പുതുസംരംഭകർ നിക്ഷേപം നടത്തും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

TS Chandran

റ്റി. എസ്. ചന്ദ്രൻ
രാജയപ്പെടാനായി ആരും സംരംഭം തുടങ്ങുന്നില്ല. എന്നാൽ ചിലപ്പോഴൊക്കെ പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവരുന്നു. ഇത് എങ്ങനെ ഒഴിവാക്കാം? സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ട്. സംസ്ഥാനത്തെ ലൈസൻസിംഗ് സമ്പ്രദായം കൂടുതൽ ഉദാരമായിട്ടുണ്ട്. സർക്കാർ സബ്‌സിഡിയോടു കൂടി വായ്പയും അനുബന്ധ സൗകര്യങ്ങളും ലഭ്യമാണ്. സംരംഭം തുടങ്ങുന്നതിന് കൈത്താങ്ങ് സഹായവും ലഭിക്കും. സാങ്കേതിക സഹായവും സാമ്പത്തിക സഹായവും ലഭിക്കും. എന്നിരുന്നാലും സംരംഭത്തിലേക്ക് കടക്കും മുമ്പ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. ഒരു സംരംഭം തെരഞ്ഞെടുക്കുക എന്നത് നന്നായി പഠിച്ച് വിലയിരുത്തി സ്വീകരിക്കേണ്ട ഒന്നാണ്. സംരംഭം തെരഞ്ഞെടുക്കാനും വിജയം ഉറപ്പാക്കാനും പുതു സംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ

1) വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക
സംരംഭം നിർമ്മാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ട് അപ്പോ ബ്രോക്കറേജോ എന്തുമാവട്ടെ വിപണിയെ മുൻകൂട്ടി കണ്ടു മാത്രമേ നിക്ഷേപം നടത്താവൂ. ഒരു തൊഴിൽ സംരംഭം സംബന്ധിച്ച് പല രീതിയിലുള്ള പരിചയം ഉണ്ടാകാം. ചില സംരംഭങ്ങളോട് മാനസികമായ താൽപര്യവും ഉണ്ടാകാം. എന്നാൽ സംരംഭം തിരഞ്ഞെടുക്കേണ്ടതിന്റെ അളവ്‌കോൽ ഇവ മാത്രമല്ല. പ്രസ്തുത ഉൽപ്പന്നങ്ങൾ വിപണിക്ക് ആവശ്യമുള്ളതാണോ എന്നാണ് നോക്കേണ്ടത്. ഉൽപ്പന്നം എത്ര ശ്രേഷ്ഠമായാലും വിപണിക്ക് സ്വീകാര്യമല്ലെങ്കിൽ അതിലേക്ക് കടക്കരുത്. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വലിയതോതിൽ മാർക്കറ്റ് സർവ്വേകൾ നടത്താൻ കഴിയണമെന്നില്ല. ഉൽപ്പന്നം/ സേവനം അത് വാങ്ങുന്നവരും, വിതരണം ചെയ്യുന്നവരും, വിൽക്കുന്നവരും, ഉപയോഗിക്കുന്നവരും മറ്റുമായി പലവട്ടം ചർച്ചകൾ നടത്തിയാൽ ഉൽപ്പന്നത്തിന്റെ വിപണി സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനാവും. വിപണിയിലെ ആവശ്യകതയിൽ നിന്നാവണം സംരംഭം പിറക്കേണ്ടത്.
2) കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുക
പുതുസംരംഭങ്ങളുടെ കാര്യത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആയി തുടങ്ങുമ്പോൾ വലിയ വ്യവസായശാലകളെയും നിക്ഷേപത്തെയും കുറിച്ച് ചിന്തിക്കേണ്ടതില്ല. ചെറുതായി തുടങ്ങുക വലുതായി വളരുക എന്നതാകണം മുദ്രാവാക്യം. ഇതിന് നിരവധി ഗുണങ്ങൾ ഉണ്ട്.

-> കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുന്നതിനാൽ സംരംഭകന്റെ മാനസിക സമ്മർദ്ദം കുറവായിരിക്കും

-> ഉൽപാദനത്തിന് അനുസരിച്ച് വിപണി കണ്ടെത്തുക എളുപ്പമാണ്

-> ഏറെ സാങ്കേതികത നിർമ്മാണ വിതരണ പ്രക്രിയകളിൽ ഉണ്ടാവില്ല

-> ക്രെഡിറ്റ് വില്പന നിയന്ത്രിക്കാൻ കഴിയും

-> മെച്ചപ്പെട്ട ലാഭവിഹിതം ലഭിക്കും (മിക്കവാറും നേരിട്ടായിരിക്കും ലഘു സംരംഭങ്ങളിൽ വിൽപ്പന നടത്തുക
     എന്നതിനാൽ)

-> പ്രകൃതി സൗഹൃദവും, കുടുംബ വ്യവസായവുമായി ലഘു സംരംഭങ്ങളെ രൂപപ്പെടുത്താൻ കഴിയും.

-> കുടുംബ കൂട്ടായ്മകളിലൂടെ ഉത്പാദന ചെലവ് കുറയ്ക്കാൻ കഴിയും.

-> കൊലാറ്ററൻ സെക്യൂരിറ്റി ഇല്ലാതെതന്നെ ചെറിയ വായ്പകൾ ബാങ്കുകൾ അനുവദിക്കും. (ആവശ്യമെങ്കിൽ )

-> വിപണന സാധ്യതകൾക്ക് അനുസരിച്ച് ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. ഇതിനായി പുതിയ പ്ലാന്റുകൾ
     തുടങ്ങുക എളുപ്പമാകും.

-> തുടക്കത്തിൽ സംരംഭകർ തന്നെ ആവും തൊഴിലാളികൾ എന്നിരുന്നാലും സ്ഥാപനം വളരുന്നത് അനുസരിച്ച്
      തൊഴിലാളികളെ നിയമിച്ച് മുന്നേറാനാണ് ശ്രമിക്കേണ്ടത്.
-> അഞ്ച് എച്ച്പി പവറിൽ താഴെ ഉപയോഗിക്കുന്ന സംരംഭങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസൻസിൽ നിന്നും
     ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

3) ലാഭം ആകണം ലക്ഷ്യം.
ചെറിയ മുതൽ മുടക്കോടെയാണ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് എങ്കിലും ലക്ഷ്യം ലാഭം തന്നെ ആയിരിക്കണം. മറിച്ചുള്ള ചിന്തകൾക്ക് സംരംഭ മേഖലയിൽ പ്രസക്തിയില്ല. കാരണങ്ങൾ പലതാണ്.

-> സംരംഭത്തിന്റെ നിലനിൽപ്പിനും വിജയത്തിനും ലാഭം കൂടിയേ തീരു

-> സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും സംരംഭം വികസിപ്പിക്കുന്നതിനും ലാഭം വേണം

-> സംരംഭകന്റെ വേതനമാണ് ലാഭം. ഇതാണ് പുനർ നിക്ഷേപമായി രൂപപ്പെടുന്നത്

-> ലാഭം ഉണ്ടാക്കുന്ന സംരംഭങ്ങളെ മാത്രമേ ധനകാര്യ സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളും അംഗീകരിക്കുകയുള്ളൂ.

4) വായ്പ അത്യാവശ്യത്തിനു മാത്രം
താൻ ഉദ്ദേശിക്കുന്ന രീതിയിൽ സംരംഭം ആരംഭിക്കുവാൻ കുറഞ്ഞത് എത്ര രൂപ വേണ്ടിവരും? സ്ഥിര നിക്ഷേപമായി എത്ര രൂപയുടെ കുറഞ്ഞ മുതൽമുടക്ക് വേണ്ടിവരും? കെട്ടിടം, മെഷിനറികൾ ഇലക്ട്രിക് സാമഗ്രികൾ, ഉപകരണങ്ങൾ, എന്നിവയ്ക്ക് മിനിമം എത്ര രൂപ വേണ്ടിവരും? മികച്ച ടെക്‌നോളജി കൊണ്ടുവരാൻ വേണ്ടിവരുന്ന നിക്ഷേപം എത്രയാണ്? പ്രവർത്തന മൂലധനമായി എത്ര രൂപ ആവശ്യമുണ്ട്? ഇങ്ങനെ ആകെ വേണ്ടിവരുന്ന നിക്ഷേപം കണക്കാക്കണം. ഇതിൽ പരമാവധി തുക സംരംഭകന്റെ വിഹിതമായി കൊണ്ടുവരാൻ ശ്രമിക്കണം. ബാക്കി തുക മാത്രമേ ബാങ്ക് വായ്പയായി എടുക്കാവൂ. റിസർവ് ബാങ്കിൻറെ നിർദ്ദേശം അനുസരിച്ച് സ്ഥിര നിക്ഷേപത്തിന് (ഭൂമി ഒഴികെ) 80% വരെയും ആവർത്തന ചെലവുകൾക്ക് 60% വരെയും ബാങ്ക് വായ്പ ലഭിക്കുന്നതാണ്. (സ്‌കീമുകൾ അനുസരിച്ച് സംരംഭകന്റെ വിഹിതത്തിൽ വ്യത്യാസം വരും) തുടക്കത്തിലെ ബാങ്ക് ബാധ്യതകൾ കുറച്ചു കൊണ്ടുവരാനാണ് സംരംഭകർ ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ സർക്കാർ സബ്‌സിഡികൾ പ്രതീക്ഷിച്ച് അമിത വായ്പകൾ എടുക്കരുത്. സ്വയംതൊഴിൽ സംരംഭങ്ങളിൽ വായ്പ എടുക്കുന്ന സമയവും പ്രവർത്തനം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈർഘ്യം ആറുമാസത്തിൽ അധികരിക്കാതെ ശ്രദ്ധിക്കുകയും വേണം. വായ്പയ്ക്ക് സർക്കാർ സബ്‌സിഡി ഉറപ്പാക്കാൻ കഴിഞ്ഞാൽ പുതുസംരംഭകർക്ക് അത് വലിയ ആശ്വാസമായിരിക്കും. സബ്‌സിഡിയോട് കൂടിയ നിരവധി സർക്കാർ പദ്ധതികൾ ഇപ്പോൾ ലഭ്യമാണ്. സെക്യൂരിറ്റി നൽകാതേയും സംരംഭ വായ്പകൾ ലഭിക്കും.

5) നിയമങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്തണം
സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ നന്നായി മനസ്സിലാക്കി വേണം നിക്ഷേപം നടത്തുവാൻ. ഇങ്ങനെ ചെയ്താൽ പിന്നീട് ദുഃഖിക്കേണ്ടതായി വരില്ല. നെൽവയലുകൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ, തീരദേശ പരിധിയിലെ സ്ഥലങ്ങൾ, ടൗൺ പ്ലാനിങ് വകുപ്പ് റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങൾ, മറ്റ് നിയന്ത്രണങ്ങൾ ഉള്ള സ്ഥലങ്ങൾ എന്നിവയിൽ സംരംഭങ്ങൾ പ്ലാൻ ചെയ്യരുത്. അതുപോലെതന്നെ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ സംരംഭം പ്ലാൻ ചെയ്യുമ്പോൾ അതിന് അധികമായി വേണ്ടിവരുന്ന ചിലവ് കൂടി നാം പരിഗണിക്കണം. പരമാവധി ഉൽപാദന സംരംഭങ്ങൾ കെട്ടിടത്തിന്റെ മുകളിൽ പ്ലാൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ലിഫ്റ്റ് പോലുള്ള പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണ്.അതിനു ഭാരിച്ച നിക്ഷേപം വേണ്ടിവരും. ഗ്രൗണ്ട് ഫ്‌ളോർ തന്നെ തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത്.

6) വൈവിധ്യവൽക്കരണം കൊണ്ടുവരാൻ ശ്രമിക്കണം
എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന സംരംഭങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സംരംഭം തുടങ്ങി കഴിഞ്ഞാൽ വിപണിയിലെ മാറ്റത്തിന് അനുസരിച്ച് പുതിയ ഉൽപ്പന്നങ്ങളെ കുറിച്ച് ചിന്തിക്കണം. സ്ഥാപനം വിപുലീകരിക്കുന്നതിനും, ആധുനികവൽക്കരിക്കുന്നതിനും, വൈവിധ്യവൽക്കരിക്കുന്നതിനും, വലിയ പരിഗണന നൽകണം. ഉൽപാദന വിതരണ വിപണന രീതികൾ എല്ലാം തന്നെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റണം. ഇതിനു സംരംഭകർ സ്വയം തയ്യാറാകണം. ദേശീയ അന്തർദേശീയ പ്രദർശന പരിപാടികളിൽ പങ്കെടുക്കുന്നത് ഇക്കാര്യത്തിൽ വലിയ ഗുണം ചെയ്യും. ഇതിനായി സർക്കാരിൻറെ ഗ്രാന്റ് ആനുകൂല്യം പോലും ലഭ്യമാണ്.

സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും നിയന്ത്രണത്തിലുള്ള വ്യവസായ പാർക്കുകൾ, ഷെഡുകൾ എന്നിവയിൽ സംരംഭം തുടങ്ങാൻ കഴിഞ്ഞാൽ അതും വലിയ ഗുണകരമാകും. സംരംഭത്തിൽ നിരന്തരമായ ഇന്നോവേഷൻ കൊണ്ടുവരുമ്പോഴാണ് അത് വിജയിച്ച് മുന്നോട്ടുപോകുന്നതും മാതൃകയായി മാറുന്നതും.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ