പേപ്പർ വ്യവസായത്തിലെ നൂതന പ്രവണതകൾ

ലോറൻസ് മാത്യു

ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് പേപ്പറിന്റേത്. തടിയിൽ നിന്ന് തുടങ്ങുന്ന പേപ്പറിന്റെ നിർമ്മാണം എന്നതിനാൽത്തന്നെ പേപ്പർ വ്യവസായമെന്നത് നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നയൊന്നാണ്. തടി അത് യൂക്കാലിപ്റ്റസ് ആയാലും മുള, ഈറ്റ മുതലായവ ആയാലും വലിയ അളവിൽ ആവശ്യമാണെന്നതിനാൽത്തന്നെ ചെറിയ നിക്ഷേപത്തിലൊന്നും തന്നെ ആരംഭിക്കാവുന്നതല്ല ഇത്. എന്നാൽ മനുഷ്യരാശിക്കു ഏറെ ആവശ്യമുള്ള വസ്തു എന്ന നിലയിൽ ഈ വ്യവസായത്തിന്റെ പ്രസക്തി ഏറെയാണ്. പത്രങ്ങൾക്ക് മാത്രമല്ല മറ്റ് നിരവധി കാര്യങ്ങൾക്ക് വ്യത്യസ്തമായ നിരവധി രീതിയിലുള്ള പേപ്പറുകൾ ആവശ്യമാണ്. എന്നാൽ പത്ര പേപ്പറിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ബോണ്ട് പേപ്പർ പോലുള്ളവയുടേത്.

  ചൈനയും അമേരിക്കയുമാണ് ലോകത്തിൽ ഏറ്റവും അധികം പേപ്പർ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ. ലോകത്തിലാകെ ഉൽപ്പാദിപ്പിക്കുന്ന പേപ്പറിന്റെ 24 ശതമാനവും ചൈനയുടെ സംഭാവനയാണ്. 18 ശതമാനം ഷെയറുമായി അമേരിക്ക പിറകിൽ ഉണ്ട്. ഏകദേശം 500 മില്യൺ ടൺ പേപ്പറാണ് ലോകത്താകമാനം ഒരു വർഷം ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

   എന്നാൽ ഈ വ്യവസായം ഭാവിയിൽ നേരിടുവാൻ പോകുന്ന വെല്ലു വിളികൾ ചെറുതല്ല. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉള്ളത്. ഒന്ന് സുസ്ഥിര ഉൽപ്പാദനത്തിലേക്ക് ലോകം ചുവട് വെക്കുന്നതും രണ്ട് ഡിജിറ്റലൈസേഷനുമാണത്. ലോകം ഡിജിറ്റലിലേക്ക് മാറുമ്പോൾ ഏറ്റവുമധികം ഭീഷണി നേരിടുന്ന വ്യവസായങ്ങളിൽ ഒന്നാണ് പേപ്പറിന്റേത്. ഇന്ന് വായന കൂടുതലായും ഡിജിറ്റൽ മോഡിലേക്ക് മാറിയതും എണ്ണിയാലൊടുങ്ങാത്ത ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം വിരൽത്തു മ്പിൽ വിവരങ്ങളുമായി അണി നിരക്കുമ്പോൾ അത് പത്ര മാധ്യമങ്ങളെയും തദ്വാരാ പേപ്പർ വ്യവസായങ്ങളേയും സാരമായി ബാധിച്ചുവെന്നത് വസ്തുതയാണ്.

   എന്നാൽ പാക്കിങ്ങ് മെറ്റീരയലുകളുടെ ഉപയോഗത്തിൽ വന്ന മാറ്റത്തിന്റെ ട്രെൻഡ് പേപ്പർ വ്യവസായത്തിന് ആശാവഹമായ ഒന്നാണ്. പ്ലാസ്റ്റിക് പാക്കിങ്ങിൽ നിന്നും പരിസ്ഥിതി സൗഹാർദ്ദമെന്ന നിലക്ക് പേപ്പർ പാക്കിങ്ങിലേക്ക് ലോകം മാറുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം പേപ്പറുകൾ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സാധ്യതയേറെയാണ്. എന്നാൽ ലോജിസ്റ്റിക്സ് രംഗത്ത് പാക്കിങ്ങ് എന്നത് ലൈറ്റ് വെയിറ്റ് മെറ്റീരിയൽ ആവണം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

എങ്ങനെയാണ് പേപ്പർ ഉണ്ടാവുന്നത്

   പേപ്പർ മെഷിൻ എന്ന പേരിൽ അറിയപ്പെടുന്ന വലിയ ഒരു മെഷിനിലാണ് പേപ്പർ ഉണ്ടാക്കിയെടുക്കുന്നത്. അതിന്റെ ഒരു വശത്ത് പേപ്പർ പൾപ്പ് ഫീഡ് ചെയ്തിട്ട് അതിൽ നിന്നുള്ള വെള്ളം മാറ്റിയാണ് മറു വശത്ത് പേപ്പർ ആക്കിയെടുക്കുന്നത്. ഈ പൾപ്പ് ഉണ്ടാക്കിയെടുക്കുവാനാണ് തടി ആവശ്യമായി വരുന്നത്. യൂക്കാലിപ്റ്റസ്, ഈറ്റ, മുള തുടങ്ങിയവയൊക്കെയാണ് സാധാരണയായി പൾപ്പ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള ഫൈബറാണ് പേപ്പറിന്റെ പ്രധാന ഭാഗം. എന്നാൽ യൂക്കാലിപ്റ്റസ് പോലുള്ള തടികൾ അരക്കുക കൂടി ചെയ്തിട്ടാണ് പേപ്പർ ഉണ്ടാക്കുന്നത്. ആയതിനാൽ അതിന്റെ ഫൈബർ പെട്ടെന്ന് പൊട്ടിപ്പോകുന്നത് മതിയായ ബലം നൽകാത്തത് കാരണം ഈറ്റ, മുള പോലുള്ളവയും കൂടി ചേർത്താണ് പത്ര പേപ്പർ ഉൽപ്പാദിപ്പിക്കുന്നത്. കാരണം ഇവയിൽ നിന്ന് ഫൈബർ ലഭിക്കുവാൻ അരക്കേണ്ടതില്ല, മറിച്ച് കെമിക്കൽ ട്രീറ്റ്മെന്റ് മാത്രം മതിയാകും. എന്നാൽ ബോണ്ട് പേപ്പർ ഉൾപ്പെടെയുള്ളവ ഈറ്റ, മുള പോലുള്ളവയിൽ നിന്ന് മാത്രമാണ് നിർമ്മിക്കുന്നത്. വിവിധങ്ങളായ കെമിക്കലുകൾ ചേർത്ത് പുഴുങ്ങിയാണ് തടിയിൽ നിന്ന് ഫൈബർ വേർതിരിച്ചെടുക്കുന്നത്. ഇതിനായി വലിയ തടികൾ ചെറുതാക്കി കട്ട് ചെയ്തെടുക്കുന്നതും പേപ്പർ ഫാക്ടറിയിലെ ഒരു പ്രോസസ് ആണ്.

നൂതന പ്രവണതകൾ

   കാലം മാറുന്നതിനനുസരിച്ച് പേപ്പർ വ്യവസായവും മാറിക്കൊണ്ടിരിക്കുകയാണ്. വിവിധങ്ങളായ ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം പേപ്പറുകളാണ് വേണ്ടുന്നത് എന്നതിനാൽത്തന്നെ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് വ്യത്യാസമുണ്ട്.

   സസ്റ്റയ്നബിലിറ്റി എന്നയൊരു കൺസെപ്റ്റ് വ്യാവസായിക തലത്തിലേക്ക് കടന്ന് വന്നപ്പോൾ അത് പേപ്പർ വ്യവസായത്തിൽ തടിക്കപ്പുറമുള്ള അസംസ്കൃത വസ്തുക്കളിലേക്ക് ഗവേഷക ലോകം ശ്രദ്ധ തിരിച്ചു.straw, corn stalks, switchgrass, miscanthus തുടങ്ങിയവയും കൂടി ഉപയോഗിക്കുന്ന തലത്തിലേക്ക് ഈ വ്യവസായം മാറിയിരിക്കുന്നു. ഇത് പരിസ്ഥിതിക്ക് അനുയോജ്യമായയൊന്നാണ്. ഇപ്പോൾ ചണത്തിൽ നിന്ന് വരെ പേപ്പർ ഉണ്ടാക്കുവാൻ കഴിയുമെന്ന് വന്നിരിക്കുന്നു. താരതമേന്യ കുറഞ്ഞ സ്ഥലം മാത്രമേ ഇതിന്റെ കൃഷിക്ക് ആവശ്യമേയുള്ളുവെന്നതാണ് ആശാവഹമായ ഒരു വസ്തുത. സോളാർ പോലുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുപയോഗിക്കുന്നതും സസ്റ്റയനബിലിറ്റിയുടെ പരിധിയിൽ വരും. ഒപ്പം വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറക്കുക മാത്രമല്ല സാധ്യമായ ഇടങ്ങളിലൊക്കെ വെള്ളം പുനരുപയോഗിക്കുന്നതും സസ്റ്റയനബിൾ പ്രൊഡക്ഷനാണ്. ഫൈബർ അല്ലാത്തതായ polypropylene, cellulose nanofibers എന്നിവയും ഇപ്പോൾ പേപ്പർ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കാലം ഇരിക്കുവാനും ഇത് സഹായകമാകും.

   പേപ്പറുകൾ റീസൈക്ലിങ്ങ് ചെയ്യുന്നതിന് ആണ് കമ്പനികൾ ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. ന്യൂസ് പേപ്പറുകളിലെ ലെഡ് നീക്കം ചെയ്ത് ആ പൾപ്പ് ഉപയോഗിച്ച് വീണ്ടും പേപ്പർ ആക്കി മാറ്റുന്നതാണിത്. പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറക്കുവാനും ഉൽപ്പാദനച്ചിലവ് ഗണ്യമായി കുറക്കുവാനും ഇത് സഹായകരമാകുന്നു. പേപ്പർ റീസൈക്കിൾ ചെയ്യുന്ന സ്ഥാപനത്തേയും വേസ്റ്റ് പേപ്പർ ഉള്ള വീടുകളേയും തമ്മിൽ കണക്ട് ചെയ്തതായ സ്റ്റാർട്ടപ്പാണ് സിങ്കപ്പൂരിലാരംഭിച്ച SG Recycle.

   തടി, മുള, ഈറ്റ തുടങ്ങിയവയിൽ നിന്നൊക്കെ പേപ്പർ ഉണ്ടാക്കുമ്പോൾ അത് ബ്ലീച്ച് ചെയ്യേണ്ടതുണ്ട്. കെമിക്കലുകൾക്ക് പകരമായി മൈക്രോ ഓർഗാനിക്സിനെയാണ് ഇപ്പോൾ കമ്പനികൾ ഉപയോഗിക്കുന്നത്. ഇതിനെ ബയോ ബ്ലീച്ചിങ്ങ് എന്നാണ് പറയുന്നത്. ഇതിന് താരരതമേന്യ ചിലവ് കുറവാണെന്നത് മാത്രമല്ല പരിസ്ഥിതി സൗഹാർദ്ദവുമാണ്. പൾപ്പ് ബ്ലീച്ച് ചെയ്യുവാൻ മാത്രമല്ല, അസംസ്കൃത വസ്തുക്കളിൽ നിന്നും ലിഗ്നിൻ മാറ്റി പൾപ്പ് ആക്കി മാറ്റുന്നതിനും ഇപ്പോൾ എൻസൈമുകളെ ഉപയോഗിക്കുന്നുണ്ട്. ബയോ മാർഗ്ഗങ്ങളുപയോഗിക്കുന്ന പൾപ്പിന് ഗുണ നിലവാരം കൂടുതലായിരിക്കും.

   റോബോട്ടുകളുടെ സഹായം കൂടുതലായി ഉപയോഗിക്കുവാൻ കഴിയുന്നയൊരു മേഖലയാണ് പേപ്പർ വ്യവസായത്തിന്റേത്. വലിയ പേപ്പർ റോളുകൾ കൈകാര്യം ചെയ്യുവാനും വലിയ തടികൾ ചിപ്പിങ്ങ് മെഷിനുകളിലേക്ക് ലോഡ് ചെയ്യുവാനും ഗുണ നിലവാരം പരിശോധിക്കവാനുമെല്ലാം റോബോട്ടുകളുടെ സഹായം ഇപ്പോൾ ലഭ്യമാണ്.

   ഇനിയുള്ള കാലത്ത് സെൻസറുകളുടെ ഉപയോഗം ഈ വ്യവസായത്തിൽ വർദ്ധിച്ച് വരും. പ്രഷർ, ലിക്വിഡ് ഫ്ളോ, ടെംമ്പറേച്ചർ തുടങ്ങിയവയ്ക്കൊക്കെ എപ്പോഴും നോക്കുകയും അതനുസരിച്ച് പല തീരുമാനങ്ങളും ഓപ്പറേറ്റർക്ക് എടുക്കുകയും ചെയ്യേണ്ടുന്ന വ്യവസായമാണ് പേപ്പറിന്റേത്. എന്നാൽ ഇതല്ലാം സെൻസറുകളുപയോഗിച്ച് കണ്ട്രോൾ സിസ്റ്റത്തിലേക്ക് നൽകുകയും അതനുസരിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന രീതിയിലേക്ക് പ്ലാന്റുകളെല്ലാം മാറ്റുവാൻ കഴിയും.

   നാനോ ടെക്നോളജി വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഒരു വ്യവസായമാണ് പേപ്പർ വ്യവസായം. പേപ്പറിന് ആവശ്യമായ സ്ട്രെങ്ങ്ത് കൊടുക്കുവാൻ നാനോ സെല്ലുലോസ് ഉപയോഗിക്കുന്നുണ്ടിപ്പോൾ. വെള്ളത്തിൽ നിന്ന് സംരംക്ഷണം കൊടുക്കുവാനായി നാനോ കോട്ടിങ്ങുകൾ ആണ് ഉപയോഗിക്കുന്നത്. പേപ്പർ നിർമ്മാണത്തിൽ അതിന്റെ വിവിധങ്ങളായ പ്രോപ്പർട്ടികൾക്കായി പല തരത്തിലുള്ള ഫില്ലറുകളുപയോഗിക്കുന്നുണ്ട്. ഇപ്പോൾ നാനോ പാർട്ടിക്കുകളാണ് അത് നിർവ്വഹിക്കുന്നത്.

   തീർത്തും പ്രകൃതിയിൽ നിന്നുള്ള ഒരു ഉൽപ്പന്നമാണ് പേപ്പർ. എന്നാലിപ്പോൾ പല തരത്തിലുള്ള സിന്തറ്റിക് പേപ്പറുകൾ പ്രചരിക്കുന്നുണ്ട്. ഉയർന്ന ഗുണ നിലവാരം ആണ് ഇത്തരം പേപ്പറുകളുടെ പ്രത്യേകത.

  പേപ്പർ പ്ലാന്റുകളിലെ ഒരു പ്രധാന യന്ത്രമാണ് പേപ്പർ മെഷിൻ. ഇതിലെ കൺവെയറുകളിലൂടെ കയറിയാണ് പൾപ്പ് പേപ്പറായി മാറുന്നത്. ഒപ്പം ഇതൊരു ഡ്രയർ കൂടിയാണ്. പേപ്പർ പ്ലാന്റുകളിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഡ്രയറുകൾ എല്ലാം തന്നെ Energy Efficient ആയവയാണ്. അന്തരീക്ഷ വായുവിൽ നിന്ന് ചൂട് വലിച്ചെടുത്ത് പ്രവർത്തിക്കുന്ന ഹീറ്റ് പമ്പ് ഡ്രയർ ഒരുദാഹരണമാണ്. പേപ്പറിൽ നിന്ന് വെള്ളത്തിന്റെ അംശം വലിച്ചെടുത്ത് കളയുന്ന Impingement dryer ഇൻഫ്രാറെഡ് കിരണങ്ങളുപയോഗിക്കുന്ന ഇൻഫ്രാ റെഡ് ഡ്രയറുകൾ, വെള്ളത്തിന്റെ തിളനില (Boiling point) കുറക്കുക വഴി പേപ്പർ ഉണക്കുവാൻ കഴിയുന്ന വാക്വം ഡ്രയർ തുടങ്ങിയവ ഈ മേഖലയിലെ പുത്തൻ കണ്ടുപിടുത്തങ്ങളാണ്.

   ബാക്ടീരയയുടെ വളർച്ചയെ തടയുന്ന തരത്തിലുള്ള ഒരു പേപ്പർ നോർത്ത് അമേരിക്കയിൽ കണ്ട് പിടിക്കപ്പെട്ടിരിക്കുന്നു എന്നത് ഈ രംഗത്തെ ഏറ്റവും പുതിയ വാർത്തയാണ്. ഓപ്പറേഷൻ തീയേറ്റർ മുതൽ ആംബുലൻസിന്റെ ഉൾഭാഗം വരെ ഇതിന് അനന്ത സാധ്യതകളുണ്ട്. സൈബർ സെക്യൂരിറ്റിക്ക് വളരെയധികം പ്രാധാന്യമുള്ള കാലഘട്ടമാണിത്. പല ഹാക്കർമാരും ഓഫീസുകളിലെ വൈഫൈ സംവിധാനമാണ് അതേ ഓഫീസിലെ സെക്യൂരിറ്റി സിസ്റ്റം തകർക്കുവാനായി ഉപയോഗിക്കുന്നത്. എന്നാൽ ഫ്രാൻസിലെ ഒരു പറ്റം ശാസ്ത്രജ്ഞർ വൈഫെ സിഗ്നലിലെ ഒരു റൂമിൽത്തന്നെ നിൽക്കുവാനനുവദിക്കുന്ന ഒരു വാൾ പേപ്പർ കണ്ട് പിടിച്ചിരിക്കുന്നു. മെറ്റാ പേപ്പർ എന്നാണ് ഇതിന് കൊടുത്തിരിക്കുന്ന പേര്.

  നിലനിൽക്കേണ്ടുന്ന ഒരു വ്യവസായം തന്നെയാണ് പേപ്പറിന്റേത്. മാറുന്ന സാങ്കേതിക വിദ്യകൾ ഈ വ്യവസായത്തിന് മാറ്റ് കൂട്ടട്ടെ എന്ന് പ്രത്യാശിക്കാം.