റബ്ബർ വ്യവസായം മാറ്റത്തിന്റെ പാതയിൽ
ലോറൻസ് മാത്യു
മനുഷ്യ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് റബ്ബർ. അത് കൊണ്ട് തന്നെ റബ്ബറുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ നമുക്കുണ്ട്. റബ്ബർ നേഴ്സറികൾ മുതൽ വൻകിട ടയർ ഫാക്ടറികൾ വരെ ഉദാഹരണങ്ങളായി എടുത്ത് കാണിക്കുവാൻ കഴിയും. ഇത് അനുബന്ധമായി സൃഷ്ടിച്ചിട്ടുള്ള സംരംഭങ്ങൾ അനവധിയുണ്ട്. നമ്മുടെ റബ്ബർ മരത്തിൽ നിന്നുള്ള കറ ഉപയോഗിക്കുന്ന സ്വാഭാവിക റബ്ബർ ഉൽപ്പന്നങ്ങൾ മുതൽ പെട്രോളിയം ഡെറിവേറ്റീവ് ആയ സിന്തറ്റിക് റബ്ബർ ഉൽപ്പന്നങ്ങൾ വരെ വിപണിയിൽ സുലഭമാണിന്ന്. വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം ഇനി ലോകത്തിൽ വർദ്ധിക്കുമെന്നതിന് പക്ഷാന്തരമില്ല. ഇത് വ്യത്യസ്തമായ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായിരിക്കും സഹായകരമാവുക.
റബ്ബറും ഇൻഡ്യയും
ലോകത്തിലെ മൂന്നാമത്തെ റബ്ബർ ഉൽപ്പാദന രാജ്യമാണിന്ന് ഇൻഡ്യ. സ്വാഭാവിക റബ്ബറിൻറെ ഉപഭോഗത്തിൽ ലോകത്ത് നാലാം സ്ഥാനവും സിന്തറ്റിക് റബ്ബറിൻറെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനവും ഇൻഡ്യക്ക് ആണ്. ഇൻഡ്യയിലെ റബ്ബർ ഉപഭോഗത്തിൻറെ 50 ശതമാനവും വലിയ വാഹനങ്ങളുടെ ടയറിനായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ചെരിപ്പുകൾക്കായി 12 ശതമാനവും സൈക്കിൾ ടയറിനും ട്യൂബിനുമായി 15 ശതമാനവും ഉപയോഗിക്കപ്പെടുന്നു. ഒരു വർഷം ഏകദേശം 3000 കോടിയുടെ റബ്ബർ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബർ ഉപഭോഗം ചെയ്യുന്നത് കേരളമാണ്. തൊട്ടടുത്ത സ്ഥാനം പഞ്ചാബും മഹാരാഷ്ട്രക്കുമാണ്. മുപ്പതോളം വൻകിട ഉൽപ്പാദകരും 5600 ചെറുകിട വ്യവസായ സംരംഭകരുമായി ഏകദേശം 40 ബില്യണിന്റെ ബിസിനസാണ് ഇന്ത്യക്ക് ഈ മേഖല.
നൂതന സാങ്കേതികതയും റബ്ബർ വ്യവസായവും
സാങ്കേതിക വിദ്യയുടെ വളർച്ച റബ്ബർ വ്യവസായങ്ങളിൽ ഏറെ മാറ്റങ്ങൾക്ക് വഴി മരുന്നിട്ടുണ്ട്. വ്യാവസായിക ലോകം മുഴുവൻ സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവുമെന്ന അജണ്ടയിലേക്ക് ചുവട് വെക്കുമ്പോൾ റബ്ബർ വ്യവസായങ്ങൾക്കും കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദമായ റബ്ബറിലേക്കാണ് ഇപ്പോൾ ശ്രദ്ധ. ബയോ ഡിഗ്രേഡബിൾ ആയ റബ്ബർ സാധാരണയായിട്ടുള്ള എല്ലാ റബ്ബർ ഉൽപ്പന്നങ്ങളും നിർമ്മിക്കുവാൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിൻറെ ഉൽപ്പാദനം വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. റബ്ബറിൻറെ എല്ലാ സവിശേഷതകളും നിലനിർത്തിക്കൊണ്ട് തന്നെ ബയോ ഡിഗ്രേഡബിൾ ആക്കി നിലനിർത്തുകയെന്നത് വളരെയധികം സങ്കീർണ്ണമായയൊന്നാണ്. ആയതിനാൽ ഈ മേഖലയിൽ ഏറെ ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.
സെൽഫ് ഹീലിങ്ങ് ടയറുകൾ വരും നാളുകളിൽ മാർക്കറ്റ് ട്രെൻഡ് ആകുമെന്നാണ് ഈ രംഗത്തെ ഗവേഷകർ വിലയിരുത്തുന്നത്. റോഡിൻറെ കണ്ടീഷൻ തിരിച്ചറിഞ്ഞ് ടയറിൻറെ അവസ്ഥ സ്വയം മെച്ചപ്പെടുന്ന രീതിയാണിത്. ആയതിനാൽത്തന്നെ കൂടുതൽ കാലം ഈട് നിൽക്കുവാൻ ഇത്തരം ടയറുകൾക്ക് സാധിക്കും.
ഇൻഡസ്ട്രി 4 എന്ന പേരിൽ അറിയപ്പെടുന്ന എല്ലാ സാങ്കേതിക വിദ്യയും മറ്റെല്ലാ വ്യവസായങ്ങളിലെന്നത് പോലെ തന്നെ ഈ രംഗത്തും പ്രയോജനപ്പെടുന്നുണ്ട്. ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് എന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം ഉൽപ്പാദനത്തിലും മാനേജ്മെൻറിലും ഏറെ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. റബ്ബർ ഉൽപ്പാദന യൂണിറ്റുകളുടെ പ്രെഡിക്റ്റീവ് മെയിൻറനൻസിന് ഏറെ പ്രയോജനമാണ് ഈ സാങ്കേതിക വിദ്യ. വിവിധങ്ങളായ സെൻസറുകൾ ഉപയോഗിച്ച് പ്ലാൻറ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ പരമാവധി കുറച്ച് മുന്നമേ തന്നെ അറ്റകുറ്റപ്പണികൾ ചെയ്യുവാൻ കഴിയുന്നു. ഇത് വഴി യന്ത്രങ്ങളുടെ പ്രവർത്തന കാലാവധി കൂട്ടുവാനും വെയ്സ്റ്റ് കുറക്കുവാനും സഹായകരമാകുന്നുണ്ട്. ആത്യന്തികമായി ലാഭം കൂട്ടുവാൻ കഴിയുന്നുണ്ടുവെന്നർത്ഥം. ക്വാളിറ്റി കൺട്രോൾ, കസ്റ്റമൈസഡ് പ്രോഡക്റ്റ് ഡവലപ്മെൻറ്, സപ്ലൈ ചെയിൻ ഒപ്റ്റിമൈസേഷൻ തുടങ്ങിയവയെല്ലാം ഫലപ്രദമായി നടപ്പിലാക്കുവാൻ ഇൻഡസ്്രടി 4 വഴി കഴിയുന്നുണ്ട്.
ഇന്ന് ഏതൊരു ഉൽപ്പന്നവും ഉപഭോക്താവിൻറെ താൽപ്പര്യങ്ങൾക്കനുസൃതമായിട്ടാവണം എന്നതാണ് ട്രെൻഡ്. ഇവിടെയാണ് റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ 3 ഡി പ്രിൻറിങ്ങ് എന്ന സാങ്കേതിക വിദ്യയുടെ പ്രസക്തി. ഫ്യൂസഡ് ഡിപ്പോസിഷൻ മോൾഡിങ്ങ് എന്ന 3 ഡി പ്രിൻറിങ്ങ് ടെക്നോളജിയാണ് ഇവിടെ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. വ്യോമയാന രംഗത്തും ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിലുമൊക്കെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് റബ്ബർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് ഏറെ ഫലപ്രദമായ ഒന്നാണ്. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം പോലുള്ള സങ്കീർണ്ണത ആവശ്യപ്പെടുന്ന ഉൽപ്പാദന മേഖലയിലൊക്കെ ഈ സാങ്കേതിക വിദ്യ ഒരു മുതൽക്കൂട്ടാണ്.
താരതമ്യേന പുതിയ സാങ്കേതിക വിദ്യയായ നാനോ ടെക്നോളജി റബ്ബർ ഉൽപ്പാദന രംഗത്ത് വളരെയധികം മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. വ്യത്യസ്തങ്ങളായ പ്രോപ്പർട്ടികളുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ നാനോ പാർട്ടിക്കിളുകൾ ഉപയോഗപ്പെടുത്തുവാൻ കഴിയുന്നുണ്ട്. നാനോ പാർട്ടിക്കിളുകളായ സിലിക്കാ, കാർബൺ ബ്ലാക്ക് തുടങ്ങിയവയൊക്കെ ചേർത്ത് ഉണ്ടാക്കുന്നതായ റബ്ബർ ഉൽപ്പന്നങ്ങൾ നമുക്കാവശ്യമായ പ്രോപ്പർട്ടികളിലുണ്ടാക്കിയെടുക്കുവാൻ കഴിയുമെന്നത് പ്രോഡക്ട് ഡെവലപ്മെൻറ് രംഗത്ത് ഒരു ചെറിയ കാര്യമല്ല. ടയർ നിർമ്മാണത്തിനുപയോഗിക്കുന്ന റബ്ബറിലും ഇപ്പോൾ നാനോ പാർട്ടിക്കിളുകൾ ചേർക്കാറുണ്ട്. നിരന്തരമായ പഠന ഗവേഷണങ്ങൾ നടക്കുന്ന മേഖലയാണിത്. നാനോ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള റബ്ബർ ഉൽപ്പന്നങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുവാനുള്ള കഴിവ് കൂടുതൽ ഉള്ളതിനാൽ ലൈഫ് കൂടുതലായിരിക്കും.
കറൻറ് കടത്തി വിടുവാൻ കഴിവുള്ള റബ്ബർ എന്നത് ഏതാനും നാളുകൾക്ക് മുന്നേയുള്ള പരീക്ഷണമാണ്. ഗവേഷകർ ഈ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പോളിമർ ഡിപ്പാർട്ട്മെൻറിലെ പ്രൊഫസർ ആയിരുന്ന ഡോ. റാണി തോമസ് ഈ രംഗത്തെ ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രഞ്ജയാണ്. വൈദ്യ ശാസ്ത്ര രംഗത്തും പ്രതിരോധ മേഖലയിലും ഒക്കെയുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലുമൊക്കെ കണ്ടക്റ്റിങ്ങ് റബ്ബറുകൾ ഏറെ പ്രയോജനപ്പെടുന്നയൊന്നാണ്. ഇലക്ട്രോണിക് ഗവേഷണ മേഖലയിലും ഏറെ മാറ്റങ്ങൾക്ക് വഴി മരുന്നിടുന്നയൊന്നാണ് കണ്ടക്ടിങ്ങ് റബ്ബറുകളുടെ ഉപയോഗം.
ലോകം സസ്റ്റയിനബിലിറ്റി എന്ന ആശയത്തിലേക്ക് ചുവടുകൾ വയ്ക്കുമ്പോൾ റബ്ബർ വ്യവസായവും റിസൈക്ലിഡ് എന്നതിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ഇന്ന്. സാധ്യമായ എല്ലായിടത്തും റബ്ബർ പുനരുപയോഗിക്കാമോ എന്നാണ് ഇപ്പോൾ നോക്കുന്നത്. റോഡുകളുടെ നിർമ്മാണത്തിന് ഇതുപയോഗിക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ അതിനുമപ്പുറം ഷൂ സോളും, പേവിങ്ങ് ടൈലുകളും, കൺവെയർ ബെൽറ്റുകളും വാഹനങ്ങളുടെ പാർട്സുകളുമൊക്കെ ഉണ്ടാക്കുവാൻ ഇതുപയോഗിക്കുവാൻ കഴിയും. ഇത് ചെറുകിട സംരംഭക സാധ്യതകൾ വർദ്ധിപ്പിക്കുന്നയൊന്നാണ്. കോൺക്രീറ്റ് മിക്സിൽ പോലും റിസൈക്കിൾ ചെയ്ത റബ്ബറുപയോഗിക്കുന്ന സാധ്യതയിലേക്ക് ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
വൾക്കനൈസേഷൻ എന്നത് വർഷങ്ങളായി റബ്ബർ വ്യവസായത്തിൽ കേൾക്കുന്നയൊരു പേരാണ്. റബ്ബറിനൊപ്പം സൾഫർ ചേർക്കുകയാണ് ഇവിടെ ചെയ്യുന്നത്. എന്നാൽ സൾഫറിന് പകരം സെലീനിയം പോലുള്ളവ ചേർത്ത് റബ്ബറിന്റെ പ്രോപ്പർട്ടീസിൽ മാറ്റങ്ങളുണ്ടാക്കുന്ന ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക്കിനെപ്പോലെ തന്നെ മനുഷ്യ ജീവിതത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒരു മെറ്റീരിയൽ തന്നെയാണ് റബ്ബറും. സാങ്കേതിക വിദ്യ ഈ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ നിത്യ ജീവിതത്തിലും പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്. ആയതിനാൽത്തന്നെ മാറ്റങ്ങൾ ചെറുകിട വ്യവസായ മേഖലക്ക് ഗുണകരമാകുമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ പുതിയ സംരംഭകർ ഇത് തിരിച്ചറിയുകയും പുത്തൻ ബിസിനസ്സ് സാധ്യതകളിലേക്ക് ചുവട് വെക്കുകയും വേണം.