നൂതന വ്യവസായങ്ങളുടെ ഹബ്ബാകാൻ ഒരുങ്ങി കേരളം

ശ്രീ. പി. രാജീവ്

വ്യവസായം, വാണിജ്യം, നിയമം, കയർ വകുപ്പ് മന്ത്രി

    നൂതന വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് 2024 ന്റെ തുടക്കത്തിൽ തന്നെ ചെറുതും വലുതുമായ പിന്തുണയാണ് ലഭിക്കുന്നത്. ഇതിൽത്തന്നെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയാണ് വലിയ കുതിപ്പ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ ഒരു ശതമാനം മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയുടെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങിന്റെ 20% നടക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലെ 90,000 കോടി രൂപയിൽ 20,000 കോടി രൂപയോളം രൂപയുടെ ഉൽപാദനം. ഇത് ഉയർത്തി 50% ആക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഇപ്പോൾ വലിയ രീതിയിൽ നിക്ഷേപം കടന്നുവരികയും ചെയ്യുന്നു. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചതും അഗാപ്പെ ഉൾപ്പെടെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയിയുള്ള കമ്പനികളുടെ വിപുലീകരണവും കേരളത്തിന് നേട്ടമാണ്. കെ.എസ്.ഡി.പി ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം പുതിയ വ്യവസായ നയത്തിൽ മെഡിക്കൽ മാനുഫാക്ചറിങ്ങ് മേഖലയ്ക്കായി വലിയ ഇൻസെന്റീവുകളും മറ്റ് സഹായങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ കേരളത്തെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് ഹബ്ബാക്കി മാറ്റാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

    ഈ രാജ്യത്തെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ കേരളം വളരെ ചെറിയൊരു ഭൂപ്രദേശമാണ്. രാജ്യത്തിന്റെ ഒരു ശതമാനം മാത്രം ഭൂമിയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ രാജ്യത്ത് മുന്നിലുമാണ് നമ്മൾ. ഇതിനൊപ്പം ഒരു ഭാഗത്ത് വെസ്റ്റേൺ ഘട്ട്, മറുഭാഗത്ത് തീരദേശം, ഇതിനിടയിൽ ഇ.ആർ.സെഡ് റെഗുലേഷൻ എന്നിങ്ങനെയുള്ള കടമ്പകളും നമുക്ക് മുന്നിലുണ്ട്. ഇതൊക്കെ കണ്ടുകൊണ്ടാണ് കേരളത്തിനനുയോജ്യമായ വ്യവസായങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് പുതിയ വ്യവസായ നയത്തിന് നാം രൂപം നൽകിയിരിക്കുന്നത്. മെഡിക്കൽ ഡിവൈസസ് മേഖല ഉൾപ്പെടെ 22 മുൻഗണനാമേഖലകൾ കണ്ടെത്തിക്കൊണ്ട് ഈ മേഖലകളിൽ ആരംഭിക്കുന്ന പദ്ധതികൾക്ക് 18 സബ്‌സിഡികളും വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.  കെ-സ്വിഫ്റ്റ്, കെ-സിസ് പോലുള്ള സംവിധാനങ്ങളും 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ ഒരു നോഡൽ ഓഫീസർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും കേരളത്തിൽ ലഭ്യമാണ്. ഇതിന്റെയൊക്കെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടെ 91,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമുണ്ടായെന്ന എം എസ് എം ഇ എക്‌സ്‌പോർട് കൗൺസിലിന്റെ റിപ്പോർട്ടും നമുക്ക് മുന്നിലുണ്ട്.

    ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്. NAAC A++ ഉൾപ്പെടെ നേടിക്കൊണ്ട് റാങ്കിങ്ങിൽ നമ്മുടെ സർവകലാശാലകൾ കുതിപ്പ് നടത്തി. 45 രാജ്യങ്ങളിൽ നിന്നായി 1500ലധികം വിദ്യാർഥികൾ കേരളത്തിലെ ഒരു സർവകലാശാലയിലേക്ക് മാത്രം അപേക്ഷകൾ സമർപ്പിച്ചുവെന്നത് വലിയ മാറ്റമാണല്ലോ.  ഇപ്പോൾ വ്യവസായ സൗഹൃദ റാങ്കിങ്ങിലും നാം മുന്നേറുന്നു. ഇതിനെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായി ഇന്റസ്ട്രിയൽ-അക്കാഡമിക് ലിങ്കേജ് സംവിധാനം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾ ഉയരാൻ പോകുന്നു. ഇതെല്ലാം തന്നെ നാം ലക്ഷ്യമിടുന്ന മെഡിക്കൽ ഡിവൈസസ് മാനുഫാക്ചറിങ്ങ് ഹബ്ബെന്ന ലക്ഷ്യത്തിലേക്ക് സഹായകമായ ഘടകങ്ങളാണ്.

    കേരളത്തിലെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി കെ.എസ്.ഐ.ഡി.സിയുടെ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ പ്രത്യേകമായി മെഡിക്കൽ ടെക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കും. നിർമ്മിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഈ പാർക്കിൽ സൗകര്യമൊരുക്കും. ഇവിടെ നിർമ്മിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിന് കരസ്ഥമാക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടിവരുന്ന ചിലവിന്റെ 50%(പരമാവധി 25ലക്ഷം രൂപ വരെ) തിരികെ നൽകും. അക്കാദമിക് സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിലെ കമ്പനികളിലേക്കുള്ള ഉദ്യോഗാർഥികളെ പരമാവധി കേരളത്തിൽ നിന്നുതന്നെ ലഭ്യമാക്കാൻ ശ്രമിക്കും. ഒരു മെഡ്‌സ് പാർക്ക് തന്നെ ഇതിനായി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. മെഡ്‌സ് പാർക്കിൽ മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും സൗകര്യമൊരുക്കും.