വിപണിയിൽ ബ്രാൻഡ് പൊസിഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോ. സുധീർ ബാബു
ഒരു പെൺകുട്ടി അവളുടെ അമ്മയോട് പരാതി പറയുകയാണ്. ”അമ്മേ നോക്കൂ, എന്റെ മുടി മുഴുവൻ കൊഴിഞ്ഞു പോകുകയാണ്. മുടിക്ക് ആരോഗ്യമില്ല. എനിക്ക് സങ്കടം വരുന്നു.” അമ്മ സ്‌നേഹത്തോടെ അവളുടെ മുടിയിൽ തഴുകുന്നു. പിന്നീട് അവളുടെ കയ്യിലേക്ക് ഒരു ബോട്ടിൽ എണ്ണ നൽകുന്നു. ഒരു ബ്രാൻഡിന്റെ ഹെയർ ഓയിലാണത്. അത് നൽകിയ ശേഷം അമ്മ അവളോട് പറയുന്നു ”ഇത് പുരട്ടി കുളിക്കൂ. പ്രത്യേക ആയുർവേദിക് മൂലികകൾ അടങ്ങിയ എണ്ണയാണിത്. ഇത് മുടികൊഴിച്ചിൽ തടയും കൂടാതെ മുടി തഴച്ചു വളരുകയും ചെയ്യും.” പെൺകുട്ടി എണ്ണ മുടിയിൽ പുരട്ടി കുളിക്കുന്നു. അവളുടെ മുടിയതാ വളരുകയും കാറ്റിൽ പാറിക്കളിക്കുകയും ചെയ്യുന്നു. അമ്മയും മകളും ആഹ്ലാദത്തോടെ ചിരിക്കുന്നു.
ഈ പരസ്യം കാണുന്ന നിങ്ങളോട് ഇനിയൊന്നും പറഞ്ഞു തരേണ്ട ആവശ്യമേയില്ല. ആ ഹെയർ ഓയിൽ ബ്രാൻഡ് നിങ്ങളുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ആ ഉൽപ്പന്നവും അതിന്റെ പ്രത്യേകതയും നിങ്ങളുടെ തലച്ചോർ സ്റ്റോർ ചെയ്തു കഴിഞ്ഞു. ഇനി ഹെയർ ഓയിലിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ തന്നെ അറിയാതെ ആ ബ്രാൻഡ് നാമം നിങ്ങളുടെ നാവിൻ തുമ്പിലേക്ക് എത്തിച്ചേരും.
ആ ബ്രാൻഡിന്റെ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നത്തെ മാർക്കറ്റിൽ ശരിയായ തരത്തിൽ പ്ലേസ് ചെയ്തു കഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിൽ ഉൽപ്പന്നത്തിന്റെ ശക്തമായ ഇമേജ് വരച്ചു ചേർക്കാൻ അവർക്ക് സാധിച്ചിരിക്കുന്നു. മാർക്കറ്റിൽ ഉലപ്പന്നത്തെ കൃത്യമായി പൊസിഷൻ ചെയ്യുന്ന ജോലി അവർ വിജയകരമായി നിർവഹിച്ചിരിക്കുന്നു.
ബ്രാൻഡ് പൊസിഷനിംഗ്
ആശയക്കുഴപ്പം കൂടാതെ ബ്രാൻഡിനെ വിപണിയിൽ പൊസിഷൻ ചെയ്യുക ശ്രമകരമായ ദൗത്യമാണ്. നാം ആദ്യം കണ്ട പരസ്യം നോക്കൂ. അതിൽ ”ഈ ഹെയർ ഓയിൽ നിങ്ങളുടെ മുടി വളർത്തും, ഇതാണ് ഇന്ന് വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഹെയർ ഓയിൽ” എന്ന് ഒരാൾ പറയുകയാണെങ്കിൽ കാണുന്നവരിൽ ആ വാക്കുകൾ വലിയ ചലനമൊന്നും ഉണർത്തില്ല. ആ ബ്രാൻഡ്നാമം പോലും ഓർക്കില്ല. എന്നാൽ മകളുടെ ഉൽക്കണ്ഠയും വിഷമവും അമ്മയുടെ വാത്സല്യവും ഒത്തുചേരുമ്പോൾ ഉപഭോക്താവ് വൈകാരികമായി ആ ബ്രാൻഡിലേക്ക് ആകർഷിക്കപ്പെടുന്നു. കെമിക്കലുകൾ ഇല്ലാത്ത ആയുർവേദ മൂലികകൾ മാത്രം അടങ്ങിയ ഹെയർ ഓയിൽ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ ബ്രാൻഡിന്റെ വിശ്വാസ്യത ഉയരുന്നു. ഉപഭോക്താക്കളുടെ മനസ്സിൽ ബ്രാൻഡ് ഇടം നേടുന്നു.
അതായത് ഒരു ഉൽപ്പന്നം കയ്യിലുണ്ടായാൽ മാത്രം പോരാ അത് വിപണിയിൽ എങ്ങിനെ പൊസിഷൻ ചെയ്യണം എന്നു കൂടി സംരംഭകൻ അറിഞ്ഞിരിക്കണം. ഉപഭോക്താവ് എന്റെ ഉല്പ്പന്നത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത്? അവരുടെ മനസ്സിൽ എന്ത് ഇമേജാണ് ഞാൻ സൃഷ്ടിക്കേണ്ടത്? ഇത് ചിന്തിച്ചു തുടങ്ങുമ്പോൾ സംരംഭകൻ ബ്രാൻഡ് പൊസിഷനിംഗിന്റെ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങുന്നു. ഉൽപ്പന്നം തെറ്റായ രീതിയിലാണ് വിപണിയിൽ അവതരിപ്പിക്കപ്പെടുന്നതെങ്കിൽ അത് അപകടകരവും പരാജയപ്പെടുവാനുള്ള സാധ്യത കൂടുതലുമാണ്.
ഉപഭോക്താക്കൾക്കുള്ളിൽ ബ്രാൻഡിനെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുകയാണ് പൊസിഷനിംഗ് ചെയ്യുന്നത്. വിപണിയിൽ നിങ്ങൾ ഒറ്റയ്ക്കല്ല. എതിരാളികളും ഉൽപ്പന്നങ്ങൾ വിപണിയിൽ പ്ലേസ് ചെയ്യുന്നുണ്ട്. അവരുടെ ഉൽപ്പന്നങ്ങളെക്കാൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ മികച്ചതാകുന്നതെങ്ങിനെ? ഇത് ഉപഭോക്താക്കൾക്ക് മനസ്സിലാകേണ്ടതുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്ന, മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിരിക്കുന്ന ഒന്നാണ് നിങ്ങളുടെ ഉൽപ്പന്നമെന്ന് അവർ തിരിച്ചറിഞ്ഞാൽ മാത്രമേ ബ്രാൻഡ് പൊസിഷനിംഗ് വിജയിക്കുകയുള്ളൂ.
യൂണിക് സെല്ലിംഗ് പ്രൊപ്പോസിഷന് (Unique selling proposition – USP)
നിങ്ങളുടെ ഉൽപ്പന്നത്തിന്റെ അനന്യമായ പ്രത്യേകത എന്താണ്? അതിനെ എതിരാളികളുടെ ഉൽപ്പന്നത്തെക്കാൾ മികച്ചതാക്കുന്ന വിഭിന്നത്വം (Differentiation) എന്താണ്? ഈ പ്രത്യേകതയെ നമുക്ക് യൂണിക് സെല്ലിംഗ് പ്രൊപ്പോസിഷനെന്ന് വിളിക്കാം. നിങ്ങളുടെ ഉൽപ്പന്നത്തെ എതിരാളികളുടെ ഉലപ്പന്നത്തെക്കാൾ മികച്ചതാക്കുന്ന ഈ വിഭിന്നത്വം യാതൊരു ആശയക്കുഴപ്പവുമില്ലാതെ, തെളിമയോടെ ഉപഭോക്താക്കളുടെ ബ്രെയിനിൽ കയറ്റിവിടുകയാണ് സംരംഭകന്റെ വിപണിയിലെ ആദ്യ കടമ്പ.
സെൻസൊഡൈൻ ടൂത്ത്‌പേസ്റ്റ് തങ്ങളെ പൊസിഷൻ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. കോൾഗേറ്റ്, ക്ലോസപ്പ് മുതലായ ടൂത്ത്‌പേസ്റ്റുകൾ പൊസിഷൻ ചെയ്ത പോലെയല്ല അവർ തങ്ങളെ അവതരിപ്പിച്ചത്. പല്ലുകളെ ആഴത്തിൽ വൃത്തിയാക്കി പല്ലു പുളിപ്പിൽ നിന്നും വേദനയിൽ നിന്നും മുക്തമാക്കുന്ന അനന്യമായ ഒരു ടൂത്ത്‌പേസ്റ്റാണ് തങ്ങളുടേതെന്ന് അവർ അവകാശപ്പെടുന്നു. ഇത് അവരുടെ ഉൽപ്പന്നത്തെ എതിരാളികളുടെ ഉൽപ്പന്നത്തിൽ നിന്നും വിഭിന്നമാക്കുന്നു. ഉപഭോക്താക്കളുടെ മനസ്സിലേക്ക് ഈ സന്ദേശം കുത്തിവക്കുവാൻ അവർക്ക് സാധിക്കുന്നു.
തന്റെ ഉൽപ്പന്നത്തിന്റെ അനന്യമായ ഈ പ്രത്യേകതയെ നിർവചിക്കുകയാണ് സംരംഭകൻ ആദ്യം ചെയ്യേണ്ടത്. ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണപ്രദമായ, തന്റെ ബ്രാൻഡിനെ വ്യത്യസ്തമാക്കുന്ന യുഎസ്പി കണ്ടെത്തുന്നതോടെ ബ്രാൻഡ് പൊസിഷനിംഗിന്റെ ആദ്യ പടവുകൾ സംരംഭകൻ കയറിത്തുടങ്ങുന്നു.
ചെറുകിട വ്യവസായങ്ങൾക്കും പൊസിഷനിംഗ് സാധ്യമാകും
വലിയ ബ്രാൻഡുകൾക്ക് മാത്രമല്ല ചെറുകിട വ്യവസായികൾക്കും തങ്ങളുടെ ബ്രാൻഡിനെ വിപണിയിൽ ഭംഗിയായി പൊസിഷൻ ചെയ്യാൻ സാധിക്കും. പണം ധാരാളമുണ്ടായാലെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നത് തീർത്തും തെറ്റിധാരണയാണ്. സർഗ്ഗാത്മകമായി ചിന്തിക്കുന്ന ഏതൊരു സംരംഭകനും തന്റെ ബ്രാൻഡിനെ/ഉൽപ്പന്നത്തെ ഉപഭോക്താക്കളുടെ മനസ്സിലേക്കെത്തിക്കാം. ക്ഷമയോടെയുള്ള നിരന്തരമായ പരിശ്രമം ഇതിനാവശ്യമാണ്.
കേരളത്തിലെ പല മികച്ച ബ്രാൻഡുകളേയും നോക്കുക. തങ്ങളുടെ ഉൽപ്പന്നങ്ങളെ വിപണിയിൽ ബുദ്ധിപരമായി പ്ലേസ് ചെയ്ത് ഉയരങ്ങളിലെത്തിയവരാണവർ. കുടുംബശ്രീയുടെ കീഴിലുള്ള ധാരാളം വനിതാ സംരംഭകർക്ക് തങ്ങളുടെ ബ്രാൻഡിനെ വിപണിയിൽ മനോഹരമായി പൊസിഷൻ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അമുൽ പോലുള്ള ഒരു സഹകരണ പ്രസ്ഥാനം ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡായി മാറിയത് പൊസിഷനിംഗിലെ മികവു കൊണ്ടു കൂടിയാണ്. ബ്രാൻഡ് പൊസിഷനിംഗ് ഒരു ബാലികേറാമലയല്ലെന്ന് മനസ്സിലാക്കുകയാണ് സംരംഭകൻ ആദ്യം ചെയ്യേണ്ടത്. അതുപോലെ തന്നെ മാർക്കറ്റിംഗ് നിരന്തരമായ ഒരു പ്രക്രിയയാണെന്നും സൂക്ഷ്മതയോടെ പ്ലാൻ ചെയ്യേണ്ടതാണെന്നും സംരംഭകർ തിരിച്ചറിയണം.
ബ്രാൻഡ് പൊസിഷനിംഗിനായി തയ്യാറെടുക്കാം
നല്ല ഗൃഹപാഠത്തിനും തയ്യാറെടുപ്പിനും ശേഷമായിരിക്കണം വിപണിയിലേക്ക് ഉൽപ്പന്നം അവതരിപ്പിക്കേണ്ടത്. തന്റെ ഉൽപ്പന്നം എതിരാളികളുടെ ഉൽപ്പന്നങ്ങളുടെ കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കണമെന്ന കാഴ്ചപ്പാടോടെയാവണം മാർക്കറ്റിംഗ് തന്ത്രങ്ങൾ ചിട്ടപ്പെടുത്തുവാൻ. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ബ്രാൻഡ് വിപണിയിൽ പൊസിഷൻ ചെയ്യുവാൻ താഴെ പറയുന്നകാര്യങ്ങൾ ചെയ്യാം.
യഥാർത്ഥ ഉപഭോക്താക്കളെ മനസ്സിലാക്കുക
നിങ്ങളുടെ ഉൽപ്പന്നം ആർക്കാണ് ആവശ്യമുള്ളതെന്ന് സംശയമില്ലാതെ മനസ്സിലാക്കുക. പലപ്പോഴും ഉൽപ്പന്നം വിപണിയിൽ പരാജയപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഉപഭോക്താക്കളെ ടാർഗറ്റ് ചെയ്യുന്നതിൽ സംഭവിക്കുന്ന പിഴവാണ്. നിങ്ങൾ പ്രൊമോഷനു വേണ്ടി ഡിജിറ്റൽ മീഡിയയെ ഉപയോഗിക്കുകയാണെന്ന് വിചാരിക്കുക. ഉപഭോക്താവിനെ കൃത്യമായി നിർവചിക്കാൻ സാധിച്ചാൽ പണം പാഴാവാതെ യഥാർത്ഥ ഉപഭോക്താക്കൾക്കിടയിലേക്ക് ഉൽപ്പന്നം അതിവേഗത്തിൽ എത്തിക്കുവാൻ നിങ്ങൾക്ക് സാധ്യമാകും.
സൗന്ദര്യ വർദ്ധക വസ്തുക്കളാണ് (Cosmetics) ഉല്പ്പന്നങ്ങളെങ്കിൽ നിങ്ങൾ ടാർഗറ്റ് ചെയ്യേണ്ടത് ടീനേജ്, യൂത്ത് പ്രായത്തിലുള്ള വ്യക്തികളെയാണ്. അതായത് ഒരു പ്രത്യേക പ്രായത്തിന് മുകളിലുള്ളവരെ നിങ്ങൾക്ക് ടാർഗറ്റ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കും. ടാർഗറ്റ് ഓഡിയൻസിനെ നിർവചിക്കുന്നതിലൂടെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഉൽപ്പന്നത്തെ ആർക്കു മുന്നിൽ, എങ്ങിനെ പൊസിഷൻ ചെയ്യണമെന്നതിൽ വ്യക്തമായ ധാരണ ഉടലെടുക്കുകയും ചെയ്യും.
എതിരാളികളെ പഠിക്കുക
വിപണിയിലേക്ക് ചാടിയിറങ്ങും മുമ്പ് ആരോടാണ് കളിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിയിരിക്കണം. എതിരാളികളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക. അവർ ഉൽപ്പന്നങ്ങളെ പൊസിഷൻ ചെയ്തിരിക്കുന്ന രീതികൾ മനസ്സിലാക്കുക. വിപണിയിലെ നിങ്ങളുടെ അവസരങ്ങളെക്കുറിച്ച് ധാരണ ലഭിക്കുവാൻ ഇതുവഴി സാധിക്കും.
ബ്രാൻഡിന്റെ വ്യക്തിത്വവും മൂല്യവും നിർവചിക്കുക
നിങ്ങളുടെ ടാർഗറ്റ് ഓഡിയൻസുമായി സമരസപ്പെടും വിധം ബ്രാനഡിന്റെ വ്യക്തിത്വവും മൂല്യവും ചിട്ടപ്പെടുത്തുക. കരുത്തരായ എതിരാളികളുള്ള സോപ്പ് വിപണിയിൽ മെഡിമിക്‌സ് ആയുർവേദ സോപ്പ് തങ്ങളെ പൊസിഷൻ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. പാരമ്പര്യത്തിൽ വേരുകളൂന്നിയ മൂല്യവത്തായ ഒരു വ്യക്തിത്വം സൃഷ്ടിക്കുവാൻ മെഡിമിക്‌സിന് കഴിഞ്ഞിരിക്കുന്നു. അതിഷ്ടപ്പെടുന്ന കസ്റ്റമേഴ്‌സിന്റെ വലിയൊരു വ്യൂഹം ആ ഉൽപ്പന്നം സ്ഥിരമായി ഉപയോഗിക്കുന്നു.
ഒരേ ശബ്ദത്തിൽ സംസാരിക്കുക
ഉൽപ്പന്നത്തെക്കുറിച്ച് എവിടെയൊക്കെ പറയുന്നുണ്ടോ അവിടെയൊക്കെ ഒരേ പോലെ വിവരങ്ങൾ കൈമാറുക. ടെലിവിഷൻ, പത്രം, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങിയ സംവിധാനങ്ങളിലൊക്കെ ഉൽപ്പന്നം ഒരേ രീതിയിൽ തന്നെ പൊസിഷൻ ചെയ്യുക. നിരന്തരമായി ഇത് കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളുടെ മനസ്സിൽ ഉലപ്പന്നത്തിന്റെ ഒരേപോലുള്ള ചിത്രം ഉടലെടുക്കണം.
ഉപഭോക്താക്കളുമായി വൈകാരിക ബന്ധം സ്ഥാപിക്കുക
വിവാഹത്തെ ആഘോഷമാക്കി മാറ്റുന്ന മലബാർ ഗോൾഡിന്റേയും കല്യാൺ സിൽക്‌സിന്റേയുമൊക്കെ പരസ്യങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. ഉപഭോക്താക്കളുമായി ഒരു വൈകാരിക ബന്ധം തുന്നിച്ചേർക്കാൻ ഇത്തരം വിവാഹ സംസ്‌കാരത്തെ അവർ ഉപയോഗിക്കുന്നു. വീട്ടിലെ ഊണ് എന്ന് ഹോട്ടലിനു പുറത്തെ ബോർഡിൽ കാണുമ്പോൾ തോന്നുന്ന ഒരു ഗൃഹാതുരത്വം പോലും ഇതിന് ഉദാഹരണമാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയും നടപ്പിലാക്കുകയും ചെയ്താൽ വിപണിയിലേക്ക് ഉൽപന്നത്തെ മികച്ച രീതിയിൽ പൊസിഷൻ ചെയ്യാൻ ചെറുകിടക്കാർക്കും സാധിക്കും.അതിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
- ഉൽപ്പന്നത്തെ പൊസിഷൻ ചെയ്യേണ്ട രീതി തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങളെ സഹായിക്കുവാൻ കഴിവുള്ള, നിങ്ങളുടെ ബജറ്റിനിണങ്ങുന്ന നല്ലൊരു ബ്രാൻഡ് ഏജൻസിയെ കണ്ടെത്തുക. അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു വേണം ബ്രാൻഡ് പൊസിഷനിംഗ് തീർച്ചപ്പെടുത്തേണ്ടത്.
- ചുരുങ്ങിയ ചെലവിൽ, ഫലപ്രദമായി നടപ്പിലാക്കുവാൻ സാധിക്കുന്ന ഒരു മാർക്കറ്റിംഗ് പ്ലാനും അതിനനുസരിച്ചുള്ള ബജറ്റും തയ്യാറാക്കുക.
- പരസ്യങ്ങൾക്കായുള്ള മീഡിയകൾ തിരഞ്ഞെടുക്കാം. എബൗവ് ദ ലൈൻ മാർക്കറ്റിംഗിനായി (Above the Line – ATL) ടെലിവിഷൻ, പ്രിന്റ്, റേഡിയോ എന്നിവയെ ആശ്രയിക്കാം. ബിലൊ ദ ലൈൻ മാർക്കറ്റിംഗിനായി (BTL) ഔട്ട്ഡോർ പബ്ലിസിറ്റി, സ്‌പോൺസർഷിപ്പ് ഇവന്റുകൾ, സോഷ്യൽ മീഡിയ എന്നിവ തിരഞ്ഞെടുക്കാം.
- ടാർഗറ്റ് ഓഡിയൻസുമായി നേരിട്ട് കണക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിലാവണം പരസ്യങ്ങൾ രൂപപ്പെടുത്തേണ്ടത്. ചെറുപ്പക്കാരെ ലക്ഷ്യം വെക്കുന്ന പരസ്യങ്ങളിൽ അവരുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കുന്ന വസ്ത്രങ്ങൾ, ശരീരഭാഷ, അവർ ഉപയോഗിക്കുന്ന സംസാര ഭാഷ, പരിസരം എന്നിവയൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ഉൽപ്പന്നത്തെ അതീവ ശ്രദ്ധയോടെ വേണം പൊസിഷൻ ചെയ്യാനെന്നർത്ഥം.
- ആധുനിക മാർക്കറ്റിംഗ് സാങ്കേതമായ ഡിജിറ്റൽ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തുക. യൂട്യൂബ് വീഡിയോകൾ, ഇൻസ്റ്റഗ്രാം/ഫേസ്ബുക്ക് റീലുകൾ, ഇൻഫ്‌ളുവൻസർമാർ എന്നിവയൊക്കെ ചെലവു കുറച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന പ്രൊമോഷണൽ മാർഗ്ഗങ്ങളാണ്.
- ബ്രാൻഡിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുവാനും കൂടുതൽ അവബോധം സൃഷ്ടിക്കുവാനും ടെലിവിഷൻ, പത്രം, മാഗസിനുകൾ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾക്ക് സാധിക്കും. പരസ്യങ്ങൾ മാത്രമല്ല ബ്രാൻഡിനെക്കുറിച്ചുള്ള ലേഖനങ്ങൾ, ഇന്റർവ്യൂ, പ്രൊഫൈൽ റൈറ്റപ്പ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം.
ഉപഭോക്താക്കളുടെ മനസ്സറിയുന്നവർക്ക് ഉൽപ്പന്നത്തെ കൃത്യമായി വിപണിയിൽ പൊസിഷൻ ചെയ്യാൻ സാധിക്കും. ആധുനിക മാർക്കറ്റിംഗ് സങ്കേതങ്ങളുടെ ആവിർഭാവത്തോടെ ചെറുകിടക്കാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങളെ മികച്ച രീതിയിൽ പൊസിഷൻ ചെയ്യാൻ കഴിയുമെന്ന സ്ഥിതി സംജാതമായിരിക്കുന്നു. സർഗ്ഗാത്മകമായി ചിന്തിക്കുക, നിങ്ങൾക്കും ഇത് സാധ്യമാകും.