പൗൾട്രി വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ട് : സാധാരണക്കാർക്ക് എങ്ങനെ നേടാം?
റ്റി. എസ്. ചന്ദ്രൻ
കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ നബാർഡ് വഴി നടപ്പാക്കിവരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് പൗൾട്രി വെഞ്ചർ ക്യാപിറ്റൽ ഫണ്ട് പദ്ധതി. പൗൾട്രി മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഈ രംഗത്തെ പാരമ്പര്യ കൃഷിക്കാരുടെ പുരോഗതി, കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കൽ, പിന്നോക്ക പ്രദേശങ്ങളുടെ പുരോഗതി, പൗൾട്രി ഉൽപ്പന്നങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കൽ, അവയുടെ മാർക്കറ്റിംഗ് മെച്ചപ്പെടുത്തൽ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ, എന്നീ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തിക്കൊണ്ട് നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് ഇത്. കാട കോഴികൾ, താറാവുകൾ, ടർക്കി കോഴികൾ എമു, മറ്റ് കോഴികൾ തുടങ്ങിയവയുടെ മികച്ച ഇനങ്ങളെ വികസിപ്പിക്കുക, പൗൾട്രിയുമായി ബന്ധപ്പെട്ട എല്ലാത്തരം മേഖലയുടെയും സമഗ്രമായ പുരോഗതി എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതി ആനുകൂല്യങ്ങൾ
- സംരംഭകന്റെ വിഹിതം കുറഞ്ഞത് 10% ആയി (ഒരു ലക്ഷം രൂപയിൽ അധികമുള്ള വായ്പയ്ക്ക്) കണക്കാക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സംരംഭകന്റെ വിഹിതം നൽകേണ്ടതില്ല
- പിന്നീട് ലഭിക്കുന്ന സബ്സിഡി ഉറപ്പുവരുത്തിയിരിക്കുന്നു. സാധാരണ വിഭാഗങ്ങൾക്ക് 25 ശതമാനവും പട്ടികജാതി പട്ടിക /വർഗ്ഗ വിഭാഗങ്ങൾക്കും നോർത്ത് ഈസ്റ്റിലെ സംരംഭകർക്കും 33 ശതമാനവും സബ്സിഡിയായി നൽകുന്നു
- 40 ശതമാനത്തിൽ കുറയാത്ത ബാങ്കുവായ്പയാണ് വേണ്ടത്.
- ഓരോ വിഭാഗം നിക്ഷേപത്തിന്റേയും യൂണിറ്റ് കോസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ചാണ് സബ്സിഡി ലഭിക്കുക
തിരിച്ചടവ് കാലാവധി
സംരംഭത്തിന്റെ /ഉൽപ്പന്നത്തിന്റെ സ്വഭാവമനുസരിച്ച് തിരിച്ചടക്കൽ കാലാവധി വ്യത്യാസപ്പെടുന്നു. അഞ്ചു മുതൽ ഒൻപത് വർഷം വരെയാണ് സാധാരണ ലഭിക്കാവുന്നത്. ആറു മാസം മുതൽ ഒരു വർഷം വരെ ഗ്രേസ് പിരീഡ് ആയി കണക്കാക്കും.
അർഹത
കൃഷിക്കാർ, ചെറുകിട സംരംഭകർ, എൻ ജി ഒ കൾ , ലിമിറ്റഡ് കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, ഗ്രൂപ്പ് സംരംഭങ്ങൾ, ജോയിൻറ് ലൈബിലിറ്റി ഗ്രൂപ്പുകൾ (JLG ) എന്നിവർക്കെല്ലാം അർഹത ഉണ്ടായിരിക്കും.
- വ്യക്തി സംരംഭകർക്ക് എല്ലാ ഘടകങ്ങളിലും ആനുകൂല്യത്തിന് അർഹതയുണ്ട്.
- ഒരു വീട്ടിൽ ഒന്നിലധികം പേർ അപേക്ഷകരായി ഉണ്ടെങ്കിൽ അവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. എന്നാൽ വ്യത്യസ്ത പ്രദേശങ്ങളിൽ സംരംഭങ്ങൾ ഉണ്ടായിരിക്കണം.
- സ്ഥാപനം തുടങ്ങുന്ന പ്രദേശത്ത് ബയോ സെക്യൂരിറ്റി തത്വങ്ങൾ പാലിച്ചിരിക്കണം എന്നും മാർഗരേഖയിൽ പറയുന്നുണ്ട്.
ഈ പദ്ധതിയിൽ വരുന്ന ഘടകങ്ങളും അതിന്റെ യൂണിറ്റ് കോസ്റ്റും
- ഹൈബ്രിഡ് ബോയിലർ ചിക്കൻ യൂണിറ്റ് 5000 കോഴികളിൽ കുറയാതെയുള്ള യൂണിറ്റിന് ഓരോ ആയിരം കോഴിക്കും കണക്കാക്കിയിരിക്കുന്ന യൂണിറ്റ് കോസ്റ്റ് 224000 രൂപ
- ഹൈബ്രിഡ് ലെയർ ചിക്കൻ യൂണിറ്റ് 5000 ലെയർ ഉത്പാദിപ്പിക്കുന്നതിന് ഓരോ 2000 ലെയറിനും – 8 ലക്ഷം രൂപ വീതം
- ട്രാൻസ്പോർട്ട് വെഹിക്കിൾ (ഓപ്പൺ കേജ്) 8 ലക്ഷം രൂപ
- ട്രാൻസ്പോർട്ട് വെഹിക്കിൾ (റഫ്രിജറേറ്റർ സംവിധാനത്തിൽ) – 15 ലക്ഷം രൂപ
- റീറ്റെയിൽ ഔട്ട്ലെറ്റ് – ചിക്കനുകളുടെ ഡ്രസ്സിങ് യൂണിറ്റിന് – 6 ലക്ഷം രൂപ
- റീട്ടെയിൽ ഔട്ട്ലെറ്റ് മാർക്കറ്റിംഗ് യൂണിറ്റിന് – 6 ലക്ഷം രൂപ
- മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റിന് – 8 ലക്ഷം രൂപ .
- ബീഡിങ് ഫാം ഫോർ ലോ ഇൻപുട്ട് ടെക്നോളജിയിൽ താറാവ്, ടർക്കി കോഴികൾ, ജാപ്പനീസ് കാടക്കോഴികൾ, എമു തുടങ്ങിയവയുടെ ബ്രീഡിങ് ഫാമുകൾക്ക് – 30 ലക്ഷം രൂപ
- സെൻട്രൽ ഗ്രോവർ യൂണിറ്റ് (ഇഏഡ) പതിനാറായിരം ലേയർ കുഞ്ഞുങ്ങൾ ഒരു ബാച്ചിൽ – പെർ ബാച്ച് 40 ലക്ഷം രൂപ.
- മറ്റ് വ്യത്യസ്ത ഇനം കോഴികളെ വളർത്തുന്ന യൂണിറ്റിന്റെ കോസ്റ്റ് – 10 ലക്ഷം രൂപ
- തീറ്റ ഉണ്ടാക്കുന്ന പ്ലാന്റിന് (മണിക്കൂറിൽ ഒരു ടൺ ശേഷിയുള്ള പ്ലാന്റിന് ) 16 ലക്ഷം രൂപ .
- പൗൾട്രി ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കോൾഡ് സ്റ്റോറേജ് സംവിധാനം ഒരുക്കുന്ന യൂണിറ്റിന് – 20 ലക്ഷം രൂപ
- മണിക്കൂറിൽ 2000 മുതൽ 4000 വരെ കിളികളെ (ആശൃറ)െ ഉൽപ്പാദിപ്പിക്കപ്പെടുന്ന വലിയ ഫാമുകൾക്ക് യൂണിറ്റിന് – 500 ലക്ഷം രൂപ .
ഇപ്രകാരമുള്ള യൂണിറ്റ് കോസ്റ്റിന്റെ 25%, 33% സബ്സിഡിയാണ് ലഭിക്കുക.
എങ്ങനെ അപേക്ഷിക്കാം
അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻറ് ഓഫീസുകൾ, തൊട്ടടുത്തുള്ള വെറ്റിനറി സർജൻമാർ, എന്നിവ വഴി ഇത്തരം പ്രോജക്ടുകൾക്കുള്ള സബ്സിഡിക്കും മറ്റാനുകൂല്യങ്ങൾക്കുംഅപേക്ഷ സമർപ്പിക്കാം. നബാർഡിന്റെ സൈറ്റിൽ നിന്നും വിശദവിവരങ്ങൾ അറിയാനാകും.
പൗൾട്രി ഉൽപ്പന്നങ്ങൾ നമ്മുടെ രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംരംഭ മേഖലയാണ്. ഒരു സമയത്തും ഇതിൻറെ ഡിമാൻഡ് കുറയുന്നില്ല. നന്നായി പഠിച്ച് മുന്നിട്ടിറങ്ങിയാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധാരണ സംരംഭകർക്ക് കഴിയും.
വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ