വയനാടിനെ അറിഞ്ഞ സാമൂഹ്യ സംരംഭക (സൈൻ വുമൺ വിംഗിന്റെ സംരംഭകത്വ വിജയഗാഥ)
ആഷിക്ക്. കെ.പി
സഹ്യന്റെ മടിത്തട്ടിൽ ഒരു ഇളം പൈതലിനെ പോലെ കിടക്കുന്ന മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി ഭംഗി കനിഞ്ഞരുളിയ പ്രദേശമാണ് വയനാട്. കേരളത്തിന്റെ സ്വാഭാവിക വനപ്രദേശങ്ങളിൽ മുഖ്യപങ്കും വയനാടിന് ഉള്ളതാണ്. ആദിവാസി, ഗോത്ര, പട്ടികജാതി വിഭാഗങ്ങളും സാധാരണക്കാരായ മറ്റു വിഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് വയനാടിന്റെ ജനസംഖ്യ. വമ്പൻ ടി എസ്റ്റേറ്റുകളും റിസോർട്ടുകളും മാറ്റി നിർത്തിയാൽ പൊതുവേ വയനാട് ഇപ്പോഴും ചെറുകിട കുടിൽ വ്യവസായ മേഖലകളിലും സംരംഭകത്വത്തിലും ഏറെ പിന്നോക്ക അവസ്ഥയിലാണ്. കേന്ദ്ര- കേരള സർക്കാരുകൾ ഒട്ടേറെ പദ്ധതികളിലൂടെ വയനാടിന്റെ പുരോഗതിക്കും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നുണ്ട്. വയനാട് ജില്ലാ വ്യവസായ കേന്ദ്രം വലിയ രീതിയിൽ സംരംഭകത്വ പരിശീലന പരിപാടികൾ നൽകിവരുന്ന ഒരു സ്ഥാപനമാണ്. സ്ത്രീ സംരംഭകരെ സംബന്ധിച്ചിടത്തോളം ഈയിടെയായി വലിയ മുന്നേറ്റമാണ് ഈ പ്രദേശത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും വയനാടൻ തനിമയിൽ ഉണ്ടാക്കിയെടുത്ത് വിപണനം ചെയ്യുന്ന ധാരാളം സംരംഭകർ ഇന്ന് വയനാട്ടിൽ ഉണ്ട്.
വയനാട്ടിലെ തന്നെ ഏറെ പിന്നോക്കം നിൽക്കുന്ന മാനന്തവാടി മേഖലയിൽ ധാരാളം സ്ത്രീകൾ ജോലിയില്ലാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്നുണ്ട്. സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിക്കാത്ത ഒട്ടേറെ കുടുംബങ്ങൾ ഇവിടെയുണ്ട്. ദൈനംദിന ജീവിത ഉപാധിക്ക് വേണ്ടി കുടുംബ നാഥനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് മിക്ക കുടുംബാംഗങ്ങളും. അതുകൊണ്ടുതന്നെ തുച്ഛമായ വരുമാനം മാത്രമേ അവർക്കുള്ളൂ. ആരോഗ്യവും കഴിവും ഉണ്ടെങ്കിലും സാമ്പത്തിക പ്രാരാബ്ധങ്ങൾ കൊണ്ടോ കൃത്യമായ സംരംഭകത്വ വിദ്യാഭ്യാസത്തിൻറെ പോരായ്മ കൊണ്ടോ പരിശീലനങ്ങളുടെ അഭാവം കൊണ്ടോ ഭക്ഷ്യ വിഭവങ്ങളാലും സുഗന്ധ വ്യഞ്ജനങ്ങളാലും അനുഗ്രഹീതമായ ഈ പ്രദേശത്ത് സംരംഭകത്വത്തിന് ഒട്ടേറെ അവസരങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ഇവിടെ അത്രയേറെ കണ്ടുവരുന്നില്ല. ഒരു ഭാഗത്ത് കഴിവും നൈപുണികളുമുള്ള സ്ത്രീകളും മറുഭാഗത്ത് പ്രകൃതിദത്തമായ ഒട്ടേറെ അസംസ്കൃത വസ്തുക്കളും സംരംഭകത്വ സാഹചര്യങ്ങളും ഇവിടെയുണ്ട്. ഇതിനെ സംയോജിപ്പിക്കുക എന്ന ഒരു ലക്ഷ്യമാണ് ഖദീജ എന്ന സാമൂഹ്യ സംരംഭക തന്റെ ജീവിത ലക്ഷ്യമായി തിരഞ്ഞെടുത്തത്. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തുകയും അവർക്ക് കൃത്യമായ പ്രചോദനങ്ങളും ശേഷം പരിശീലനങ്ങളും നൽകി അവരെ ചെറിയ സംഘങ്ങളാക്കി മാറ്റി ഉൽപാദനവും വിൽപ്പനയും ശാസ്ത്രീയമായി നടത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് 400 ലേറെ സ്ത്രീകൾക്ക് ജീവിത മാർഗം ഉണ്ടാക്കി കൊടുക്കാൻ രണ്ടര വർഷത്തിനുള്ളിൽ കഴിഞ്ഞു എന്നതാണ് ഖദീജയുടെ സംരംഭകത്വ വിജയഗാഥ. കൂളിവയൽ പ്രദേശത്തും പരിസരത്തും താമസിക്കുന്ന ഇത്തരം ആളുകളെ കൂട്ടു ചേർത്ത് ഓരോ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ആക്കി മാറ്റി അവർക്ക് കൃത്യമായ പരിശീലനവും അവസരങ്ങളും നൽകി അവരെ ആത്മവിശ്വാസം ഉള്ള ചെറുകിട കുടിൽ സംരംഭകരാക്കി മാറ്റിയാൽ അത് തുടങ്ങുന്ന ആൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്ക് കൂടി പ്രചോദനമാവുകയും അത് മികച്ച വരുമാനവും തൊഴിലും നൽകുകയും ചെയ്യുമെന്ന തോന്നലിലാണ് ഖദീജ മറ്റാരുടെയും സഹായങ്ങൾ ഒന്നും ഇല്ലാതെ സാമൂഹ്യ സംരംഭകത്വം എന്ന കർത്തവ്യം ഏറ്റെടുത്തത്.
സാമൂഹ്യ സംരംഭകത്വം എന്തെന്നും സാമൂഹ്യ സംരംഭക പ്രവർത്തനങ്ങൾ എന്തൊക്കെയെന്നും ശാസ്ത്രീയമായും മറ്റും പഠിക്കാതെ തന്റെ കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ഗ്രാമീണരായ, നിർധനരായ ഓരോ കുടുംബത്തിലെയും സ്ത്രീകളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ ഏതൊക്കെയാണ് എന്ന് ചർച്ച ചെയ്തു ആ പ്രശ്നങ്ങൾ പരിഹരിക്കുകയും ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ തന്നെ ഒരു കൊച്ചു സമ്പാദ്യം എങ്ങനെ സ്വന്തം കഴിവ് കൊണ്ട് ഒന്നുകിൽ അവരുടെ വീട്ടിൽ വച്ചോ അല്ലെങ്കിൽ അത്തരത്തിലുള്ള രണ്ടോമൂന്നോ സ്തീകളുടെ ഒരു സംഘമായോ ഉണ്ടാക്കാമെന്ന് ചർച്ച ചെയ്തു കൊച്ചു സംരംഭങ്ങൾ സൃഷ്ടിച്ച് അതിലൂടെ ഒട്ടേറെ നിർധനരായ സ്തീകൾക്ക് ജീവിതമാർഗ്ഗം കാണിച്ച് മുന്നേറുന്ന ഒരു സാമൂഹ്യ സംരംഭകയാണ് ഖദീജ എന്ന ഈ കുളിവയൽകാരി.
കോവിഡുകാലത്തെ തുടക്കം
സമസ്ത മേഖലകളും സ്തംഭിച്ചു നിന്ന കോവിഡ് കാലഘട്ടം വയനാടിനെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിന്റെയും വറുതിയുടെയും കാലഘട്ടമായിരുന്നു. മനുഷ്യജീവിതം നിരാലംബമായി നിന്ന കോവിഡ് കാലങ്ങളിൽ ജീവിതമേഖലകളിൽ എങ്ങനെ വെളിച്ചം പകരാം എന്നതായിരുന്നു ഖദീജയുടെ ചിന്ത. സാമൂഹ്യ മേഖലകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന തൻറെ ഭർത്താവ് റാഷിദ് ഗസാലി ഉണ്ടാക്കിയ സൈൻ എന്ന സർക്കാരേതര ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ സൈൻ വിമൻസ് വിംഗ് എന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കിടയിൽ നിരവധി സാധ്യതകൾ പരിചയപ്പെടുത്തി അത് സാധ്യമാകും വിധം പരിശീലനം നടത്താൻ ശ്രമം ആരംഭിക്കുകയും ചെയ്തു. സംരംഭകത്വ പരിശീലന മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വങ്ങളെ കൂട്ടുപിടിച്ച് അവരുടെ സഹായത്തോടെ ഈ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഓൺലൈൻ പരിശീലനങ്ങൾ ചെയ്യുകയായിരുന്നു ഒന്നാം ഘട്ടം. പ്രതീക്ഷിക്കാത്ത സ്വീകാര്യതയായിരുന്നു കിട്ടിയത്. പല പരിശീലനങ്ങളും കൂട്ടായ്മയിലെ അംഗങ്ങൾക്ക് പുത്തൻ അനുഭവങ്ങളും പ്രചോദനങ്ങളുമായി. എന്തെങ്കിലും ഒന്ന് തങ്ങളുടേതായി ചെയ്യണമെന്ന് അവരെക്കൊണ്ട് തന്നെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് ഈ പരിശീലന പരിപാടികൾ എളുപ്പത്തിൽ മാറി. അതിജീവനത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ശക്തിയായി മാറാൻ തയ്യാറായവർ. പിന്നീട് എങ്ങനെ അത്തരം ട്രെയിനിങ് ക്ലാസുകൾ ഉപയോഗിച്ചുകൊണ്ട് അവരുടെ നൈപുണികൾ മനസ്സിലാക്കാമെന്നും അത്തരം നൈപുണികളെ എങ്ങനെ സംരംഭം ആക്കി മാറ്റാമെന്നും കൂടിയാലോചനകൾ നടന്നു. അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ യൂനിറ്റുകളാക്കി അംഗങ്ങളെ തരം തിരിച്ചു. തുടർന്ന് ഭക്ഷ്യ വിഭവങ്ങളുടെ ഉൽപാദനം ടൈലറിംഗ്, സുഗന്ധ വ്യഞ്ജനങ്ങളുടെ ശേഖരണം, പാക്കിംഗ് തുടങ്ങിയ മേഖലകളിൽ ചെറുകിട യൂണിറ്റുകൾ ഉണ്ടാക്കി അവയുടെ ആഭിമുഖ്യത്തിൽ ഉത്പാദനവും വിൽപനയും നടത്തുവാൻ തീരുമാനിച്ചു. സ്വന്തമായി ഉൽപാദനവും വിൽപനയും സമ്പാദ്യവും എന്ന രീതി.
സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്പ് എന്ന സ്ഥാപനത്തിൽ അക്കാദമിക് കോഡിനേറ്റർ ആയി കൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഖദീജയ്ക്ക് അവിടെയുള്ള സഹപ്രവർത്തകരുടെ സഹായവും പിന്തുണയും ഈ പ്രവർത്തനത്തിന് ഏറെ അനുകൂലമായി. സംരംഭകത്വ മേഖലകളിലും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കിടയിലും വിദ്യാഭ്യാസം പ്രത്യേകിച്ച് അനൗപപചാരിക വിദ്യാഭ്യാസം നൽകുവാനും അവരെ മുഖ്യധാരയിൽ എത്തിക്കാനും അത്തരം കൂട്ടായ്മകളെയും ഈ സംരംഭകത്വ പരിപാടിയുടെ ഭാഗമാക്കി മാറ്റാനും എളുപ്പത്തിൽ കഴിഞ്ഞു.
രണ്ട് വർഷം കൊണ്ട് തന്നെ ഒട്ടേറെ കുടുംബങ്ങൾക്ക് ചെറിയ വരുമാനത്തോടെ ജീവിക്കാനും മുന്നേറാനും ഈ കൂട്ടായ്മയിലൂടെ കഴിഞ്ഞു. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ കൊട്ടിഘോഷങ്ങളോ ഇല്ലാത്ത കൂട്ടായ പ്രവർത്തനം. സൈൻ വിമൻസ് വിങ്ങിന് കീഴിൽ സബ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിലും ഉത്പാദനം വിപണനം എന്നിവയിൽ പരിശീലനം നൽകി സെയിൽസ് ഗ്രൂപ്പിലൂടെ ഓരോ സംഘങ്ങളും ഉണ്ടാക്കുന്ന നാടൻ ഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വില്പന നടത്തുന്ന രീതിയിലേക്ക് സൈൻ വിമൻസ് വിങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറ്റാൻ കഴിഞ്ഞു എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ വിജയം. 400 ഓളം സ്ത്രീകൾക്ക് ഇത്തരത്തിൽ ജീവിതമാർഗം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു എന്നാണ് അഭിമാനത്തോടെ ഖദീജ പറയുന്നത്. ഗുണഭോക്താവ് തന്നെ സംരംഭകരായും സംരംഭകർ ഗുണഭോക്താക്കൾ ആയി മാറുകയും ചെയ്യുന്ന സഹകരണ തത്വ മൂല്യങ്ങളാണ് സൈൻ വനിതാ സംരംഭകത്വ വികസന പരിപാടിയുടെ മുദ്രാവാക്യം. ഇതിനുപുറമേ ഒട്ടേറെ പരിശീലന പരിപാടികളും ട്രെയിനർമാരെ ഉണ്ടാക്കുന്ന പരീശീലന പരിപാടികളും അനുബന്ധമായി നടത്തിക്കൊണ്ടിരിക്കുന്നു.
ബേക്കിംഗ് മേഖല
ബേക്കിംഗ് മേഖലകളിൽ തന്നെ സ്ത്രീകളുടെ ഇടയിൽ വമ്പിച്ച മുന്നേറ്റമാണ് ഈ സാമൂഹ്യ സംരംഭകത്വം ഗ്രൂപ്പിലൂടെ നടത്താൻ കഴിഞ്ഞത്. രുചികരവും വൈവിധ്യങ്ങളുമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്ധരായ ഗ്രൂപ്പംഗങ്ങൾ വിജയത്തിന് ആക്കം കൂട്ടി. ബേക്കിങ്ങിനു ശേഷം കൃത്യമായ പരിശീലനം നൽകി ഗ്രൂപ്പ് അംഗങ്ങൾക്ക് മാർക്കറ്റിംഗ് ആൻഡ് സെയിൽ പരിശീലനം നൽകി അവർക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തി.
വൈവിധ്യമാർന്ന സ്റ്റിച്ചിംഗ് മേഖല
അതേപോലെതന്നെ സ്റ്റിച്ചിംഗ് മേഖലയിലും ഒട്ടേറെ സ്ത്രീകൾക്ക് പരിശീലനം നൽകുകയും അവരെക്കൊണ്ട് വസ്ത്രങ്ങൾ തൈപ്പിച്ച് അത് ഒരുമിച്ച് വിൽക്കാനുള്ള യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്തു. ഓരോ സ്റ്റിച്ചിങ് യൂണിറ്റുകളിലും നാല്, അഞ്ച് സ്ത്രീകൾ പ്രവർത്തിക്കുന്നു. ബിസിനസ് ട്രീ എന്നോ ഡൈവേഴ്സിഫിക്കേഷൻ എന്നോ ഉള്ള ബിസിനസ് മാനേജ്മെന്റ് തന്ത്രങ്ങൾ ഇല്ലാതെ ബിസിനസ് ട്രീ മോഡൽ കൃത്യമായി നടപ്പിലാക്കി തന്റെ സഹ സംരംഭകരെ വളർത്തിയെടുക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് അത്ഭുതകരമായ ഒരു സംരംഭകത്വ മോഡലായി കാണാവുന്നതാണ്.
ഏതൊരു വിജയിച്ച പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇത് തിരിച്ചും സംഭവിക്കാം എന്നതാണ് ഖദീജ നമ്മളെ കാണിച്ചു തരുന്നത്. വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹ്യ സേവകൻ തുടങ്ങി നിരവധി മേഖലകളിൽ ചരിത്രം സൃഷ്ടിച്ച റാഷിദ് ഗസ്സാലി എന്ന പ്രഭാഷകന്റെ സഹധർമ്മിണിയായ ഖദീജ വിവാഹം കഴിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസമേ പൂർത്തിയാക്കിയിരുന്നുള്ളൂ. ചെറുപ്പത്തിലെ വിവാഹിതയായ ഖദീജ എല്ലാവരെയും പോലെ വെറുതെ വീട്ടിലിരുന്നില്ല. ഭർത്താവിന്റെ അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ കാർഷിക പ്രവർത്തനങ്ങൾ നോക്കി മനസ്സിലാക്കുകയും കാർഷിക ഉത്പന്നങ്ങൾ വൈവിധ്യമാർന്ന തരത്തിൽ എങ്ങനെയൊക്കെ ഉണ്ടാക്കാമെന്ന് മനസ്സിലാക്കുകയും ചെയ്തു. കൃഷിക്കാരനും കാർഷിക വിഭവങ്ങൾ കൊണ്ട് എത്രയോ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്ന് വീട്ടിലിരുന്ന് പരീക്ഷിക്കുകയും ചെയ്ത അദ്ദേഹവുമായി സംസാരിച്ചപ്പോൾ ചക്ക കൊണ്ട് മാത്രം ഉണ്ടാക്കുന്ന ഒട്ടേറെ വിഭവങ്ങൾ ഉണ്ടെന്നും താല്പര്യമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഉണ്ടാക്കി നോക്കാം എന്ന പ്രചോദനാത്മകമായ മറുപടിയുമാണ് ലഭിച്ചത്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാനും സമൂഹത്തിനിടയിൽ അത് വിതരണം ചെയ്യാനും ഉള്ള അദ്ദേഹത്തിന്റെ താൽപര്യവും പ്രചോദനവുമാണ് തന്റെ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് പ്രധാന കാരണമായത് എന്നാണ് ബിരുദാനന്തര ബിരുദധാരി കൂടിയായ ഖദീജ പറയുന്നത്. അധ്യാപികയാവാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഖദീജ എം എ ഇംഗ്ലീഷ്, എം.എ സൈക്കോളജി, ബി.എഡ് എന്നി ബിരുദങ്ങളും കരസ്ഥമാക്കിയിരുന്നു. താൻ നിൽക്കുന്ന സമൂഹത്തിനെയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനുമാണ് ഖദീജ നിശ്ശബ്ദമായി പ്രവർത്തിച്ചത്. ചുറ്റും താമസിക്കുന്ന സ്ത്രീകളുടെ ദാരിദ്ര്യവും കുടുംബ പ്രശ്നങ്ങളും അവരെ അവരുടെ ഇടയിൽ തന്നെ പ്രവർത്തിക്കണം എന്നുള്ള ഒരു ഉറച്ച തീരുമാനത്തിൽ എത്തിക്കുകയും ചെയ്തു. ഒരു നാടിന്റെ വികസനം സാധ്യമാകണമെങ്കിൽ സ്ത്രീകൾക്ക് സ്വതന്ത്രവും നിർഭയത്വത്തോടുകൂടിയും ജീവിക്കാൻ കഴിയണമെന്നും അതിന് അവർ ശാസ്ത്രീയ ശീലമുള്ളവരായി മാറണമെന്നും അങ്ങനെ ശാസ്ത്രീയ ശീലം ഉള്ളവരായി മാറിയാൽ മാത്രമേ കുടുംബത്തിൽ അവർക്ക് നേതൃപരമായ പങ്ക് വഹിക്കാൻ കഴിയൂ എന്നും അത് സമൂഹത്തിന് തന്നെ മാതൃകയാവാൻ മാറുമെന്നും അതുകൊണ്ട് മാത്രമാണ് അധ്യാപിക എന്ന തന്റെ ആഗ്രഹം മാറ്റിനിർത്തിക്കൊണ്ട് സൈൻ വിമൺ വിങ്ങിലൂടെ സാമൂഹ്യ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ താൻ തുനിഞ്ഞത് എന്നുമാണ് ഖദീജ സന്തോഷത്തോടെ പറഞ്ഞത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഭർത്താവിന്റെ പ്രോത്സാഹനങ്ങളും ഭർത്തൃ പിതാവിന്റെ സംരംഭകത്വ പ്രചോദന ഉപദേശങ്ങളും തന്റെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനവും ആവേശവും നൽകുന്നു എന്നതാണ് ഖദീജയുടെ പക്ഷം. സുഖങ്ങളും സൗകര്യങ്ങളും ഉള്ള, ഒരു ജീവിതം നിഷ്പ്രയാസം അനുഭവിക്കാൻ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അതൊക്കെ മാറ്റിനിർത്തി ഓരോ ദിവസവും സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് സ്വയം തൊഴിൽ പരിശീലനം നൽകി അവരെ ഒരു ചെറു സംഘങ്ങളാക്കി കൊച്ചു യൂണിറ്റുകൾ ആക്കി വരുമാനമാർഗം ഉണ്ടാക്കി കൊടുക്കുന്ന ഈ വയനാട്ടുകാരി കേരളത്തിന് ഏറെ പ്രചോദനം നൽകുന്ന ഒരു സാമൂഹ്യ സംരംഭകയാണ്.