വീട്ടിൽ ആരംഭിക്കാം സ്റ്റീം അയണിംഗ് സെന്റർ
ഡോ. ബൈജു നെടുങ്കേരി
കേരളത്തിൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി നൽകാൻ 2017 ൽ ഗവൺമെന്റ് എടുത്ത തീരുമാനം ഏഴ് വർഷം പിന്നിടുമ്പോൾ വലിയ വിജയമായി മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് ഗാർഹിക സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും തൊഴിലിനെയും പുരോഗതിയിലേക്ക് നയിച്ച തീരുമാനമായി അത് മാറി. വീട്ടിലെ സൗകര്യങ്ങളും വൈദ്യുതി കണക്ഷനും ഉപയോഗപ്പെടുത്തി ഏറ്റവും അടുത്ത ബന്ധുക്കളുടെ സഹകരണത്തോടെ ചെറിയ സംരംഭങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു. ഒരു സംരംഭം ആരംഭിക്കുന്നതിന്റെ മുതൽമുടക്ക് നന്നേ കുറഞ്ഞു. മനസ്സിലുളള സംരംഭകത്വ ആശയങ്ങൾ ഒന്ന് പരീക്ഷിക്കാം എന്ന ലക്ഷ്യത്തോടെ പലരും മുന്നോട്ട് വന്നു.
ഗാർഹിക സംരംഭങ്ങളിൽ വിജയമാതൃകകളായി മാറിയവയിൽ ഏറിയ പങ്കും സേവന സംരംഭങ്ങളായിരുന്നു. മാർക്കറ്റിംഗിലെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നില്ല എന്നുള്ളതാണ് ഇത്തരം സംരംഭങ്ങളുടെ മെച്ചം. കുറഞ്ഞ മുതൽമുടക്കിൽ പരാജയഭീതി ഇല്ലാതെ വീട്ടിൽ ആരംഭിക്കാൻ കഴിയുന്ന സേവന സംരംഭമാണ് ഗാർഹിക അയണിംഗ് സെന്റർ.
ഗാർഹിക അയണിംഗ് സെന്റർ
ചുറ്റുവട്ടത്തുള്ള ആളുകളുടെ വസ്ത്രങ്ങൾ അയൺ ചെയ്ത് നൽകുന്ന സേവന സംരംഭമാണിത്. വീട്ടിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെറിയ മുതൽമുടക്കിൽ ആരംഭിച്ച് മികച്ച വരുമാനം നേടാൻ കഴിയുന്ന സംരംഭം കൂടിയാണ് അയണിംഗ് സെന്റർ.
സാധ്യതകൾ
മലയാളികളുടെ ജീവിതക്രമത്തിന് വേഗത കൂടുകയും സ്ത്രീയും പുരുഷനും പുറത്ത് പോയി തൊഴിൽ എടുക്കാൻ തുടങ്ങുകയും ചെയ്തതോടു കൂടി മുൻപ് ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്ത്തീർക്കാൻ സമയം തികയാതെ വരുന്നു. മുമ്പ് കുടുംബാംഗങ്ങൾ ചെയ്തിരുന്ന പല ജോലികളും പുറത്തുള്ളവരെക്കൊണ്ട് പണം കൊടുത്താണ് ചെയ്യിക്കുന്നത്. ഈ പ്രവണതയ്ക്ക് നഗര-ഗ്രാമ വ്യത്യാസം ഒന്നുമില്ല. വസ്ത്രങ്ങൾ വീട്ടിലുള്ള വാഷിംഗ് മെഷീനിൽ അലക്കി അയൺ ചെയ്യുന്നതിനായി അയണിംഗ് സെന്ററുകളെയാണ് ഭൂരിഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത്. സ്വന്തമായി അയൺ ചെയ്യുന്നതിനുള്ള സമയക്കുറവ് മൂലവും പെർഫെക്ഷൻ ലഭിക്കാൻ വേണ്ടിയുമാണ് അയണിംഗ് സെന്ററുകളെ ആശ്രയിക്കുന്നത്. വീടുകളിലുള്ള അയൺ ബോക്സുകൾ ഉപയോഗിച്ചാൽ വസ്ത്രങ്ങളുടെ ചുളിവ് പൂർണ്ണമായും വിട്ടുമാറുകയില്ല. നീരാവി ഉപയോഗിച്ചുള്ള അയണിങ് വസ്ത്രങ്ങളുടെ ചുളിവുകളെല്ലാം മാറ്റി പുതുമ നൽകും. കൂടാതെ വസ്ത്രങ്ങൾ ദീർഘകാലം നിലനിൽക്കുകയും ചെയ്യും.
സ്റ്റീം അയണിംഗ്
പരമ്പരാഗത അയൺ ബോക്സുകൾക്ക് പകരം നീരാവി ഉപയോഗിച്ച് വസ്ത്രങ്ങൾ അയൺ ചെയ്യുന്ന രീതിയാണിത്. ചിരട്ടക്കരി ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിലും വൈദ്യുതി ഉപയോഗിക്കുന്ന പുതിയ അയൺ ബോക്സുകളിലും ചൂട് മാത്രമാണ് വസ്ത്രങ്ങളെ നിവർത്തുന്നതിനുള്ള മീഡിയം. എന്നാൽ സ്റ്റീം അയണിംഗിൽ വാക്വം ബെഡ് വസ്ത്രത്തിന്റെ ഷേപ്പ് നിലനിർത്തും. പിന്നീട് നീരാവി ഉപയോഗിച്ച് വസ്ത്രത്തെ മാർദ്ദവപ്പെടുത്തിയാണ് ചുളിവുകൾ നിവർത്തുന്നത്. നീരാവിയിൽ നിന്നുള്ള ചൂട് ഏൽക്കുന്നതിനാൽ വസ്ത്രത്തിന്റെ നിറത്തിനോ നൂലിഴകൾക്കോ കേടുപാടുകൾ ഉണ്ടാവുന്നില്ല. സ്റ്റീം ജനറേറ്റർ, വാക്വം ബെഡ് അയൺ ബോക്സ് എന്നിവ ചേരുന്നതാണ് സ്റ്റീം അയണിംഗ് യൂണിറ്റ്.
മാർക്കറ്റിംഗ്
5 കിലോമീറ്റർ ചുറ്റളവിൽ ചെറിയ ബോർഡുകൾ സ്ഥാപിച്ച് അറിയിപ്പുകൾ നൽകാം. കൂടാതെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രാദേശികമായി അറിയിപ്പുകൾ നൽകാം. എല്ലാ അയണിംഗ് സെന്ററുകളിലും തിരക്കാണ്. അതുകൊണ്ട് തന്നെ പുതിയ അയണിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചാൽ ഉപഭോക്താക്കളെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വേഗത്തിലും മികച്ച ക്വാളിറ്റിയിലും വസ്ത്രങ്ങൾ തിരികെ നൽകാൻ കഴിഞ്ഞാൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കും.
പരിശീലനം
മികച്ച രീതിയിൽ വസ്ത്രങ്ങൾ അയൺ ചെയ്യുന്നതിന് പരീശീലനം നേടേണ്ടതുണ്ട്. വസ്ത്രങ്ങളുടെ ഷേപ്പ് നിലനിർത്തി അയൺ ചെയ്ത് മടക്കി എടുക്കുന്നത് സ്‌കിൽ ആവശ്യമുളള ഒരു പ്രവർത്തനമാണ്. നിലവിലുളള അയണിംഗ് സെന്ററുകളിൽ പോയി അയണിംഗ് ടെക്നിക്സ് സ്വായത്തമാക്കണം.
യന്ത്രം-പരിശീലനം
സ്റ്റീം അയണിംഗ് യന്ത്രവും പരിശീലനവും അഗ്രോപാർക്കിൽ ലഭിക്കും. 0485-299990
മൂലധന നിക്ഷേപം
സ്റ്റീം അയണിംഗ് യൂണിറ്റ് – 60000
അനുബന്ധ ചിലവുകൾ – 5000
ഇലക്ട്രിക്കൽ അയൺ ബോക്‌സ് – 5000
ആകെ – 70000
വരുമാനം
ഒരു വസ്ത്രം അയൺ ചെയ്ത് നൽകുന്നതിന് 10 മുതൽ 12 രൂപ വരെ ഇപ്പോൾ നിരക്കുണ്ട്. പ്രതിദിനം 100 വസ്ത്രങ്ങൾ അയൺ ചെയ്താൽ ചിലവ് കഴിഞ്ഞ് 1000 രൂപ വരെ വരുമാനം നേടാം.
ലൈസൻസ്
ഉദ്യം രജിസ്ട്രേഷൻ ഓൺലൈനായി നേടി സംരംഭം ആരംഭിക്കാം. ഒപ്പം കെ-സ്വിഫ്റ്റ് രജിസ്‌ട്രേഷൻ ഓൺലൈനായി നേടാം .