റെക്കോർഡ് നേട്ടവുമായി ക്ലീൻ കേരള കമ്പനി
മനോജ് മാതിരപ്പള്ളി
സംരംഭകവർഷവും ഉത്തരവാദിത്വ ടൂറിസവും കുടുംബശ്രീയും പോലെയുള്ള വിവിധ പദ്ധതികളിലൂടെ ലോകത്തിന് മുന്നിൽ പുതിയൊരു മാതൃക സൃഷ്ടിച്ച കേരളത്തിന്റെ മറ്റൊരു മികച്ച നേട്ടമാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ്. കേരളത്തെ വൃത്തിയായി പരിപാലിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2013 ഡിസംബർ പത്താം തീയതി രൂപീകൃതമായ കമ്പനിയുടെ പ്രവർത്തനം ഒരു ദശാബ്ദത്തിലേക്ക് എത്തുമ്പോൾ ഇതിനകം തന്നെ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിൽ നിന്നുമെല്ലാം സംഭരിക്കുന്ന മാലിന്യങ്ങൾ വിറ്റഴിച്ചുകൊണ്ട് കോടിക്കണക്കിന് രൂപയുടെ വരുമാനം നേടാനും ക്ലീൻ കേരള കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. മാലിന്യസംസ്കരണവും സാമ്പത്തികനേട്ടവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.
തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴിലാണ് ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം. കമ്പനിയുടെ നിയന്ത്രണത്തിനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ ചെയർമാൻ വകുപ്പുമന്ത്രിയാണ്. തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, പ്ലാനിംഗ് സെക്രട്ടറി, ചെയർമാൻ മുൻസിപ്പൽ ചെയർമെൻ ചേംബർ, മേയേഴ്സ് ഫോറം പ്രസിഡണ്ട് എന്നീ അംഗങ്ങൾ ഡയറക്ടർ ബോർഡിലുണ്ട്. ”സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുനഃചംക്രമണത്തിനും സംസ്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലേക്കായി വിവിധ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കി വരുന്നു;” ക്ലീൻ കേരള കമ്പനിയെപ്പറ്റി തദ്ദേശ സ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
ക്ലീനാകുന്ന കേരളം
ഇ-വേസ്റ്റുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ചില്ലുകുപ്പികൾ, മെഡിക്കൽ വേസ്റ്റുകൾ തുടങ്ങി സംസ്ഥാനത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ബാധ്യതയായി മാറുന്ന മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനി സംഭരിച്ചുവരുന്നത്. കമ്പ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ബാറ്ററികൾ, എയർകണ്ടീഷണർ, അനുബന്ധ ഉപകരണങ്ങൾ, ഫാനുകൾ, വാഷിംഗ് മെഷീനുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഹരിതകർമ്മ സേനാംഗങ്ങൾ മുഖേനെയാണ് ഇവയിൽ അധികവും ഫലപ്രദമായി സംഭരിക്കുന്നത്. ഇതിന്റെ പ്രതിഫലമായി ഹരിതകർമ്മസേനയ്ക്ക് പണവും നൽകിവരുന്നുണ്ട്. ഇങ്ങനെ വീടുകളിലും സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംഭരിക്കുകയും ഇനംതിരിച്ച് വിൽക്കുക്കുകയുമാണ് കമ്പനിയുടെ പ്രവർത്തനശൈലി.
ഇക്കഴിഞ്ഞ ഡിസംബറിൽ മാത്രം ഹരിതകർമ്മ സേന മുഖേന വീടുകളിൽനിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 21.35 ലക്ഷം കിലോഗ്രാം അജൈവമാലിന്യങ്ങളാണ്. ഇതിൽ 16,224.29 കിലോയും ആപൽക്കരമായ മാലിന്യങ്ങളായിരുന്നു. കൂടാതെ 18,174.15 കിലോഗ്രാം ഇലക്ട്രോണിക് മാലിന്യങ്ങളും 32,347.7 കിലോ പഴകിയ വസ്ത്രങ്ങളും, 640 കിലോഗ്രാം മരുന്ന് സ്ട്രിപ്പുകളും ഉൾപ്പെടുന്നു. ചെരിപ്പ്, ബാഗ്, തെർമ്മോകോൾ എന്നിവ ചേർന്ന് 1.24 ലക്ഷം കിലോ പാഴ്വസ്തുക്കൾ വേറെയുമുണ്ട്. ആകെ സംഭരിച്ചവയിൽ 6,38,049.11 കിലോഗ്രാമും പ്ലാസ്റ്റിക്ക് ആയിരുന്നു. ഇതിൽനിന്നും 12,134.45 കിലോ ഷെഡ്രഡ് പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചു. ഏറ്റവും അധികം മാലിന്യങ്ങൾ സംഭരിച്ചത് തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നാണ്. തൃശ്ശൂരിൽ 3.78 ലക്ഷം കിലോഗ്രാമും തിരുവനന്തപുരത്ത് 3.47 ലക്ഷം കിലോയും കൊല്ലത്ത് 2.10 ലക്ഷം കിലോഗ്രാമും മാലിന്യങ്ങളാണ് സംഭരിച്ചത്.
സംഭരിക്കുന്ന മാലിന്യങ്ങൾ ഇനംതിരിച്ച് പുനരുപയോഗിക്കാൻ സാധ്യതയുള്ളവ അതാത് മേഖലയിലെ കമ്പനികൾക്ക് കൈമാറും. ഉദാഹരണത്തിന്, സംഭരിക്കുന്ന ബിയർകുപ്പികളെല്ലാം ബ്രൂവറികൾക്കാണ് കൈമാറുന്നത്. ടൺ കണക്കിന് പ്ലാസ്റ്റിക്കുകൾ ടാറിംഗിനും മറ്റുമായി ഉപയോഗിക്കും. സമാനമായ രീതിയിൽ മറ്റു പാഴ്വസ്തുക്കളും കൈമാറുന്നു. ഇതിൽ നിന്നെല്ലാമാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നത്. ഉദാഹരണത്തിന് 2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെയുള്ള ഇരുപതു മാസക്കാലത്ത് മാലിന്യവിൽപ്പനയിലൂടെ ക്ലീൻ കേരള കമ്പനിക്ക് അഞ്ചുകോടി രൂപയുടെ വരുമാനം ലഭിച്ചു. ഇതോടൊപ്പം, ഉപയോഗമില്ലാത്ത വസ്തുക്കൾ സംസ്ക്കരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഒരുതരത്തിലും സംസ്ക്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത മാലിന്യങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനവും ഫലപ്രദമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ സംഭരിച്ച പാഴ്വസ്തുക്കളിൽനിന്നും സംസ്ക്കരിക്കാനും പുനരുപയോഗിക്കാനും കഴിയാത്ത 6.76 ലക്ഷം കിലോഗ്രാം മാലിന്യം അന്യസംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. അവിടുത്തെ ഫർണസുകളിലിട്ട് അവശേഷിക്കുന്ന മാലിന്യങ്ങൾ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്.
സമ്പൂർണ്ണ ശുചിത്വപദവിയിലേക്ക്
ഹരിതകർമ്മസേന മുഖേന വ്യാപകമായി മാലിന്യം സംഭരിക്കപ്പെടുമ്പോൾ നാട്ടിൽ ശുചിത്വമുണ്ടാവുന്നതിനൊപ്പം വരുമാനലഭ്യതയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവ തരംതിരിച്ച് പ്ലാസ്റ്റിക്ക്, ഗ്ലാസ്, ഇ-വേസ്റ്റ് തുടങ്ങി ഉണങ്ങിയതും പുനരുപയോഗിക്കാവുന്നതുമായ പാഴ്വസ്തുക്കൾ കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് വിൽപ്പന നടത്തിയാണ് ലാഭമുണ്ടാക്കുന്നത്. ഇതിനായി ജില്ലാതലത്തിൽ മാലിന്യങ്ങൾ തരംതിരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതോടൊപ്പം ബാക്കിയുള്ളവ സംസ്ക്കരിക്കാനുള്ള സംവിധാനം 14 ജില്ലകളിലും ഒരുക്കിവരുന്നു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇന്റഗ്രേറ്റഡ് റീസൈക്ലിംഗ് യൂണിറ്റുകൾ ഉദാഹരണമാണ്. ഇത്തരം പ്രവർത്തനങ്ങളെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ മാലിന്യമുക്തകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ സഹായകമാകും.
ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനത്തിലൂടെ സമീപഭാവിയിൽ തന്നെ സംസ്ഥാനത്തിന് സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിനായി ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ എന്നിവയുമായും കമ്പനി സഹകരിക്കുന്നുണ്ട്. ഖരമാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഘട്ടംഘട്ടമായി ശുചിത്വപദവിയും നൽകിവരുന്നു. 2020 ഒക്ടോബറിൽ സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ശുചിത്വപദവി ലഭിച്ചത്. 532 ഗ്രാമപഞ്ചായത്തുകളും 56 നഗരസഭകളും ഇതിലുണ്ട്. മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇത്തരത്തിൽ ശുചിത്വപദവിക്ക് അർഹമായിരുന്നു. ശുചിത്വപദവി നേടിയ പഞ്ചായത്തുകളുടെ എണ്ണത്തിൽ കോട്ടയം ജില്ലയും നഗരസഭകളുടെ കാര്യത്തിൽ മലപ്പുറം ജില്ലയുമായിരുന്നു മുന്നിൽ.
ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുക, അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുക, ഇത്തരം പാഴ്വസ്തുക്കളുടെ സംഭരണത്തിന് ഹരിത കർമ്മസേനയെ ഫലപ്രദമായി വിനിയോഗിക്കുക, ഇങ്ങനെ സംഭരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു-സ്വകാര്യചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വപദവി നിർണ്ണയം നടന്നത്. നൂറിൽ 60 മാർക്കിന് മുകളിൽ ലഭിച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെല്ലാം ശുചിത്വപദവിക്ക് അർഹത നേടി. ഇത്തരം പ്രവർത്തനങ്ങളിലൂടെ അഞ്ച് വർഷത്തിനകം സംസ്ഥാനത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നതാണ് സർക്കാരിന്റെയും ക്ലീൻ കേരള കമ്പനിയുടെയും ലക്ഷ്യം.
‘തെളിനീരൊഴുകും നവകേരളം’
സംസ്ഥാനത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പെയിനായിരുന്നു ‘തെളിനീരൊഴുകും നവകേരളം.’ ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലുള്ള ജലാശയങ്ങളുടെ ശുചിത്വം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കുകയും യഥാർത്ഥ അവസ്ഥ തിരിച്ചറിയുകയും ചെയ്തു. തുടർന്ന്, മലിനീകരിക്കപ്പെട്ടിട്ടുള്ള ഇടങ്ങൾ ജനകീയപങ്കാളിത്തത്തോടെ ശുചിയാക്കുന്നതിനും മാലിന്യത്തിന്റെ ഉറവിടങ്ങൾ നിർത്തലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കരയിലെ പാഴ്വസ്തുക്കൾ മാത്രമല്ല, ജലസ്രോതസ്സുകളിലെ മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ക്രിയാത്മകമായി നടപ്പാക്കി വരുന്നുവെന്ന് സാരം.
എന്നിരുന്നാലും പൂർണ്ണശുചിത്വവും സമ്പൂർണ്ണ മാലിന്യസംസ്കക്കരണപദ്ധതികളും നടപ്പാക്കാൻ ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ പദ്ധതികൾ ഇതിനകം തന്നെ ആവിഷ്കരിച്ചു കഴിഞ്ഞു. സമ്പൂർണ്ണ ശുചിത്വ മാലിന്യസംസ്ക്കരണത്തിന്റെ ഭാഗമായി ഗാർഹികതലത്തിൽ ഉറവിട മാലിന്യ സംസ്കരണപദ്ധതികൾ നടപ്പാക്കുന്നിനോടൊപ്പം വേസ്റ്റ് ടു എനർജി പ്ലാന്റ് പോലെ ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കേന്ദ്ര മാലിന്യസംസ്ക്കരണപദ്ധതികളും നടപ്പാക്കാനുള്ള പദ്ധതികൾ ഇതിന്റെ ഭാഗമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ ശുചിത്വ മാലിന്യ സംസ്ക്കരണപ്രവർത്തനങ്ങൾ മിഷൻ മാതൃകയിൽ സംഘടിപ്പിക്കാനും മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. അഴുകുന്ന ജൈവമാലിന്യങ്ങൾ ഉത്പാദകന്റെ ഉത്തരവാദിത്വത്തിൽ പരമാവധി ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരിക്കുന്നു. ഇതിന് ആവശ്യമായ സാങ്കേതികസംവിധാനങ്ങളും യൂണിറ്റ് നിരക്കുകളും ശുചിത്വമിഷനാണ് നിശ്ചയിച്ചിട്ടുള്ളത്.
മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായകമായ ഗ്രീൻ പ്രോട്ടോക്കോളും ശുചിത്വപദവി സർട്ടിഫിക്കേഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നടപ്പാക്കിവരുന്നു. പാഴ്വസ്തുക്കൾ ശേഖരിക്കുന്ന ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ സഹായം ക്ലസ്റ്റർ അടിസ്ഥാനത്തിൽ നൽകാൻ ഹരിതസഹായ സ്ഥാപനങ്ങളെ കണ്ടെത്തി സേനാംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും നൽകിവരുന്നുണ്ട്. കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി റീസൈക്ലിംഗ് പാർക്ക് സ്ഥാപിക്കുക, പുനരുപയോഗ സാധ്യതയില്ലാത്ത മാലിന്യങ്ങൾ സംസ്ക്കരിക്കാൻ പ്രാദേശികതലത്തിൽ സാനിട്ടറി ലാൻഡ്ഫിൽ സംവിധാനം ഒരുക്കുക, ഓരോ മുൻസിപ്പാലിറ്റികൾക്കും അനുയോജ്യമായ രീതിയിൽ സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർപ്ലാൻ തയ്യാറാക്കുക, തദ്ദേശ അടിസ്ഥാനത്തിൽ മാലിന്യ സംസ്ക്കരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും കേന്ദ്രീകൃത അടിസ്ഥാനത്തിൽ പുനഃചംക്രമണ സംസ്ക്കരണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക തുടങ്ങി നിരവധി പദ്ധതികളാണ് പൂർത്തിയായി വരുന്നത്. ഇതിന്റെ ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും സമ്പൂർണ്ണ ശുചിത്വസംസ്ഥാനം എന്ന പദവിയിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.