ബിസിനസ് ലോകം ഭരിക്കുവാൻ പർച്ചേസ് പ്രെഡിക്ഷൻ

ലോറൻസ് മാത്യു

ഏതൊരു ബിസിനസിന്റേയും നില നിൽപ്പ് സംതൃപ്തരായ ഉപഭോക്താക്കളെ ആശ്രയിച്ചാണിരിക്കുന്നത്. സത്യത്തിൽ ഓരോ ബിസിനസ് കാരനും തങ്ങളുടെ ഉൽപന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ വിൽക്കുവാനിരിക്കുന്നവരല്ല മറിച്ച് കസ്റ്റമറുടെ ആവശ്യമെന്തെന്ന് കണ്ടെത്തി അത് നൽകുവാനിരിക്കുന്നവരാണെന്നുള്ള തിരിച്ചറിവ് ആണ് വേണ്ടുന്നത്. ഇത് വിജയകരമായി ചെയ്യുന്നവർക്കാണ് ഈ മത്സരാധിഷ്ടിത ലോകത്ത് നിലനിൽക്കുവാൻ കഴിയുന്നത്.

ഒരു വ്യക്തിയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുകയും അതുവഴി താൽപ്പര്യങ്ങളും ആവശ്യങ്ങളും അപഗ്രഥിക്കുകയും അതിനനുസൃതമായി ആ വ്യക്തിയേയോ ഒരു ഭൂപ്രദേശത്തേയോ കേന്ദ്രീകരിച്ച് മാർക്കറ്റിങ്ങ് ചെയ്യുകയും വഴി പരമാവധി വിൽപ്പന ഉറപ്പ് വരുത്തുവാൻ കഴിയും.ഉപഭോക്താവിന്റെ ആവശ്യങ്ങൾ മുമ്പേ കൂട്ടി മനസ്സിലാക്കുകയും സമയാനുസൃതമായി അവരിലേക്ക് ആ ഉൽപന്നങ്ങൾ എത്തിക്കുകയും ചെയ്യുന്നതാണ് പർച്ചേസ് പ്രെഡിക്ഷൻ എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യയാണ് ഈ ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ താരമായ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ചാണ് ഇപ്പോൾ വൻകിട കമ്പനികളെല്ലാം ഇത് ചെയ്യുന്നത്. ആമസോണും ഫ്ളിപ്കാർട്ടും പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ കസ്റ്റമേഴ്സിന്റെ മുൻകാലങ്ങളിലുള്ള പർച്ചേസ് ഹിസ്റ്ററിയിൽ നിന്ന് നിരവധി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സ്വകാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെങ്കിലും നാം കൊടുക്കുന്ന ചെറിയ വിവരങ്ങളിൽ നിന്ന് എത്രത്തോളം സ്വാധീനം ഉളവാക്കുന്ന വലിയ വിവരങ്ങളാണ് ഉരുത്തിരിഞ്ഞ് വരുന്നതെന്ന് ആശ്ചര്യമുണ്ടാക്കിയേക്കാം. ഒരു വ്യക്തി സന്ദർശിക്കുന്ന സ്ഥലങ്ങൾ, വാങ്ങുന്ന സാധനങ്ങൾ തുടങ്ങി ഫോണിൽ സെറ്റ് ചെയ്യുന്ന അലാറത്തിന്റെ സമയം പോലും ഇത്തരം പ്രെഡിക്ഷനുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന വിവരങ്ങളിൽ ഉൾപ്പെടും.

എങ്ങനെ ചെയ്യുവാൻ കഴിയും
ഭാവിയിൽ ഒരു കസ്റ്റമർ എന്താണ് വാങ്ങുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ അദ്ദേഹം വാങ്ങിയതായ സാധനങ്ങളുടെ ഒരു ഡേറ്റ ആണ് ആദ്യമായി ആവശ്യമായത്. ഈ ഡേറ്റ കളക്ഷൻ ആണ് ആദ്യപടി. ഒരു കസ്റ്റമറുടെ പർച്ചേസ് ഹിസ്റ്ററിയിൽ നിന്നാണ് ഭാവിയിൽ അദ്ദേഹം വാങ്ങാൻ സാധ്യതയുള്ളവയുടെ ഡേറ്റ കണ്ടെത്തുന്നത്. ഇത് വെബ് സൈറ്റ് ഹിസ്റ്ററി, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ തുടങ്ങിയവയിൽ നിന്നൊക്കെ കണ്ടെത്തുവാൻ കഴിയും. ഇതാണ് ആർട്ടിഫിഷ്യൽ ഇന്റ്ലിജെൻസ് ഉപയോഗിച്ച് ചെയ്യുന്നത്. നമ്മൾ ആമസോണിലോ ഫ്ളിപ്കാർട്ടിലോ ഏതെങ്കിലും ഉൽപ്പന്നം തിരഞ്ഞിട്ട് തൊട്ടടുത്ത നിമിഷം ഫെയ്സ് ബുക്കിൽ കയറുമ്പോൾ അൽപം മുമ്പ് തിരഞ്ഞതായ ഉൽപന്നത്തിന്റെ പരസ്യം നമുക്കായി മാത്രം കാണുവാൻ കഴിയുന്നതിന്റെ പിന്നിലുള്ള സാങ്കേതിക വിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആണ്. മുൻകാലങ്ങളിൽ ഒരു കസ്റ്റമർ വാങ്ങിയതായ സാധനങ്ങളുടെ ഒരു ഡേറ്റ ഉണ്ടാക്കുകയാണ് ഇവിടെ.

ഉണ്ടാക്കിയതായ ഡേറ്റ പ്രോസസ് ചെയ്യുകയാണ് അടുത്ത പടി. ഡൂപ്ലിക്കേറ്റ് ആയവയെ മാറ്റുന്നത് ഈ ഘട്ടത്തിലാണ്. കിട്ടിയതായ വിവരങ്ങളെ അപഗ്രഥിച്ച് ആവശ്യമായവയെ മാത്രം എടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ശേഖരിച്ചതായ ഡേറ്റയിൽ നിന്ന് പ്രവചനാത്മ സ്വഭാവം ഉള്ളവയെ കണ്ടെത്തുകയാണ് അടുത്തതായി ചെയ്യുന്നത്. കസ്റ്റമറുടെ പ്രായം, സ്ഥലം, ജോലി, ഏതൊക്കെ സമയത്ത് ഏതൊക്കെ ഇടവേളകളിലാണ് വാങ്ങിയത് തുടങ്ങിയവയൊക്കെ അപഗ്രഥിക്കപ്പെടും.
ട്രെയിനിങ്ങിനായും ടെസ്റ്റിനായും ഇ ഡേറ്റ പിന്നീട് വേർതിരിക്കപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മോഡലിനെ പരിശീലിപ്പിക്കുവാനായി ഒരു ഭാഗം ഉപയോഗിക്കപ്പെടുത്തുന്നു. ട്രെയിൻ ചെയ്തതായ മോഡലിനെ അതിന്റെ പെർഫോർമൻസ് പരിശോധിക്കുവാനായി അടുത്ത ഭാഗം വിനിയോഗിക്കുന്നു.

തുടർന്ന് കൈയ്യിലുള്ള ഡേറ്റയ്ക്ക് അനുസൃതമായ ആർട്ടിഫിഷ്യൽ ഇന്റസലിജെൻസ് മോഡലിനെ തിരഞ്ഞെടുക്കുന്നു. ഏതൊക്കെ രീതിയിലാണ് ഭാവിയിൽ ആവശ്യമായി വരുന്നത് എന്നതിനനുസരിച്ച് ആണ് ഇത് ചെയ്യുന്നത്.
അതിന് ശേഷം തിരഞ്ഞെടുത്തതായ മോഡലിനെ അല്ലെങ്കിൽ അൽഗോരിതത്തെ വീണ്ടും പരിശീലിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ഒരു കസ്റ്റമറുടെ പർച്ചേസ് ഹിസ്റ്ററിയുൾപ്പെടെയുള്ള വിവരങ്ങൾ മോഡൽ മനസ്സിലാക്കുന്നത്. പർച്ചേസ്, ബിഹേവിയർ, ഇടവേള തുടങ്ങിയവയൊക്കെ ഈ മോഡലിന് മനസ്സിലാക്കിക്കൊടുക്കപ്പെടും.
തുടർന്ന് വീണ്ടും തിരഞ്ഞെടുത്ത മോഡലിന്റെ പെർഫോർമൻസ് വിലയിരുത്തപ്പെടുന്നു. ഭാവിയിൽ തീരുമാനങ്ങളെടുക്കുവാൻ മോഡലിനെ പ്രാപ്തമാക്കുന്നതിവിടെയാണ്.
മോഡലിന്റെ പെർഫോർമൻസിനെ സ്വാധീനിക്കുവാൻ കഴിയുന്നതായ പരാമീറ്ററുകളെ മാറ്റുന്ന അടുത്ത ഘട്ടത്തിനെ ഹൈപ്പർ പരാമീറ്റർ ട്യൂണിങ്ങ് എന്ന് പറയുന്നു.
തുടർന്ന് പരിശീലിപ്പിക്കപ്പെട്ട ഈ അൽഗോരിതത്തിനെ പുതിയ ഡേറ്റ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്നു. നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് ഇത് പര്യാപ്തമാണോ എന്ന് വിലയിരുത്തുന്നത് ഈ ഘട്ടത്തിലാണ്. തുടർന്ന് ബിസിനസ് സിസ്റ്റത്തിലേക്ക് മോഡലിനെ പ്രവേശിപ്പിക്കുന്നു. ഓട്ടോമാറ്റിക്കായി കസ്റ്റമറുടെ ബിഹേവിയറും വാങ്ങുവാൻ ഉദ്ദേശിക്കുന്നതായ സാധനങ്ങളുടെ വിവരങ്ങളും പ്രഡിക്ട് ചെയ്യപ്പെടുന്ന ഒരു സിസ്റ്റമായി ഇത് മാറുന്നു.
കസ്റ്റമറുടെ സ്വഭാവം അനുദിനം മാറിക്കൊ
ണ്ടിരിക്കുന്നതിനാൽത്തന്നെ ഈ മോഡൽ അനുദിനം വിലയിരുത്തപ്പെടുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്. അത് നിരന്തരം ചെയ്ത് കൊണ്ടിരിക്കുന്നു.

പർച്ചേസ് പ്രെഡിക്ഷൻ എന്തിന്
പ്രധാനമായും വ്യക്തി നിഷ്ടമായി ഷോപ്പിങ്ങ് മാറ്റുകയെന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതായത് ഓരോ കസ്റ്റമറുടേയും അഭിരുചിക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നൽകുകയെന്നത് ഇന്ന് പ്രധാനമാണ്. അത് ഇതിലൂടെ സാധ്യമാണ്. കസ്റ്റമറും കമ്പനിയുമായുള്ള ബന്ധങ്ങൾ വർദ്ധിക്കുവാൻ ഇത് കാരണമാകുന്നു. കസ്റ്റമർ ചില ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുവാൻ ആഗ്രഹിക്കുന്നത് ഇത് വഴി മുൻകൂട്ടി കണ്ടെത്തുവാനും അത് തടയുവാനും ഇതിലൂടെ സാധ്യമാണ്. കൃത്യമായി ടാർജറ്റഡ് ആയിട്ടുള്ള കസ്റ്റമേഴ്സിനെ കണ്ടെത്തുവാൻ കഴിയുന്നുവെന്നത് ഒരു ബിസിനസിൽ ചെറിയ കാര്യമല്ല. ആരോഗ്യ രംഗത്ത് ഈ സംവിധാനം വളരെ ഫലപ്രദമാണ്. രോഗിയുടെ മുൻകാല ചരിത്രം പരിശോധിക്കപ്പെടുന്നതിലൂടെ ഭാവിയിൽ വരുവാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുവാനും അത് തടയുവാനും സാധിക്കുന്നുണ്ട്. കമ്പനികൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുവാനൊക്കെ ഈ ഡേറ്റ ഉപയോഗിക്കുവാൻ കഴിയും.

പർച്ചേസ് പ്രെഡിക്ഷന്റെ ഭാവി
ഏതൊരു ബിസിനസിന്റേയും ഭാവി സംപ്തൃരായ ഉപഭോക്താക്കളായതിനാൽത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ചുള്ള പർച്ചേസ് പ്രെഡിക്ഷൻ ആയിരിക്കും ഇനിയുള്ള ബിസിനസ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കൃത്യമായിരിക്കും ഇനിയുള്ള കാലത്ത് പർച്ചേസ് പ്രെഡിക്ഷൻ. റിയൽ ടൈം പർച്ചേസ് പ്രെഡിക്ഷൻ ആയിരിക്കും അടുത്തതായി വരുവാൻ പോകുന്നത്. വിവിധങ്ങളായ വൈബ് സൈറ്റുകൾ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷനുകൾ ഇവയിലെല്ലാം ഒരുമിച്ച് ഇത് ചെയ്യുവാൻ കഴിയും. ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ കൂടി സഹായത്തോടെ വ്യാപകമായിരിക്കും ഇനിയുള്ള കാലത്ത് പർച്ചേസ് പ്രെഡിക്ഷൻ.

ആരൊക്കെ
വിവിധ കമ്പനികൾക്കായി പർച്ചേസ് പ്രെഡിക്ഷൻ ചെയ്തു കൊടുക്കുന്ന കമ്പനികളുണ്ട്. അവയിൽ ചിലവയെ പരിചയപ്പെടാം. ഇതിൽ പ്രമുഖമായ ഒന്നാണ് 2012 ൽ ആരംഭിച്ച ഡേറ്റാ റോബോട്ട്. ഐ ബി എം വാട്സൺ ആണ് പ്രമുഖമായ മറ്റൊരു കമ്പനി. ഒറാക്കിൾ എ ഐ ക്ലൌഡ്, മൈക്രോസോഫ്റ്റ് അഷ്വർ മെഷിൻ ലേണിങ്ങ്, ഗൂഗിൾ ക്ലൗഡ് എ ഐ പ്ലാറ്റ് ഫോം, സീറ്റാ ഗ്ലോബൽ തുടങ്ങിയവയെല്ലാം ഈ മേഖലയിലെ പ്രമുഖരാണ്.

നമുക്കും നോക്കാം
കേരളത്തിലെ സാങ്കേതിക യോഗ്യതയുള്ള യുവാക്കൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാൻ കഴിയുന്നയൊരു മേഖലയാണ് ഇത്. ഇവിടെയുള്ള ചെറുകിട വ്യവസായ സംരംഭകർ ഇത് വരെയും ഇതിനെക്കുറിച്ചൊന്നും ബോധവാന്മാവരല്ല എന്നതാണ് സത്യം. വൻകിടക്കാരും ഓൺലൈൻ പ്ലാറ്റ്ഫോമുകളും വന്നപ്പോൾ തങ്ങളുടെ ബിസിനസ് കുറഞ്ഞേ എന്ന് വിലപിക്കുന്നതല്ലാതെ കസ്റ്റമറെ ആകർഷിക്കുവാൻ കാര്യമായൊന്നും ചെയ്യുവാൻ ഇവർക്ക് കഴിയുന്നില്ല. ആയതിനാൽത്തന്നെ ചെറുകിടക്കാരെ ലക്ഷ്യമിട്ട് ഈ മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാൻ കഴിയും. നമ്മുടെ യുവതലമുറ ഈ രംഗത്തേക്ക് കൂടി തിരിയേണ്ടതാണ്.