഭിമാനമായി മാറിയ ഒരു സ്റ്റാർട്ടപ്പ് സംരംഭം അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് പതനത്തിന്റെ കഥയുമായിട്ടായിരുന്നു. ബിസിനസ് തകർന്നതോടെ ഓഹരികൾ നിലംപൊത്തുകയും ബാധ്യത കുമിഞ്ഞു കൂടുകയും ചെയ്തു. സ്റ്റാഫിനെ കൂട്ടത്തോടെ പിരിച്ചു വിടുകയും ഓഫീസുകൾ പലതും അടച്ചു പൂട്ടുകയും ചെയ്ത് നിലനിൽപിനായുള്ള പരക്കം പാച്ചിലിലാണ് ഈ അന്താരാഷ്ട്ര സ്റ്റാർട്ടപ് സംരംഭം. ബിസിനസ്, അനാലിസിസ്, ഫോർകാസ്റ്റ്, പ്രക്കോഷണറി സ്റ്റെപ്‌സ്, ലിക്വിഡിറ്റി, ഡൈവേഴ്‌സിഫിക്കേഷൻ തുടങ്ങിയവയിൽ ഉണ്ടായ പരാജയമാണ് പ്രസ്തുത സ്റ്റാർട്ടപ്പിനെ നിലയില്ലാക്കയത്തിലേയ്ക്കാഴ്ത്തിയത്
നമുക്ക് ഇവയെത്തന്നെ പരിശോധിയ്ക്കാം. ആശയങ്ങളാണ് സംരംഭങ്ങളുടെ ആത്മാവ്. ഇതിനെ പടർപ്പൻ വള്ളികളോടു നമുക്കുപമിയ്ക്കാം. ചുവട്ടിൽ വെള്ളവും വളവും ചേർത്ത് ചില്ലകളും നൽകിയാൽ സ്വാഭാവികമായും അവ വളരും, പടരും, മൊട്ടിട്ടു പൂവും കായും നൽകും. ഇവിടെയാണ് അനാലിസിസിന്റെ പ്രസക്തി. ചെടിയ്ക്കു വളരാൻ പറ്റിയ മണ്ണാണോ, പടരാൻ പറ്റിയ ഇടമാണോ ഇവയാണ് ബേസിക് അനാലിസിസ് അഥവാ അടിസ്ഥാന വിശകലനം. രണ്ടാമത് അതിന്റെ വളർച്ചയ്ക്കും പടർപ്പിനും ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച വിശകലനമാണ്. ഇതിനെ സെക്കണ്ടറി അനാലിസിസ് എന്നു പറയും. പടർത്താനുള്ള ചില്ലകളുടെ ശക്തി കായ്കളുണ്ടാവുമ്പോൾ അവ താങ്ങാനുള്ള ശേഷി, അവ അനായാസേന ശേഖരിയ്ക്കുവാനുള്ള ശേഷി ഇവയൊക്കെ വിലയിരുത്തപ്പെടുകയും അഥവാ ചില്ലയൊടിഞ്ഞാൽ സ്വീകരിയ്‌ക്കേണ്ട നടപടികളെക്കുറിച്ചും ഇവിടെ ചിന്തിച്ചേ പറ്റൂ. മൂന്നാമത്തേതാണ് സസ്യസംരക്ഷണം. രോഗ കീടബാധകളെ ചെറുക്കൽ, വിളവു ശേഖരണം തുടങ്ങിയ തൃതീയ വിശകലനം. വിപണനം ഉപോൽപന്നം കണ്ടെത്തൽ എന്നിങ്ങനെ പോകുന്ന അന്തിമ വിശകലനം. ഇത്രയും കാര്യങ്ങൾ സവിസ്തരം ചിന്തിച്ചുണ്ടാക്കുന്ന ഒരു പ്രോജക്ടിനു മാത്രമേ നിലനിൽപുള്ളൂ.
ഫോർക്കാസ്റ്റ് അഥവാ പ്രവചനം പ്രിക്കോഷണറി സ്റ്റെപ്‌സ് അഥവാ മുൻകരുതലുകൾ ഇവ ഒരു സംരംഭത്തിന് അത്യാവശ്യമാണ്. വാഹനങ്ങളിൽ എയർ ബാഗുകൾ വയ്ക്കുന്നതും തിയേറ്ററുകളിൽ ഫയർ എക്സ്റ്റിൻഗ്വഷറുകൾ വെക്കുന്നതും അപകടങ്ങൾ ഉണ്ടാക്കാൻ വേണ്ടിയല്ല, മറിച്ച്, ഉണ്ടായാൽ പെടാപ്പാടു പെടാതിരിയ്ക്കുവാനാണ്. മത്സരങ്ങളുടെ ലോകത്താണ് സംരംഭങ്ങളും. സാഹചര്യങ്ങൾ മാറിമറിയാം. അപ്പോഴും നമ്മുടെ പൊസിഷൻ ‘സ്റ്റാറ്റിക്’ ആയേ പറ്റൂ. ചിലപ്പോൾ ചില ഉൽപന്നങ്ങൾക്ക് പെട്ടെന്നൊരു കുതിച്ചു ചാട്ടം ഉണ്ടാവാം. ഇതിനെ ബൂം എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. അപ്രകാരം ബിസിനസ് പെട്ടെന്നു വളരുമ്പോൾ അതെക്കുറിച്ചുള്ള പഠനം നടത്തിയേ പറ്റൂ. ചില പ്രത്യേക കാലങ്ങളിൽ പ്രത്യേക രോഗങ്ങൾ തലപൊക്കുകയും അതിന്റെ ഔഷധ വിപണി സജീവമാവുകയും ചെയ്യും. ഒന്നോ രണ്ടോ മാസം നീണ്ടുനിൽക്കുന്ന ആ ബൂം താനേ ആവിയാകും. എന്നാൽ ഇതിനെപ്പറ്റി മാർക്കറ്റ് അനാലിസിസ് നടത്തുന്ന മിടുക്കന്മാർ വിപണി ഉണരും മുമ്പും ഉറങ്ങിയ ശേഷവും അത്യാവശ്യമായും ഉപയോഗിയ്‌ക്കേണ്ട് ഉൽപന്നം എന്ന പേരിൽ ഡോക്ടർമാരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ നിരുപദ്രവകരമായ സപ്ലിമെന്റുകൾ വിൽപനയ്‌ക്കെത്തിക്കും. രോഗം വരാതിരിയ്ക്കാനും, വന്നു പോയവരുടെ ആ രോഗം പൂർവ്വ സ്ഥിതിയിലാക്കാനും ഈ ഉൽപന്നങ്ങൾ എത്ര കണ്ട് ഫലപ്രദമെന്നൊന്നും ആരും ചിന്തിയ്ക്കാറില്ല. ഇവിടെ അൽപം സൈക്കോളജി കൂടി ‘അപ്ലൈ’ ചെയ്താണ് നിർമാതാക്കൾ കളിയ്ക്കുന്നത്.
നവസംരംഭങ്ങൾ പലതും പരസ്യങ്ങളിൽ ഏറെ ആകൃഷ്ടരാണ്. പരസ്യങ്ങൾ കിട്ടാൻ വേണ്ടി മഹത്വവൽക്കരിയ്ക്കൽ ഉൾപെടെയുള്ളവയ്ക്കു പല മാധ്യമങ്ങളും തയ്യാർ. പട്ടം പോലെ ഉയർന്നുയർന്ന് പോകുന്ന പല സംരംഭകർക്കും ഒടുവിൽ ചരടറ്റ ഗതി ഉണ്ടായിട്ടുണ്ട്. വളരെ ഫലപ്രദമായ ഒരു മീഡിയാപ്ലാൻ ഏതു സംരംഭത്തിനും ഉണ്ടാവണം. അത് ആനുവൽ ബജറ്റിന്റെ നിശ്ചിത ശതമാനത്തിൽ അധികരിയ്ക്കാനും പാടില്ല. വരവറിയാതെ ചെലവു ചെയ്താൽ പെരുവഴി എന്ന ചൊല്ല് എത്ര അന്വർത്ഥമാണ്. പരസ്യം വാങ്ങി വരുമാനമുണ്ടാക്കുക എന്നത് മാധ്യമങ്ങളിലെ അഡ്വർടൈസ്‌മെന്റ് എക്‌സിക്യൂട്ടീവുകളുടെ ജോലിയാണ്. എന്നാൽ മീഡിയ പ്ലാൻ അനുസരിച്ച് മാത്രം ഏറ്റവും പ്രതിഫലനവും പ്രതികരണവുമുണ്ടാക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നൽകുന്നത് സംരംഭകന്റെ വിവേചനാധികാരമാണ്. എളിയ രീതിയിലാരംഭിച്ച് വലിയ നിലയിലേക്കുയർന്ന് ഒടുവിൽ എല്ലാം തകർന്ന് കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ദയനീയമായി മരണത്തിന് കീഴടങ്ങുകയും ചെയ്ത ഒരു മലയാളി സംരംഭകൻ പരസ്യ പ്രചാരണ പ്രവർത്തനങ്ങൾക്കായി വാരിക്കോരി ചെലവഴിച്ചപ്പോൾ ഒരു മീഡിയാ മാനേജ്‌മെന്റും നോക്കിയിരുന്നില്ലത്രേ.
ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ലിക്വിഡിറ്റി ഒരു പ്രധാന ഘടകമാണ്. സുഗമമായ രീതിയിൽ സ്ഥാപനം മുന്നോട്ടു നീങ്ങാനുള്ള സാമ്പത്തിക അടിത്തറ അഥവാ തരളധനം ഉള്ള അവസ്ഥയാണ് ലിക്വിഡിറ്റി. ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തു ശേഖരണം, നിത്യനിദാന പ്രവൃത്തികൾ തുടങ്ങിയവയ്‌ക്കൊന്നും മുടക്കം വരാത്ത വിധമുള്ള ദീർഘകാല ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ ലിക്വിഡിറ്റി നിലനിർത്തിക്കൊണ്ടു പോകാനാവൂ.
വൈവിധ്യവൽകരണമാണ് ഒരു സംരംഭത്തിന്റെ സുസ്ഥിരമായ നിലനിൽപിനു വേണ്ടത്. നിലവിലെ സംരംഭത്തിന്റെ ഉയർച്ച താഴ്ചകളെ നിയന്ത്രിക്കുവാനുള്ള പ്രക്രിയകൾക്കൊപ്പം സമാന്തരമായി കാണേണ്ട ഒന്നാണിത്. വ്യക്തമായ പഠനവും ആസൂത്രണവും വൈവിധ്യവൽകരണത്തിലും ആവശ്യമാണ്. മംഗലാപുരത്ത് തൊഴിൽ രഹിതരായ വടക്കൻ മലബാറിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ആരംഭിച്ച ഒരു സഹകരണ പ്രസ്ഥാനം ബീഡി വ്യവസായം തകർന്നതോടെ വൈവിധ്യവൽകരണത്തിലേക്കു തിരിഞ്ഞതും വസ്ത്രങ്ങൾ, കുടകൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയ ഉൽപാദിപ്പിച്ചും ഐ. ടി മേഖലയിൽ ചുവടുറപ്പിച്ചതും ഒരു ലൈവ് എക്‌സാംപിൾ ആയി ചൂണ്ടിക്കാണിയ്ക്കാം. ദേശീയ തലത്തിലുള്ള ഒരു പുകയില കമ്പനി സൗന്ദര്യ വർദ്ധകങ്ങൾ മുതൽ ഭക്ഷ്യോൽപന്നങ്ങൾ വരെ ആഭ്യന്തര വിപണിയിലിറക്കിയും കയറ്റുമതി നടത്തിയും ലാഭം കൊയ്യുന്നതും ഇത്തരുണത്തിൽ പ്രതിപാദിയ്ക്കാം. തകർച്ചയിൽ പതറാതെ വളർച്ചയ്ക്കുള്ള മാർഗങ്ങൾ ആരായുകയാണ് വേണ്ടത്. ഒരു പ്രശസ്ത ഇംഗ്ലീഷ് കവിതയിൽ വിജയത്തിലും പരാജയത്തിലും ഒരു യോദ്ധാവിനെ പൊതുജനം എങ്ങനെ സ്വീകരിയ്ക്കുന്നു എന്ന വർണനയുണ്ട്. പുഷ്പഹാരങ്ങളിട്ട് ആർപ്പു വിളിച്ചവർ തന്നെ കല്ലും കുപ്പിച്ചില്ലും വലിച്ചെറിയുന്നതും ആ കവിതയിൽ വികാര ഭരിതമായി വർണിച്ചിരിയ്ക്കുന്നു. സംരംഭകൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിവുള്ളവരാകണം.