വനിതാസംരംഭകരെ കണ്ടെത്താൻ ഷി സ്റ്റാർട്‌സ്
സൗമ്യ ബേബി
സംസ്ഥാനത്തിന്റെ വ്യവസായസംസ്‌കാരത്തിൽ പുതിയൊരു നാഴികക്കല്ലാകുന്ന പദ്ധതിയാണ് ‘ഷി സ്റ്റാർട്‌സ്.’ വ്യവസായവകുപ്പും കുടുംബശ്രീയും തദ്ദേശ സ്വയംഭരണവകുപ്പുമെല്ലാം സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ യുവതികളെ സംരംഭകരാക്കി മാറ്റാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക തലത്തിൽ ഇത്തരം വനിതാസംരംഭങ്ങൾ വരുന്നതോടെ ഓരോ ദേശത്തും ലഭ്യമാകുന്ന അസംസ്‌കൃതവസ്തുക്കൾ വാണിജ്യാടിസ്ഥാനത്തിൽ പരമാവധി വിനിയോഗിക്കാനും കഴിയും. പുതിയ സംരംഭകരെ രൂപപ്പെടുത്തി എടുക്കുന്നതിനൊപ്പം കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാനും ആ പ്രദേശത്തിന്റെയാകെ സമ്പദ്‌വ്യവസ്ഥയിൽ ചലനമുണ്ടാക്കാനും ഷീ സ്റ്റാർട്‌സിലൂടെ സാധ്യമാകും.
മേഖലാതലത്തിലുള്ള യുവതികളെ കണ്ടുപിടിച്ച് അവരെ സംരംഭകരാക്കി മാറ്റുന്ന ഇത്തരമൊരു പദ്ധതി ഒരുപക്ഷെ ലോകത്തിൽ മറ്റൊരിടത്തും ഉണ്ടായിരിക്കില്ല. ഓരോ സംരംഭത്തെയും വിജയകരമാക്കി മാറ്റാൻ ആവശ്യമായ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയിൽ വനിതാസംരംഭകർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മുപ്പതോളം സംരംഭകമേഖലകളും വ്യവസായവകുപ്പ് മുന്നോട്ടു വെച്ചിരിക്കുന്നു. ഇതിൽനിന്നും അനുയോജ്യമായ സംരംഭകമേഖല തെരഞ്ഞെടുക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇതിനോടകം തുടക്കമായിട്ടുള്ള പദ്ധതിക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, സംരംഭകവർഷം പദ്ധതി പോലെ ഷീ സ്റ്റാർട്‌സും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വലിയൊരു മുന്നേറ്റമായി മാറുമെന്ന് കണക്കാക്കപ്പെടുന്നു.
ഷി സ്റ്റാർട്‌സും കുടുംബശ്രീയും
ഈ വർഷം നാൽപ്പതിനായിരം പുതിയ സംരംഭങ്ങൾ ഷി സ്റ്റാർട്‌സിലൂടെ ആരംഭിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ അടുത്ത സെപ്തംബറിനുള്ളിൽ 20,000 പുതിയ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേയ്ക്കും ഇത് ഒന്നര ലക്ഷമാക്കി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മൂന്നുലക്ഷം കുടുംബശ്രീ ഓക്‌സലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വയംതൊഴിൽ ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു. ആനുപാതികമായ രീതിയിൽ ഓരോരുത്തർക്കും മികച്ച വരുമാനവും ലഭിക്കും. ഇതിന് ആവശ്യമായ കർമ്മപദ്ധതിക്ക് വ്യവസായ-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ ചേർന്ന് അംഗീകാരം നൽകിക്കഴിഞ്ഞു. തുടർപ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിടാതിരിക്കാൻ കൃത്യമായ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. എറണാകുളത്താണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
രണ്ടു മാസത്തിനകം എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും മുഴുവൻ ഓക്‌സിലറി ഗ്രൂപ്പുകൾക്കുമുള്ള പരിശീലനം പൂർത്തിയാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഷി സ്റ്റാർട്‌സുമായി ബന്ധപ്പെട്ട സംരംഭകപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തൊഴിൽസഭകളാണ്. ഗ്രാമസഭകളുടെ മാതൃകയിൽ ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള സൂക്ഷ്മതല ജനകീയസംവിധാനമാണ് തൊഴിൽസഭകൾ. വാർഡ് തലത്തിൽ താൽപ്പര്യമുള്ള യുവജനങ്ങളെ കണ്ടെത്തി പുതിയ സംരംഭങ്ങളിലേക്കും തൊഴിൽ മേഖലകളിലേക്കും ആകർഷിക്കുന്നതിന് വേണ്ടിയാണ് തൊഴിൽസഭകൾ രൂപീകരിച്ചിട്ടുള്ളത്. ഷി സ്റ്റാർട്‌സിന്റെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പ്രൊഫഷണൽ സ്വഭാവം നൽകുന്നതിനും അവ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽസഭകൾ ഉപകരിക്കും.
വയോജന പരിപാലനം, യോഗാ സെന്ററുകൾ, ഭക്ഷ്യവിഭവങ്ങൾ ഒരുക്കൽ, ബ്യൂട്ടി ക്ലിനിക്കുകൾ, ആഭരണ ഡിസൈനിംഗ്, നെയിൽ ആർട് സ്റ്റുഡിയോ, ക്രിയേറ്റീവ് റൈറ്റിംഗ്, ബുക്ക് കീപ്പിംഗ്-അക്കൗണ്ടൻസി സർവ്വീസ്, ഓൺലൈൻ ട്യൂഷൻ, ഇന്റീരിയർ ഡിസൈൻ, ഡേ കെയർ, ഓൺലൈൻ റീസെല്ലർ തുടങ്ങി മുപ്പതോളം സംരംഭകമേഖലകളാണ് ഷി സ്റ്റാർട്‌സ് സംരംഭകർക്കായി വ്യവസായവകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഉചിതമായ രീതിയിൽ സാധ്യതാപഠനം നടത്തുന്നതിനും ആവശ്യമായ പരിശീലനവും പിന്തുണയും നൽകുന്നതിനും പരിശോധനകൾ നടത്തുന്നതിനും വ്യവസായവകുപ്പ് തന്നെ നടപടി സ്വീകരിക്കും. ഗ്രൂപ്പുകൾ തെരഞ്ഞെടുക്കുന്ന പുതിയ സംരംഭങ്ങൾക്ക് വായ്പയും സബ്‌സിഡിയും ലഭ്യമാക്കുകയെന്നതും വ്യവസായവകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഇതിനുപുറമെ ഓരോ സംരംഭത്തിനും കുടുംബശ്രീയും സബ്‌സിഡി നൽകും. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ വ്യത്യസ്തങ്ങളായ തൊഴിൽ നൈപുണ്യ പരിശീലനമാണ് കുടുംബശ്രീ വനിതകൾക്ക് ലഭിക്കാൻ പോകുന്നത്.
വനിതകളുടെ സംരംഭകശേഷി
സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന വനിതകൾ സമീപകാലം വരെയും കുറവായിരുന്നു. ‘എന്തെങ്കിലും സർക്കാർ ജോലി നേടുകയോ അല്ലെങ്കിൽ നഴ്‌സിംഗ് പഠിച്ച് വിദേശത്തേക്ക് പോവുകയോ അതുമല്ലെങ്കിൽ ഐടി മേഖലയിലേക്ക് തിരിയുകയോ ചെയ്യുക എന്നതായിരുന്നു സമീപകാലം വരെയും ബഹുഭൂരിപക്ഷം വനിതകളുടെയും സ്വപ്നം. എന്നാൽ, സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ മേഖലകൾ പ്രതിസന്ധി നേരിട്ടപ്പോൾ പല കുടുംബങ്ങളും പുലർത്തിയിരുന്നത് സ്ത്രീകളാണ്. അച്ചാറും കേക്കും ബിരിയാണിയുമെല്ലാം ഉണ്ടാക്കിയും യൂട്യൂബ് ചാനൽ തുടങ്ങിയും ഓൺലൈൻ ട്യൂഷൻ നടത്തിയുമാണ് പല സ്ത്രീകളും വരുമാനം കണ്ടെത്തിയത്. ഇത്തരത്തിൽ അവർക്ക് ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചതിനുശേഷവും അവർ ഈ മേഖലയിൽ തുടർന്നു.’ സ്വന്തം വരുമാനത്തിലൂടെ കുടുംബം പുലർത്തുന്ന സംരംഭകയായ അനിത പറയുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ സംരംഭകവർഷം പദ്ധതിയും സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സാഹചര്യമൊരുക്കി. അധികൃതരെ പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു സംരംഭകവർഷം പദ്ധതിയോടുള്ള സ്ത്രീകളുടെ പ്രതികരണം. മിക്ക ജില്ലകളിലും പുതുതായി രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ മുപ്പതുശതമാനത്തിൽ അധികവും വനിതകളുടെ ഉടമസ്ഥതയിലായിരുന്നു. തൃശ്ശൂർ ജില്ലയിൽ മാത്രം നാലായിരത്തിലധികം സ്ത്രീകളാണ് സംരംഭകവർഷം പദ്ധതിയിലൂടെ പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒരു വർഷംകൊണ്ട് മൂവായിരത്തിലധികം വനിതാസംരംഭങ്ങൾ വീതം പുതുതായി തുടങ്ങിയപ്പോൾ മറ്റു ജില്ലകളിൽ ആയിരവും രണ്ടായിരവും സ്ത്രീകൾ സംരംഭകരായെത്തി. ഭക്ഷ്യസംസ്‌കരണമേഖലയ്ക്കാണ് വനിതാസംരംഭങ്ങളിൽ മുൻതൂക്കം.
കുടുംബശ്രീ കൂട്ടായ്മകളിലൂടെ സ്ത്രീകളുടെ സമീപനത്തിൽ ഉണ്ടായ മാറ്റവും ഇത്തരമൊരു ഉണർവ്വിന് സഹായകമായിട്ടുണ്ട്. ഒരുകാലത്ത് വീടിന്റെ അടുക്കളകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളുടെ ധൈര്യവും കാഴ്ചപ്പാടും കുടുംബശ്രീ കൂട്ടായ്മകളിലൂടെ വർധിച്ചുവന്നു. ഒത്തുചേർന്നുള്ള ചർച്ചകളും മറ്റും ഏതു വെല്ലുവിളിയെയും നേരിടാനുള്ള പക്വത അവരിലുണ്ടാക്കി. ഇതോടൊപ്പം, വ്യത്യസ്തമായ സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിച്ചുകൊണ്ട് സർക്കാർ നടത്തിയ ഇടപെടലുകളും ഫലപ്രദമായി. കുടുംബശ്രീ യൂണിറ്റുകളുടെയും അതിൽ അംഗങ്ങളായവരുടെയും നേതൃത്വത്തിൽ ചെറുതും വലുതുമായ അനേകം സംരംഭങ്ങൾ പുതിയതായി ആരംഭിച്ചു. ഇതിനെല്ലാം വായ്പയും സബ്‌സിഡിയും സർക്കാരിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും സ്ത്രീകൾക്ക് ലഭിക്കുകയും ചെയ്തു. ക്രമേണ, ഏതൊരു സംരംഭവും തുടങ്ങാനും പ്രവർത്തിപ്പിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന സ്ത്രീകളുടെ ആത്മവിശ്വാസവും വർധിച്ചുവന്നു. ഇതെല്ലാമാണ് സംരംഭകവർഷം പദ്ധതിയ്ക്കും ഗുണകരമായത്. ഷി സ്റ്റാർട്‌സിലൂടെ ഇതിലധികം നേട്ടമുണ്ടാകുമെന്ന് സ്വാഭാവികമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
എസ്.വി.ഇ.പി. പ്രോഗ്രാം
കേരളത്തിൽ പ്രാദേശികതലത്തിലുള്ള സംരംഭവികസനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി.). കൃഷി, മൃഗസംരംക്ഷണം എന്നീ മേഖലകളിലൊഴികെ നോൺ ഫാം മേഖലയിൽ നിശ്ചിത എണ്ണം സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട ധനസഹായവും പിന്തുണയുമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ എസ്.വി.ഇ.പിയുടെ കാലാവധി നാലുവർഷമാണ്. ബ്ലോക്ക് അടിസ്ഥാനത്തിൽ ഇത് നടപ്പാക്കിവരുന്നു. ഇതിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തത് എറണാകുളം ജില്ലയിലെ വടവുകോടിനെയും പത്തനംതിട്ട ജില്ലയിലെ പറക്കോടിനെയുമാണ്. 2016-ൽ അംഗീകാരം ലഭിക്കുകയും 2017 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം 2021 മാർച്ച് മാസത്തിൽ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട മാതൃകാപദ്ധതിയാണ് കുടുംബശ്രീക്ക് എസ്.വി.ഇ.പി.
വടവുകോട് 2054 സംരംഭങ്ങൾ ആരംഭിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നിശ്ചിത കാലാവധിക്കുള്ളിൽ 2129 പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞു. 2164 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട പറക്കോട് 2089 എണ്ണവും പ്രവർത്തനം ആരംഭിച്ചു. നാലുവർഷത്തെ പദ്ധതി പൂർത്തിയാക്കിയതിനുശേഷവും ബി.എൻ.എസ്.ഇ.പി., ബി.ആർ.സി. എന്നിവയിലൂടെയും കുടുംബശ്രീ സംവിധാനത്തിലൂടെയും ഈ സംരംഭകർക്ക് ആവശ്യമായ തുടർപിന്തുണയും നൽകിവരുന്നുണ്ട്. ഇതോടൊപ്പം, വളർച്ചയ്ക്ക് സാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി സ്‌കെയിൽഅപ്പ് ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവനദൗത്യം (നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ-എൻ.ആർ.എൽ.എം) മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് വടവുകോട്, പറക്കോട് ബ്ലോക്കുകളിൽ പദ്ധതി ആരംഭിച്ചതും പൂർത്തിയാക്കിയതും.
രണ്ടാംഘട്ടത്തിൽ ഇടുക്കി, നിലമ്പൂർ, വൈക്കം, നീലേശ്വരം, പത്തനാപുരം, വാമനപുരം, പനമരം, തൈക്കാട്ടുശ്ശേരി, കൊടകര, കൂത്തുപറമ്പ്, പേരാമ്പ്ര, നെന്മാറ എന്നീ ബ്ലോക്കുകളിൽ എസ്.വി.ഇ.പി. പദ്ധതി പ്രവർത്തനം ആരംഭിച്ചു. പിന്നീട് എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കും ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പത്തു ബ്ലോക്കുകളെ കൂടി പദ്ധതിക്കായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനവും ഇപ്പോൾ വന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട്, തിരുവനന്തപുരം ജില്ലയിലെ നേമം, കൊല്ലം ജില്ലയിലെ വെട്ടിക്കവല, പത്തനംതിട്ടയിലെ കോയിപ്രം, കോട്ടയത്തിനടുത്തുള്ള ഏറ്റുമാനൂർ, തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ, പാലക്കാട് തൃത്താല, മലപ്പുറം പെരുമ്പടപ്പ്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് എന്നിവയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകൾ. നിലവിലെ സംരംഭങ്ങളും സംരംഭക വികസനസാധ്യതകളും വിശകലനം ചെയ്താണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഒരുവശത്ത് സംരംഭകവർഷവും അതിന്റെ തുടർപദ്ധതിയും നടപ്പാക്കുമ്പോൾ മറുവശത്ത് ഷി സ്റ്റാർട്‌സും എസ്.വി.ഇ.പി പ്രോഗ്രാമുകളുമായി കുടുംബശ്രീ പ്രാദേശികതലത്തിലുള്ള വനിതാസംരംഭകർക്കിടയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.