വരൂ യൂട്യൂബിൽ സംരംഭം തുടങ്ങാം
ലോറൻസ് മാത്യു
സാമൂഹ്യ മാധ്യമങ്ങൾ അരങ്ങ് തകർക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിൽ പ്രമുഖമായതാണ് യൂട്യൂബ്. ഇന്ന് യു ട്യൂബിൽ നിരവധി വീഡിയോകൾ ലഭ്യമാണ്. വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഒരൊറ്റ ക്ലിക്കിൽ നമ്മുടെ കൈയിലെത്തുന്നതാണ് ഇന്നത്തെ കാലം. യൂട്യൂബിൽ വീഡിയോ ചെയ്യുന്നവരെ പൊതുവേ വ്‌ളോഗർ എന്നാണ് വിളിക്കുക. എന്നാൽ ഒരു ലേഡീസ് സ്റ്റോർ പോലെ, വിദ്യാഭ്യാസ സ്ഥാപനം പോലയൊക്കെ യൂ ട്യൂബ് വീഡിയോയെ കണക്കാക്കുവാൻ കഴിയും. അതായതും അത് ഒരു സംരംഭം ആണെന്നർത്ഥം. നിരവധി പേർക്ക് തൊഴിൽ നൽകുന്നിടമായി പലരും ഇന്ന് യൂട്യൂബിനെ മാറ്റിയിട്ടുണ്ട്. എന്നാൽ വെറുതെ ഒരു വീഡിയോ അപ് ലോഡ് ചെയ്യുന്നതിനപ്പുറം ഇത് ഒരു സംരംഭമായി വളർത്തുവാൻ കഴിയണമെങ്കിൽ സാങ്കേതികമായി നിരവധി കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇതിനെ ഒരു ദീർഘകാല നിക്ഷേപമായി കാണേണ്ടതുണ്ട്.
എന്താണ് യു ട്യൂബ്
എല്ലാവർക്കും അറിയാവുന്നത് പോലെ ഇതൊരു വീഡിയോ ഷെയറിങ്ങ് പ്ലാറ്റ് ഫോം ആണ്. 2005-ൽ ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അവരുടെ സ്വന്തം വിഡിയോകൾ അപ്ലോഡ് ചെയ്യാനും അവ നെറ്റ്വർക്കുകളിൽ പങ്കുവെക്കാനും സഹായിക്കുന്നു.2005 നവംബർ 14-ന്, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും ഉള്ള 3 വിദഗ്ധർ ആയ ജാവേദ് കാരിം, ചാഡ് ഹേളി (Chad Hurley), സ്റ്റീവ് ചാൻ (Steve chen) എന്നിവരാണ് You Tube സ്ഥാപിച്ചത്. ആദ്യം, You Tube ഒരു ദൃശ്യ പോർട്ടലായും, സോഷ്യൽ മീഡിയയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നില്ല. ‘Me at the zoo’എന്ന വീഡിയോ, 2005 ഏപ്രിൽ 23-ന് ജാവദ് കാരിം തന്റെ സെൽഫിയിൽ നിന്ന് അപ്ലോഡ് ചെയ്തിരുന്നു. ഇതാണ് You Tube ലുള്ള ആദ്യ വീഡിയോ. 2006-ൽ, Google You Tube നെ സ്വന്തമാക്കാനായി 1.65 ബില്യൺ ഡോളർ നിക്ഷേപിച്ച് വാങ്ങി. ഇതിന് ശേഷം, ഥീൗഠൗയല ഒരു വലിയ വികസനത്തിലേക്ക് വളർന്നു. 2007-ൽ, You Tube ‘Partner Program’ ആരംഭിച്ചു, ഇതിലൂടെ കലാകാരന്മാർ, വിഡിയോ നിർമ്മാതാക്കൾ, creators-കൾ, അവരുടെ വീഡിയോകളുടെ അഡ്മിനിസ്ട്രേഷൻ നടത്തുകയും, ആശയം പ്രചരിപ്പിക്കുകയും, കൂടാതെ ആദായം സമ്പാദിക്കുകയും ചെയ്യുവാൻ കഴിയും. 2008 ലാണ് You Tube HD വീഡിയോ അപ്ലോഡ് ചെയ്യുന്നതിനുള്ള പിന്തുണ തുടങ്ങിയത്.2010-ൽ You Tube 3D വീഡിയോകൾ ഏറ്റെടുക്കുന്നതിനുള്ള സവിശേഷതയും അവതരിപ്പിച്ചു. പിന്നീട് 2015-ൽ 4K വീഡിയോകളെ അപ്ലോഡ് ചെയ്യാനും പ്രക്ഷേപണം ചെയ്യാനും You Tube ൽ സാധ്യമായിരുന്നു.2015-ൽ, You Tube Music എന്ന പുതിയ ഓഡിയോ-സൗണ്ട് ആൻഡ് സ്ട്രീമിംഗ് സേവനം അവതരിപ്പിച്ചു. 2015-ൽ You Tube Red എന്ന പേരിൽ ഏറ്റവും പ്രാധാന്യമുള്ള പ്രീമിയം സേവനം ആരംഭിച്ചു. ഇതിൽ You Tube ലൂഡിംഗ് ഒഴിവാക്കാനും, ഉള്ളടക്കം ഉപഭോഗം നടത്താനുമുള്ള സവിശേഷതകൾ നൽകിയിട്ടുണ്ട്. 2017-ൽ, You Tube ആരംഭിച്ചു. ഇതിന് ഉപയോക്താക്കളെ തങ്ങളുടെ ടിവി ആപ്പ് വഴി വിവിധ ടിവി ചാനലുകൾ കാണാൻ അവസരം ലഭിക്കുന്നു. 2020-ൽ You Tube “Shorts”എന്ന പുതിയ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇത് Tik Tok പോലുള്ള ചെറിയ, 60 സെക്കൻഡ് വരെ വീഡിയോകളുടെ ഷെയറിംഗ് നൽകുന്ന സവിശേഷതയായി മാറി. You Tube ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ വീഡിയോ ഹോസ്റ്റിംഗും, 200 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സേവനമായി മാറി. ഇന്ന് 2 ബില്യണിലധികം സജീവ ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് പ്രവർത്തിക്കുന്നത്. ഇന്നിപ്പോൾ പ്രതിമാസം 20 ബില്യണിലധികം വീഡിയോ വ്യൂസ് ഉണ്ട്.
എങ്ങനെയൊക്കെ
സത്യത്തിൽ യൂ ട്യൂബിൽ നിന്ന് പല രീതിയിൽ വരുമാനം ഉണ്ടാക്കുവാൻ കഴിയും. വെറുതെ വീഡിയോ അപ് ലോഡ് ചെയ്ത് പരസ്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനപ്പുറം പല വിധത്തിലുള്ള ഉല്പ്പന്നങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ സ്റ്റോറാക്കി ഇതിനെ മാറ്റുവാൻ കഴിയും.നമ്മുടേത് മാത്രമല്ല മറ്റുള്ളവരുടെ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ച് വിൽക്കുവാനും അർഹമായ കമ്മീഷൻ വാങ്ങുവാനും കഴിയും. ഇങ്ങനെ നിരവധിയായ മാർഗ്ഗങ്ങളുണ്ട് യു ട്യൂബിനെ ഒരു സംരംഭമായി വളർത്തിയെടുക്കുവാൻ.
എങ്ങനെ സംരംഭമാക്കി മാറ്റാം
യൂട്യൂബിനെ ഒരു സംരംഭമാക്കി മാറ്റുവാൻ അതിൽ വീഡിയോ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ യൂട്യൂബ് വീഡിയോകളുടെ ചരിത്രമെടുത്താൽ തുടങ്ങിയവയിൽ 98 ശതമാനവും പൂട്ടിപ്പോകുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു റിസേർച്ച് മൈൻഡ് ഉള്ളവരായിരിക്കണം നല്ലയൊരു യു ടൂബ് സംരംഭകൻ. തങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് വായിക്കുയും പഠിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. വീഡിയോ കാണുന്ന ആളുകളുടെ മൈൻഡ് സെറ്റ് പഠിക്കുന്നതും പ്രധാനപ്പെട്ടതാണ്.
ഒരു ജി മെയിൽ അക്കൗണ്ട് ഉള്ള ആർക്കും വളരെ ലളിതമായി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുവാൻ കഴിയും. എല്ലാ ജി മെയിലിലും ഒരുപാട് വിഭവങ്ങളുണ്ട്. ജി മെയിലിൽ ഉള്ള യൂട്യൂബിന്റെ സിമ്പലിൽ ക്ലിക്ക് ചെയ്ത് നമ്മുടെ മൊബൈലിലോ, കമ്പ്യൂട്ടറിലോ ഒക്കെ തയ്യാറാക്കി വെച്ചിരിക്കുന്ന വീഡിയോ അപ് ലോഡ് ചെയ്യുവാൻ കഴിയും. അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് വീഡിയോയുടെ ടൈറ്റിൽ, ഡിസ്‌ക്രിപ്ഷൻ, തമ്പ് നെയിൽ എന്നിവ നൽകേണ്ടതുണ്ട്. ആളുകൾ വീഡിയോ കാണുവാൻ തിരഞ്ഞെടുക്കുന്നതിന്റെ കാരണം രണ്ടാണ്. ഒന്ന് ടൈറ്റിലും രണ്ട് തമ്പ് നെയിലും. ഇത് രണ്ടിനുമായി അൽപ്പം സമയം ചിലവഴിക്കേണ്ടതുണ്ട്. അതിന് മുന്നേ തന്നെ നമ്മുടെ വീഡിയോകളുടെ ഒരു പ്ലേ ലിസ്റ്റ് ഉണ്ടാക്കേണ്ടതുണ്ട്. കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച വീഡിയോ ആണോ അതോ മുതിർന്നവർക്ക് വേണ്ടിയുള്ള വീഡിയോ ആണോ എന്നൊരു ഓപ്ഷൻ അതിലുണ്ട്. കാരണം 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള വീഡിയോ ആണെങ്കിൽ അവർക്ക് കാണുവാൻ കഴിയുന്ന പരസ്യങ്ങൾ മാത്രമേ അതിലിടുവാൻ കഴിയുകയുള്ളു. പിന്നീട് പെയ്ഡ് പ്രൊമോഷൻ ആണോ അല്ലയോ എന്നയൊരു ചോദ്യമുണ്ട്. സ്ഥാപനങ്ങൾക്കായും മറ്റും വീഡിയോ ചെയ്യുന്നതിനാണ് പെയ്ഡ് പ്രൊമോഷൻ എന്ന് പറയുന്നത്. അങ്ങനെ ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതുണ്ട്. പിന്നീടുള്ള നിർണ്ണായകമായ ഒരു ചോദ്യം ടാഗ് ആണ്. അതായത് നാം ഉദ്ദേശിക്കുന്ന കണ്ടന്റുുമായി ബന്ധപ്പെട്ട് ആളുകൾ തിരയുവാൻ സാധ്യതയുള്ള വാക്കുകൾ കൊടുക്കുന്നതാണ് ഇത്. ഇത് ഗൂഗിളിൽ നിന്ന് റാപ്പിഡ് ടാഗ്‌സ് ഫോർ യു ട്യൂബിൽ നിന്ന് എടുക്കുവാൻ കഴിയും. അതിൽ നിർബന്ധമായും നമ്മുടെ പേരും, ചാനലിന്റെ പേരും നൽകിയിരിക്കണം. അടുത്തതായി വീഡിയോയുടെ ഡിസ്‌ക്രിപ്ഷൻ ആണ്. എന്താണ് ആ വീഡിയോയിൽ ഉള്ളതെന്ന് ദ്യോതിപ്പിക്കുന്ന ഒന്നായിരിക്കണം ഡിസ്‌ക്രിപ്ഷൻ. ഇതൊരിക്കലും തെറ്റിദ്ധരിപ്പിക്കുന്നയൊന്നാവരുത്. Allow Emadi എന്നൊരു ലിങ്ക് ക്ലിക്ക് ചെയ്തിരിക്കണം. എങ്കിൽ മാത്രമേ മറ്റുള്ളവരുടെ സൈറ്റുകളിൽ നമ്മുടെ വീഡിയോ ആർക്കെങ്കിലും ലിങ്ക് കൊടുക്കണമെങ്കിൽ അത് ചെയ്യുവാൻ കഴിയു.
കമ്യൂണിറ്റി ഗൈഡ് ലൈൻ
മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെപ്പോലെയല്ല യൂട്യൂബിന് കൃത്യമായ ഗൈഡ് ലൈനുകളുണ്ട്. ഉദാഹരണമായി ആത്മഹത്യ, ലഹരി തുടങ്ങിയവയൊക്കെ മഹത്വവൽക്കരിക്കുന്ന വീഡിയോ ചെയ്യുവാൻ പാടുള്ളതല്ല. ലോകത്തിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന യു ട്യൂബർമാരിൽ ഒരാളായ ലോകൻ പോൾ ഒരിക്കൽ തന്റെ വീഡിയോയിൽ ജപ്പാനിൽ ആൾക്കാർ ആത്മഹത്യ ചെയ്യുവാൻ പോകുന്ന ഒരു വനത്തെപ്പറ്റി പരാമർശിക്കുകയുണ്ടായി. ഒപ്പം അതിന്റെ ഫോട്ടോയും കാണിച്ചു. യൂട്യൂബ് അദ്ദേഹത്തെ ഒരു വർഷത്തേക്ക് ബാൻ ചെയ്യുകയുണ്ടായി. വിദ്വേഷം പ്രചരിപ്പിക്കുന്നവ, വയലൻസ് പ്രോത്സാഹിപ്പിക്കുന്നവ തുടങ്ങിയവയൊക്കെ വീഡിയോ ആയി ചെയ്യുവാൻ പാടുള്ളതല്ല.
തമ്പ് നെയിൽ എങ്ങനെ
തമ്പ് നെയിലിന്റെ മൂന്നിലൊന്ന് നമ്മുടെ മുഖം ആകുന്നതാണ് ഉത്തമം. അതായത് നമ്മുടെ മുഖം ആളുകളുടെ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട്. അതിനാലാണ് ഇത്. പിറകിൽ ഒരു പടവും മുന്നിൽ ഒരു ടെക്സ്റ്റും വരികയെന്നതാണ് ഇനി ചെയ്യേണ്ടത്. ഈ ടെക്സ്റ്റിന് ഒരു കളർ കോമ്പിനേഷൻ നിർബന്ധമാണ്. ആളുകളുടെ മനസ്സിൽ എളുപ്പത്തിൽ കയറുവാൻ കഴിയുന്നയൊന്ന്. പല യൂ ട്യൂബുകളും ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കുവാൻ കഴിയും.
മോണിറ്റൈസേഷൻ
യൂട്യൂബിൽ നമ്മൾ വീഡിയോ ഇടുമ്പോൾ അത് അതിൽ പരസ്യങ്ങൾ അനുവദിക്കുന്നുണ്ട്. ഈ പരസ്യങ്ങൾക്ക് യു ട്യൂബിന് കിട്ടുന്ന വരുമാനം അത് ചാനൽ ഉടമകളുമായി പങ്ക് വെക്കാറുണ്ട്. ഇതാണ് മോണിറ്റൈസേഷൻ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെ മോണിറ്റൈസേഷന് യൂട്യൂബിന് ചില പോളിസികളുണ്ട്. അതിലൊന്ന് ഒരു വർഷം കൊണ്ട് ഒരു വീഡിയോയ്ക്ക് 4000 കാഴ്ചക്കാർ ഉണ്ടാവുക എന്നതാണ്. രണ്ടാമത്തേത് അതിന് 1000 സബ്‌സ്‌ക്രൈബർമാർ വേണം എന്നതും. ഇത് രണ്ടും പാലിക്കപ്പെട്ടാൽ യൂട്യൂബിന്റെ പാർട്ണർ ആകുവാൻ യോഗ്യരായി എന്നർത്ഥം. അങ്ങനെ പാർട്ണർമാരായവർക്ക് തങ്ങളുടെ വീഡിയോയിൽ പരസ്യം വെക്കുവാൻ കഴിയും. എത്ര മിനിറ്റ് കൂടുമ്പോൾ പരസ്യം വെക്കണമെന്നത് നമുക്ക് തീരുമാനിക്കുവാൻ കഴിയും. നമ്മൾ അങ്ങനെ ചെയ്താലും എപ്പോഴൊക്കെ പരസ്യം വെക്കണമെന്നും ഏത് പരസ്യം വേണമൊന്നൊക്കെ തീരുമാനിക്കുന്നത് യൂട്യൂബാണ്. എന്നാൽ അതിന് മുന്നേ വീഡിയോയിലെ ഭാഷ,കണ്ടന്റ് എന്നിവയൊക്കെ നാം സർട്ടിഫൈ ചെയ്യേണ്ടതാണ്. കാരണം പരസ്യ ദാതാക്കൾക്ക് തങ്ങളുടെ പരസ്യം ഏതൊക്കെ തരം വീഡിയോയിൽ ഇടണമെന്ന് നിഷ്‌കർഷയുണ്ടാകും. ഉദാഹരണമായി കേരളത്തിലെ ഭീമ ജൂവലേഴ്‌സ് അങ്ങനെയുള്ളയൊരു സ്ഥാപനമാണ്. സഭ്യമായ, സത്യസന്ധമായ വീഡിയോകളിൽ മാത്രമേ തങ്ങളുടെ പരസ്യം വരുവാൻ അവർ സമ്മതിക്കുകയുള്ളു. ഇങ്ങനെ പരസ്യം നൽകിയാൽ ആ പരസ്യ ദാതാവിൽ നിന്ന് ലഭിക്കുന്ന ഓരോ നൂറു രൂപക്കും 55 രൂപ യൂ ട്യൂബ് നമുക്ക് നൽകുന്നതായിരിക്കും. ഓരോ വീഡിയോയ്ക്കും എത്ര രൂപ നമുക്ക് വരുമാനം കിട്ടിയെന്ന ഒരു സ്റ്റാറ്റിസ്റ്റിക്‌സുമൊക്കെ നമുക്ക് ഇവിടെ കാണുവാൻ കഴിയും. സബ്‌സ്‌ക്രൈബ് ചെയ്തവരെല്ലാം തന്നെ വീഡിയോ കാണണമെന്ന് നിർബന്ധമില്ല. ഒരു പക്ഷേ സബ്‌സക്രൈബേഴ്‌സിനേക്കാൾ കൂടുതലാവാം കാഴ്ചക്കാരുടെ എണ്ണം. അത് പോലെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരേ വീഡിയോയിൽ നിന്ന് തന്നെ വരുമാനം ലഭിക്കുന്ന അവസ്ഥയുണ്ടായിയെന്നും വരാം.
ആരൊക്കെ കാണണം
നമ്മൾ അപ് ലോഡ് ചെയ്യുന്ന വീഡിയോകൾ ആരൊക്കെ കാണണമെന്ന് നമുക്ക് തീരുമാനിക്കുവാൻ കഴിയും. 3 ഓപ്ഷനുകളാണ് ഇവിടെയുള്ളത്. പ്രൈവറ്റ്, അൺ ലിസ്റ്റ്, പബ്ലിക്ക് എന്നിങ്ങനെയാണവ. പ്രൈവറ്റ് എന്നാൽ തികച്ചും സ്വകാര്യമായ വീഡിയോ ആയിരിക്കും അത്. അൺലിസ്റ്റ് എന്നാൽ നമ്മളുമായി കണക്ട് ചെയ്തവർക്ക് ആ വീഡിയോ വരുന്ന കാര്യം അറിയുവാൻ കഴിയും. പബ്ലിക് എന്നാൽ വീഡിയോ ഇടുന്ന സമയം തന്നെ എല്ലാവർക്കും കാണുവാൻ കഴിയും. ഇത് കൂടാതെ ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ എപ്പോൾ മുതൽ ആൾക്കാർ കാണണമെന്ന കാര്യം നമുക്ക് തീരുമാനിക്കുവാൻ കഴിയും.
എപ്പോൾ അപ് ലോഡ് ചെയ്യണം
ഒരു യൂ ട്യൂബ് വീഡിയോ എപ്പോൾ വേണമെങ്കിലും അപ് ലോഡ് ചെയ്യുവാൻ കഴിയുമെങ്കിലും ഒരു സംരംഭമായി വളർത്തിയെടുക്കുവാൻ ആഗ്രഹിക്കുന്നവർ റെഗുലർ ആയി വീഡിയോ അപ് ലോഡ് ചെയ്യുവാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എന്നാൽ സബ്‌സ്‌ക്രൈബേഴ്‌സ് ആക്ടീവ് ആയിരിക്കുന്ന സമയം യു ട്യൂബിൽ നിന്ന് തന്നെ അറിയുവാൻ കഴിയുന്നതിനാൽ കൂടുതൽ കാഴ്ചക്കാരുള്ള സമയം വീഡിയോ അപ് ലോഡ് ചെയ്യുവാൻ കഴിയും.
കമന്റുകൾ നിയന്ത്രിക്കാം
വീഡിയോയ്ക്ക് പല തരത്തിലുള്ള കമന്റുകൾ വരും. അതിൽ മോശം കമന്റുകൾ മുന്നേ കണ്ട് തന്നെ നമുക്ക് അത് തടയുവാൻ കഴിയുവാൻ ഇതിൽ സൗകര്യമുണ്ട്. ഒപ്പം മോശം കമന്റുകൾ ഇടുന്ന ആളുകളെ നമുക്ക് ബ്ലോക്ക് ചെയ്യുവാൻ കഴിയും.
വരുമാനം ഗൂഗിൾ ആഡ് സെൻസ് വഴി
ഗൂഗിൾ ആഡ് സെൻസ് വഴിയാണ് നമുക്ക് വരുമാനം കിട്ടുന്നത്. അതിനായി ആഡ് സെൻസിൽ ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്. ഒരു മാസം ആഡ് സെൻസിൽ 100 ഡോളർ ആകുമ്പോൾ ആണ് വരുമാനം നമുക്ക് ലഭിക്കുന്നത്. പാൻ കാർഡും ഇതിനായി ആവശ്യമുണ്ട്.
പ്രമോഷൻ എങ്ങനെ
![](/wp-content/uploads/2025/02/youtube-3-300x175.jpg)
യാത്ര ആകാം, പാചകം ആകാം, വിദ്യാഭ്യാസ സംബന്ധമായ വിഷയമാകാം, വ്യവസായം ആകാം, അങ്ങനെ നമുക്ക് ആത്മവിശ്വാസമുള്ള ഏതൊരു വിഷയവും യൂ ട്യൂബിന് വിഷയമാക്കി മാറ്റാം. സാധാരണക്കാർ പലരും വ്യത്യസ്ത വിഷയങ്ങളുമായി വന്ന് ഉയർന്ന വരുമാനക്കാരായി മാറിയ ചരിത്രമാണ് യൂ ട്യൂബിനുള്ളത്. ആയതിനാൽ പൊതു പ്രയോജനമുള്ള വിഷയങ്ങൾ കൈയ്യിലുള്ള, അത് വ്യത്യസ്തമായി അവതരിപ്പിക്കുവാൻ കഴിയുന്ന ആർക്കും ഈ പ്ലാറ്റ് ഫോമിൽ വന്ന് സംരംഭകരാകുവാൻ കഴിയുന്നതാണ്.