പെരുമഴക്കാലം… ആശയങ്ങളുടെ മധുമഴക്കാലം

ഇ. കെ. രവീന്ദ്രനാഥൻ നായർ

പെരുമഴക്കാലമെത്തുകയായി. ഒരു കൂട്ടം സംരംഭകർക്ക് ഇത് അവസരങ്ങളുടെ മധുമഴക്കാലം. കടുത്ത വേനലിനു പിന്നാലെ ആദ്യം ചാറിയും പിന്നെ ചിണുങ്ങിയും, ചന്നം പിന്നം പെയ്തും, തുമ്പിക്കൈവണ്ണത്തിലേക്കു കുതിച്ചു മഴ തകർക്കുമ്പോൾ പ്രകൃതിയിൽ പച്ചപ്പിന്റെ നാമ്പുകൾ തലയുയർത്തുകയായി. ക്രമേണ അവ പടർന്ന് മണ്ണിനു ഹരിത കംബളമായി മാറുന്നു. ഇവയിൽ പരിശുദ്ധമായ പച്ചമരുന്നുകൾ ഏറെ. പാരമ്പര്യത്തിലൂടെയും, പകർന്നറിവിലൂടെയും സ്വായത്തമാക്കിയ നിരവധി ഔഷധക്കൂട്ടുകൾ ആരോഗ്യ സംരക്ഷണത്തിനും, ചർമ്മ സംരക്ഷണത്തിനുമൊക്കെയായി പ്രയോജനപ്പെടുത്താൻ സമയമായി. ഹെർബൽ പ്രോഡക്റ്റുകളുടെ അനുദിനം വികസിച്ചു വരുന്ന ഹരിതവിപണി ഉണരുകയായി. വ്യക്തികൾക്കും, കുടുംബങ്ങൾക്കും സൗഹൃദക്കൂട്ടായ്മകൾക്കും സംരംഭകത്വത്തിന്റെ വിശാലമായ വാതായനങ്ങൾ തുറക്കുവാൻ.

കാലവർഷം കനിഞ്ഞരുളുന്ന ഔഷധ സസ്യങ്ങളുടെ നിര വളരെ നീണ്ടതാണ്. ഇവ വിധിപ്രകാരം ശേഖരിച്ച് വിവിധ ഉൽപന്നങ്ങളാക്കി പ്രാദേശിക വിപണികളിൽ വിറ്റഴിച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. ഗുണമേന്മയിൽ കടുകിട വ്യത്യാസം വരുത്താതെയുള്ള ഈ ഔഷധ നിർമ്മാണം ഇന്ന് പ്രാദേശികമായ അതിരുകൾക്കപ്പുറം കടന്ന് ആഗോള വിപണിയിലേക്കു കുതിയ്ക്കുകയാണ്. ഗുണമേന്മയിലെ നിഷ്‌കർഷ നന്നായി അറിയാവുന്ന, സൗന്ദര്യബോധം ഏറെയുള്ള, ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലുക്കളായ മലയാളികൾ (സ്വദേശത്തും വിദേശത്തും) ഇത്തരം കറയറ്റ അസംസ്‌കൃത വസ്തുക്കളുടെയും അവയുടെ സമന്വയത്തിലൂടെ ഉരുത്തിരിയുന്ന ഉൽപന്നങ്ങളേയും കാത്തിരിയ്ക്കുകയാണ്. ഏതാണ്ട് ആറു മാസക്കാലത്തോളം ഈ പച്ചപ്പ് പ്രയോജനപ്പെടുത്തിയുള്ള കച്ചവടം പൊടിപൊടിയ്ക്കും. ബുദ്ധിയുള്ള സംരംഭകർ ഇതൊരു കൊയ്ത്തു കാലമാക്കി മാറ്റും.

ഓൺലൈൻ വിപണിയിലൂടെ വ്യപാരമാണിപ്പോൾ എഴുപതു ശതമാനവും എന്ന് ഇതു സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പറയുന്നു. തൈലങ്ങൾ, ക്രീമുകൾ, സോപ്പുകൾ തുടങ്ങിയവയാണ് ഇവയിൽ എൺപതു ശതമാനവും. ആന്തരിക ഉപയോഗത്തിനുള്ള ഔഷധങ്ങളാണ് ബാക്കി ഇരുപതു ശതമാനവും. അത്തരം ഉൽപന്നങ്ങൾക്ക് വിദേശ വിപണിയിലും മറ്റും ചില നിയന്ത്രണങ്ങൾ ഉള്ളതിനാലാണത്രേ അക്കാര്യത്തിൽ ഉൽപാദകർ കാര്യമായ ശ്രദ്ധ കേന്ദ്രീകരിയ്ക്കാത്തത്. എങ്കിലും ആഭ്യന്തര വിപണിയിൽ, പ്രത്യേകിച്ചും ഓഫ്‌ലൈനിൽ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ടത്രേ.

ഓൺലൈൻ വിപണിയിലൂടെ വ്യാപാരത്തിനു തയ്യാറെടുക്കുമ്പോൾ ഇത്തരം ഉൽപന്നങ്ങളുടെ നിർമാതാക്കൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആകർഷകമായ പാക്കിങ്ങ്, ഉൽപന്നങ്ങളിലെ അസംസ്കൃത പദാർത്ഥങ്ങളുടെ വിശദ വിവരങ്ങളടങ്ങിയ പരസ്യം ഇവയാണ് വിപണനത്തിനു വേണ്ടി നിർവഹിയ്‌ക്കേണ്ടത്. ഗുണമേന്മ നിലനിർത്തുന്ന കാര്യത്തിൽ ഇവർ ശ്രദ്ധാലുക്കളായിരിയ്ക്കണം. സത്യസന്ധമായ ബിസിനസിന് ഗുണമേന്മ അവിഭാജ്യ ഘടകമാണ്. സ്ഥിരമായി, ഓൺലൈൻ വിപണിയിൽ ഒരിടമുണ്ടാക്കണമെന്നുള്ളവർ ഒരിയ്ക്കലും തെറ്റിദ്ധരിപ്പിയ്ക്കുന്ന പരസ്യ കോലാഹലത്തിനു പോകുകയില്ല. ഗുണമേന്മയാർന്ന ഉൽപന്നങ്ങൾക്ക് ആദ്യം ഒരു സ്റ്റഡി മാർക്കറ്റാവും ഉണ്ടാവുക. ക്രമേണ അത് മാറ്റങ്ങൾക്ക് വിധേയമാകും. സപ്ലൈ പരിമിതമാവും ആദ്യം. പിന്നീട് ഡിമാന്റ് ഏറുന്നതനുസരിച്ച് സപ്ലൈയിലും മാറ്റമുണ്ടാകണം. ഇതു മൂൻകൂട്ടികാണാൻ സംരംഭകനു കഴിയണം. വാട്‌സാപ്പ്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപന്നത്തിന്റെ പ്രാഥമിക വിപണി സ്ഥാപിയ്ക്കാം. ഇതിലെ ഗ്രാഫ് ഉയരുന്നതനുസരിച്ച് ആമസോൺ, ഫ്‌ളിപ്കാർട്ട്‌സ് തുടങ്ങിയ മദ്ധ്യവർത്തികൾ സംരംഭകരെ തേടിയെത്തും.

ഒരു കൂടയിൽ നിന്നൊരു നാട് എന്ന് വിജയിക്കുന്ന സംരംഭങ്ങളെപ്പറ്റി പറയാറുണ്ട്. ഏറ്റവും എളിയ രീതിയിൽ ഉൽപന്നങ്ങൾ നിർമിച്ച് ഒരു നാടു മുഴുവൻ വ്യാപിയ്ക്കുന്ന സംരംഭം എന്ന അർത്ഥത്തിലാണ് ഈ ചൊല്ല്. വലിയ ജഗപൊഗയോടെ ഉൽപന്നങ്ങളുടെ വൻശേഖരം തയ്യറാക്കി വിപണനത്തിനിറങ്ങരുത്. ഇവിടെ ഉപഭോക്താക്കൾ ക്രീമിലെയർ ആണെന്നോർക്കണം. അവരുടെ ഹൃദയത്തിലേയ്ക്ക് കടന്നു ചെല്ലാൻ അൽപം സമയമെടുക്കും. അവരുടെ വിശകലനങ്ങളും നിരീക്ഷണങ്ങളും വളരെ കൃത്യമായിരിയ്ക്കും. ആയതിനാൽ ലളിതമായ തുടക്കം, പ്രൗഢമായ അവതരണം, ഗംഭീരമായ വളർച്ച. ഇതാവട്ടെ ഓൺലൈൻ വിപണനത്തിന്റെ രീതി.

ട്രെൻഡ് അനുസരിച്ച് മറ്റു ചില കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംരംഭത്തിന്റെ വളർച്ചയ്ക്ക് ധനസഹായം ആവശ്യമുണ്ട്. വിദഗ്‌ദ്ധോപദേശങ്ങൾ ആവശ്യമുണ്ട്. നിയമങ്ങളുടെ പിൻബലവും വേണം. രജിസ്‌ട്രേഷൻ, ലൈസൻസ് തുടങ്ങിയവയെപ്പറ്റിയാണ് ഒടുവിലായി പറഞ്ഞത്. വ്യവസായങ്ങൾ അതു ചെറുതോ വലുതോ ആകട്ടെ, പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന്റെ കൈത്താങ്ങ് സംരംഭകർക്ക് എപ്പോഴുമുണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ്, പൊല്യൂഷൻ കൺട്രോൾ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഗുഡ് മാനുഫാക്ചറിങ്ങ് പ്രാക്റ്റീസ് (ജി. എം. പി), സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്വർ (എസ്. ഒ. പി), ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്റ്റ് പ്രകാരമുള്ള വ്യവസ്ഥകൾ, വ്യാപാര വാണിജ്യ നികുതി സംബന്ധിച്ച പ്രക്രിയകൾ ഇവയെല്ലാം ഒരു കുഞ്ഞുപ്രസ്ഥാനം വലുതാകുന്തോറും വേണ്ടിവരും. വീട്ടിലെ അടുക്കളയിലെ കുഞ്ഞടുപ്പിൽ ചെറിയൊരു ഓട്ടുരുളിയിൽ കാച്ചിയെടുത്ത ഒരു ലിറ്റർ എണ്ണയിൽ നിന്ന് പ്രതിദിനം നൂറുകണക്കിന് ലിറ്റർ എണ്ണ ഉൽപാദിപ്പിച്ചു വിജയകരമായി വിപണനം നടത്തിവരുന്ന സംരംഭങ്ങൾ ഉള്ള നാടാണിത്. അവരുടെ വിജയത്തിനു കാരണം ഭാഗ്യം മാത്രമല്ല കഠിനാധ്വാനവും, ഗുണമേന്മയും, വിവിധ ഘടകങ്ങളുടെ അതിമനോഹരമായ ഏകോപനവുമാണ്.

ഹെർബൽ പ്രോഡക്ട്‌സിൽ ലളിതമായ തുടക്കത്തിനു മനസ്സൊരുക്കിയ സംരംഭകർക്ക് അതിനുള്ള മണ്ണൊരുക്കാം. പച്ച മരുന്നുകളെപ്പറ്റി സമഗ്രമായ അറിവില്ലാത്തവർ ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം തേടുക. അവരുടെ കർശനമായ മേൽനോട്ടം ഉൽപാദന പ്രക്രിയയിൽ മാത്രമല്ല, അസംസ്‌കൃത വസ്തുക്കളുടെ സംരംഭക പ്രക്രിയയിലും ഉണ്ടാവണം. കാരണം ഇത് സ്ഥിരമായ ഒരു സംവിധാനമാകേണ്ടതാണ്. തുടക്കം നന്നായാൽ ബാക്കിയെല്ലാം അതിഗംഭിരമാകും. മനോഹരമായ പാക്കിങ്ങ്, സുരക്ഷിതമായ പാഴ്‌സൽ, കൃത്യമായ ഡലിവറി, സംശയനിവാരണത്തിനുള്ള കസ്റ്റമർ കെയർ സംവിധാനം ഇവയും വിപണനത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നോർക്കുക.

വീണ്ടും മഴക്കാലത്തിന്റെ ഗാംഭീര്യത്തിലേക്കു മടങ്ങാം. ആശയങ്ങൾക്കു പച്ചപിടിയ്ക്കാനും പടർന്നു പന്തലിയ്ക്കാനും ഈ മഴക്കാലം സംരംഭകരെ സഹായിക്കട്ടെ. അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക. ലക്ഷ്യമുണ്ടെങ്കിൽ മാർഗം തെളിയും. ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോഴേയ്ക്ക് കോടീശ്വരനാകാമെന്ന മോഹമൊന്നും മനസ്സിൽ ഉണ്ടാവരുത് കേട്ടോ.