ലോകം സുസ്ഥിര ഉൽപ്പാദനത്തിലേക്ക്
ലോറൻസ് മാത്യു
മാനവരാശിയുടെ പുരോഗതിയുടെ ആധാര ശില എന്നത് വ്യവസായങ്ങളാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും നിരവധി മാറ്റങ്ങളാണ് ഈ രംഗത്ത് നൽകിയിരിക്കുന്നത്. എന്നാൽ വ്യവസായ പുരോഗതി അനിവാര്യമായിരിക്കുമ്പോൾത്തന്നെ അത് മനുഷ്യരാശിയുടെ നില നിൽപ്പിന് ഭീഷണിയാവരുത് എന്നതും ഓർക്കേണ്ടതാണ്. ഏതൊരു വികസനവും മനുഷ്യ നന്മക്കാകണമല്ലോ. അത് കൊണ്ട് തന്നെ സുസ്ഥിര വികസനം എന്നയൊരു കാഴ്ചപ്പാടിലേക്കാണ് ലോകം പോകുന്നത്. വ്യവസായങ്ങൾ ഉണ്ടാകേണ്ടതും ഈ കാഴ്ചപ്പാടിൽ ഊന്നിയാവണം എന്നതാണ് നാം കാണേണ്ട വസ്തുത. ഇവിടെയാണ് സസ്റ്റയനബിൾ മാനുഫാക്ചറിങ്ങ് എന്നതിന്റെ പ്രസക്തി.
എന്താണ് സുസ്ഥിര വികസനം
വികസനമെന്നത് സുസ്ഥിരമായിരിക്കണമെന്നത് ഒരു ആഗോള വീക്ഷണമാണിന്ന്. വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിര വികസനം (Sustainable development) എന്ന് പറയുന്നത്. അതായത് വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനമെന്ന ബ്രണ്ഡ്ലന്റ് കമ്മീഷൻ (Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഭാവി തലമുറയുടെ ആവശ്യങ്ങൾ ഒന്നും തടസ്സമില്ലാതെ നടപ്പിലാവുകയും വേണം എന്നാൽ ഇന്നത്തെ തലമുറയെ തൃപ്തിപ്പെടുത്തുകയും വേണം. ഏതൊരു വ്യവസായവും പ്രകൃതി വിഭവങ്ങളുടെ ചൂഷണം ആണ് എന്ന് വരികിൽ ഇതൊരു വെല്ലു വിളി തന്നെയാണ്. സത്യത്തിൽ സുസ്ഥിര വികസനത്തിന്റെ ചുവട് പിടിച്ചാണ് ഉൽപ്പാദനങ്ങളും ഈ രീതിയിലാവണമെന്ന കാഴ്ചപ്പാടിലേക്ക് ലോകം എത്തുന്നത്. 2015-ൽ ഐക്യരാഷ്ട്ര പൊതു സഭ മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയായി രൂപ കൽപ്പന ചെയ്തിട്ടുള്ളതും 2030 ഓടെ നേടിയെടുക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. അഥവാ Sustainable Development Goals (SDG). ഇന്ന് ലോകത്തിലെ മിക്ക വികസന ചർച്ചകളും ഈ ലക്ഷ്യങ്ങൾ മുൻപോട്ട് വെച്ച വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ടഉഏ കളുടെ പ്രസക്തി നാം മനസ്സിലാക്കുന്നത്.
1. ദാരിദ്ര്യമില്ലായ്മ
2. വിശപ്പുരഹിതം
3. നല്ല ആരോഗ്യവും ക്ഷേമവും
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസം
5. ലിംഗ സമത്വം
6. ശുദ്ധമായ വെള്ളവും ശുചിത്വവും
7. താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം
8. മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും
9. വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ
10. അസമത്വം കുറയ്ക്കുക.
11. സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും
12. ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും
13. കാലാവസ്ഥാ പ്രവർത്തനം
14. വെള്ളത്തിന് താഴെയുള്ള ജീവിതം
15. കരയിലെ ജീവിതം
16. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ
17. ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം – ഇവയായിരുന്നു ആ ലക്ഷ്യങ്ങൾ.
സുസ്ഥിര ഉൽപ്പാദനം ചർച്ചയാകുമ്പോൾ
മേൽ പ്രസ്താവിച്ച 17 ലക്ഷ്യങ്ങളിൽ ഒൻപതാമതായി പറഞ്ഞിരിക്കുന്നത് വ്യവസായങ്ങളെ ക്കുറിച്ചാണ്. അതായത് ഇനിയുള്ള വ്യവസായ വൽക്കരണം ഈ ലക്ഷ്യത്തിലൂന്നിയായിരിക്കണമെന്നത്. പ്രത്യേകിച്ചും കേരളത്തെപ്പോലെ ജന സാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് വ്യവസായ വൽക്കരണമെന്ന് ചിന്തിക്കുമ്പോൾ അത് സുസ്ഥിരമായേ പറ്റു. നമ്മുടെ സാങ്കേതിക വിദ്യകൾ അതിനനുസൃതമായി മാറിയേ തീരു. പരിസ്ഥിതി സൗഹാർദ്ദമായ ഒരു ഉൽപ്പാദന സിസ്റ്റം ഉണ്ടാവുക എന്നത് ഏറെ പ്രസക്തമായ ഒന്നാണ്. വെള്ളപ്പൊക്കവും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവും ഒക്കെ മനുഷ്യനെ ഈ നിലയിൽ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. The United States’ Environmental Protection Agency (EPA) സുസ്ഥിര ഉൽപ്പാദനത്തെ നിർവ്വചിച്ചിരിക്കുന്നത് ‘The creation of manufactured products through economically sound processes that minimize negative environmental impacts while conserving energy and natural resources.” എന്നാണ്. അതായത് അസംസ്കൃത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിലൂടെ പരിസ്ഥിതി ആഘാതങ്ങൾ തീരെ കുറച്ച് ഉൽപ്പാദനം നടത്തുകയെന്നതാണ്. ഇത് സാധ്യമാകുന്നത്.
പരിസ്ഥിതിക്ക് ഹാനികരമായവയൊന്നും ഉപയോഗിക്കാതിരിക്കുക
മലിനീകരണം തീരെ കുറക്കുക
അസംസ്കൃത വസ്തുക്കളുടെ വേസ്റ്റ് കുറക്കുക
വെള്ളം, ഊർജ്ജം എന്നിവയൊക്കെ പരിമിതമായി ഉപയോഗിക്കുക
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക – തുടങ്ങിയവയൊക്കെ ഒരു വ്യവസായ സ്ഥാപനം നടപ്പിലാക്കേണ്ടതുണ്ട്.
ഊർജ്ജം ഉപഭോഗം കുറക്കുക എന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴാണ് നാം സോളാർ, വിൻഡ് മില്ലുകൾ എന്നിവയുടെ സാധ്യതയിലേക്ക് ചിന്തിക്കുന്നത്. ഈ മേഖലയിൽ ഇപ്പോൾത്തന്നെ കാര്യമായ ഇടപെടലുകൾ നടക്കുന്നുണ്ട്. വാഹന ലോകത്ത് ഭാവിയിലെ ഇന്ധനക്ഷാമം മുൻ കൂട്ടി കണ്ട് കൊണ്ട് വൈദ്യുതിയിലോടുന്ന വാഹനങ്ങൾ തരംഗമായി വരുന്നു. കേന്ദ്ര സർക്കാർ ഇത് വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വ്യപകമാകുമ്പോൾ ബാറ്ററി ഉൾപ്പെടെയുള്ള വ്യവസായ സാധ്യതകളാണ് മുന്നിൽ തെളിഞ്ഞ് വരുന്നത്. പരമ്പരാഗത ഊർജ്ജ സ്രോതസുകളിൽ നിന്നും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സൗരോർജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു വ്യവസായ നയ രൂപവൽക്കരണത്തിലേക്ക് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതൊക്കെയും അനുബന്ധ വ്യവസായ സാധ്യതകൾ ഏറെയുള്ള മേഖലകൾ ആയതിനാൽത്തന്നെ വരും നാളുകളിൽ പുതിയ സംരംഭങ്ങൾ ഉടലെടുക്കുവാൻ പര്യാപ്തമാകും.
അസംസ്കൃത വസ്തുക്കളുടെ വേസ്റ്റ് കുറക്കുക എന്നതിൽ സാങ്കേതിക വിദ്യക്ക് ഏറെ ചെയ്യുവാ നുണ്ട്. ഇവിടെയാണ് പുനരുപയോഗിക്കുക, Recycle ചെയ്യുക എന്നിങ്ങനെയുള്ള സാധ്യതകൾ ആലോചിക്കപ്പെടുന്നത്. ഉദാഹരണമായി എല്ലാവരും ഒരു ശല്യമായി പറയുന്നതും എന്നാൽ ഏറെ പ്രയോജനമുള്ളതുമായ പ്ലാസ്റ്റിക്കിന്റെ കാര്യം തന്നെയെടുക്കാം. ഒരു വസ്തു അത് ഉപയോഗിക്കുന്ന കാലത്തോളം അതൊരു മാലിന്യമല്ലായെന്നോർക്കുക. അത് കൊണ്ട് പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാൽ Recycle എന്നതിലേക്ക് വരുമ്പോൾ അതിനാവശ്യമായ യന്ത്ര സാമഗ്രികൾ വേണ്ടി വരുന്നുണ്ട്. വേസ്റ്റായിട്ടുള്ള പ്ലാസ്റ്റിക്കുകൾ ചെടിച്ചട്ടികളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഇപ്പോൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിനെ ഡ്രസ്സ് ആക്കി മാറ്റുവാൻ കഴിയും. ഒപ്പം ബാഗ്പോലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നതാണ്. പ്ലാസ്റ്റിക് മാത്രമല്ല റബ്ബർ ഉൽപ്പന്നങ്ങളേയും ഈ രീതിയിൽ റി സൈക്ലിങ്ങ് ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്. ഈ രീതിയിൽ ചിന്തിച്ചാൽ പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഏറെ സാധ്യതയുണ്ട്.
ഒപ്പം പരിസ്ഥിതിക്ക് അനുയോജ്യമായ പാക്കിങ്ങിലേക്ക് മാറുകയെന്നതാണ് മറ്റൊന്ന്. ഇപ്പോൾത്തന്നെ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ, തുണി കവറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പ്ലാസ്റ്റിക് നിരോധനം എന്നത് പ്രായോഗികമല്ലായെന്നും പ്ലാസ്റ്റിക് പോലുള്ള ഇത്രയും ഉപയോഗപ്രദമായ ഒന്നിനെ ഒഴിവാക്കിയിട്ട് ജീവിതം അസാധ്യമാണെന്നുമുള്ള തിരിച്ചറിവാണ് വേണ്ടത്. എന്നാൽ കവർ പോലുള്ള സാധ്യമായ കാര്യങ്ങളിൽ പ്ലാസ്റ്റിക്കിന് പരിസ്ഥിതി ബദൽ എന്ന രീതിയിൽ ചിന്തിക്കുകയും ആ രീതിയിൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിലേക്ക് നാം മാറുകയും ചെയ്യുമ്പോൾ അത് പുതിയ സംരംഭങ്ങൾ ഉടലെടുക്കുവാൻ പര്യാപ്തമാവുകയും ചെയ്യും. പ്ലാസ്റ്റിക്കിൽ നിന്നും കെട്ടിട നിർമ്മാണ വസ്തുക്കൾ നിർമ്മിക്കാവുന്നതാണ്.
പരിസ്ഥിതി സൗഹാർദ്ദമായ അസംസ്കൃത വസ്തുക്കൾ സാധ്യമായിടത്ത് ഉപയോഗിക്കുക എന്നതാണ് കാര്യമായി ചെയ്യുവാൻ കഴിയുന്നത് മറ്റൊന്ന്. ഇത് പ്ലാസ്റ്റിക്കിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കെട്ടിട നിർമ്മാണ രംഗത്ത് ഈ ചിന്തക്ക് ഏറെ പ്രസക്തിയുണ്ട്. ഉദാഹരണമായി മുള ഏറെ സാധ്യതകളുള്ള ഒന്നാണ്. മുള വീടുകൾ ഇപ്പോൾ ടൂറിസം രംഗത്ത് എങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ട്. മുളയുടെ ടൈൽ പോലുള്ള ഉൽപ്പന്നങ്ങൾ വ്യാപകമായി വരുുന്നുണ്ട് ഇപ്പോൾ. എന്നാൽ ഇതിന്റെ ഉയർന്ന വിലയാണ് ഒരു വെല്ല് വിളിയായി നിൽക്കുന്നത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ലേഖകൻറെ പുതിയ വീട് തന്നെ മണ്ണ് കൊണ്ടുള്ള നിർമ്മാണ രീതിക്ക് ഉദാഹരണമാണ്.
ചെമ്മരിയാടിൻറെ രോമം പുതപ്പ് ഉണ്ടാക്കുവാൻ മാത്രമല്ല അകത്തളങ്ങൾ അലങ്കരിക്കുാവാനും ഉപയോഗിക്കുവാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് പഴയ കെട്ടിടങ്ങളുടെ തടിയും മറ്റും പുനരുപയോഗിക്കുന്നതും ഈ ദിശയിലേക്കുള്ള കാൽ വെപ്പാണ്. സിമൻറ് നിർമ്മാണത്തിന് ഫ്ളൈയാഷ് ഉപയോഗിക്കുന്നത് ഈ രീതിയിലുള്ള ഒന്നാണ്. ഒലാുരൃലലേ എന്നയൊരു കട്ട വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത നിർമ്മാണ രീതിയിൽ നിന്നും വിട്ട് വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പരിസ്ഥിതി സൗഹാർദ്ദമായ നിരവധി വസ്തുക്കളിലേക്ക് നമുക്ക് എത്തിച്ചേരുവാൻ കഴിയും.
സപ്ലേ ചെയിൻ ആണ് സുസ്ഥിര ബിസിനസ് മോഡൽ പ്രാവർത്തികമാക്കുന്ന മറ്റൊരു മേഖല. ഇതിന്റെ ആദ്യത്തെ പടി എന്നത് ഉൽപ്പന്നം ആരിൽ നിന്നും ശേഖരിക്കുന്നുവോ അവരുടെ സുസ്ഥിരത ഉറപ്പാക്കുക എന്നതാണ്. ഈ സപ്ലെ ചെയിനിൽ മുഴുവൻ വേസ്റ്റ് കുറക്കുക എന്നതാണ് അടുത്തതായി ചെയ്യുവാനുള്ളത്. ബിസിനസ്സ് ലോകം ഇപ്പോൾ ചിന്തിക്കുന്നത് ഈ രീതിയിൽ ആണ്.
ഇനിയുള്ള വ്യവസായങ്ങൾ പ്ലാൻ ചെയ്യുമ്പോൾത്തന്നെ സുസ്ഥിരം ആണെന്നുള്ള കാഴ്ചപ്പാടിൽ ചിന്തിക്കേണ്ടത് പ്രകൃതിയുടേയും നമ്മുടേയും നില നിൽപ്പിന് അത്യന്താപേക്ഷിതമാണ്. എങ്കിൽ മാത്രമേ വരും തലമുറക്കും ഈ ലോകം ഉപയോഗപ്രദമായി തീരുകയുള്ളു.