പൈപ്പ് ഫിറ്റിംഗ്സുകളുടെ വിപണി പിടിച്ചടക്കി ‘സ്പിൻടെക് ‘
1986 ൽ നിരണത്ത് വീടിനോട് ചേർന്നായിരുന്നു സ്പിൻടെക് പ്രവർത്തനം തുടങ്ങിയത്. പതിനായിരം രൂപ മുതൽമുടക്കിൽ തുടങ്ങുന്ന വ്യവസായത്തിന് ഏറ്റവും അനുയോജ്യം വീട്ടിനരികിൽത്തന്നെയാണല്ലോ. സ്വയംതൊഴിൽ ആകയാൽ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം, വിശ്രമിക്കാം. വൺമാൻഷോയിൽ ഇതൊക്കെ ഒരു ജോബ് സാറ്റിസ്ഫാക്ഷൻ നേടിത്തരും. യാദൃശ്ചികമായിട്ടായിരുന്നു പ്ലാസ്റ്റിക് മോൾഡിങ്ങിലേക്ക് എത്തുന്നത്. ശരിക്കും തുടങ്ങാനാഗ്രഹിച്ചത് ‘ഡൈ മേക്കിങ്’ ആയിരുന്നു. എന്നാൽ പഠിച്ചത് അതാണെങ്കിലും ഒരു മോൾഡ് ഉണ്ടാക്കിയാൽ ട്രയൽ ചെയ്യാൻ എവിടെയും പോകണ്ടല്ലോ ചെറിയ ഒരു മെഷീൻ ഉണ്ടെങ്കിലെന്ന ചിന്തയും, അതിൽ നിന്നും ഒരു ചെറിയ സ്ഥിരവരുമാനം എന്ന വിചാരവും പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ വഴിതുറന്നു. അധികം ദൂരം പോകാതെ, അധികം പരിചയമൊന്നുമില്ലാതെ നിർമ്മിക്കാവുന്ന വസ്തു എന്ന നിലയിലാണ് വയറിങ് പൈപ്പ് ഫിറ്റിംഗ് തിരഞ്ഞെടുത്തത്. അത് വിജയത്തിന്റെ ആദ്യപടി തന്നെ. അവരവർക്ക് കൈയിൽ ഒതുക്കാവുന്ന പദ്ധതിയേ ചെറിയ മുതൽ മുടക്കുകാർക്ക് വിജയമാകൂ.
ആര് ഏത് സംരംഭം തുടങ്ങിയാലും ഒരു പരിചയവും ഇല്ലാത്തയാളും അഭിപ്രായം പറഞ്ഞുവരും എന്നത് നമ്മുടെ നാട്ടിലെ ഒരു പ്രത്യേകതയാണ്. ടാക്സ് മുതലായവയ്ക്ക് രജിസ്ട്രേഷൻ പോലും എടുക്കരുതെന്നാണ് അതിലെ ഒരു ഉപദേശം ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരവും അതിൻറെ പിന്നിലെ അധ്വാനവും അതിലൂടെ ലഭിക്കുന്ന സംതൃപ്തിയും ഒക്കെയായി നിർമ്മിച്ച വസ്തുവും കൊണ്ട് ഉപഭോക്താവിന്റെ അടുത്തേക്ക് പോകുമ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ വഴിയിൽ തടഞ്ഞുനിർത്തി ഒരു കുറ്റവാളിയായി പിഴ ചുമത്തുമ്പോൾ ആത്മവിശ്വാസം എല്ലാം നഷ്ടപ്പെടില്ലേ. ശരിയായ രജിസ്ട്രേഷനുകൾ എല്ലാം എടുത്ത് മുമ്പോട്ട്പോയതിനാൽ ഒരു ഗുണം കിട്ടി. അക്കാലത്ത് പല സ്ഥലത്തും ജംഗ്ഷൻ ബോക്സ് ഉണ്ടാക്കിയിരുന്നെങ്കിലും വലിയ കടക്കാർക്ക് വിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ബില്ല് ഇല്ലാത്തത് മാത്രമായിരുന്നു പ്രധാന കാരണം. അവിടെ ഒഴിഞ്ഞു കിടന്നിരുന്ന സാധ്യത, വളർച്ചയുടെ വഴി സുഗമമാക്കി. നല്ല ഉൽപ്പന്നം അഥവാ മേഖല തിരഞ്ഞെടുത്തശേഷം മാന്യമായി ബിസിനസ് ചെയ്യണമെങ്കിൽ എല്ലാവിധ രജിസ്ട്രേഷനും എടുക്കണമെന്നുതന്നെയാണ് സ്പിൻടെക്കിന്റെ അഭിപ്രായം. സമാധാനമായി കിടന്നുറങ്ങാൻ അത് ഉപകരിക്കും.
വളരെ സംതൃപ്തിയോടെ വ്യവസായം ഒന്നും രണ്ടും പേരെക്കൂടി ജോലിക്കുവെച്ച് കൂടുതൽ മെഷീനുകളും വാങ്ങി മുമ്പോട്ട് പോകുമ്പോൾ മനസ്സിൽ വലിയ സ്വപ്നങ്ങളാകും മുളയ്ക്കുക. വമ്പൻ വ്യവസായികളുടെ തുടക്കം ലളിതമായിരുന്നെന്നും മറ്റും അറിഞ്ഞ് അവരെപ്പോലെ കുതിക്കാനുള്ള അവസരങ്ങൾ തേടിപ്പിടിക്കലായി പിന്നെ. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥലം കിട്ടുകയും കൂടിയായപ്പോൾ ആത്മവിശ്വാസം അതിരുകടന്നു. പഠിച്ചതെങ്കിലും പരിചയമില്ലാത്ത മേഖലയിൽ ഒട്ടും സ്കിൽ ഇല്ലാത്ത ജോലിക്കാരെ വെച്ച് അത്യന്തം സ്കിൽ ആവശ്യമായ വർക്കുകൾ ഏറ്റെടുത്ത് ഡൈമേക്കിങ് ആരംഭിച്ചത് ഏറ്റവും വലിയ അബദ്ധമായെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും ലോൺ വളർന്ന് ജപ്തിയിൽ എത്തി. സാങ്കേതികവിദ്യ ഏറ്റവും പുതിയത് എടുത്തു മാത്രമേ ഇത്തരം വർക്കുകൾ എടുക്കാവൂ. ‘കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ’ എന്ന പഴമൊഴി അനുഭവത്തിൽ പഠിച്ചപ്പോഴേക്കും കമ്പനി ഏതാണ്ട് അടച്ചുപൂട്ടുന്ന നിലയിൽ എത്തി. വിദേശ ജോലി തരപ്പെടുത്തിയെങ്കിലും അവിടുത്തെ ശമ്പളം കൊണ്ട് കമ്പനിയുടെ കടം വീടില്ല എന്നുമനസ്സിലാക്കി തിരികെയെത്തി. പക്ഷേ എങ്ങിനെ ജോലി ചെയ്യണമെന്ന് വിദേശത്ത് ജോലിചെയ്തപ്പോൾ മനസ്സിലായി. ഉദാഹരണത്തിന് കറന്റ് പോയാൽ പിന്നെ വെറുതെയിരിക്കലായിരുന്ന പതിവിൽ നിന്നും മെഷീൻ വൃത്തിയാക്കലോ അതുമല്ലെങ്കിൽ പൂന്തോട്ടം വയ്ക്കലോ ഒക്കെയായി മാറിയാൽ, അതായത് കടന്നുപോകുന്ന സമയത്തിന്റെ വില മനസ്സിലാക്കി ഉണർന്നുപ്രവർത്തിച്ചാൽ, എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കപ്പെടും.
കാലത്തിനൊത്ത് മാറണമെന്ന് എല്ലാവരും പറയുമെങ്കിലും അത് പ്രവർത്തിയിൽ വരുത്താൻ ഏറെ ശ്രമിക്കേണ്ടതായി വരും. മാർക്കറ്റിംഗിൽ നല്ല പരിചയമുണ്ടായിരുന്ന കസിനേയും കൂട്ടി പ്രൈവറ്റ് ലിമിറ്റഡ് ആക്കി മാറ്റിയിട്ട് പൈപ്പ് ഫിറ്റിംഗ്സിൽ ശ്രദ്ധ പതിപ്പിച്ചപ്പോൾ അത്യന്തം ശോചനീയമായ അവസ്ഥയിൽ നിന്നും പുനരുജ്ജീവനം തുടങ്ങി. അതുവരെ ആരും അത്ര ശ്രദ്ധിക്കപ്പെടാതെയിരുന്ന ഐഎസ്ഐ ലൈസൻസ് നേടിയപ്പോഴാണ് അത് ദക്ഷിണേന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യത്തെ ബിഐഎസ് മാർക്ക് കമ്പനിക്കാണെന്ന് അറിഞ്ഞത്. ഏത് ഉൽപ്പന്നത്തിനും അതിൻറെ ഗുണനിലവാരത്തിന് ബിഐഎസ് പോലെയുള്ള അംഗീകാരം നേടിയെടുത്താൽ ഗവൺമെൻറ് അഥവാ പിഡബ്ല്യുഡി തുടങ്ങിയ വലിയ പദ്ധതികളിൽ വ്യാപാരസാധ്യത ഉറപ്പാക്കും. അവിടെയാകട്ടെ കാര്യമായ ചാഞ്ചാട്ടങ്ങൾ ഉണ്ടാവുകയുമില്ല. ഒരു മാർക്കറ്റ് ഉറപ്പായുള്ളപ്പോൾ കൂടുതൽ മേഖലകളിലേക്ക് ശ്രദ്ധ തിരിക്കാനും കഴിയും.
ഏതു മേഖലയിലായാലും പുതിയ ആശയങ്ങൾ കൂടി ചേർത്താൽ മാത്രമേ നിലനിൽപ്പ് ഉണ്ടാകു. അതിന് ഉപഭോക്താവുമായുള്ള ആശയവിനിമയം വളരെ ഗുണം ചെയ്യും. അതിനുള്ള അവസരങ്ങൾ പാഴാക്കരുത് എന്ന് മാത്രം. വലിയ ഡയറക്ടർ ആണെന്ന് വിചാരിച്ചിരിക്കാതെ സാധാരണ വയറിങ്ങുകാരുമായുള്ള ആശയവിനിമയങ്ങൾ വഴി പുതിയ ഡിസൈനുകൾ ഉണ്ടാക്കാനും അവയ്ക്ക് പേറ്റന്റ് എടുത്ത് വിപണനം ചെയ്യാനും കഴിഞ്ഞതോടെ കേരളത്തിലെ വയറിങ് പൈപ്പ് ഫിറ്റിംഗ്സിൽ ലീഡിങ് ബ്രാൻഡ് ആയി സ്പിൻടെക്.
കാലുകൾ ഉറച്ചു കുത്താൻ സാധിക്കുന്ന നില വന്നാൽ പിന്നെ ഡൈവേർസിഫിക്കേഷനെപ്പറ്റി ചിന്തിക്കുമല്ലോ. സോളാർ പാനലുകളുടെ നിർമ്മാണവും എൽഇഡി ലൈറ്റുകളും (ഇലക്ട്രോണിക്സ് വ്യവസായം) എല്ലാം കൂടിച്ചേർത്ത് നാലു സ്ഥലത്തായി വ്യാപിച്ചു കഴിഞ്ഞ കമ്പനിയിൽ എന്നും ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ജോലിക്കാരോടുള്ള സമീപനമാണ്. കമ്പനിയുടെ വളർച്ചയ്ക്ക് ആത്മാർത്ഥതയുള്ള ജോലിക്കാർ അനിവാര്യമാണല്ലോ.
മാന്യമായ ശമ്പളം നൽകുന്നതോടൊപ്പം ജോലി ചെയ്യുന്ന അന്തരീക്ഷം, ജോലിഭാരം പരമാവധി കുറയ്ക്കൽ എല്ലാം പ്രധാന പങ്ക് വഹിക്കുന്നു. ടേൺഓവർ സുതാര്യമായി അറിയിക്കുകയും അതിന്റെ അനുപാതികമായി അപ്പപ്പോൾ ബോണസ്സുകൾ നൽകുന്നതും ‘ഫീൽ ഓഫ് ഓണർഷിപ്പ്’ വികാരം വളരെയധികം ഉണ്ടാക്കും. അതാകട്ടെ വളർച്ചയുടെ പ്രധാന പോഷകവുമാണ്. നൂറിലധികം പേരുടെ കൂട്ടായ യത്നം നേരിട്ടറിഞ്ഞത് 2018ലെ വെള്ളപ്പൊക്കത്തിന്റെ അതിജീവനത്തിലായിരുന്നു.
മഹാപ്രളയത്തിൽ മുഴുവൻ യന്ത്രസാമഗ്രികളും സ്റ്റോക്കും മുഴുവനായും വെള്ളത്തിനടിയിൽ അഞ്ച് ദിവസത്തോളം കിടന്നു. പൂർണമായും പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലുള്ള മിഷ്യനുകളും വാഹനങ്ങളും അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യമായപ്പോൾ എടുത്ത തീരുമാനം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാതൃകയാക്കാവുന്നതായിരുന്നു. ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികളെ കാത്ത് നിൽക്കാതെ ഒറ്റക്കെട്ടായി പ്ലാന്റുകൾ വൃത്തിയാക്കാൻ അഞ്ചുദിവസവും 150 കിലോ സോപ്പും വേണ്ടിവന്നു. അതും നൂറോളം ആൾക്കാരുടെ അധ്വാനത്താൽ മാത്രം. ആദ്യം കംപ്രസ്സർ നേരെയാക്കി. രണ്ടാം ദിവസം തന്നെ ബ്ലോവർ സഹായത്തോടെ വണ്ടികൾ ഭാഗികമായി നേരെയാക്കിയതിനാൽ അത്യാവശ്യം ഓർഡറുകൾ കൊടുത്തു തുടങ്ങാൻ കഴിഞ്ഞു. നേരെമറിച്ച് ഗവൺമെന്റ് /ഇൻഷുറൻസ് സഹായം കാത്തിരുന്നെങ്കിൽ മാർക്കറ്റ് നഷ്ടപ്പെട്ടേനെ. ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കാതെ അവസരോചിതമായി പ്രവർത്തിച്ചതിനാൽ നഷ്ടം നന്നേ കുറയ്ക്കാൻ കഴിഞ്ഞു. കൃത്യമായി രേഖകൾ കൈകാര്യം ചെയ്തിരുന്നതിനാൽ ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിംതരാനും കഴിഞ്ഞു. കൃത്യമായ ബാങ്കിങ്ങും ആപത്തുകാലത്ത് സഹായം ലഭിക്കാൻ കാരണമായി.
നാം ഏതു മേഖലയിലായിരുന്നാലും അവിടെ നടക്കുന്ന മാറ്റങ്ങൾ അറിഞ്ഞുകൊണ്ടേയിരിക്കണം. ഇപ്പോൾ ഗൂഗിൾ തുടങ്ങിയ സെർച്ച് എഞ്ചിനുകളും യൂട്യൂബ് സംവിധാനങ്ങളും ഒക്കെയുണ്ട്. പക്ഷേ എക്സിബിഷനുകൾ നടക്കുമ്പോൾ നേരിട്ട് ബോധ്യമാകുന്ന പോലെ ആകില്ല ഇവയൊന്നും. അവരവരുടെ സാമ്പത്തികമോ മറ്റ് സാഹചര്യമോ അനുസരിച്ച് ഇത്തരം സ്ഥലങ്ങളിൽ പോകണം. ഓരോ യാത്രയും നിരവധി അറിവുകൾ നേടിത്തരും. ഒരുപക്ഷേ അപ്പപ്പോൾ അല്ലെങ്കിൽ മറ്റൊരിക്കൽ അതിന്റെ ഗുണം തീർച്ചയായും ലഭിക്കും. കമ്പനിക്കുള്ളിൽ വളരെയധികം ഓട്ടോമേഷൻ നടപ്പിലാക്കാൻ എക്സിബിഷനുകൾക്ക് പോകുന്ന പതിവ് ഗുണം ചെയ്തു. അവ പ്രോഡക്ടിവിറ്റിയും അതുവഴി ലാഭവും അതിനേക്കാളൊക്കെ ഏറെയായി നല്ല ജോലി അന്തരീക്ഷവും നേടിത്തരുന്നുണ്ട്.
കഴിഞ്ഞ 36 വർഷമായി വ്യവസായം നടത്തിയെന്നുപറയുമ്പോൾ എല്ലാവരും ചോദിക്കാറുള്ള ചില ചോദ്യങ്ങളുണ്ട്. ആദ്യത്തേത് രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചാണ്. ജോലിക്കാർക്കുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകിക്കൊണ്ടിരിക്കുകയും, ആശയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരു ഏറ്റുമുട്ടലിന്റെ രീതിയിലേക്ക് പോകാതെ പിരിവുകളും മറ്റും നൽകിപോയാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല എന്നാണ് പറയാറുള്ളത്. പിന്നെ ജോലിക്കാരുടെ സ്ഥിരത. ആനുകൂല്യങ്ങളും അംഗീകാരങ്ങളും കൊണ്ട് കൂടെനിർത്താൻ കഴിയുന്നുവെന്ന് തന്നെയാണ് വിശ്വാസം. ഉദ്യോഗസ്ഥമേധാവിത്വവും മറ്റും ചിലപ്പോൾ അലോസരപ്പെടുത്താറുണ്ടെങ്കിലും ഒരു ഉദ്യോഗസ്ഥന് ഏതെങ്കിലും കാരണത്താൽ ചിലപ്പോൾ കുറെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞേക്കും. പക്ഷേ ക്ഷമയോടെ നേരിട്ടാൽ ആത്യന്തികമായി വിജയം കമ്പനിക്കുതന്നെയായിരിക്കുമല്ലോ. പല അനുമോദനങ്ങളും കിട്ടുമെങ്കിലും വ്യവസായ വകുപ്പിന്റെ 2013-14 ലെ ആലപ്പുഴ ജില്ലാ അവാർഡ് കമ്പനിക്ക് ഒരു അംഗീകാരംതന്നെയാണ്.
എത്രചെറുതായാലും ഒരു വ്യവസായം നടത്തുന്നയാൾ ചിന്തിക്കേണ്ടത് സമൂഹത്തിന് എന്ത് നന്മ ചെയ്യാൻ കഴിയും എന്നുകൂടിയാണ്. ലാഭം ഏറിയും കുറഞ്ഞും ഇരിക്കും. ഒരു അംശം അവശത അനുഭവിക്കുന്നവർക്ക് നേരിട്ട് എത്തിക്കുക. സി.എസ്.ആർ. എന്നൊക്കെ പറഞ്ഞില്ലെങ്കിലും അങ്ങനെയുള്ള പ്രവർത്തികൾ ഇൻകംടാക്സ് കിഴിവുകളെക്കാളുപരി ഒരു സ്ഥാനം സമൂഹത്തിൽ നൽകും. അല്ലെങ്കിലും നാം ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ബാക്കിയിട്ടുപോകണമെന്നാണല്ലോ ഏവരുടെയും ആഗ്രഹം. അതിനുള്ള മനോഭാവവും ആരോഗ്യത്തിനായി യോഗയും ചെയ്താൽ ബിസിനസ്സിൽ പുതിയ ആശയങ്ങളും മറ്റും തനിയെ വരും. അത് വളർച്ചയിലേക്ക് നയിക്കും. ആരോ പറഞ്ഞ ഒരു കാഴ്ചപ്പാട് കൂടി പറഞ്ഞുനിർത്തട്ടെ. ഒരു ബിസിനസ്സും ഒരേനിലയിൽ നിൽക്കുകയില്ല. മറ്റുള്ളവർ അതിനനുവദിക്കുകയുമില്ല. ഒന്നുകിൽ താഴോട്ട്, അല്ലെങ്കിൽ ഉയർച്ചയിലേക്ക്. ഉയർച്ചയിലേക്ക് പോകാൻ വേണ്ടത് ശ്രദ്ധ മാത്രമാണ്. സാങ്കേതികവിദ്യയിലെ മാറ്റവും പ്രവണതയും കൂടെയുള്ളവരുടെ തൃപ്തിയും നിയമവ്യവസ്ഥയോട് വിധേയത്വവും എല്ലാം മാനിക്കാമെങ്കിൽ ഏത് ബിസിനസ്സും വിജയിക്കും.
നിലവിൽ 55 വനിതകൾ ഉൾപ്പെടെ 91 തൊഴിലാളികൾ ജോലിചെയ്തുവരുന്നു. കൂടാതെ 30 ആളുകൾക്ക് പരോക്ഷമായും സ്പിൻടെക് തൊഴിൽ നൽകിവരുന്നു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മാന്നാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്പിൻടെക്, ചെങ്ങന്നൂർ താലൂക്കിലെ ബുധനൂർ സ്വദേശിയായ ജി. പരമേശ്വരൻ നമ്പൂതിരി മാനേജിംഗ് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരനായ ജി. വിഷ്ണുനമ്പൂതിരി, പിതൃസഹോദരപുത്രൻ എം.എസ്. വിഷ്ണുനമ്പൂതിരി എന്നിവർ ഡയറക്ടർമാരായും പ്രവർത്തിക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.
സ്ഥാപനത്തിന്റെ മേൽവിലാസം
സ്പിൻടെക് ഫിറ്റിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
കുട്ടമ്പേരൂർ പി.ഒ., മാന്നാർ
ഫോൺ: 9495992724
.