ബിസിനസിലെ വൈറ്റ് ലേബലിംഗ്, ക്രോസ്മെർച്ചൻഡൈസിംഗ്, ലോസ് ലീഡർ തന്ത്രങ്ങൾ


ഡോ. സുധീർ ബാബു

വൈറ്റ് ലേബലിംഗ് (White Labeling)
നിങ്ങൾക്കൊരു സദ്യ ഒരുക്കണം. നിങ്ങൾ വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. പായസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ പാലട പ്രഥമൻ കടന്നു വരുന്നു. നാവിൽ കൊതിയൂറുന്നു. പാലട പ്രഥമൻ ഉണ്ടാക്കുവാനുള്ള കൂട്ട് റെഡിമെയ്ഡായി ലഭ്യമായതു കൊണ്ട് ഒട്ടും ബുദ്ധിമുട്ടില്ലാതെ അത് പാചകം ചെയ്യുവാൻ സാധിക്കും. നിങ്ങൾ പാലട പ്രഥമന്റെ പാക്കറ്റ് വാങ്ങിക്കുവാൻ ഷോപ്പിലെത്തുന്നു.

കടയിൽ പാലട പ്രഥമന്റെ വ്യത്യസ്ത ബ്രാൻഡുകൾ നിരത്തിവെച്ചിരിക്കുന്നു. വിവിധ കമ്പനികളുടെ പാലട പ്രഥമനുകൾ. നിങ്ങൾ ഓരോന്നും എടുത്തു നോക്കുന്നു. നല്ലത് എന്നു തോന്നുന്ന ഒരു ബ്രാൻഡ് തിരഞ്ഞെടുക്കുന്നു. അവിടെയിരിക്കുന്ന ഓരോ ബ്രാൻഡും രുചിയിലും മേന്മയിലും വ്യത്യസ്തങ്ങളാണെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങിനെ തന്നെയാവണമെന്ന് നിർബന്ധമുണ്ടോ?

ഒരു ഉൽപ്പന്ന നിർമ്മാണ കമ്പനി പാലട പ്രഥമൻ കൂട്ട് ഉൽപ്പാദിപ്പിക്കുകയും മറ്റ് കമ്പനികൾക്ക് ആ കമ്പനികളുടെ ബ്രാൻഡിൽ വിൽക്കുവാനായി നൽകുകയും ചെയ്യുന്നു എന്ന് സങ്കൽപ്പിച്ചു നോക്കുക. അതായത് ഒരു ഉൽപ്പാദകന്റെ കയ്യിൽ നിന്നും ഒരേ ഉൽപ്പന്നം തന്നെ വിവിധ കമ്പനികൾ വാങ്ങുകയും സ്വന്തമായി ബ്രാൻഡ് ചെയ്യുകയും ചെയ്യുന്നു. ഒരേ രുചിയും മേന്മയുമുള്ള ഉൽപ്പന്നം വ്യത്യസ്ത ബ്രാൻഡുകളിൽ ഇങ്ങിനെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. നിങ്ങൾ കടയിൽ കണ്ട വിവിധ ബ്രാൻഡുകളിലെ ഉൽപ്പന്നം ഒരേ ഉൽപ്പാദകൻ നിർമ്മിച്ചതാണെങ്കിൽ?

ഇത് അസംഭവ്യമല്ല. വൈറ്റ് ലേബലിംഗ് (White Labeling) എന്ന് വിളിക്കുന്ന തന്ത്രമാണിത്. ഒരു ഉൽപ്പാദകൻ തന്നെ വ്യത്യസ്ത ബ്രാൻഡുകൾക്കായി ഒരേ ഉൽപ്പന്നം നിർമ്മിക്കുന്നു. ഇവിടെ ഉൽപ്പാദകന്റെ വൈദഗ്ദ്ധ്യം ഉൽപ്പന്ന നിർമ്മാണത്തിലാണ്. അയാൾക്ക് ഉൽപ്പന്നം വിപണനം ചെയ്യുവാനോ അത് വിജയിപ്പിക്കുവാനോ ഉള്ള നിപുണത ഉണ്ടാവണമെന്നില്ല. അയാൾ മറ്റ് കമ്പനികൾക്കായി ഉൽപ്പന്നം നിർമ്മിച്ചു നൽകുന്നു. ഒരേ ഉൽപ്പന്നം വ്യത്യസ്ത ബ്രാൻഡുകൾ അവരുടെ പേരിൽ വിൽക്കുന്നു.

വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങളും ഇങ്ങിനെ നിർമ്മിക്കപ്പെടുന്നവയാണ്. ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മാത്രമേ വ്യത്യാസപ്പെട്ടിരിക്കുന്നുള്ളൂ. ഉൽപ്പന്നം ഒന്നു തന്നെയാകുന്നു. ഇത്തരം വൈറ്റ് ലേബൽ ഉൽപ്പന്നങ്ങൾ ഇന്ന് സർവ്വ സാധാരണയാണ്. ഉൽപ്പാദകൻ ഉൽപ്പന്നം നിർമ്മിച്ചാൽ മതി. അത് വാങ്ങി തങ്ങളുടെ ബ്രാൻഡിൽ വിപണനം ചെയ്യാൻ മറ്റു കമ്പനികൾ തയ്യാറാണ്. വിപണനത്തിൽ വൈദഗ്ദ്ധ്യമില്ലാത്ത എന്നാൽ വിപണിയിൽ ആവശ്യകതയുള്ള, മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ കഴിവുള്ള കമ്പനികൾക്ക് ഈ തന്ത്രം സ്വീകരിക്കാവുന്നതാണ്.

അതീവ സുന്ദരിയായ ഒരു സിനിമാ നടി ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുകയാണ്. അവളുടെ ചുണ്ടുകൾ ഇപ്പോൾ നിറത്താൽ തുടുത്തിരിക്കുന്നു. ചുണ്ടുകൾക്ക് മാദകഭംഗി കൈവന്നിരിക്കുന്നു. അവൾ നിങ്ങളോടും ഈ ബ്രാൻഡ് വാങ്ങാൻ ആവശ്യപ്പെടുന്നു. അതിന്റെ പ്രത്യേകതകളെക്കുറിച്ചും മേന്മയെക്കുറിച്ചും അവൾ നിങ്ങളോട് സംവദിക്കുന്നു. ടി വിയിൽ നിങ്ങളിപ്പോൾ ഈ പരസ്യം കാണുകയാണ്.

അതാ മറ്റൊരു ബ്രാൻഡിന്റെ പരസ്യം കൂടി തെളിയുന്നു. ഇതിൽ വേറെ സിനിമാ നടിയാണ്. അവളും ലിപ്സ്റ്റിക് പുരട്ടുന്നു. അതിന്റെ സൗന്ദര്യം പ്രദർശിപ്പിക്കുന്നു, ബ്രാൻഡിന്റെ മേന്മയെ പുകഴ്ത്തുന്നു. രണ്ട് സൗന്ദര്യവർദ്ധക (Cosmetics) ഉൽപ്പന്നങ്ങളുടെ പരസ്യം നിങ്ങൾ കണ്ടു കഴിഞ്ഞു. പരസ്യത്തിൽ രണ്ട് വ്യത്യസ്ത നടികൾ, ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത വിലകൾ, മേന്മയെക്കുറിച്ച് വ്യത്യസ്ത അവകാശ വാദങ്ങൾ, വ്യത്യസ്ത ബ്രാൻഡുകൾ, ഉൽപ്പന്നങ്ങൾക്കും പാക്കിങ്ങിനും വ്യത്യസ്ത രൂപകൽപ്പന, നിറങ്ങൾ എല്ലാം വ്യത്യസ്തം.

ചിലപ്പോൾ ഈ രണ്ട് ഉൽപന്നങ്ങളും ഒരു കമ്പനി തന്നെ നിർമ്മിച്ചതാകാം. ഉൽപ്പന്നം ഒന്നു തന്നെ. എന്നാൽ അതിന്റെ വിപണനം (Marketing) വ്യത്യസ്തം. ഒരേ ഉൽപ്പന്നം രണ്ട് വ്യത്യസ്ത ബ്രാൻഡുകളിൽ, അത്ര മാത്രം. ഇതു പോലെ എത്രയോ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യം. നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കഴിവുണ്ടോ? സൗകര്യങ്ങളുണ്ടോ? വിപണനം ഒരു തലവേദനയാണോ? എങ്കിൽ വൈറ്റ് ലേബലിംഗ് (White Labeling) നിങ്ങൾക്ക് തുണയാകും.

ക്രോസ് മെർച്ചൻഡൈസിംഗ് (Cross Merchandising)
യു കെയിലെ ടെസ്കൊ സ്റ്റോറുകൾ (ഠലരെീ ടീേൃല)െ തങ്ങളുടെ വിൽപ്പന വിവരങ്ങൾ (ടമഹല െഉമമേ) വിശകലനം ചെയ്തപ്പോൾ വളരെ രസകരമായ ഒരു സംഭവം കണ്ടെത്തി. സ്റ്റോറുകളിൽ കുട്ടികൾക്കായുള്ള നാപ്കിനുകൾ വാങ്ങുവാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരും പുരുഷന്മാരാകുന്നു. ഈയൊരു വസ്തുതയിൽ കൂടുതൽ പഠനം നടത്തിയപ്പോൾ അവർക്ക് മനസ്സിലായത് സ്ത്രീകളെ വീട്ടിൽ കുട്ടികളെ പരിചരിക്കുവാൻ അനുവദിച്ചു കൊണ്ട് പുരുഷന്മാർ കുട്ടികൾക്കായുള്ള നാപ്കിനുകൾ വാങ്ങുവാൻ സ്റ്റോറിൽ എത്തുന്നുവെന്നുള്ളതാണ്.

ഇത്തരമൊരു ഷോപ്പിംഗ് പ്രതിഭാസം കണ്ടെത്തിയപ്പോൾ ടെസ്കൊ സ്റ്റോർ ചെയ്തതെന്തെന്നറിയാമോ? അവർ തങ്ങളുടെ സ്റ്റോറുകളിൽ ബിയറും സ്നാക്കുകളും പ്രദർശിപ്പിക്കുവാൻ ആരംഭിച്ചു. കുട്ടികളുടെ നാപ്കിനുകൾ ഇരിക്കുന്ന സ്ഥലത്തിന് തൊട്ടരികെ തന്നെയാണ് ഇവ പ്രദർശിപ്പിച്ചു തുടങ്ങിയത്. അതിനുശേഷം സ്റ്റോറുകളിലെ മൊത്തം വിൽപ്പനയിൽ അതിശയകരമായ രീതിയിൽ മാറ്റം സംഭവിച്ചു.

നാപ്കിനുകളും ബിയറും തമ്മിൽ എന്തു ബന്ധം? നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത കാര്യം. എന്നാൽ വിൽപ്പന ഡാറ്റ (ടമഹല െഉമമേ) വിശകലനം ചെയ്യുവാൻ സാധിച്ചാൽ ഇതുപോലുള്ള തമ്മിൽ ബന്ധമൊന്നുമില്ലാത്ത വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ സംയോജനത്തിലൂടെ വിൽപ്പനയെ വളർത്താൻ സഹായിക്കുന്ന പല അവസരങ്ങളേയും കണ്ടെത്താൻ സാധിക്കും. കാനഡയിലെ സൂപ്പർ മാർക്കറ്റുകൾ തണുപ്പുകാലങ്ങളിൽ തങ്ങളുടെ ആഹാര സാധനങ്ങൾ വിൽക്കുന്ന കൗണ്ടറുകളിൽ ഹോക്കി സ്റ്റിക്കുകൾ പ്രദർശിപ്പിക്കും. മറ്റു സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഇതും വാങ്ങും. ഉപഭോക്താക്കളുടെ അഭിരുചികൾ കണ്ടറിഞ്ഞ് ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ അത് വിൽപ്പന വർദ്ധിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തമായ ഒരു ടൈൽ ഷോറൂം തങ്ങളുടെ ഉപഭോക്താക്കളെ ശ്രദ്ധിച്ചപ്പോൾ അവർ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം മനസ്സിലാക്കി. ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തുന്നവരിൽ അവഗണിക്കാൻ കഴിയാത്ത ശതമാനം പേർ ഒന്നും വാങ്ങാതെ മടങ്ങിപ്പോകുന്നു. അവർ കടയിൽ വന്ന് ഒന്നും വാങ്ങാതെ മടങ്ങിപ്പോകുന്നവരുടെ കയ്യിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചു തുടങ്ങി. അപ്പോൾ അവർ കണ്ടെത്തിയ കാര്യം കിച്ചൻ ഗ്രാനൈറ്റ് സ്ലാബുകൾ കൂടി ആവശ്യമുള്ളവർ അത് അവിടെ ലഭ്യമല്ല എന്നറിയുമ്പോൾ ഒന്നും വാങ്ങാതെ തിരികെ പോകുന്നു. അവർ ഉൽപ്പന്നങ്ങളുടെ കൂടെ കിച്ചൻ സ്ലാബുകൾ കൂടി കൂട്ടിച്ചേർത്തു. വിൽപ്പന വർദ്ധിക്കുകയും ചെയ്തു.

ബിസിനസുകൾ സൂക്ഷിക്കുന്ന വിൽപ്പന ഡാറ്റയുടെ പ്രാധാന്യം വളരെ വലുതാണ്. അത് കൃത്യമായി, സൂക്ഷ്മതയോടെ വിശകലനം ചെയ്താൽ വിൽപ്പന വർദ്ധിപ്പിക്കുവാനുള്ള പല സൂചനകളും ലഭിക്കും. നിലവിലുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്താൻ കഴിയും. ഇപ്പോഴുള്ള ഉൽപ്പന്നങ്ങളുടെ സമാന കാറ്റഗറിയിലുള്ള ഉൽപ്പന്നങ്ങൾ തന്നെയാവണം കൂട്ടിച്ചേർക്കേണ്ടത് എന്ന നിർബന്ധമൊന്നുമില്ല. വ്യത്യസ്ത കാറ്റഗറിയിലുള്ള ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് വിൽപ്പന വർദ്ധിപ്പിക്കുന്ന തന്ത്രമാണ് ക്രോസ് മെർച്ചൻഡൈസിംഗ് (Cross Merchandising).

ഇലക്ട്രിക് ലൈറ്റുകൾ വിൽക്കുന്ന ഒരു ഷോറൂം. അവിടെ ഉപഭോക്താക്കൾ ആവശ്യമുള്ള ലൈറ്റുകൾ തിരഞ്ഞെടുത്ത് പണമടക്കാൻ കൗണ്ടറിൽ എത്തുമ്പോൾ അത്ഭുതപ്പെടുന്നു. അതാ, വിവിധ തരത്തിലുള്ള മിട്ടായികൾ വെച്ചിരിക്കുന്നു. ലൈറ്റ് ഷോറൂമും മിട്ടായികളും തമ്മിൽ എന്ത് ബന്ധം. ബന്ധമൊന്നും ഉണ്ടാവണമെന്നില്ല. വിൽക്കാൻ പറ്റുന്നതെന്തും ബിസിനസിൽ വിൽക്കാം.

ഐസ്ക്രീം വാങ്ങുവാൻ എത്തുന്നവർ ഐസ്ക്രീം സ്കൂപ്പ് വാങ്ങുവാൻ മറ്റൊരു കടയിൽ പോകേണ്ടി വരാം. എന്തു കൊണ്ട് അതും കൂടി ഐസ്ക്രീം കൗണ്ടറുകളിൽ ലഭ്യമാക്കിക്കൂടാ? ഒരു പലചരക്ക് കടയ്ക്ക് പെറ്റുകളുടെ ആഹാരം കൂടി വിൽക്കാൻ സാധിക്കും. പുതിയ കാലത്ത് ഒന്നിനും ഒരു പരിമിതികളുമില്ല. ഉപഭോക്താക്കളുടെ അഭിരുചികൾ മനസ്സിലാക്കുക, വ്യത്യസ്ത ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുക. ക്രോസ് മെർച്ചൻഡൈസിംഗ് (ഇൃീ ൈങലൃരവമിറശശെിഴ) വിൽപ്പനയിൽ അത്ഭുതകരമായ വ്യത്യാസങ്ങൾ കൊണ്ടുവരും.

ലോസ് ലീഡർ (Loss Leader)
എല്ലാ ദിവസങ്ങളിലും കുറഞ്ഞ വില’ എന്ന ഒരു പരസ്യം നിങ്ങളെ ആകർഷിക്കുമോ? നിത്യ ജീവിതത്തിൽ ആവശ്യമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും എന്നത് അവഗണിക്കാനാവാത്ത വാഗ്ദാനം തന്നെയാണ്. സൂപ്പർ മാർക്കറ്റുകൾ ഇത്തരം ഓഫറുകൾ തുടർച്ചയായി നൽകുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. പാൽ, മുട്ട തുടങ്ങിയ പല നിത്യോപയോഗ ഉൽപ്പന്നങ്ങളും ആകർഷകമായ വിലയിൽ ലഭ്യമാകുമ്പോൾ കൂടുതൽ ഉപഭോക്താക്കൾ ഷോപ്പ് സന്ദർശിക്കുവാൻ തുടങ്ങുന്നു.

എന്താണിതിന്റെ മനശാസ്ത്രം? ഒരിക്കലും പ്രതീക്ഷിക്കാത്ത വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭിക്കുമ്പോൾ അവിടേക്ക് ഉപഭോക്താക്കൾ ഒഴുകിയെത്തുന്നു. ഏതാനും ഉൽപ്പന്നങ്ങൾക്ക് മാത്രമായി ഇത്തരമൊരു ഓഫർ നൽകുമ്പോൾ സ്ഥാപനം സന്ദർശിക്കുന്ന ഉപഭോക്താക്കൾ അത്തരം ഉൽപ്പന്നങ്ങൾ മാത്രമല്ല വാങ്ങുന്നത്. അതിനോടൊപ്പം അവിടെയുള്ള മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിറ്റുപോകുന്നു. കൂടുതൽ ഉപഭോക്താക്കളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുവാനും വിൽപ്പന കൂട്ടുവാനും ഈ തന്ത്രം സഹായിക്കുന്നു.

ലാഭമില്ലാതെ ചില ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓഫർ ചെയ്യുകയും അതു വഴി സ്ഥാപനം സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. ബിസിനസുകൾ ഓഫർ ചെയ്യുന്ന വില ചിലപ്പോൾ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന ചെലവിനേക്കാൾ താഴെയുമായിരിക്കാം. അതായത് അത്തരം ഉൽപ്പന്നങ്ങൾ നഷ്ടത്തിൽ വിൽക്കുന്നുവെന്നർത്ഥം. ഇങ്ങനെ വിൽക്കുന്ന ഉൽപ്പന്നങ്ങളെ / സേവനങ്ങളെ ലോസ് ലീഡേഴ്സ് (Loss Leaders) എന്നു വിളിക്കാം.

ലോസ് ലീഡേഴ്സിനെ മുൻനിർത്തിയുള്ള ഈ വിൽപ്പനതന്ത്രം ശക്തമായി, ഫലപ്രദമായി ഉപയോഗിക്കുന്ന ബിസിനസുകളെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. നിത്യോപയോഗത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന ചില പ്രത്യേക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് അവയെ ലോസ് ലീഡേഴ്സായി നിശ്ചയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ ശൃംഖലയായ ബിഗ് ബസ്സാർ എല്ലാ ബുധനാഴ്ചയും ഉപഭോക്താക്കൾക്ക് ഇത്തരം ഓഫറുകൾ നൽകുന്നത് നിങ്ങൾക്കറിയാം. അവിശ്വസനീയമായ വിലക്കുറവായിരിക്കും പല നിത്യോപയോഗ സാധനങ്ങൾക്കും ഈ ദിവസം ലഭിക്കുക. ലോസ് ലീഡർ (Loss Leaders) തന്ത്രം എത്ര മനോഹരമായിട്ടാണ് അവർ ഉപയോഗിക്കുന്നത്.

വളരെ സാവധാനം മാത്രം വിറ്റുപോകുന്ന ചില ഉൽപ്പന്നങ്ങൾ ബിസിനസിലുണ്ടാകാം. അല്ലെങ്കിൽ അനാവശ്യമായി ധാരാളം സ്റ്റോക്ക് ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളുണ്ടാകാം. ഇവയെ ലോസ് ലീഡേഴ്സാക്കി മാറ്റാം. ഇവയുടെ വിലയിൽ വരുത്തുന്ന കുറവ് ഉപഭോക്താക്കളെ ആകർഷിക്കും. അത്തരം ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റുപോകും. അവയ്ക്കൊപ്പം മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിറ്റഴിക്കാൻ സാധിക്കും. അനാവശ്യ സ്റ്റോക്ക് സ്ഥലം മെനക്കെടുത്തുന്നത് ഒഴിവാകും. ബിസിനസിൽ കൂടുതൽ ക്യാഷ് ഫ്ളോ സൃഷ്ടിക്കപ്പെടും.

പല ഫാഷൻ ബ്രാൻഡുകളും ഉപഭോക്താക്കൾ നിശ്ചിത തുകയ്ക്ക് വസ്ത്രങ്ങൾ വാങ്ങുമ്പോൾ അതിനൊപ്പം കുറഞ്ഞ വിലയ്ക്ക് അവരുടെ മറ്റു ചില ഉൽപ്പന്നങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നു. ബെൽറ്റ്, പേഴ്സ്, ബാഗ് തുടങ്ങിയ ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഇങ്ങനെ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാകുമ്പോൾ ഉപഭോക്താക്കൾക്ക് അത്തരം ഓഫറുകൾ തടുക്കാൻ കഴിയാത്ത പ്രലോഭനമായി മാറുന്നു. ഇത് കൂടുതൽ വിലയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങുന്നതിലേക്ക് അവരെ നയിക്കുന്നു, വിൽപ്പന വർദ്ധിക്കുന്നു.

ലോസ് ലീഡർ വിലയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചു കൊണ്ടും ഈ തന്ത്രം നടപ്പിലാക്കാറുണ്ട്. ഓൺലൈൻ സ്റ്റോറുകളുടെ തന്ത്രം ശ്രദ്ധിക്കാം. 50 മൊബൈൽ ഫോണുകൾ അവിശ്വസനീയമായ വിലക്കുറവിൽ ലഭിക്കുന്നു എന്ന പരസ്യം കാണുന്ന പതിനായിരക്കണക്കിന് ഉപഭോക്താക്കൾ വെബ്സൈറ്റ് സന്ദർശിക്കും. എന്നാൽ വെറും 50 പേർക്ക് മാത്രമേ വിലക്കുറവിൽ ഉലപ്പന്നം ലഭിക്കുകയുള്ളൂ. ഉൽപ്പന്നത്തിന് കൂടുതൽ പരസ്യം നേടാനും വിൽപ്പന കൂട്ടാനുമായി ലോസ് ലീഡർ തന്ത്രം അവരെ സഹായിക്കുന്നു.