മില്ലറ്റ് ഇയർ 2023 ലഘു സംരംഭകർക്ക് അതിരുകളില്ലാത്ത അവസരങ്ങൾ
റ്റി. എസ്. ചന്ദ്രൻ
2023 അന്തർദേശീയ ചെറു ധാന്യ വർഷമാണ്. ഭാരതം മുന്നോട്ടുവച്ച നിർദ്ദേശം യു എൻ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു. പാവപ്പെട്ടവന്റെ ഭക്ഷണമായി ഒതുങ്ങിയിരുന്ന ചെറു ധാന്യങ്ങൾ ഇന്ന് എല്ലാവർക്കും സ്വീകാര്യമായ ആരോഗ്യ ഭക്ഷണം ആണ് . അതിൻറെ പ്രാധാന്യം മനസ്സിലാക്കി ചെറു ധാന്യങ്ങൾ പോഷക സമ്പുഷ്ട ധാന്യങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മില്ലറ്റുകളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയ്ക്ക് വലിയ പങ്കാളിത്തമുണ്ട് 2021 – 22ലെ ഇന്ത്യയുടെ കയറ്റുമതി 1272. 64 യുഎസ് ഡോളർ ആണ് .
വൈവിധ്യമാർന്ന ചെറു ധാന്യങ്ങൾ
പോഷക സമ്പുഷ്ടമായ ചെറു ധാന്യങ്ങൾ നിരവധിയാണ്. ജോവാർ, ബജ്റാ, റാഗി,കാക്കൂൺ, കുടുക്കി, ഫോക്സ് ടൈൽ, ചീന, സേവ, കഡോൺ ബർണിയാസ്, (കുതിരവാലി) മുതിര തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചെറു ധാന്യങ്ങൾ. ലോകത്തിലെ 140 രാജ്യങ്ങളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുവരുന്നു. ഇവയിൽ പലതും സാധാരണക്കാർക്ക് അപരിചിതമാണ്. മികച്ച ആരോഗ്യ ഭക്ഷണമായും കുട്ടികൾക്കുള്ള ആഹാരമായും (പലപ്പോഴും മുലകുടി ഭക്ഷണം) കന്നുകാലി തീറ്റയായും ജൈവ ഇന്ധനമായും എല്ലാം മില്ലറ്റുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പോഷക സമ്പുഷ്ടം, രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് മില്ലറ്റുകൾ ഉപകാരപ്പെടുമ്പോൾ കർഷകർക്ക് മില്ലറ്റുകൾ ഒരു ജീവന ഉപാധി കൂടി നൽകുന്നു. ഭക്ഷണമായും കുട്ടികൾക്കുള്ള ആഹാരമായും കന്നുകാലി തീറ്റയായും ജൈവ ഇന്ധനമായും മദ്യ ഉത്പാദന സാമഗ്രിയായും എല്ലാം ധാന്യങ്ങൾ ശോഭിച്ചു വരുന്നു.
രാജസ്ഥാൻ ഒന്നാമത്
മില്ലറ്റിന്റെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനം രാജസ്ഥാനാണ്. 2020 – 21ലെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്ത് കർണാടകമാണ്. മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുണ്ട്. യുപി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ബീഹാർ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ആണ് ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.
കേരളത്തിന് വലിയ പങ്കില്ല. നാം വേണ്ടത്ര പ്രാധാന്യം പ്രസ്തുത മേഖലയ്ക്ക് നൽകിയിട്ടില്ല. അട്ടപ്പാടിയിലെ 1200 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന മില്ലറ്റ് വില്ലേജ്, ചേർത്തലയിലെ 250 ഏക്കറിൽ വരുന്ന റാഗി കൃഷി എന്നിവയാണ് എടുത്തുപറയാവുന്ന മില്ലറ്റ് ഉൽപാദന കേന്ദ്രങ്ങൾ. 29/ 3/ 22 ൽ കേന്ദ്ര കൃഷി മന്ത്രി ലോക്സഭയിൽ വെച്ച് കണക്കുപ്രകാരം 2020-21 ലെ കേരളത്തിലെ ഉൽപാദനം വെറും 0.69 ടൺ ആണ്. ഇവയുടെ സാധ്യതകൾ കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷന്റെ ഭാഗമായി ചെറു ധാന്യങ്ങളുടെ ഉൽപാദനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. ഉല്പാദനത്തിൽ ക്രമാനുഗതമായ വളർച്ച ഉണ്ടായതായും കാണാൻ കഴിയും. മില്ലറ്റുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും കയറ്റുമതിയിൽ രണ്ടാം സ്ഥാനവും ഉണ്ട്.
കൃഷിക്കും ആരോഗ്യത്തിനും മാത്രമല്ല സംരംഭത്തിനും
കർഷകർക്കും രോഗികൾക്കും കുട്ടികൾക്കും സംരംഭകർക്കും ഒരുപോലെ അവസരങ്ങളാണ് ചെറു ധാന്യങ്ങൾ നൽകുന്നത്.
ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാനാകും ചെറുധാന്യങ്ങൾ. മരുഭൂമിയിലും മഴ ഭൂമിയിലും ഒരുപോലെ വിളയിക്കാം. വെള്ളം വളം കീടനാശിനികൾ എന്നിവ ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാനാകും.
മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് സൂക്ഷ്മ പോഷക ഗുണങ്ങൾ (മൈക്രോ ന്യൂട്രിയൻസ്) കൂടുതലായിരിക്കും.
മില്ലറ്റിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഉത്തമ ഭക്ഷണമാണ്.
ധാതുക്കളുടെ കലവറയാണ് ചെറു ധാന്യങ്ങൾ. ഇരുമ്പ് സിങ്ക് കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
പലർക്കും ഉണ്ടാകുന്ന പ്രശ്നം അലർജിയാണ്. അതിന് കാരണമാകുന്ന ഗ്ലൂട്ടൺ പോലുള്ള വസ്തുക്കൾ ചെറു ധാന്യങ്ങളിൽ ഇല്ല.
ഹൃദയവും ഹൃദയസംബന്ധിയായ രോഗങ്ങളും വലിയ അളവിൽ തടയാൻ കഴിയുന്നു
ധാന്യങ്ങളും പയർ വർഗ്ഗങ്ങളും ഒരുമിച്ചു കഴിക്കുന്ന ശീലമാണ് പൊതുവെ ഉള്ളത്. ഉദാഹരണം ബജ്റ റൊട്ടിയും പരിപ്പുകറിയും. ഇങ്ങനെ കഴിക്കുമ്പോൾ ദഹനപ്രക്രിയ എളുപ്പമാകുന്നു. ചെറുധാന്യങ്ങളിൽ അധിഷ്ഠിതമായ തിന്നാൻ തയ്യാർ വിഭവങ്ങളും പാചകം ചെയ്യാൻ തയ്യാർ വിഭവങ്ങളും മികച്ച സംരംഭ സാധ്യതകൾ തുറന്നു തരുന്നു.
കൂടുതൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കും സാധ്യതകളും ഉണ്ട്.
ചെറുധാന്യ കൃഷിയിൽ കാർബൺ ഫ്രൂട്ട് പ്രിൻറ് വളരെ കുറവായിരിക്കും.
ലഘു സംരംഭകർക്ക് അതിരുകളില്ലാത്ത അവസരങ്ങൾ
ഒട്ടനവധി അവസരങ്ങളാണ് ചെറു ധാന്യങ്ങൾ സംരംഭകർക്ക് തുറന്നു നൽകുന്നത്. ഭാവിയിലെ ഭക്ഷ്യസംരംഭങ്ങൾ എന്നത് ആരോഗ്യ ഭക്ഷണത്തിന്റെതാണ്. ചെറു ധാന്യങ്ങളിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച ആരോഗ്യ ഭക്ഷണം ആണ്. മറ്റു ധാന്യങ്ങൾ പഴങ്ങൾ പച്ചക്കറികൾ എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ട് ഈ രംഗത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും. കാർഷിക വിളകൾ മൂല്യ വർദ്ധിതമാക്കുമ്പോഴാണ് കർഷകർക്കും വ്യവസായികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നത്. കർഷകർക്ക് മികച്ച വിലയും സംരംഭകർക്ക് ബിസിനസ് അവസരങ്ങളും ലഭ്യമാകുന്നു.
മില്ലറ്റുകളുടെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ
കാർഷിക വിളകളെ പ്രാഥമികമായി സംസ്കരിക്കുക എന്നതാണ് ആദ്യപടി. വ്യത്യസ്ഥങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പര്യാപ്തമായ അസംസ്കൃത വസ്തുവായി മാറ്റുകയാണ് പ്രാഥമിക സംസ്കരണത്തിലൂടെ . കരട് നീക്കൽ (cleaning) ജലാംശം നീക്കൽ (Dehydration) പൊളിക്കുകയോ ചുരണ്ടുകയോ ചെയ്യൽ (Decortication) തൊലി കളയൽ (De hulling) ഇവയെല്ലാം തന്നെ പ്രാഥമിക സംസ്കരണം എന്ന നിലയിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങളാണ്. ഫാമുകളോട് ചേർന്ന് തന്നെ ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുവാൻ കഴിയും. രണ്ടു മുതൽ അഞ്ചു ലക്ഷം രൂപയുടെ മിഷനറി സംവിധാനങ്ങളോടെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. ചെറുധാന്യങ്ങൾ ഗ്രേഡിങ്ങും ഇതിന്റെ ഭാഗമായി ചെയ്യാം. ധാന്യങ്ങൾ പൊടിക്കുന്ന ഫ്ലോർ മില്ലുകളും ഇതിൻറെ ഭാഗമായി തന്നെ ഉണ്ടാക്കാൻ കഴിയും. സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഫ്ലോർ മില്ലുകളുടെ രീതിയിൽ തന്നെ ചെറു ധാന്യങ്ങളും പൊടിച്ച് സംസ്കരിക്കാൻ കഴിയും. വലിയ റിസ്ക് ഇല്ലാതെ ചെയ്തുവരുന്ന ബിസിനസ് ആണ് ഫ്ലോർ മില്ലിംഗ് . പ്രാഥമിക സംസ്കരണ കേന്ദ്രം എന്ന നിലയിൽ ഇത്തരം പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്യാനും വിജയിപ്പിക്കാനും കഴിയും.
മിക്സഡ്മില്ലറ്റ് ഉൽപ്പന്നങ്ങൾ
ധാന്യ ഉൽപ്പന്നങ്ങൾ തനിച്ചോ, ചെറുധാന്യങ്ങളോ അരി ഗോതമ്പ് പോലുള്ള ധാന്യങ്ങളുമായി മിക്സ് ചെയ്തോ മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിലേക്ക് കടക്കാം. പുട്ടുപൊടിക്ക് 6:4 എന്ന അനുപാതത്തിൽ അരിപ്പൊടിയും ധാന്യങ്ങളുടെ പൊടിയും മിക്സ് ചെയ്തു മികച്ച ആരോഗ്യ ഭക്ഷണം നിർമ്മിച്ച് വിൽക്കാം. ഇതേ രീതിയിൽ അരിയുടെ സ്ഥാനത്ത് ഗോതമ്പ് പൊടിയും മിക്സ് ചെയ്ത് ചപ്പാത്തി / റൊട്ടി മിക്സ് എന്നിവയും തയ്യാറാക്കി വിൽക്കാം. വിവിധ ഇനം ധാന്യങ്ങളുടെ പൗഡറുകൾ മിക്സ് ചെയ്തു കൊണ്ടുള്ള വെർമി സെല്ലി, ന്യൂഡിൽസ്, പാസ്ത, ഓട്സ് തുടങ്ങിയ സംരംഭങ്ങൾക്കും സാധ്യതകൾ ഏറെയാണ്. മുളപ്പിച്ച ധാന്യ പൊടികളും ഉപയോഗിച്ച് എല്ലാത്തരം മിക്സുകളുടേയും പോഷകഗുണം വർധിപ്പിക്കാൻ കഴിയും. മികച്ച ബിസിനസ് അവസരവും ലഭിക്കുകയും ചെയ്യും.
പൊരി,മലർ,അവൽധാന്യങ്ങളിൽ അധിഷ്ഠിതമായ പൊരികൾ, മലർ, അവൽ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. ലളിതമായി ചെയ്യാവുന്ന സംരംഭങ്ങൾ കൂടിയാണ് ഇത് . മധുരം, സുഗന്ധവ്യഞ്ജനങ്ങൾ ക്യാരറ്റ് പോലുള്ള പച്ചക്കറികൾ, എരിവ്, പുളി എന്നിവ പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്ത് പാക്ക് ചെയ്ത് വിൽക്കുന്ന സംരംഭങ്ങളും ലളിതമായി തുടങ്ങാവുന്നതാണ്. പൊതുവേ അറിയപ്പെടുന്ന ബേൽപൂരി, പോഹ, അവൽ വിളയിച്ചത് എന്നിവയെല്ലാം ഇതുമായി മിക്സ് ചെയ്ത് ഉണ്ടാക്കാവുന്ന ഉൽപ്പന്നങ്ങളാണ്. ഈ രംഗത്ത് കൂടുതൽ മിഷനറികളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തി വൈവിധ്യമാർന്നതും നൂതനവുമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ മികച്ച വിജയം നേടാനാകും.
ബേക്കറി ഉൽപ്പന്നങ്ങൾ
ബേക്കറി ഉൽപ്പന്നങ്ങൾക്ക് വ്യവസായിക രംഗത്ത് വലിയ പ്രാധാന്യമുണ്ട്. സൂക്ഷ്മ പോഷകങ്ങളാലും ഫൈബർ കേന്ദ്രീകൃതമായതിനാലും ചെറു ധാന്യങ്ങൾ ബേക്കറി ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത് അത്യാകർഷകമാണ്. മൈദ, ഗോതമ്പ് എന്നിവയാണ് സാധാരണ ബേക്കറി ഉത്പന്നങ്ങളിൽ അധികമായും ഉപയോഗിക്കുന്നത്. ഇതിൻറെ ഒരു നിശ്ചിത ശതമാനം ചെറു ധാന്യ പൊടികൾ കൂടി ചേർത്ത് ചെയ്യാൻ ശ്രമിച്ചാൽ ആരോഗ്യ ഭക്ഷണരംഗത്ത് വലിയ നേട്ടമുണ്ടാക്കാനാകും. ബിസ്ക്കറ്റ്, ചോക്കലേറ്റ് കേക്ക്, കുക്കീസ്, റസ്ക് എന്നിവയിൽ എല്ലാം തന്നെ 40% വരെ ചെറുധാന്യങ്ങൾ ചേർത്ത് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാകും. വ്യാപകമായി വിൽക്കുന്ന
മിക്സറുകളിൽ പോലും 40% വരെ ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനാകും. ഇത്തരം ബിസിനസുകൾക്ക് സമീപഭാവിയിൽ വലിയ സാധ്യതയാണ് ഉണ്ടാകാൻ പോകുന്നത്.
ദോശ ഇഡലി മിക്സുകൾ
പുളിപ്പിച്ച് ഉപയോഗിക്കുന്ന ഭക്ഷണസാമഗ്രികളിൽ ഏറെ പ്രധാനപ്പെട്ടതാണ് ദോശ ഇഡലി മിക്സുകൾ . ഇന്ത്യയിലെ പല ഭാഗങ്ങളിലും ബ്രേക്ക് ഫാസ്റ്റ് എന്ന നിലയിൽ പ്രസക്തമാണ് ഇവ. അരിയും, ഉഴുന്നും മുഖ്യഅസംസ്കൃത വസ്തുവായി നിർമ്മിക്കുന്ന ദോശ ഇഡലി മിക്സുകൾ . മികച്ച അവസരങ്ങളാണ് ലഘു സംരംഭകർക്ക് നൽകുന്നത്. ഇതിൻറെ നല്ലൊരു ഭാഗം ചെറു ധാന്യങ്ങളും ചേർക്കാം. വളരെ ലളിതമായി വീടുകളിൽ തന്നെ നടത്താവുന്ന ലഘു സംരംഭങ്ങളാണ് ദോശ ഇഡലി മിക്സുകൾക്ക് ഒപ്പമുള്ള ചെറു ധാന്യ പാക്കറ്റുകളും.
കുട്ടികളുടെ ഭക്ഷണങ്ങൾ
റാഗി കുറുക്കിയത്, കൂവ കുറുക്കിയത് എല്ലാംതന്നെ പാരമ്പര്യമായി കേരളത്തിൽ ഉപയോഗിച്ചുവരുന്ന ബേബി ഫുഡ് ഇനങ്ങളാണ്. മികച്ച ഒരു മുലകുടി ഭക്ഷണമാണ് ചെറുധാന്യങ്ങൾ നൽകുന്നത്. മില്ലറ്റുകൾ ഉപയോഗിച്ച് മികച്ച രീതിയിൽ കുട്ടികളുടെ ആരോഗ്യ ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽക്കാം. പഴം, പച്ചക്കറികൾ എന്നിവയുമായി സംയോജിപ്പിച്ചു ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കി വിൽക്കാം. ധാന്യങ്ങൾ മുളപ്പിച്ചും ഗുണം കൂട്ടാം. ചെറിയ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയുന്ന മികച്ച ലാഭവിഹിതവും ഭാവിയും ഉറപ്പാക്കുന്ന ലഘു സംരംഭമാണ് കുട്ടികളുടെ ഭക്ഷണങ്ങളുടേത്.
മുളപ്പിച്ച ധാന്യങ്ങൾ
മുളപ്പിച്ച ചെറു ധാന്യങ്ങൾ നേരിട്ട് വിൽപ്പന നടത്തുന്നത് തീരെ റിസ്ക് കുറഞ്ഞ കുടുംബസംരംഭമാണ്. 8 മണിക്കൂർ വെള്ളത്തിലിട്ട ശേഷം എട്ടുമണിക്കൂർ പുറത്തുവച്ച് കഴിയുമ്പോൾ അതിന് മുള പൊട്ടുന്നു. അതിനുശേഷം അതേ പ്രകാരം പാക്ക് ചെയ്ത് സൂപ്പർമാർക്കറ്റുകളിലും മറ്റു ഷോപ്പുകളിലും വിൽക്കുന്നു. ഈസിയായി ബിസിനസ് ചെയ്യാൻ ഇതുമൂലം അവസരങ്ങൾ ലഭിക്കുന്നു.
മൃഗങ്ങൾക്ക് പക്ഷികൾക്ക് മീനുകൾക്ക് പറ്റിയ തീറ്റകളുടെ ഉത്പാദനം
ചെറുധാന്യങ്ങൾ പൂർണമായോ ഒരു ഭാഗം എന്ന നിലയിലോ മനുഷ്യ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ശേഷം വരുന്നവ മൃഗങ്ങൾ,പക്ഷികൾ, മീനുകൾ എന്നിവയുടെ തീറ്റ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഇത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണ് ഉള്ളത്. ചെറിയ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയും എന്നുള്ളതും ഇത്തരം സംരംഭങ്ങളുടെ പ്രത്യേകതയാണ്. മികച്ച ലാഭവിഹിതവും ലഭിക്കും. മദ്യനിർമാണം, ജൈവ ഇന്ധനം തുടങ്ങിയ രംഗങ്ങളിലും മില്ലറ്റ് അവശിഷ്ടങ്ങൾക്ക് സാധ്യതകൾ ഉണ്ട്
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)