രാജ്യം ഹരിത ഹൈഡ്രജൻ യജ്ഞത്തിലേക്ക്
രാജ്യം ഹരിത ഹൈഡ്രജൻ യജ്ഞത്തിലേക്ക്
എഴുമാവിൽ രവീന്ദ്രനാഥ്
ലോകത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയായി മാറിയ കാർബൺ പുറന്തള്ളൽ ലഘൂകരിയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയായ ഹരിത ഹൈഡ്രജൻ നിർമാണത്തിലേയ്ക്കു രാജ്യം മാറുകയാണ്. ജീവജാലങ്ങൾക്കു ദോഷകരമായ കാർബൺ മോണോക്‌സൈഡിനെ വായുവിലേയ്ക്കു പുറന്തള്ളാതെ വ്യാവസായിക ആവശ്യങ്ങൾക്കുൾപ്പെടെയുള്ള ഊർജ്ജം ഉല്പാദിപ്പിയ്ക്കുകയാണ് ഹരിത ഹൈഡ്രജൻ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ഉറവിടങ്ങളിൽ നിന്നായി ഊർജ്ജം ഉല്പാദിപ്പിയ്ക്കുവാനും സംഭരിയ്ക്കുവാനും സംപ്രേഷണം ചെയ്യാനുമുള്ള ഒരു മാധ്യമമാണു ഹൈഡ്രജൻ പ്രകൃതി വാതകങ്ങൾ. ന്യൂക്ലിയർ ഊർജ്ജം ദ്രവിച്ച ജൈവ വസ്തുക്കൾ, പുനരുപയോഗ ഊർജ്ജങ്ങളായ കാറ്റ്, സൂര്യപ്രകാശം എന്നിവയെല്ലാം ഹൈഡ്രജൻ ഊർജ്ജമാക്കി മാറ്റാം. സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഊർജ്ജത്തെ എട്ടു തരത്തിലാണ് തിരിച്ചിട്ടുള്ളത്. ബ്ലാക്ക്, ഗ്രേ, പിങ്ക്, ബ്ലൂ, ഗ്രീൻ, വൈറ്റ്, ടാർക്വയിസ്, റെഡ് എന്നിങ്ങനെയാണ് ഈ തരംതിരിവുകൾ.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഗ്രീൻ, ബ്ലൂ, ബ്രൗൺ എന്നിവ. കൽക്കരി അഥവാ ലിഗ്നൈറ്റിൽ താപം കടത്തി വിട്ട് വാതകം ഉല്പാദപ്പിയ്ക്കുമ്പോൾ ഹൈഡ്രജനും ഒപ്പം കാർബൺ ഡയോക്‌സൈഡും (മോണോക്‌സൈഡും ആവാം) പുറത്തു വരുന്നു. വാതകീകരണം (ഗ്യാസിഫിക്കേഷൻ) മൂലം പ്രകൃതിയ്ക്കു സുഖകരമല്ലാത്ത കാർബൺ വാതകവും അന്തരീക്ഷത്തിലേക്കു പടരുമ്പോൾ നമുക്കു ലഭിയ്ക്കുന്ന ഹൈഡ്രജനാണ് ബ്രൗൺ ഹൈഡ്രജൻ. കൽക്കരി സമൃദ്ധമായ രാജ്യങ്ങൾ ഈ പ്രക്രിയയിലൂടെ ഊർജ്ജോൽപാദനം നടത്തുമ്പോൾ വൻതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് അത് ഇടയാക്കുന്നു.
പ്രകൃതി വാതകങ്ങൾ ഉപയോഗിച്ചു വേർതിരിയ്ക്കുന്നതാണ് ബ്ലൂ ഹൈഡ്രജൻ. ഇതിന് എസ്. എം. ആർ (സ്റ്റീം മീഥേൽ റിഫോമിങ്ങ്) സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്നു. കാർബൺ ഡയോക്‌സൈഡ്, മീഥേൽ, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോ ക്ലോറോ ഫ്‌ളൂറോ കാർബൺ, ഹൈഡ്രോ ഫ്‌ളൂറോ കാർബൺ തുടങ്ങിയ ഹരിത ഗൃഹ വാതകങ്ങളെ ഫലപ്രദമായി തടഞ്ഞു നിർത്താൻ ബ്ലൂ ഹൈഡ്രജൻ നിർമാണത്തിൽ കഴിയും. ജപ്പാനിലെ വേൾഡ് ഡാറ്റാ സെന്റർ ഫോർ ഗ്രീൻ ഹൗസ് ഗ്യാസസ് (ഡബ്ല്യു. ഡി. സി. ജി. ജി) ഇതു സംബന്ധിച്ച വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
ഏറ്റവും പ്രകൃതി സൗഹൃദമാണ് ഗ്രീൻ ഹൈഡ്രജൻ. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ഇവയുടെ ഉൽപാദനം. സൗരോർജ്ജം, പവനോർജ്ജം (വിൻഡ് എനർജി) ഇവയുടെ സഹായത്തോടെ വെള്ളത്തിൽ ഇലക്‌ട്രോളിസിസ് നടത്തിയാണ് ഹരിത ഹൈഡ്രജൻ വേർതിരിയ്ക്കുന്നത്. വാട്ടർ ഇലക്‌ട്രോളിസിസ് ഹൈഡ്രജൻ ജനറേറ്റിങ്ങ് എക്വിപ്‌മെന്റ് ആണ് ഇതിലേയ്ക്ക് ഉപയോഗിയ്ക്കുന്നത്. പവർ സിസ്റ്റം, പ്രൊഡക്ഷൻ എന്നിവയിലെ മദ്ധ്യവർത്തിയായി (ഇന്റർ കണക്റ്റർ) ഗ്രീൻ ഹൈഡ്രജൻ എത്തുമ്പോൾ പുകരഹിതമായ ഉൽപാദന ശാലകൾ രാജ്യത്തുണ്ടാവും ഫാക്ടറികളുടെ അകത്തും പുറത്തും വിഷരഹിത വായു സാധിതമാകും. തൊഴിലാളികളുടെയും വ്യവസായ ശാലയുടെ പരിസര വാസികളുടെയും ആരോഗ്യം ഇത് കാത്തുസൂക്ഷിയ്ക്കും.
ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ 2021 ലാണ് തുടക്കം കുറിച്ചത്. വ്യവസായ മേഖല, ഗതാഗത മേഖല എന്നിവിടങ്ങളിൽ കാർബൺ മുക്ത അന്തരീക്ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര രംഗത്ത് ഹരിത ഹൈഡ്രജൻ സ്വയം പര്യാപ്തത നേടാനുള്ള നീക്കത്തിലാണു നാം. 2030 നു മുമ്പ് ഇതു കൈവരിയ്ക്കുവാൻ പ്രതിവർഷം 50 ലക്ഷം ടൺ ഹരിത ഹൈഡ്രജൻ നമുക്ക് ഉൽപാദിപ്പിയ്‌ക്കേണ്ടതുണ്ട്. ഇതിലൂടെ 6 ലക്ഷത്തിൽ അധികം തൊഴിൽ അവസരങ്ങളുണ്ടാവുക മാത്രമല്ല, ഒരു ലക്ഷം കോടി രൂപയുടെ ലാഭവും യാഥാർത്ഥ്യമാക്കുക.
സ്ഥല പരിമിതി ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കും ഗ്രീൻ ഹൈഡ്രജൻ പ്രോജക്റ്റുകൾ ഗുണകരമായി മാറും. പൊതു സ്വകാര്യ മേഖലകളിൽ ജി. എച്ച്. ജി. യു (ഗ്രീൻ ഹൈഡ്രജൻ ജനറേറ്റിങ്ങ് യൂണിറ്റുകൾ) ഗവൺമെന്റ് സബ്‌സിഡിയോടു കൂടി താമസം വിനാ ആരംഭിയ്‌ക്കേണ്ടി വരും. അന്തരീക്ഷ മലിനീകരണത്തെ നല്ല രീതിയിൽത്തന്നെ കുറയ്ക്കാൻ ഇതിലൂടെ കഴിയും. പുകരഹിത വാഹനങ്ങൾ നിറഞ്ഞ തെരുവുകൾ പുതിയൊരു ദൃശ്യഭംഗിയാവും നമുക്കു നൽകുക. പരിസ്ഥിതി പ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും ഇതൊരു സന്തോഷകരമായ വാർത്തയായിരിയ്ക്കും. ഹരിയാനാ പഞ്ചാബ് മേഖലയിലെ കൊയ്ത്തും ഉത്സവങ്ങളും ഒപ്പമെത്തുന്ന മഞ്ഞുകാലവും ചേർന്ന് രാജ്യ തലസ്ഥാനത്തെ പുകയിൽ മൂടുകയും ശുദ്ധവായു അസുലഭമാവുകയും ചെയ്യുന്ന ദുരവസ്ഥയ്ക്ക് ഇനി ശമനമാകും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യു. എച്ച്. ഒ) ലോകത്തെ 1,650 നഗരങ്ങളിൽ നടത്തിയ പഠനങ്ങളിലും അമേരിക്കയിലെ ഹെൽത്ത് എഫക്റ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (എച്ച്. ഇ. ഐ) ലോകത്തെ 7,000 നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവ്വേകളിലും ഏറ്റവും മോശമായ രീതിയിൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി ഡൽഹിയെ വിലയിരുത്തിയിരിയ്ക്കുന്നു. ഇവിടെ 50 ശതമാനം കുട്ടികളിലും ശ്വാസകോശ രോഗങ്ങൾ ഉണ്ടത്രേ. ഈ റിപ്പോർട്ടുകളാണ് സുപ്രീം കോടതി ജസ്റ്റീസായ അരുൺ മിശ്ര നരകമെന്നു നമ്മുടെ തലസ്ഥാന നഗരിയെ വിശേഷിപ്പിയ്ക്കാൻ കാരണമായത്. നമ്മുടെ വായുവിനെ മലിനമാക്കുന്നത് 41% വാഹനങ്ങളിൽ നിന്നുള്ള പുകയും, 21 ശതമാനം പൊടിപടലങ്ങളും, 18% വ്യവസായ ശാലകൾ പുറന്തള്ളുന്ന വിഷമയമായ പുകയുമാണ്. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ആണ് ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്തി കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയത്.
ഇത് ഒരു പ്രദേശത്തിന്റെ മാത്രം കാര്യമാണ്. ഇത്ര തന്നെ തീവ്രതയില്ലെങ്കിലും വ്യവസായ ശാലകളും വാഹനവ്യൂഹവും ഏറെയുള്ള മറ്റു സംസ്ഥാനങ്ങളിലും വായു മലിനീകരണം ഒരു വിഷയം തന്നെയാണ്. ഇതു മലിനീകരണത്തിനു കാരണമാകുന്നു. പുതിയ ഹരിതോർജ്ജ വ്യാപനയജ്ഞം ഭാവിയെ മുൻനിർത്തിയുള്ള ഒരു വലിയ മുന്നേറ്റം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
നിത്യ ഹരിത നായകൻ, നിത്യ ഹരിത വനം തുടങ്ങിയവ പരിചയിച്ച നമുക്കിനി നിത്യ ഹരിത ഊർജ്ജവും നമ്മുടെ പദശേഖരത്തിലേക്കു ചേർത്തുവെയ്ക്കാം. ഉൽപാദന ച്ചെലവ് പൊതുവേ കൂടുതലാണെന്നും, പുതിയ ഊർജ്ജത്തിന്റെ ഫലപ്രദമായ ഉപയോഗത്തിനായി യന്ത്ര സംവിധാനങ്ങളിൽ മാറ്റങ്ങൾ വേണ്ടി വരുമെന്നും ഇതിന്റെ ന്യൂനതയായി ചൂണ്ടിക്കാണിയ്ക്കുന്നു. ദീർഘകാല പ്രക്രിയയാകുമ്പോൾ ചെലവുകൾ അത്ര വിഷയമാക്കേണ്ടതില്ലെന്നും പരിസ്ഥിതി സംരക്ഷണം ആരോഗ്യം തുടങ്ങിയ മേഖലയ്ക്കു മുടക്കുന്ന ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അത്ര വലുതല്ലെന്നും സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. എന്തായാലും യജ്ഞത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 19,744 കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. ഹരിതോർജ്ജമെന്ന സുസ്ഥിര ഊർജ്ജം വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും പുതിയൊരുണർവ്വാകും പ്രദാനം ചെയ്യുക.