ബിസിനസ് ഫിനാൻസ് സംരംഭകർ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഡോ. സുധീർ ബാബു

ബൈജൂസിനെക്കുറിച്ച് അഭിമാനത്തോടെ ഞാൻ ക്ലാസുകളിൽ പറയാറുണ്ടായിരുന്നു. കേരളത്തിൽ നിന്നും അന്താരാഷ്ട്ര ബിസിനസ് ലോകത്തേക്ക് റോക്കറ്റ് വേഗതയിൽ കുതിച്ചു പൊങ്ങിയ കമ്പനി. കേരളത്തിൽ നിന്നും ഇത്തരം ഉയരങ്ങളിലെത്തിയ ബിസിനസുകൾ അധികമില്ല. അവസരങ്ങൾ ബുദ്ധിപരമായി വിനിയോഗിച്ചു കൊണ്ട് വളർച്ചയുടെ പടവുകൾ പാഞ്ഞു കയറിയ ബൈജൂസ് ഇതാ ചരട് പൊട്ടിയ പട്ടം പോലെ ആകാശത്തിൽ നിന്നും താഴേക്ക് തലകുത്തിവീഴുന്നു.

ജീവിതത്തിലെന്ന പോലെ ബിസിനസിലും സംഭവങ്ങൾ പ്രവചനാതീതമാണ്. നാം എല്ലാം നിയന്ത്രിതമെന്ന് കരുതുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകാം. പിഴവുകൾ കണ്ടെത്തി തിരുത്തുവാൻ സമയം ലഭിക്കണമെന്നില്ല. ഇന്നെടുക്കുന്ന തീരുമാനങ്ങൾ നാളെയുടെ ഭാവി നിർണ്ണയിക്കുന്നു. ഒന്നും ശാശ്വതമല്ലെന്ന പ്രപഞ്ച സത്യം എത്ര പെട്ടെന്നാണ് ചിലപ്പോൾ പ്രാവർത്തികമാവുക.

അതിഗംഭീരമായി പ്രവർത്തിച്ചു വരുന്ന ബിസിനസുകൾ ഇതുപോലെ അടിതെറ്റി പെട്ടെന്ന് തകർന്നു വീഴുന്നു. വലിയ പ്രതീക്ഷകളുമായി തുടങ്ങുന്ന പല ബിസിനസുകളും യാത്ര തുടരാനാവാതെ വഴിയിൽ വീണു പോകുന്നു. ചിലവ എങ്ങിനെയോ ഉന്തിത്തള്ളി മുന്നോട്ടു കൊണ്ടുപോകുന്നു. വിജയവും പരാജയവും തമ്മിലുള്ള ദൂരം അളക്കുവാനാവാതെ ബിസിനസുകൾ കിതച്ചു നീങ്ങുന്നു.

കൈവിട്ടു പോകുന്ന കളികൾ
വലിയ ബിസിനസുകളായാലും ചെറിയ ബിസിനസുകളായാലും ചില കളികൾ കൈവിട്ടുപോകാറുണ്ട്. ബൈജൂസിന് സംഭവിച്ചത് അതാണ്. ബിസിനസ് ഫിനാൻസ് സൂക്ഷ്മമായി, കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിക്കാതിരിക്കുന്ന പിഴവ് ഏത് ഭീമനേയും തറപറ്റിക്കും. ചില വീഴ്ചകളുടെ ആഘാതം ഭീകരമായിരിക്കും. ബിസിനസ് വലുതോ ചെറുതോഎന്നില്ല ഈ ആഘാതങ്ങൾ അതിനു പിന്നിലുള്ള ജീവിതങ്ങളെ കശക്കിയെറിയും.
ധനം കൈകാര്യം ചെയ്യാനറിയാത്തൊരാൾ ബിസിനസ് തുടങ്ങരുത് എന്നാണെന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ അത് പഠിച്ച് നടപ്പിൽ വരുത്തുവാനുള്ള ദൃഡനിശ്ചയം അയാൾക്കുണ്ടാവണം. ബിസിനസിലെ പണത്തെ പക്വതയോടെ, ബഹുമാനത്തോടെ, കൃത്യതയോടെ കൈകാര്യം ചെയ്യുന്ന ബിസിനസുകൾ പ്രതിസന്ധികളെ നേരിട്ട് തലയുയർത്തി ദീർഘകാലം നിലനിൽക്കും . പണത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവ മുടന്തി നീങ്ങുകയും ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

ഫിനാൻസ് തന്നെ മുഖ്യം
ബിസിനസ് തുടങ്ങുന്ന മൂന്നിൽ രണ്ടു പേർക്കും ബിസിനസ് ഫിനാൻസ് കൈകാര്യം ചെയ്യാൻ അറിയില്ല എന്നതാണ് വാസ്തവം. മിക്കവാറും എല്ലാവരും ചെയ്യുകയും പഠിക്കുകയും ചെയ്താണ് മുന്നോട്ടു നീങ്ങുന്നത്. തെറ്റുകൾ പറ്റുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിലേക്ക് ശ്രദ്ധയോടെ യാത്ര ചെയ്യുകയുമാണ് നമ്മുടെ രീതി. അത് നല്ലതു തന്നെ. എന്നാൽ ബിസിനസിൽ സംരംഭകർ നടപ്പിലാക്കേണ്ട ചില രീതികൾ, പ്രക്രിയകൾ എല്ലാം തന്നെ തെറ്റുകളും മണ്ടത്തരങ്ങളും സംഭവിക്കുന്നതിന്റെ ആഘാതങ്ങൾ പരമാവധി കുറയ്ക്കും.
ബിസിനസിന്റെന തുടക്കം മുതൽ തന്നെ നടപ്പിലാക്കുന്ന ചില നിയന്ത്രണങ്ങൾ ധനത്തെ സംരക്ഷിച്ചു നിർത്തും. ബിസിനസ് ഇപ്പോൾ ഏത് ഘട്ടത്തിൽ ആണെങ്കിൽ പോലും ഇത് നടപ്പിലാക്കാവുന്നതേയുള്ളൂ. കൈവിട്ടു പോകുന്ന ധനം തിരികെ വരിക അൽപ്പം ബുദ്ധിമുട്ടാണ്. അത് അനാവശ്യമായി കൈവിട്ടു പോകാതെ കാക്കുവാൻ ബിസിനസുകൾക്ക് സാധിക്കണം.

എല്ലാ ധനവും ഉടമസ്ഥനുള്ളതല്ല
ബിസിനസ് എന്റെയല്ലേ, ഇതിലെ പണം മുഴുവൻ എന്റെ സ്വന്തമല്ലേ, അത് എങ്ങിനെ വേണമങ്കിലും ചെലവഴിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ. തീർച്ചയായുമുണ്ട്. ആരും എതിരഭിപ്രായം പറയില്ല. സ്വാതന്ത്ര്യത്തിൽ കൈകടത്തില്ല. പക്ഷേ ബിസിനസിലെ പണം മുഴുവൻ ബിസിനസിന്റേതല്ലേ എന്ന വിചാരം വന്നാൽ അത് കുറേക്കൂടി ബിസിനസ് ഫിനാൻസ് കൈകാര്യം ചെയ്യുവാൻ സഹായിക്കും.
ഉടമസ്ഥൻ/ർ തനിക്കുള്ള/തങ്ങൾക്കുള്ള മാസശമ്പളം നിശ്ചയിക്കുക നല്ലൊരു കാര്യമാണ്. സ്വയം ചെലവഴിക്കുന്ന പണത്തിന് ഇത് കൃത്യത വരുത്തും. ബിസിനസിലേക്ക് വരുന്ന പണം സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി നിയന്ത്രണമില്ലാതെ ചെലവഴിക്കുന്ന അവസ്ഥയ്ക്ക് ഇത് മാറ്റം വരുത്തും. ശമ്പളമായോ ഡ്രോയിംഗ്സായോ ഈ നിയന്ത്രണം നടപ്പിൽ വരുത്താം. ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾക്കനനുസരിച്ച് പണം ചെലവഴിക്കുന്നതിന് പകരം ഓരോ മാസവും എടുക്കേണ്ട തുക നിശ്ചയിക്കുക. ബിസിനസിന്റെ വളർച്ചയ്ക്കായി ഭാവിയിൽ പണത്തിന്റെ ആവശ്യമുണ്ട്. അത് ബിസിനസിൽ നിലനിർത്താൻ ഉടമസ്ഥൻ/ർ ശ്രമിച്ചേ തീരൂ.

TIP 1
ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കുന്നതുപോലെ തന്നെ ഉടമസ്ഥന്/ര് തങ്ങളുടെശമ്പളം/ഡ്രോയിംഗ്സ് തീരുമാനിക്കുക. അതുമാത്രം ബിസിനസിൽ നിന്നും എടുക്കുക. ബിസിനസിന്റെ പണമാണ് എന്ന ചിന്ത എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. മുകളിൽ നിന്നും തുടങ്ങുന്ന ഈ സാമ്പത്തിക അച്ചടക്കം ബിസിനസിൽ മുഴുവൻ പ്രതിഫലിക്കും.
100% അക്കൗണ്ടിംഗ്
ബിസിനസിലെ വരുമാനവും ചെലവുകളും നൂറ് ശതമാനവും അക്കൗണ്ട് ചെയ്യുവാൻ സാധിക്കണം. കൃത്യമായ കണക്കുകൾ വലിയ തലവേദനകൾ ഒഴിവാക്കും. പണം ഒലിച്ചുപോകുവാൻ നൂറു റ്വഴികളുണ്ട്. കുഴഞ്ഞു മറിഞ്ഞ കണക്കുകൾ സൂക്ഷിക്കുന്ന ഒരു ബിസിനസിനും ധനത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധ്യമല്ല. തികച്ചും സുതാര്യമായ കണക്ക് സൂക്ഷിപ്പ് ബിസിനസിന്റെ ശക്തി വർദ്ധിപ്പിക്കും.
വിപണിയിലെ നെറികെട്ട കളികൾക്കിടയിൽ പിടിച്ചു നിൽക്കാൻ പല അടവുകളും പയറ്റുന്ന കൂട്ടത്തിൽ പലപ്പോഴും കണക്കുകൾ താറുമാറാകും. ഗുലുമാലാകുന്ന ഇത്തരം കണക്കുകൾ ക്രമേണ ബിസിനസിനെ പ്രതിസന്ധിയിലേക്ക് നയിക്കും. കൃത്യമായി നികുതി ശേഖരിക്കുകയും അടക്കുകയും ചെയ്യുക വിട്ടുവീഴ്ചയില്ലാത്ത പ്രവൃത്തിയാക്കുക. താൽക്കാലിക ലാഭങ്ങൾക്കായി ബിസിനസിനെ ഭാവിയിലേക്ക് പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കുക.
TIP 2
എന്തൊക്കെ പ്രശ്നങ്ങൾ തരണം ചെയ്യേണ്ടി വന്നാലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുമെന്ന് തീരുമാനിക്കുക. താല്ക്കാലിക ലാഭങ്ങൾക്കായി ബിസിനസിനെ ബലികൊടുക്കില്ലെന്ന് നിശ്ചയിക്കുക. ബിസിനസിന്റെ വളർച്ചയ്ക്ക് സുതാര്യത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കുക.
ജീവനക്കാർ വേണം പക്ഷേ അധികമാകരുത്
അനാവശ്യമായി ജീവനക്കാരെ നിയമിക്കുന്ന സ്വഭാവം മിക്ക ബിസിനസുകൾക്കുമുണ്ട്. ആവശ്യത്തിൽ കൂടുതൽ ജീവനക്കാർ ബിസിനസിന് ബാധ്യതയാണ്. ഓരോ നിയമനവും നടത്തുന്നത് ശ്രദ്ധയോടെ ആവണം. ആവശ്യമായ ജീവനക്കാരെ മാത്രം ഉപയോഗിച്ച് കൂടുതൽ ഉൽപ്പാദനക്ഷമത ഉറപ്പുവരുത്തുവാൻ സാധിക്കണം. ബിസിനസ് ഗംഭീരമായി നടക്കുമ്പോൾ നിയമനങ്ങളിൽ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടപ്പെടാറുണ്ട്. ജീവനക്കാരെ നിയമിക്കുന്നതിന്റെ ഉദ്ദേശവും അവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്നുള്ള വ്യക്തമായ ധാരണയും സംരംഭകർക്ക് ഉണ്ടാവണം.
TIP 3
ജീവനക്കാർ ബിസിനസിന്റെ ആസ്തിയാവണം ബാധ്യതയാവരുത്. ഓരോ നിയമനവും ശ്രദ്ധയോടെ, ആവശ്യമെങ്കിൽ മാത്രം നടത്തുക.
പോക്കറ്ററിഞ്ഞ് ചെലവഴിക്കുക
ബിസിനസിൽ ധാരാളം പണമുള്ളപ്പോൾ പണം വീശി ചെലവഴിക്കുക. ഇല്ലാത്തപ്പോൾ ചെലവ് ചുരുക്കുക. ഈ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ധാരാളം സംരംഭകരുണ്ട്. ഇത് തികച്ചും ആത്മഹത്യാപരമായ പ്രവണതയാണ്. രണ്ടു സന്ദർഭങ്ങളിലും പണത്തിനുമേൽ നല്ല നിയന്ത്രണം ചെലുത്തുവാൻ സംരംഭകർക്ക് കഴിയണം. ഒരു അനാവശ്യച്ചെലവും പ്രോത്സാഹിപ്പിക്കരുത്. ബിസിനസിന് നല്ല കാലം മാത്രമല്ല മോശം കാലം കൂടി ഉണ്ടാകുമെന്ന ചിന്ത എപ്പോഴും സൂക്ഷിക്കുക.
പണത്തിന്റെ ലഭ്യതയിൽ തിടുക്കത്തിലുള്ള കൈവിട്ട കളികൾക്ക് മുതിരാതിരിക്കുക. വ്യക്തമായ ധാരണയോടെ, കൃത്യമായ കണക്കുകൂട്ടലുകളോടെ മാത്രം പ്രവർത്തിക്കുക. എതിരാളികൾക്ക് മേൽ അധീശത്വം നേടാൻ വൈകാരികമായ തീരുമാനങ്ങൾ എടുക്കരുത്. ബിസിനസിൽ വരുന്ന പണം ബിസിനസിന്റെ വളർച്ചയ്ക്കായി വ്യക്തമായ പ്ലാനോട് കൂടി മാത്രം ചെലവഴിക്കുക.
TIP 4
ചെലവുകൾക്ക് മേലെ ഒരു കണ്ണ് സൂക്ഷിക്കുക. അനാവശ്യ ചെലവുകൾ നിരുത്സാഹപ്പെടുത്തുക. വരുമാനവും ചെലവും സസൂക്ഷ്മം നിരീക്ഷിക്കുക.
ടെക്നോളജിയുടെ സഹായംതേടുക
സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തുവാൻ ടെക്നോളജിയുടെ സഹായം സ്വീകരിക്കാം. കണക്കുകൾ കൃത്യമായി സൂക്ഷിക്കുവാനും വിശകലനം ചെയ്യുവാനും സാങ്കേതിക വിദ്യ സഹായകരമാകും. ബിസിനസിന്റെ കാര്യക്ഷമത വർദ്ധിക്കും. ഉൽപ്പാദനക്ഷമത ഉയരും. ബിസിനസിനെ നവീകരിച്ചുകൊണ്ടേയിരിക്കുക. സമകാലികമായ സോഫ്റ്റ്വെയർ മാത്രം ഉപയോഗിക്കുക.
ഉദാഹരണമായി ജീവനക്കാരുടെ അറ്റന്റൻസ് രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുവെന്ന് കരുതുക. പേറോൾ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ആ സംവിധാനം ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്ര കാര്യക്ഷമമായി വേഗത്തിൽ പൂർത്തീകരിക്കാൻ സഹായകമാകുന്നു എന്ന് കാണാം.
TIP 5
ടെക്നോളജി ബിസിനസിനെ കൂടുതൽ കാര്യക്ഷമമാക്കും. തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും. പണത്തെ സംരക്ഷിക്കും. കളവുകൾക്കുള്ള സാധ്യതകൾ ഇല്ലാതെയാക്കും.
കടുക് ചോരുന്നതും അറിയണം
ഒരു മാർക്കറ്റിംഗ് കാമ്പയിൻ പ്ലാൻ ചെയ്യുകയാണെന്ന് വിചാരിക്കുക. പണം തോന്നിയതു പോലെ ചെലവഴിക്കുകയാണോ ചെയ്യുക? എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുമ്പോൾ തന്നെ അതിനൊരു ബജറ്റ് കൂടി തയ്യാറാക്കേണ്ടതുണ്ട്. ചെലവുകൾ എത്രയാകുമെന്നും അതിനായി പണം എങ്ങിനെയാണ് കണ്ടെത്താൻ പോകുന്നതെന്നും തീരുമാനിക്കണം.
ഇനി കാമ്പയിൻ നടന്നു കഴിഞ്ഞാൽ അതിൽ നിന്നുള്ള പ്രയോജനം എന്തെന്ന് കണക്കുകൂട്ടണം. കുറെ പണം പരസ്യത്തിനായി പൊടിച്ചിട്ട് കാര്യമില്ലല്ലോ. അപ്പോൾ അതിൽ നിന്നെന്തു കൂടി ലഭിക്കുമെന്നും നോക്കണം. റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് (ഞഛക) തീർച്ചയായും പരിശോധിക്കണം.
ബജറ്റുകൾ ഉപയോഗിച്ചുള്ള നിയന്ത്രണ പ്രക്രിയ (ആൗറഴലമേൃ്യ ഇീിൃേീഹ)സാമ്പത്തിക അച്ചടക്കത്തിന്റെ നെടുംതൂണാണ്. ബിസിനസുകൾ ഇതൊരു ശീലമാക്കേണ്ടതുണ്ട്. ചെലവഴിക്കുന്നതിന് മുമ്പ് എന്താണ് ചെലവഴിക്കാൻ പോകുന്നത്, എത്രയാണ് ചെലവഴിക്കാൻ പോകുന്നത് ഇതിനുള്ള ഉത്തരങ്ങൾ ബജറ്റ് നൽകും.


TIP 6
ബിസിനസിൽ ആൗറഴലമേൃ്യ ഇീിൃേീഹ ഏർപ്പെടുത്തുക. ചെലവുകൾക്ക് ബജറ്റുകൾ തയ്യാറാക്കട്ടെ. സംരംഭകൻ ഞഛക കണക്കുകൂട്ടേണ്ടതുണ്ട്.
വളർച്ചയ്ക്കായി നിക്ഷേപിക്കുക
ബിസിനസിന്റെ ഓരോ ഘട്ടത്തിലും വളർച്ചയ്ക്കായി പണം നിക്ഷേപിക്കേണ്ടതുണ്ട്. ബിസിനസ് എന്തായിത്തീരണം എന്ന സംരംഭകന്റെ ആഗ്രഹത്തിനും പ്ലാനിനുമനുസരിച്ചാണ് നിക്ഷേപിക്കേണ്ടത്. തന്റെ വ്യക്തിപരമായ ചെലവുകൾക്കുള്ള പണം ശമ്പളമായോ ഡ്രോയിംഗ്സായോ സംരംഭകൻ പിൻവലിക്കുന്നുണ്ട്. ബാക്കിയുള്ള പണം ബിസിനസിൽ നിലനിർത്തി അതിന്റെ വളർച്ചയ്ക്കായി വിനിയോഗിക്കാൻ സാധിക്കണം. ഫാക്ടറിയുടെ വിപുലീകരണം, നവീന യന്ത്രങ്ങൾ, ജീവനക്കാർ തുടങ്ങിയവയിലൊക്കെ ഭാവിയിൽ നിക്ഷേപം ആവശ്യമായി വരാം. കൃത്യമായ പ്ലാനോടെ പണം ഇതിനായി കരുതിവെക്കുവാൻ ബിസിനസിനാകണം.
TIP 2
അച്ചടക്കത്തോടെ പണം ചെലവഴിക്കുമ്പോൾ ബിസിനസിന്റെ വളർച്ചക്കാവശ്യമായ നിക്ഷേപം കണ്ടെത്താൻ ബിസിനസിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല.
ബിസിനസ് ഫിനാൻസ് അതീവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട മേഖലയാണെന്ന് സംരംഭകൻ തിരിച്ചറിയണം. ആവശ്യമായ സന്ദർഭങ്ങളിലെല്ലാം പ്രൊഫഷണൽ സഹായം തേടേണ്ടതുണ്ട്. പൂർണ്ണ ബോധ്യത്തോടെ വേണം സംരംഭകൻ പണം ചെലവഴിക്കുവാൻ. വ്യക്തമായ ധാരണയില്ലാതെ ഒന്നിനു വേണ്ടിയും പണം മുടക്കരുത്. അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഈ 7 കാര്യങ്ങളും ബിസിനസിൽ നടപ്പിലാക്കുക. ബിസിനസ് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെ.