രണ്ട് പശുവിൽ നിന്നും 50 കോടിയിലേക്ക് വളർന്ന ഡയറി പ്ലാന്റിന്റെ കഥ
റ്റി. എസ്. ചന്ദ്രൻ
രണ്ട് പശുക്കളിൽ നിന്നും ആരംഭിച്ച സംരംഭ യാത്ര. ഇന്ന് 100 പേർക്ക് തൊഴിൽ നൽകുന്ന 50 കോടിയുടെ വിറ്റുവരവുള്ള 25 കോടി നിക്ഷേപമുള്ള കേരളം അറിയപ്പെടുന്ന ഒരു ബ്രാന്റ് ആയി വളർന്നിരിക്കുന്നു. ഇന്ദിര ഡയറി എന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ കഥയാണ് അതിന്റെ ഉടമ രഞ്ജിത് കുമാറിന് പറയാനുള്ളത്. അതിന്റെ പുറകിൽ നിന്ന് പ്രവർത്തിച്ച നിശ്ചയദാർഢ്യത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും കഥ.
എന്താണ് ബിസിനസ്
ഒരു ഭക്ഷ്യ സംസ്കരണ യൂണിറ്റാണ് എന്ന് ഒറ്റവരിയിൽ പറയാൻ കഴിയില്ല. അതിനും അപ്പുറത്താണ്. തുടക്കം രണ്ട് പശുക്കളിൽ നിന്നുമാണ് പാൽ കറന്ന് വിറ്റുകൊണ്ട്. ഒരു പാൽക്കാരനായി തുടങ്ങി ഈ ചെറുപ്പക്കാരൻ. ഇത് നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരുടെ മുന്നിൽ വിജയിച്ച് കാണിച്ചു കൊടുത്തു. ഇന്ന് പാലും പാൽ ഉൽപന്നങ്ങളും മാത്രമല്ല മറ്റ് ഒട്ടനവധി Ready to Eat വിഭവങ്ങളും Ready to Cook വിഭവങ്ങളും ഇന്ദിര ഡയറിയിൽ തയ്യാറാക്കി വിൽക്കുന്നു.
* പാൽ ഉൽപന്നങ്ങൾക്കാണ് പ്രമുഖ സ്ഥാനം. ശീതീകരിച്ച പാക്കറ്റ് പാൽ, തൈര്, സംഭാരം, സിപ് അപ്, പൗച്ച് മിൽക്ക്, ബട്ടർ, പനീർ അങ്ങനെ നീളുന്നു പാൽ ഉൽപന്നങ്ങളുടെ നിര.
* ഇഡ്ഡലി- ദോശ ബാറ്റർ നിർമാണമാണ് മറ്റൊരു പ്രധാന ഉൽപന്നം. 10- ൽ പരം തൊഴിലാളികൾ ഈ പ്ലാന്റിൽ ജോലി ചെയ്യുന്നു.
* പൂരി/ ചപ്പാത്തി എന്നിവക്കായി പ്രത്യേകം പ്ലാന്റ് പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
* ബേക്കറി ഉൽപന്നങ്ങളാണ് മറ്റൊരു പ്രധാന മേഖല. മിൽക്ക് ബ്രഡും, കേക്കും ഏറെ പ്രശസ്തി നേടിയ ഉൽപന്നങ്ങളാണ്. എല്ലാത്തരം ബേക്കറി ഉൽപന്നങ്ങളും I.D ബ്രാന്റിൽ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നുണ്ട്.
* സ്നാക്സ് ഡിവിഷൻ ആണ് സ്ഥാപനത്തിലെ മറ്റൊരു പ്രധാന വിഭവം. ചിപ്സ്, മിക്സ്ചർ, പക്കാവട, പാരമ്പര്യ ഉൽപന്നങ്ങൾ എന്നിവ എല്ലാം തന്നെ ഇവിടെ നിർമ്മിക്കുന്നു.
അഞ്ച് ഡിവിഷനുകളിലായി 200-ൽ പരം ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിച്ചു വരികയാണ് ഇന്ദിര ഡയറി.
സർക്കാർ ജോലി വേണ്ട
എച്ച്. രഞ്ജിത് കുമാർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ്. സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. പിതാവും, ബന്ധുക്കളിൽ ബഹു ഭൂരിപക്ഷവും സർക്കാർ സർവ്വീസിൽ ആയിരുന്നു. അതുകൊണ്ട് തന്നെ സർക്കാർ ജോലി സ്വീകരിക്കാനായിരുന്നു അവരുടെ നിർദ്ദേശം. വെള്ളായണി കാർഷിക സർവ്വകലാശാലയിൽ ലഭിച്ച സ്ഥിരം നിയമനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അത് ഒരിക്കലും ഒരു നഷ്ടമായി രഞ്ജിത് കുമാറിന് തോന്നിയിട്ടില്ല. എവിടെ ആയാലും ജോലി ചെയ്യണം; അത് സ്വന്തം മണ്ണിൽ, സ്വന്തം സ്ഥാപനത്തിൽ ആയാൽ എന്താണ് പ്രശ്നം? അദ്ദേഹം ചോദിക്കുന്നു. കുടുംബപരമായി കുറച്ച് ഭൂമിയുണ്ട്. ഈ ഭൂമിയിൽ ജോലി ചെയ്താൽ നേട്ടം ഉണ്ടാക്കാനാകില്ലെ? അങ്ങനെയാണ് രണ്ട് പശുക്കളുമായി സ്വന്തം മണ്ണിലേക്ക് ജോലി തേടി ഇറങ്ങിയത്. സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്കുള്ള പ്രയാണം കൂടിയായിരുന്നു അത്.
രണ്ട് പശുക്കൾ; നിനക്ക് പറ്റിയ പണിയല്ല
പിതാവിൽ നിന്നും ലഭിച്ച രണ്ട് പശുക്കളുമായിട്ടാണ് ഇന്ദിര ഡയറിയുടെ തുടക്കം. ഇന്ദിര എന്നത് അമ്മയുടെ പേരാണ്. രണ്ട് പശുക്കളെ ഏൽപിക്കുമ്പോൾ അച്ഛൻ പറഞ്ഞത് നിനക്ക് പറ്റിയ പണിയല്ല ഇത് എന്നാണ്. എന്നാലും നിന്റെ ആഗ്രഹം നടക്കട്ടെ. കുടുംബത്തിന്റെ സ്ഥലവും ലഭിച്ചതോടെ ബിസിനസ് എന്ന ആശയത്തിലേക്ക് മാറി. പശു ഫാം മാത്രം പോര. നല്ല വില കിട്ടണമെങ്കിൽ (പാലിന്) കൂടുതൽ മൂല്യവർദ്ധക ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കണം.
പുരോഗതിയുടെ ഘട്ടങ്ങൾ
പാൽ കറന്ന് കടകളിൽ നൽകുന്നു. പിന്നീട് അസംസ്കൃത പാൽ അതേ രൂപത്തിൽ വിൽക്കുന്നു.
* നിരവധി ഭവനങ്ങളിലേക്കും, ഹോട്ടലുകളിലേക്കും വിൽപന വ്യാപിപ്പിക്കുന്നു.
* ചെറിയ ഒരു ചില്ലിംഗ് പാന്റ് സ്ഥാപിക്കുന്നു ശീതീകരിച്ച പാൽ വിൽക്കാൻ ആരംഭിക്കുന്നു.
* ആട്ടോമാറ്റിക് മെഷിനറികൾ സ്ഥാപിച്ച് ശീതീകരിച്ച പൗച്ച് പാൽ നിർമ്മിച്ച് വിതരണം നടത്തുവാൻ ശ്രമിക്കുന്നു.
* ശീതീകരിച്ച ചില്ലിംഗ് പ്ലാന്റിന്റെ സഹായത്തോടെ പാക്കറ്റ് പാൽ/ പാൽ ഉൽപന്നങ്ങളായ തൈര്, സംഭാരം, ബട്ടർ, പനീർ എന്നിവയും വിപണിയിലേക്ക്.
* സിപ് അപ് വിപണിയിൽ എത്തിക്കുന്നു.
* ഇന്ദിര ഡയറി തിരുവനന്തപുരം ജില്ലയിൽ അറിയപ്പെടുന്ന ഒരു ബ്രാന്റ് ആയി വളരുന്നു.
* പിന്നീട് വൈവിധ്യമാർന്ന ഭക്ഷ്യസംസ്കരണ ഉൽപന്ന നിർമാണത്തിലേക്ക് കടക്കുന്നു.
* ബേക്കറി പ്ലാന്റ്, ദോശ/ ഇഡ്ഡലി പ്ലാന്റ്, ചപ്പാത്തി പൂരി പ്ലാന്റ്, സ്നാക്സ് പ്ലാന്റ് എന്നിവയുടെ ഉൽപാദനത്തിലേക്ക് ഘട്ടംഘട്ടമായി പ്രവേശിക്കുന്നു.
* അങ്ങനെ ഘട്ടംഘട്ടമായി സ്ഥാപനം വികസിക്കുന്നു. 100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ്, 25 കോടിയുടെ സ്ഥിരനിക്ഷേപം. 25 വർഷത്തിനുള്ളിൽ അവിസ്മരണീയമായ പുരോഗതി.
ഒരു കല്യാണ വിശേഷം
ഇന്ദിര ഡയറിയിൽ ചെല്ലുമ്പോൾ പറഞ്ഞ് കേട്ട ഒരു കഥയുണ്ട്. പെണ്ണ് കെട്ടിനു ശേഷം രഞ്ജിത് കുമാർ നേരെ പോയത് തൊഴുത്തിലേക്കാണ് എന്ന്. ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചപ്പോൾ നന്നായി ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞത് അത് മറ്റാരേയും ഏൽപിക്കാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ടാണ് എന്നാണ്. അന്നും പതിവുപോലെ പശുക്കളെ കറന്നു, റൂട്ടിൽ പോയി, പാൽ അളന്നു, ഒരു മുടക്കവും വരുത്താതെ ജോലി ചെയ്തു. വിവാഹവും മംഗളമായിത്തന്നെ നടന്നു.
25 കോടിയുടെ നിക്ഷേപം
ഇറക്കുമതി ചെയ്ത മെഷിനറികൾ ഉൾപ്പെടെ 25 കോടിയുടെ നിക്ഷേപമുണ്ട് ഇപ്പോൾ സ്ഥാപനത്തിൽ. എല്ലാം മെഷിനറികൾ ഉപയോഗിച്ചുള്ള ഉൽപാദനം തന്നെയാണ് നടത്തുന്നത്. മിൽക്ക് പ്ലാന്റ്, മിൽക്ക് ഉൽപന്നങ്ങളുടെ പ്ലാന്റ്, ഇഡ്ഡലി/ ദോശ പ്ലാന്റ്, ചപ്പാത്തി- പൂരി പ്ലാന്റ്, ബേക്കറി പ്ലാന്റ്, സ്നാക്സ് പ്ലാന്റ് ഇങ്ങനെ എല്ലാത്തിലും കൂടിയാണ് 25 കോടിയുടെ നിക്ഷേപം. സ്വന്തം സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ വിവിധ സമയങ്ങളിലായി നിർമ്മിച്ചവയാണ്.
ഇതൊരു കുടുംബ ബിസിനസായി നിലനിൽക്കുന്നു. സായ് പ്രിയങ്കയാണ് ഭാര്യ. ഭർത്താവിന്റെ സ്ഥാപനത്തിൽ തന്നെ. അക്കൗണ്ട്സ് വിഭാഗം പൂർണമായും കൈകാര്യം ചെയ്യുന്നത് ഇവരാണ്. 10 വയസുള്ള മകൾ ശിവാനി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ത്രിതീയയ്ക്ക് അഞ്ച് വയസാണ്. അമ്മ ഇന്ദിരയും സൗകര്യം പോലെ സ്ഥാപനത്തിൽ എത്തി സഹായിക്കുന്നു.
വിൽപനയ്ക്ക് സ്ഥിരം കസ്റ്റമേഴ്സ്
തുടക്കത്തിൽ നന്നായി ഫീൽഡ് വർക്ക് ചെയ്യേണ്ടി വന്നു ഓർഡർ പിടിക്കുവാൻ. ഇപ്പോൾ സ്ഥിരം കസ്റ്റമേഴ്സ് ആയി. നേരിട്ട് വിതരണം നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. സൂപ്പർ മാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ, ചെറുകിട കച്ചവടക്കാർ, കാറ്ററിംഗ് സർവീസുകാർ, പലചരക്ക് കടകൾ അങ്ങനെ എല്ലായിടത്തും ഐ. ഡി യുടെ ഉൽപന്നങ്ങൾ ലഭ്യമാണ് സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതുകൊണ്ട് നന്നായി വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയാൽ മതി. ഈ രംഗത്ത് കിടമത്സരം നിലനിൽക്കുന്നുണ്ട് എങ്കിലും അവസരങ്ങൾ ധാരാളമുണ്ട്. ഗുണമേന്മ മികച്ചതാണ് എന്നതാണ് ഐ. ഡി. ബ്രാന്റിനെ വ്യത്യാസപ്പെടുത്തുന്നത്.
മേന്മകൾ
* ഫാമുകളിൽ നിന്നും പാൽ നേരിട്ട് സംഭരിക്കുന്നു.
* കൃത്യമായ പ്രോസസിംഗിലൂടെ ചില്ല് ചെയ്ത് ഉൽപന്നം വിപണിയിൽ എത്തിക്കുന്നു.
* 2- 3 മണിക്കൂറിനുള്ളിൽ കസ്റ്റമേഴ്സിന്റെ കൈയിൽ എത്തിക്കാനുള്ള സംവിധാനം
* ക്രെഡിറ്റ് കച്ചവടം ഒഴിവാക്കുന്നു.
* ബേക്കറി/ പൂരി/ ചപ്പാത്തി എന്നിവയും ചൂടാറും മുമ്പ് തന്നെ കസ്റ്റമേഴ്സിന്റെ കൈകളിൽ എത്തിക്കുന്നു.
കോട്ടങ്ങൾ
* വൃത്തി/ ശ്രദ്ധ എന്നിവ പാലിക്കുന്നു എന്ന് ഉറപ്പാക്കണം
* അന്യസംസ്ഥാനങ്ങളിലെ ഉൽപന്നങ്ങളുമായി ഉണ്ടാകുന്ന മത്സരം
* അസംസ്കൃത വസ്തുക്കളിൽ വരുന്ന വിലവർദ്ധനവ്
കയറ്റുമതി ചെയ്യുന്നില്ല. പ്രാദേശികമായിത്തന്നെ നന്നായി വിറ്റുപോകുന്നുണ്ട്. കസ്റ്റമറുടെ സംതൃപ്തിയാണ് ബിസിനസ് വോളിയം വർദ്ധിപ്പിക്കുന്നതിന് ഉപരിയായി രഞ്ജിത് കുമാർ കാണുന്നത്. മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങളിൽ എത്തിക്കുക.
20 മുതൽ 30 % വരെ അറ്റാദായം
ഓരോ ഉൽപന്നത്തിനും വ്യത്യസ്ഥ നിരക്കിലാണ് ലാഭവിഹിതം ലഭിക്കുന്നത്. പാക്കറ്റ് പാൽ ഉൽപന്നങ്ങൾക്ക് പൊതുവെ ലാഭവിഹിതം കുറവാണ്. എന്നാൽ മറ്റ് ഉൽപന്നങ്ങൾക്ക് നല്ല രീതിയിൽ ലാഭം നേടാനാകും. ശരാശരി 20 മുതൽ 30 % വരെ അറ്റാദായം ലഭിക്കുന്നു എന്ന് പറയാം. വിപണിയിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ച് ഉൽപന്നങ്ങളിൽ വേണ്ടത്ര മാറ്റം വരുത്താനും ശ്രദ്ധിച്ചുപോരുന്നു.
ഐസ്ക്രീം പ്ലാന്റ്
പാൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ഒരു മികച്ച ബിസിനസ് ആണ് ഐസ്ക്രീം. എല്ലാ സമയത്തും ഇപ്പോൾ ഐസ്ക്രീമിന് ഡിമാന്റുണ്ട്. ഇന്ദിര ഡയറിയുടെ ഐസ്ക്രീം ആകുമ്പോൾ സ്വീകാര്യത കൂടും. അത്തരം ഒരു ഐസ്ക്രീം പ്ലാന്റ് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വൈവിധ്യവൽക്കരണ പരിപാടിയായി ഐസ്ക്രീം ഏറ്റെടുക്കുകയാണ്.
പുതുസംരംഭകരോട് പറയാനുള്ളത്
25 വർഷത്തിന്റെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിന് പറയാനുള്ളത് വലിയ വായ്പാ ബാധ്യതകൾ തുടക്കത്തിൽ വരുത്തി വയ്ക്കരുത് എന്നാണ്. സംരംഭകരുടെ മനസ്, ആശയം, അദ്ധ്വാനം എന്നിവയായിരിക്കണം മൂലധനം. ചെറുതായി തുടങ്ങിയാൽ മതി. നന്നായി പ്ലാൻ ചെയ്യാൻ കഴിയണം. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് …….. ഈ പരസ്യമാണ് അനുസ്മരിക്കേണ്ടത്. കുടുംബത്തിന്റെ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് അതൊരു നിക്ഷേപമായി കണക്കാക്കി ബിസിനസിലേക്ക് ഇറങ്ങുക.
ഇത്തരം എഫ്. എം. സി. ജി ഉൽപന്നങ്ങൾക്ക് എക്കാലത്തും മികച്ച വിപണിയും ലാഭവിഹിതവും, വൈവിധ്യവൽക്കരണ സാധ്യതകളും ഉണ്ട്. തുടക്കത്തിൽ 2 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽ പോലും 40,000 രൂപ ഏറ്റവും കുറഞ്ഞ അറ്റാദായം ഉണ്ടാക്കാം.
വിലാസം:
രഞ്ജിത് കുമാർ. എച്ച്
ഇന്ദിര ഡയറി
തൊലിക്കൽ, കോവളം. പി. ഒ
തിരുവനന്തപുരം- 695527
ഫോൺ: 9895714299
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)