മിഷൻ 2030 ടൂറിസം വികസനത്തിന് പുതിയ മാസ്റ്റർപ്ലാൻ

മനോജ് മാതിരപ്പള്ളി

ടൂറിസം മേഖലയിൽനിന്നുള്ള ജിഡിപി വിഹിതം വർദ്ധിപ്പിക്കുക എന്നത് ഉൾപ്പെടെയുള്ള വിവിധ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് പുതിയ മാസ്റ്റർപ്ലാൻ നടപ്പാക്കുന്നു. ‘മിഷൻ 2030’ എന്ന പേരിലുള്ള മാസ്റ്റർപ്ലാൻ കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു പദ്ധതിയാകുമെന്ന കാര്യത്തിൽ സംശയമില്ല. വിവിധ മേഖകളിൽ നൂതനപദ്ധതികൾ മുന്നോട്ടുവെക്കുന്ന കേരളാമോഡൽ വിവിധ ലോകരാജ്യങ്ങളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പലപ്പോഴും അനുകരിക്കാറുണ്ട്. ഇത്തരത്തിലൊന്നാകും ടൂറിസം മേഖലയെ കേന്ദ്രീകരിച്ചുള്ള മിഷൻ 2030. കേരളം മുന്നോട്ടുവെച്ച ഉത്തരവാദിത്ത ടൂറിസം എന്ന ആശയം ചുരുങ്ങിയ നാളുകൾക്കുള്ളിൽ വ്യാപകമായി ഏറ്റെടുക്കപ്പെട്ടിരുന്നു. നമ്മുടെ ഗ്രാമീണമേഖലയിൽ ഉത്തരവാദിത്ത ടൂറിസത്തിന് ഇനിയും വിപുലമായ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. ഇവയെല്ലാം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന തരത്തിലാവും മാസ്റ്റർ പ്ലാൻ നടപ്പാക്കുക.

കോവിഡ് വ്യാപനകാലത്ത് തിരിച്ചടി നേരിട്ട സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖല വലിയ രീതിയിലുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദേശടൂറിസ്റ്റുകളും ഉത്തരേന്ത്യൻ സഞ്ചാരികളും ഇതിനകം തന്നെ കേരളം സന്ദർശിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവർഷകാലത്ത് ഇവിടുത്തെ ടൂറിസം സംരംഭങ്ങൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഒരുകാലത്ത്, ആലപ്പുഴയും കൊച്ചിയും കോവളവും തേക്കടിയും മൂന്നാറും വാഗമണ്ണുമൊക്കെയായിരുന്നു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിൽ, സംസ്ഥാനത്തെ മുഴുവൻ ഒരു ടൂറിസം മേഖലയായി വികസിപ്പിക്കുകയെന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കപ്പെടുന്നത്. ഇത് നല്ലൊരു ശതമാനം വരെ വിജയിക്കുകയും ചെയ്തുകഴിഞ്ഞു. ഇവിടുത്തെ ഗ്രാമങ്ങളിലേക്കും ഹോംസ്റ്റേകളിലേക്കുമെല്ലാം വിദേശികൾ ഉൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ ഇപ്പോൾ എത്തുന്നുണ്ട്.

മാസ്റ്റർപ്ലാനിലെ കാഴ്ചപ്പാട്

നിലവിൽ സംസ്ഥാനത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാണ്. ഇത് 20 ശതമാനമായി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നയപരിപാടികളും മാസ്റ്റർപ്ലാനിലുണ്ടാവും. മറ്റു മേഖലകളിൽനിന്നും വ്യത്യസ്തമായി വിനോദസഞ്ചാര രംഗത്ത് സ്വകാര്യനിക്ഷേപത്തിന്റെ വലിയ സാധ്യതകളും നിലനിൽക്കുന്നുണ്ട്. മാസ്റ്റർപ്ലാൻ നടപ്പാക്കപ്പെടുന്നതോടെ ഇതും പരമാവധി വിനിയോഗിക്കാനാണ് ശ്രമം. ഇതോടൊപ്പം ഈ രംഗത്തെ പൊതു-സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്താനും നടപടി സ്വീകരിക്കും. വാഗമണ്ണിൽ അടുത്തയിടെ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് മികച്ച ഉദാഹരണമാണ്. ഇതേ രീതിയിൽ ഹെലിടൂറിസത്തിനും തുടക്കമായിട്ടുണ്ട്.

സംസ്ഥാനത്തെത്തുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തീരദേശവും ഇടനാടും മലയോരങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യവും ആകാശക്കാഴ്ചയും ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ഹെലിടൂറിസത്തിന്റെ ലക്ഷ്യം. നെടുമ്പാശ്ശേരിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്. ആറുമുതൽ 12 പേർക്ക് വരെ കയറാവുന്ന ഹെലികോപ്റ്ററുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. റോഡ് മാർഗ്ഗമുള്ള ദീർഘദൂര യാത്ര ഒഴിവാക്കി എളുപ്പത്തിൽ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ ഈ പദ്ധതി പ്രയോജനപ്പെടും. തിരുവനന്തപുരം, കൊല്ലം, ജഡായുപാറ, ആലപ്പുഴ, കുമരകം, ഇടുക്കി, മൂന്നാർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലെല്ലാം ഹെലിടൂറിസം നടപ്പാക്കും. ഇതിന്റെ ഭാഗമായി കൂടുതൽ ഹെലിപാഡുകൾ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഇത്തരത്തിൽ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ ക്രൂയിസ് ടൂറിസത്തിനും തുടക്കമാകും.

tourismടൂറിസം വികസനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ സർക്കാർ കണ്ടെത്തുകയും അവിടുത്തെ സാഹചര്യത്തിന് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാൻ സ്വകാര്യസംരംഭകരെ അനുവദിക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് അനുയോജ്യമായ പദ്ധതികളാവും മിഷൻ 2030-ന്റെ ഭാഗമാവുക. സ്വാഭാവികമായും കേരളത്തിന്റെ ഗ്രാമീണമേഖലയ്ക്ക് ഇതിന്റെ നേട്ടം കൂടുതലായി ലഭിക്കും. ഗ്രാമങ്ങളിലെ ജനജീവിതം, ഭക്ഷ്യസംസ്‌കാരം, കൃഷി, പരമ്പരാഗത തൊഴിൽ, ആചാരം തുടങ്ങിയവയിലൂടെ സഞ്ചാരികളെ ആകർഷിക്കുന്നതോടെ പ്രദേശവാസികളും കർഷകരുമെല്ലാം ടൂറിസത്തിന്റെ ഗുണഭോക്താക്കളായി മാറും. വിനോദസഞ്ചാരമേഖലയിൽ നിക്ഷേപത്തിന് ഒരുങ്ങുന്ന സംരംഭകർക്ക് എളുപ്പത്തിൽ അനുമതിയും ലൈസൻസുമെല്ലാം ലഭ്യമാക്കുന്ന ഏകജാലക സംവിധാനവും നടപ്പിലാക്കും.

ടൂറിസം നിക്ഷേപകസംഗമം

അടുത്തയിടെ തിരുവനന്തപുരത്ത് നടന്ന ടൂറിസം നിക്ഷേപകസംഗമവും സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിൽ അനേകായിരം കോടിയുടെ നിക്ഷേപം എത്തിക്കാനുള്ള വഴിയൊരുക്കിയിരുന്നു. 15,116.65 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് സംഗമത്തിലുണ്ടായത്. ഇതിൽ 3500 കോടിയിലേറെ രൂപയും ഹോട്ടൽ, റിസോർട്ട്, പാർക്ക് മേഖലകളിലാവും എത്തുക. മലബാർ ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് പ്രാധാന്യം നൽകും. ഹോട്ടൽ മേഖലയ്ക്ക് പരിഗണന നൽകിക്കൊണ്ട് ഗോകുലം ഗ്രൂപ്പും, സുസ്ഥിര ടൂറിസത്തിന് പ്രാധാന്യം നൽകി ബോബി ഗ്രൂപ്പ് ഓഫ് കമ്പനിയും നിക്ഷേപമിറക്കും. കല്യാൺ സിൽക്‌സ് പോലെയുള്ള മറ്റു പല പ്രമുഖ ഗ്രൂപ്പുകളും നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, മുഹമ്മയിലെയും കണ്ണൂരിലെയും ഹൗസ് ബോട്ട് ഹോട്ടൽ പദ്ധതിയുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു.

വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപകസംഗമത്തിൽ അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് പങ്കെടുത്തത്. അമ്പതോളം സ്റ്റാർട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം രംഗത്തുനിന്ന് 118 സംരംഭകരും സംഗമത്തിൽ എത്തിയിരുന്നു. പൊതുമേഖലയിൽനിന്ന് ഇരുപത്തഞ്ചോളം പദ്ധതികളും സ്വകാര്യമേഖലയിൽനിന്ന് അമ്പതിലധികം പദ്ധതികളും ഇവിടെ അവതരിപ്പിക്കപ്പെട്ടു. ഇതിനുപുറമെ, സ്വകാര്യമേഖലയിലെ 21 പദ്ധതികൾക്കുള്ള 12,605 കോടി രൂപയുടെ നിക്ഷേപവാഗ്ദാനവും ലഭിച്ചിട്ടുണ്ട്. ടൂറിസംവകുപ്പ് പൊതുമേഖലയിൽ അവതരിപ്പിച്ച പദ്ധതികൾക്ക് പുറമെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 16 പദ്ധതികൾക്കുള്ള നിർദ്ദേശവും ലഭിച്ചു.

കോവിഡ് വ്യാപനത്തിനുശേഷം സഞ്ചാരികളുടെ തിരക്ക് കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് കൂടുതൽ നിക്ഷേപം നടത്താൻ സംരംഭകർ തയ്യാറെടുക്കുന്നത്. ടൂറിസം സംഗമത്തിലെ നിർദ്ദേശങ്ങളും നിക്ഷേപവാഗ്ദാനങ്ങളും പ്രായോഗികമാക്കാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നത് ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ആയിരിക്കും. സംരംഭകരുടെ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ടാവും ഇതിന്റെ പ്രവർത്തനം. ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ട ഏകോപനസമിതിയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. പദ്ധതികൾക്ക് ഏതെങ്കിലും തരത്തിലുള്ള തടസം നേരിട്ടാലും ഏകോപനസമിതിയുടെ ഇടപെടലുണ്ടാകും. ഇതിനുപുറമെ, നിശ്ചിത ഇടവേളകളിൽ മന്ത്രിതലത്തിലുള്ള അവലോകനയോഗങ്ങളും ചേരുന്നതാണ്.

മാറുന്ന ഡെസ്റ്റിനേഷനുകൾ

2017-ൽ കേരളം ലോകത്തിന് മുന്നിൽ മാതൃകാപരമായി അവതരിപ്പിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി ഈ മേഖലയ്ക്ക് നൽകിയ സംഭാവന ചെറുതല്ല. പ്രാദേശിക ജനസമൂഹങ്ങൾക്ക് ടൂറിസം വ്യവസായത്തിൽ നിന്നുള്ള വരുമാനം ഇതിലൂടെ മികച്ച രീതിയിൽ ലഭിച്ചു തുടങ്ങി. മാത്രവുമല്ല, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടൂറിസം ഗ്രാമങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദേശങ്ങൾ രൂപപ്പെട്ടു. കർഷകരും സ്ത്രീകളും പരമ്പരാഗത തൊഴിലാളികളുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളായി. മുൻപ്, കോവളം പോലെയുള്ള ബീച്ചുകളിലേക്ക് മാത്രം എത്തിയിരുന്ന സഞ്ചാരികളിൽ പലരും ഗ്രാമങ്ങളും സന്ദർശിച്ചുതുടങ്ങി. 2023-ലെ ആദ്യ ആറുമാസത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ തീരദേശ കേന്ദ്രങ്ങളോട് സമാനമായ രീതിയിൽ മലയോര മേഖലയിലേക്കും ടൂറിസ്റ്റുകൾ എത്തുന്നതായി കാണാം.

#riverകായലും കടലും പുഴകളും നെൽപ്പാടങ്ങളും തീരദേശവും ഇടനാടും മലയോര മേഖലയുമെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് വിനോദസഞ്ചാരമേഖലയിൽ കേരളത്തിനുള്ള അനുകൂലഘടകം. ചെറിയൊരു ഭൂവിസ്തൃതിയിൽ ഇത്രയധികം വ്യത്യസ്തത അനുഭവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ലോകത്തുതന്നെ അപൂർവ്വമാണ്. അതുകൊണ്ടുതന്നെയാണ് കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ ആയി മാറുന്നതും. ഇത്തരമൊരു പശ്ചാത്തലത്തിൽ ഒരു ടൂറിസം സംസ്ഥാനമായി മാറാനുള്ള എല്ലാ സാധ്യതയും കേരളത്തിനുണ്ട്. ഇത് പരമാവധി വിനിയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അങ്ങനെയെങ്കിൽ, ആഗോളതലത്തിൽ ഏറ്റവുമധികം വരുമാനം ലഭ്യമാക്കുന്ന വ്യവസായങ്ങളിലൊന്നായ ടൂറിസത്തിന്റെ കൈപിടിച്ചാവും ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ വളർച്ച.

കോവിഡ് കാലത്തെ കണക്കുകൾ ഒഴിവാക്കിയാൽ, കേരളത്തിന്റെ വിനോദസഞ്ചാര മേഖല എക്കാലവും നേട്ടത്തിന്റെ പാതയിലാണ്. 2023 ജനുവരി-ജൂൺ കാലയളവിൽ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വൻകുതിപ്പ് ഇതിന് ഉദാഹരണമാണ്. എന്നുമാത്രമല്ല 20.1 ശതമാനം വർദ്ധനയോടെ റെക്കോർഡ് വളർച്ച കൈവരിക്കുകയും ചെയ്തു. 1.683 കോടി ആഭ്യന്തര സഞ്ചാരികൾ ഇക്കാലയളവിൽ കേരളം സന്ദർശിച്ചപ്പോൾ മുൻവർഷം ഇത് 88.95 ലക്ഷം മാത്രമായിരുന്നു. ഇത്തവണ ഏറ്റവുമധികം ആഭ്യന്തരസഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലും അതുകഴിഞ്ഞാൽ ഇടുക്കി ജില്ലയിലുമാണ്. ആഭ്യന്തരസഞ്ചാരികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെന്നും കാണാം. ഇതോടൊപ്പം വിദേശടൂറിസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ടൂറിസം വകുപ്പിന്റെ കണക്കുകൾപ്രകാരം 2.88 ലക്ഷം വിദേശസഞ്ചാരികൾ ഈ കാലയളവിൽ കേരളം സന്ദർശിച്ചു. മുൻവർഷം ഇത് 1.05 ലക്ഷമായിരുന്നു. ആനുപാതികമായ രീതിയിൽ ഈ മേഖലയിൽനിന്നുള്ള വരുമാനത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്.

കാഴ്ചകളുടെ വൈവിധ്യം പോലെ തന്നെ വ്യത്യസ്തമായ ടൂറിസം പദ്ധതികളുടെ കാര്യത്തിലും കേരളം സമ്പന്നമാണ്. ഉത്തരവാദിത്ത ടൂറിസം, വില്ലേജ് ടൂറിസം, മൺസൂൺ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഹെൽത്ത് ടൂറിസം, വെഡ്ഡിംഗ് ടൂറിസം, കൾച്ചറൽ ടൂറിസം, സ്റ്റോറി ടെല്ലിംഗ് ടൂറിസം തുടങ്ങിയവയെല്ലാം ഉദാഹരണം. കൂടാതെ കാരവൻ ടൂറിസം, സിനിമാ ടൂറിസം എന്നിവയ്ക്കും തുടക്കമായിക്കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലുമൊരു കാലയളവിലേക്ക് മാത്രം സഞ്ചാരികളെ ആകർഷിക്കുന്നതിന് പകരം വർഷം മുഴുവനും ടൂറിസ്റ്റുകൾക്ക് വന്നുപോകാൻ കഴിയുന്ന സ്ഥലമായി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.