നൂതന സംരംഭകത്വ മന്ത്രങ്ങൾ
ആഷിക്ക് കെ പി
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിനനുസരിച്ച് സംരംഭകത്വ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോകമാകമാനം സംരംഭകത്വത്തിന് വലിയ പ്രാധാന്യമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വെള്ളക്കോളർ ജോലി ചെയ്യുന്നതിൽ നിന്നു മാറി എന്തെങ്കിലും ഒന്ന് സ്വന്തമായി നടത്തിക്കൊണ്ടു പോവുക എന്ന താൽപര്യത്തിലേക്ക് യുവാക്കളും യുവതികളും മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം എന്നത് അറിവ് മാത്രമല്ല നൈപുണി കേന്ദ്രമായിരിക്കണമെന്നും മാറണമെന്നുമുള്ള ചിന്താഗതിക്ക് വലിയ പ്രാധാന്യമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയിലെ ത്വരിത ഗതിയിലുള്ള മാറ്റങ്ങളും സർക്കാരിന്റെ കാഴ്ചപ്പാടുകളിൽ ഉള്ള വ്യത്യാസങ്ങളും സംരംഭങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടു പോകാനും കിട്ടുന്ന വലിയ സാമ്പത്തിക സൗകര്യങ്ങളും മറ്റ് സഹായ സംവിധാനങ്ങളും സംരംഭകത്വ വികസനത്തിന് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം അനുകുല സാഹചര്യങ്ങളും പ്രോൽസാഹനങ്ങളും മുതലെടുത്ത് സംരംഭങ്ങൾ തുടങ്ങുമ്പോൾ സംരംഭകത്വത്തിലെ നൂതന പ്രവർത്തനങ്ങൾ ഏതൊക്കെയെന്നും ഏതൊക്കെ സാങ്കേതിക സംവിധാനങ്ങൾ സംരംഭക പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാൻ കഴിയുമെന്നും ഒരു സംരംഭകൻ അറിയേണ്ടതുണ്ട്. സംരംഭകത്വത്തിലെ നൂതന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംരംഭകൻ താഴെപ്പറയുന്ന കാര്യങ്ങൾ ആധുനികകാല സംരംഭക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
1.ഏത് സംരംഭം തെരഞ്ഞെടുത്താലും അത്തരം സംരംഭങ്ങൾക്ക് തുടർച്ച ഉണ്ടായിരിക്കണം എന്നതും സാമൂഹ്യ പ്രാധാന്യം ഉണ്ടായിരിക്കണം എന്നുള്ളതും അത്യന്താപേക്ഷിതമാണ്. Sustainability and social impacts എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
ഒരു ബിസിനസ് മോഡൽ തെരഞ്ഞെടുക്കുമ്പോൾ കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ആണോ അതിന്റെ രീതി എന്നതും പാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്നതാണോ അത് എന്നും നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഉദാഹരണത്തിന് പെറ്റഗോണിയ എന്ന സ്റ്റാർട്ടപ്പ് കമ്പനി ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ച ഔട്ട്‌ഡോർ ക്ലോത്തിങ് സംരംഭകത്വത്തിന് വലിയ മുന്നേറ്റം അവർക്ക് ഉണ്ടാക്കി കൊടുത്തു. ഉപഭോക്താക്കളെ അവരുടെ ഉൽപ്പന്നങ്ങൾ റീസൈക്കിൾ ചെയ്യുവാനും റിപ്പയർ ചെയ്യുവാനും ഉതകുന്ന ബിസിനസ് മോഡൽ വൻ ലാഭമാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
ടോം ഷൂസ് ഇതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പായി ഇന്ന് മാറിയിരിക്കുകയാണ്. ഒരാൾക്ക് ഒരു മോഡൽ എന്ന ഈ സംരംഭത്തിന്റെ തത്വവും അതിലൂടെ ഒരു പാവപ്പെട്ട കുട്ടിക്ക് ഒരു ചെരുപ്പ് സൗജന്യമായി നൽകുന്ന അവരുടെ പ്രവർത്തനങ്ങളും സംരംഭകത്വത്തിന് ആഗോള ശ്രദ്ധയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഇതുപോലെയുള്ള ധാരാളം ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. യൂണിലിവർ കമ്പനിയുടെ സസ്റ്റൈനബിൾ ലിവിങ് പ്ലാൻ ഇതുപോലെയുള്ള പാരിസ്ഥിതിക സാമൂഹ്യ മുന്നേറ്റത്തിന് മറ്റൊരു ഉദാഹരണമാണ്. മാർക്ക് സുക്കർബർഗ് പുതുതായി തുടങ്ങിയ ദി ചാൻ സുക്കർബർഗ് ഇത്തരത്തിലുള്ള സാമൂഹ്യ സംരംഭങ്ങൾക്ക് വലിയ അളവിൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്.
2. തുടങ്ങാൻ പോകുന്ന സംരംഭകത്വം സാങ്കേതികവിദ്യയുമായി കൂട്ടി യോജിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നും സാങ്കേതികവിദ്യകളുടെ സഹായം ഉൾക്കൊള്ളാൻ ഉതകുന്നതാണോ എന്നും അറിയേണ്ടതാണ്. കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് നിർമ്മിത ബുദ്ധി, ബ്ലോക്ക് ചെയ്ൻ, ഡാറ്റ അനലിറ്റിക്‌സ് എന്നിവ സംരംഭകത്വ പ്രവർത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുമ്പോൾ അനായാസവും ലാഭകരവുമായി സംരംഭകത്വത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നുള്ളത് നാം തിരിച്ചറിയേണ്ടതാണ്.
സാങ്കേതികവിദ്യയെ സംരംഭകത്വവുമായി കൂട്ടിച്ചേർത്തുകൊണ്ട് ഓൺലൈൻ സ്റ്റോറുകൾ വഴിയും അല്ലാതെയും സംരംഭകത്വ പ്രവർത്തനങ്ങൾ നടത്തുന്ന ഒട്ടേറെ യുവ സംരംഭകർ ആഗോളവ്യാപകമായി ഉണ്ട്. ഇത്തരത്തിലുള്ള ഇ- കൊമേഴ്‌സ് ടൂളുകൾ / പ്ലാറ്റ്‌ഫോമുകൾ സംരംഭകത്വത്തിന് വലിയ സഹായങ്ങൾ നൽകുന്നു. ആഗോള വിപണിയെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്താനും ഇൻവെന്ററി മാനേജ്‌മെൻറ് പ്രവർത്തനങ്ങൾക്കും ഉപഭോക്തൃ മേഖലയിൽ എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ചും കൃത്യമായി നമുക്ക് മനസ്സിലാക്കാൻ കഴിയും. സെൻ ഡെസ്‌ക് ആൻസർ ബോട്ട് എന്ന നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ചാറ്റ് ബോട്ട് സംവിധാനം ഉപയോഗപ്പെടുത്തി സംരംഭക പ്രവർത്തനങ്ങൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ കഴിയും. അതായത് സെൻ ഡെസ്‌ക് ആൻസർ ബോട്ട് ഉപയോഗപ്പെടുത്തിയാൽ കസ്റ്റമറുടെ ഏതൊരു ആവശ്യങ്ങൾക്കും കൃത്യമായ ഉത്തരം കൃത്രിമ ബുദ്ധിയിലൂടെ നൽകുവാനും എളുപ്പത്തിൽ പരിഹരിക്കാനും സാധിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ഉയർച്ചയിലെത്തിക്കാൻ ഇത് വഴി സാധിക്കുന്നു. അതുപോലെ തന്നെയാണ് ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുവാൻ കഴിയുക എന്നത്. ടാബ്ലോ എന്ന ടൂൾ ഉപയോഗിച്ചുകൊണ്ട് ഒട്ടേറെ ആവശ്യങ്ങൾ, ട്രെൻഡുകൾ കണ്ടെത്തുക, ഉപഭോക്താക്കളുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക, വിപണന അവസരങ്ങൾ തിട്ടപ്പെടുത്തുക, സ്ട്രാറ്റജിക് പ്ലാനിംഗ്, ബിസിനസ് വളർച്ച എങ്ങനെ സാധ്യമാക്കാം എന്നതിനൊക്കെ ഉപയോഗപ്പെടുത്താൻ കഴിയും. ഇതേ പോലെ ഹബ്ബ് സ്‌പോട്ട് എന്ന ടൂൾ ഡിജിറ്റൽ മാർക്കറ്റിംഗ് ഓട്ടോമേഷന് വളരെയേറെ ഉപയോഗിക്കുന്ന ഒന്നാണ്. സംരംഭകർക്ക് ആവശ്യമായ തന്ത്രങ്ങൾ ഉണ്ടാക്കുവാനും ഇമെയിലിലൂടെ അല്ലെങ്കിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി സംരംഭത്തിന് പ്രചാരം നൽകുവാനും ഇതിലൂടെ കഴിയുന്നു. Amazon വെബ് സർവീസ് ആയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സർവീസ് മാറ്റത്തിന് അനുസരിച്ച് സ്റ്റാർട്ടപ്പുകൾക്ക് മാറാൻ സഹായിക്കുന്ന എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്താവുന്നതാണ്. സ്ലാക്ക് എന്ന ടൂൾ റിമോട്ട് വർക്കിനും ആശയവിനിമയത്തിനും സംരംഭങ്ങൾക്ക് വളരെ ഉപയോഗപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഫയലുകൾ ഷെയർ ചെയ്യുവാനും ഉൽപാദനക്ഷമതയും വെർച്ചൽ പരിസ്ഥിതിയും നിലനിർത്തുവാനും ഈ പ്ലാറ്റ്‌ഫോമുകൾ സംരംഭകരെ സഹായിക്കുന്നുണ്ട്. പ്രിന്റിങ്ങിനും ഫോട്ടോ കോപ്പികൾ എടുക്കാനും ഫോം ലാബ്‌സ് എന്ന പുതിയ ആപ്പ് ഒരു പരിധിവരെ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഡിസൈനുകൾ ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കിക്കൊടുക്കുവാനും വ്യത്യസ്ത പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കാനും സഹായിക്കുന്നു. ടെക്‌നോളജിയിലൂടെ സുതാര്യമായ വിപണന ശൃംഖലകൾ വേഗത്തിലാക്കാൻ വീ ചെയിൻ എന്ന പുതിയ ആപ്പ് ഒട്ടേറെ സഹായിക്കുന്നുണ്ട്. ലോകത്തിലെ വലിയ റീട്ടെയിൽ ഷോറൂമുകളിൽ ഒന്നായ ഐക്കിയ ഉപയോഗിക്കുന്ന നിർമ്മിത ബുദ്ധി ആപ്പിലൂടെ കസ്റ്റമറുടെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ അവർക്ക് ബിസിനസ് വികസനത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്.
3. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു സ്ഥലത്ത് നിന്നുകൊണ്ട് ഒരു സംരംഭം നടത്തുകയും കർത്തവ്യം നിർവഹിക്കുകയോ ചെയ്യുക എന്നതിലുപരിയായി ഒരു റിമോട്ട് വർക്കിന്റെയും വെർച്വൽ ടീമിന്റെയും സാധ്യത നമ്മുടെ സംരംഭകത്വത്തിന് ഉപയോഗിക്കാമെങ്കിൽ ചിലവ് കുറഞ്ഞും ആഗോളവ്യാപകമായും ഒരു സംരംഭം നടത്തിക്കൊണ്ടു പോകാൻ എളുപ്പത്തിൽ കഴിയും എന്നതാണ്. കാരണം ആശയ വിനിമയ ഉപാധികളെയും ലോകത്തിൽ വിവിധയിടങ്ങളിലുള്ള വിപണന സാധ്യതകളെയും ഒരുമിച്ച് സംരംഭകത്വത്തിലേക്ക് കൊണ്ടുപോവാൻ എളുപ്പമായിരിക്കും.
4. സ്റ്റാർട്ടപ്പുകളിൽ തന്നെ ഇന്ന് വളരെയേറെ പ്രചാരവും ലാഭവും സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ആരോഗ്യ അഥവാ വെൽനസ് മേഖല എന്ന് പറയുന്നത് കാരണം ജീവിതശൈലി രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കണമെന്നുള്ള അതീവ താൽപര്യത്തിൽ എല്ലായിടത്തും വന്നുകൊണ്ടിരിക്കുകയാണ് ഇത് പരമാവധി ഉപയോഗപ്പെടുത്തിയാൽ നിശ്ചയമായി സംരംഭത്തിന് ഒട്ടേറെ അവസരങ്ങൾ ഇതുവഴി ലഭിക്കുന്നതാണ്.
5. അതുപോലെതന്നെ സംരംഭകത്വത്തിന്റെ മറ്റൊരു നൂതന ആശയമാണ് റിമോട്ട് സർവീസ് എന്നതും ഫ്രീ ലാൻസിംഗ് എന്നതും. സംരംഭക പ്രവർത്തനങ്ങൾ ഒരിടത്ത് കേന്ദ്രീകരിക്കാതെ എവിടെയൊക്കെയാണോ മനുഷ്യവിഭവങ്ങൾ എളുപ്പത്തിലും ചിലവു കുറഞ്ഞ രീതിയിലും കിട്ടുന്നത് എവിടെ നിന്നൊക്കെയാണോ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത് എന്നതൊക്കെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെയാണ് റിമോട്ട് സർവീസ് ഫ്രീ ലൈൻസ് ഇന്ന് പറയുന്നത്. യാതൊരു ചിലവും ഇല്ലാതെ സ്വതന്ത്രമായി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന ധാരാളം സാങ്കേതിക വിദ്യകളും ടൂളുകളും ഇന്ന് ലഭ്യമാണ്. റിമോട്ട് വർക്കിനെയും വർക് ടീമിനെയും സംരംഭകത്വത്തിൽ ഉണ്ടാക്കുവാൻ കഴിയുന്ന ഏറെ ടൂളുകൾ ഉണ്ട്. ബഫർ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇതിന് വലിയ ഒരു ഉദാഹരണമാണ്. ബഫർ എന്ന സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒരു സംരംഭകന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ചെലവ് കുറച്ച് വലിയ ഒരു ഓഫീസ് സ്‌പേസ് തന്നെ അവർക്ക് സംരംഭത്തിന് ഉണ്ടാക്കാൻ കഴിയും. ആഗോളവ്യാപകമായി തന്നെ സംരംഭകത്വത്തെ കൊണ്ടുപോകാൻ ഈ പ്ലാറ്റ്‌ഫോമിലൂടെ കഴിയും.
6. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് സാമ്പത്തിക മേഖല എന്നു പറയുന്നത്. നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങളിൽ അടിമുടി മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. വൻകിട കുത്തക വാണിജ്യ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഇന്ന് ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒന്നുകിൽ അത്തരം ബാങ്കുകൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകളും കൊച്ചുകൊച്ചു ആപ്പുകളും ഒരുക്കുക എന്നത് അല്ലെങ്കിൽ സാമ്പത്തിക മേഖലയെ സാങ്കേതികവിദ്യയുമായി കൂട്ടി യോജിപ്പിക്കുന്ന വിവിധ തരം ടൂളുകളും ആപ്പുകളും നിർമ്മിക്കുക എന്നത് ആധുനിക സംരംഭകത്വ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്. ഇത്തരം ആപ്പുകളെയും ടൂളുകളെയും ഉപയോഗിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും മറ്റും ചെയ്യുമ്പോൾ അല്ലെങ്കിൽ അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുമ്പോൾ എളുപ്പത്തിലും ചിലവ് കുറച്ചു വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾ ഓഹരി വിപണിയിലും മറ്റും ചെയ്യുവാൻ സാധിക്കുന്നു. ഇത്തരത്തിൽ സാങ്കേതികത്വത്തെ സാമ്പത്തികമായി യോജിപ്പിക്കുന്ന ധാരാളം വിദ്യകൾ ഇന്ന് ഉണ്ട്. സ്‌ക്വയർ എന്ന മൊബൈൽ കാർഡ് റീഡർ പെയ്‌മെൻറ് പ്രോസസിംഗ് സൊല്യൂഷൻ സംരംഭകരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഇടപെടലുകൾ സുതാര്യമാക്കാനും വേഗത്തിൽ ആക്കാനും സഹായിക്കുന്നു.
ഇതേപോലെ തന്നെയാണ് ഈ കോമേഴ്‌സിൽ നാം കണ്ടുവരുന്ന മുന്നേറ്റങ്ങളും. ഓൺലൈൻ ഷോപ്പിംഗ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ന് വലിയ അവസരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഉപഭോക്തങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ മോഡലുകൾ സേവനങ്ങൾ നൂതന ഓൺലൈൻ വിപണന സംവിധാനങ്ങൾ എന്നിവ സംരംഭകത്വത്തിന് വലിയ മുന്നേറ്റം അവസരവും നൽകുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ ആധുനികകാല സംരംഭകത്വത്തിന് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയണം എന്നതും എപ്പോഴും ബിസിനസ് മോഡലുകൾ മാറ്റങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കാൻ കഴിയണം എന്നതും അടിസ്ഥാന തത്വങ്ങളായി നാം എടുക്കേണ്ടതാണ്. അതേപോലെ സാങ്കേതികവിദ്യകളെയും സാമൂഹ്യ മാറ്റങ്ങളെയും തുടർച്ചയായ സംരംഭകത്വം സാധ്യതകളെയും ഉൾക്കൊണ്ടുകൊണ്ട് ഒരു സംരംഭം തുടർന്നാൽ അത്തരം സംരംഭങ്ങൾ നിശ്ചയമായും ലാഭകരമായി മുന്നേറും എന്നുള്ളത് ഉറപ്പാണ്. സംരംഭത്തിന് ഈയിടെയായി ആധുനിക കാലഘട്ടത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തന്നെ സംരംഭകത്വം മുന്നോട്ടുകൊണ്ടുപോകാൻ ആധുനികകാല സംരംഭകർ തയ്യാറെടുക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ആധുനിക മേഖലയിലെ സംരംഭകരെ സഹായിക്കുവാൻ സാങ്കേതിക മേഖലകളിൽ ഇതുപോലെയുള്ള അനവധി ടൂളുകളും മറ്റും ഉണ്ട്. ഇന്ന് സംരംഭകത്വത്തിന്റെ ഏത് മേഖലകളിലും ഇത്തരം ടൂളുകൾ ഉപയോഗിച്ചുകൊണ്ട് സംരംഭകത്വം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതാണ്.
ഇത്തരം ആധുനിക പ്രവണതകളെ കൃത്യമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയും അവരുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ ദിശയും ഭാവിയും വളർച്ചയും ഉണ്ടാകും.
സംരംഭകത്വം എന്ന് പറയുന്നത് പരമ്പരാഗതമായ ഒന്നിനെ പിന്തുടരുക എന്നതല്ല മറിച്ച് കാലത്തിനനുസരിച്ച് മാറുകയും മാറുന്ന ലോകത്തിന്റെ എല്ലാ സാധ്യതകളെയും തന്റെ കൊച്ചു സംരംഭത്തിലേക്ക് പരമാവധി ഉൾക്കൊള്ളിക്കുകയും ചെയ്യുക എന്നതാണ്.