നാളെയുടെ വ്യവസായ വസന്തം സ്റ്റാർട്ടപ്പ്


ജി. കൃഷ്ണപിള്ള

യന്ത്രവത്കരണവും വൻകിട വ്യവസായങ്ങളുടെ വളർച്ചയുമായിരുന്നു വ്യവസായ വിപ്ലവത്തിന്റെ അടിസ്ഥാന ഘടകങ്ങളായി നിലകൊണ്ടിരുന്നത്. എന്നാൽ വ്യവസായ വിപ്ലവത്തിന്റെ നാലാം പതിപ്പ് നൂതനാശയങ്ങളിലും അത്യന്താധുനിക സാങ്കേതിക വിദ്യയിലും അധിഷ്ഠിതമാണ്. നൂതനാശയങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നതാണ് സ്റ്റാർട്ടപ്പ്. സ്റ്റാർട്ടപ്പിന്റെ അടിസ്ഥാനം ആശയമാണ്. ഒരു സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനഘട്ടമാണിത്. ആവശ്യക്കാരുള്ള ഒരു ഉൽപന്നമോ സേവനമോ ഒരു സംരംഭകനോ ഒന്നിലധികം സംരംഭകരോ ഒരുമിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോട് വികസിപ്പിക്കുന്നതാണ് സ്റ്റാർട്ടപ്പ്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും അതോടൊപ്പം ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന ആശയങ്ങളാണ് സ്റ്റാർട്ടപ്പുകളായി വളരുന്നത്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ സാധാരണ സംരംഭങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പരമ്പരാഗത ആശയങ്ങളെ പിൻതുടർന്ന് ഒരു സംരംഭം സ്ഥാപിക്കുമ്പോഴും അതിനെ സ്റ്റാർട്ടപ്പുകൾ എന്ന് തെറ്റായി വ്യഖ്യാനിക്കാറുണ്ട്. ലാഭത്തിലുപരി ഭാവിയിൽ ലോകനിലവാരമുള്ള വൻവളർച്ചയാണ് സ്റ്റാർട്ടപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. സ്റ്റാർട്ടപ്പിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ വളരെ ഉയർന്ന അഭിരുചിയുള്ളവരായിരിക്കും. ആശയങ്ങൾ പലപ്പോഴും ഭ്രാന്തമായേക്കാമെങ്കിലും അത് നടപ്പിലാക്കുവാനുള്ള റിസ്‌ക്ക് ഏറ്റെടുക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾ വളർച്ചയുടെ ഉയരങ്ങളിലേയ്ക്ക് എത്തിച്ചേരുന്നു. എന്നാൽ ഏറ്റെടുക്കുന്ന ആശയങ്ങൾ പരാജയപ്പെടാമെങ്കിലും സ്റ്റാർട്ടപ്പ് സംരംഭകർ ആ പരാജയത്തിന് മുമ്പിൽ പതറി നിൽക്കുന്നവരല്ല- പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റ് നൂതന ആശയങ്ങളിലേക്ക് സ്റ്റാർട്ടപ്പ് സംരംഭകർ ചുവട് മാറ്റം നടത്തുന്നവരാണ്. ആവശ്യങ്ങളിൽ നിന്നും അവസരങ്ങളിൽ നിന്നുമെല്ലാം സ്റ്റാർട്ടപ്പ് സംരംഭകർ നവീനമായ ആശയങ്ങൾ കണ്ടെത്തുന്നു.

ഒരു സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം?
സ്റ്റാർട്ടപ്പ് വളരുന്നത് നൂതനമായ ആശയം, മൂലധനം, ഉൽപന്നം, വിപണനം എന്നീ പ്രധാനപ്പെട്ട ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനാഗമ സ്രോതസ്സുകളും മറ്റ് സേവന മാർഗങ്ങളും പലവിധത്തിൽ കണ്ടെത്താവുന്നതാണ്.

1. ഫണ്ട്
സ്വന്തം സമ്പാദ്യം ഉപയോഗിച്ചോ, സുഹൃത്തുക്കൾ, കുടുംബം എന്നിവരിൽ നിന്നും കടം വാങ്ങുന്ന ഫണ്ട് ഉപയൊഗപ്പെടുത്തിയോ സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിക്കാം. ആദ്യം കണ്ടെത്തുന്ന ആശയങ്ങളുടെ ഒരു പ്രോട്ടോടൈപ്പ് സൃഷ്ടിച്ച് ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളെയോ നിക്ഷേപകരെയോ കാണിക്കുന്നു. ഇതിലൂടെ നടപ്പിലാക്കുവാൻ ലക്ഷ്യം വയ്ക്കുന്ന ആശയങ്ങളെ സംബന്ധിച്ച് ഒരു ഫീഡ് ബാക്ക് ലഭിക്കുകയും നിലവിലുള്ള ആശയം തുടരണമോ അല്ലെങ്കിൽ അത് പൂർണമായും മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കാവുന്നതാണ്. പ്രാരംഭമൂലധനമായി വെർച്വൽ ക്യാപ്റ്റിലിസ്റ്റ് ഉൾപെടെയുള്ളവരിൽ നിന്നും ഫണ്ട് ലഭ്യമാക്കുന്നതാണ്. നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നും വരുമാനം ആർജ്ജിച്ച് കൊണ്ട് ഒരു സ്റ്റാർട്ട് സംരംഭം നിലനിൽക്കുമ്പോഴാണ് വെർച്വൽ ക്യപ്പിറ്റലുകൾ ഉൾപെടെയുള്ള ധനാഗമ മാർഗങ്ങൾ ലഭ്യമാകുന്നത്. പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കുവാൻ കഴിയുമ്പോഴാണ് ഒരു സ്റ്റാർട്ടപ്പിന് വരുമാനമുണ്ടാകുന്നത്. ഉൽപന്നങ്ങളും സേവനങ്ങളും ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താവിന് വിൽപന നടത്തുവാൻ കഴിയുമ്പോഴാണ് സ്റ്റാർട്ടപ്പ് സംരംഭത്തിന് വരുമാനമുണ്ടാകുന്നത്.

2. ബിസിനസ് ഇൻകുബേറ്റർ
പുതിയ സ്റ്റാർട്ടപ്പുകൾ വിജയത്തിലെത്തിക്കുവാൻ സഹായിക്കുന്ന പരിപാടികളാണ് ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ ആവിഷ്‌കരിക്കുന്നത്. സ്റ്റാർട്ടപ്പുകൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങളായ സ്ഥലപരിമിതി, പ്രാരംഭമൂലധനം, ഉപദേശങ്ങൾ, മാർഗനിർദ്ദേശങ്ങൾ, പരിശീലനം എന്നിവ ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോട് ആശയങ്ങളെ സ്‌കെയിലപ്പ് ചെയ്ത് സ്റ്റാർട്ടപ്പുകൾ വളരുന്നതിന് ഇൻകുബേഷൻ കേന്ദ്രങ്ങൾ സഹായിക്കുന്നു.

ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾ
* നെറ്റ് മാർക്കറ്റിങ്ങ് അവസരങ്ങൾ
* വിപണന സഹായങ്ങൾ
* ഇന്റർനെറ്റ് സൗകര്യങ്ങൾ
* അക്കൗണ്ടിങ്ങ് & ഫിനാൻഷ്യൽ മാനേജ്‌മെന്റ് സഹായങ്ങൾ
* ഫണ്ടുകൾ ലഭ്യമാകുന്നതിനുള്ള പിന്തുണ
* ആശയങ്ങൾ അവതരിപ്പിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക
* ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഭവങ്ങൾ
* ഉപദേശവും സഹായവും
* സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ
*നിയമപരമായ ഉപദേശങ്ങൾ

 അഭ്യുദയ കാംക്ഷികളും പ്രധാന പങ്കാളികളും
*പുതിയ സംരംഭങ്ങൾ, മെന്റർ, ഇൻകുബേറ്റേഴ്‌സ്, ഉപഭോക്താക്കൾ, വിൽപനക്കാർ, സർവകലാശാലകൾ, നിക്ഷേപകർ, അക്കൗണ്ടിങ്ങ് ഏജൻസികൾ,നിയമോപദേശകർമുതലായവരെല്ലാം അഭ്യുദയകാംക്ഷികളായി (Stakeholders) നിലകൊള്ളുന്നു.
*സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയിലെ മുഖ്യ പങ്കാളികളായി (Keyrole) വെർച്വൽ ക്യാപ്പിറ്റലിസ്റ്റ്, ഏയ്ഞ്ചൽ നിക്ഷേപകർ, ക്രൗഡ് ഫണ്ടിങ്ങ്, സർക്കാർ/ സ്വകാര്യ മേഖലയിൽ നിന്നുള്ള വായ്പകൾ എന്നിവയാണ്.

എവിടെ തുടങ്ങണം എവിടെ എത്തിച്ചേരണം?
* നൂതനമായ ആശയങ്ങൾ
* ബിസിനസ് പ്ലാൻ
* ബിസിനസിന്റെ ആരംഭം മുതൽ വളർച്ചയിൽ എത്തുന്നത് വരെയുള്ള സംക്ഷിപ്ത വിവരണം ബിസിനസ് പ്ലാനിൽ ഉണ്ടാകും.
* കാഴ്ചപ്പാടും (Vision) അത് നേടുന്നതിനുള്ള ദൗത്യവും (Mission) ബിസിനസ് പ്ലാനിൽ ഉണ്ടാകും.
*ശരിയായ ടീമിനെ സൃഷ്ടിക്കണം. നിയമം, അക്കൗണ്ടിങ്ങ്, ഫണ്ടിങ്ങ്, മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ളവർ ടീമിലുണ്ടാകണം.
* ഓഫ്‌ലൈനായോ/ ഓൺലൈനായോ ഒരു ഓഫീസ് സംവിധാനം സൃഷ്ടിക്കണം.
*മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്ത്രങ്ങൾ ആവിഷ്‌കരിച്ച് വിപണി, ഉപഭോക്താക്കൾ, വിതരണക്കാർ എന്നിവരെ നിലനിർത്താനുള്ള വിപണി ആസൂത്രണം (Marketing Plan) വേണം.

സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനുള്ള പദ്ധതികൾ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നിതന് സബ്‌സിഡിയോട് കൂടിയുള്ള വായ്പ സൗകര്യങ്ങൾ, ഗ്രാന്റുകൾ, ഇൻസന്റീവുകൾ എന്നിവ പ്രദാനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച നടപ്പിലാക്കി വരുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ
ഇന്ത്യ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ. 2015 ഓഗസ്റ്റ് 15-ാം തീയതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. നൂതനമായ ആശയങ്ങളുടെ ശക്തമായ ഒരു ആവാസ വ്യവസ്ഥ (ഇക്കോ സിസ്റ്റം) സൃഷ്ടിക്കുകയെന്നതാണ് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ മുഖ്യ ദൗത്യം. സ്റ്റാർട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനുവേണ്ടി സ്റ്റാർട്ടപ്പ് ഇന്ത്യ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. തൊഴിലന്വേഷകർക്ക് പകരം പകരം തൊഴിൽ സൃഷ്ടിക്കുന്നവരുടെ രാജ്യമാക്കി ഇന്ത്യയെ പരിവർത്തനം ചെയ്യുകയെന്നതാണ് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ലക്ഷ്യം. കേന്ദ്ര ഇൻഡസ്ട്രിയൽ പോളിസി പ്രൊമോഷൻ ആന്റ് ഇന്ത്യൻ ഇന്റേണൽ ട്രേഡ് (DPIIT) നേതൃത്വത്തിൽ സ്റ്റാർട്ട് സംരംഭകരെ സൃഷ്ടിക്കുന്നതിനുവേണ്ടി വിശദമായ കർമ്മ പരിപാടികൾ (Action Plan) ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.

കർമ്മപരിപാടികൾ
* ഇൻകുബേഷൻ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുക.
* ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരമുള്ള (IPR Act) പേറ്റന്റ് ഫയലിങ്ങ് സുതാര്യമാക്കുക.
* നികുതിയിളവ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക.
* സ്റ്റാർട്ട് സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി സിഡ്ബിയുടെ നേതൃത്വത്തിൽ നിധി.
*സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയിലെ സംരംഭകർക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി സ്റ്റാർട്ടപ്പ് പോർട്ടൽ വഴി വിശദമായ ഡാറ്റാ സംവിധാനം

സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ
സ്റ്റാർട്ടപ്പ് സംരംഭകർ, അഭ്യുദയ കാംക്ഷികൾ, ഫണ്ടിങ്ങ് ഏജൻസികൾ എന്നിവർക്ക് ഒത്തുപോകാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഈ സംവിധാനം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം
1. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (PLC) , ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP), രജിസ്റ്റേർഡ് പാർട്ണർഷിപ്പ് സ്ഥാപനം
2. മുൻവർഷത്തെ വാർഷിക വിൽപന (Annual Turn Over) 100 കോടിയിൽ താഴെയായിരിക്കണം.
3. രജിസ്‌ട്രേഷൻ തീയതി മുതൽ 10 വർഷം വരെ കാലാവധിയുള്ള സംരംഭങ്ങൾ മാത്രമേ സ്റ്റാർട്ടപ്പായി പരിഗണിക്കുകയുള്ളൂ.
4. നൂതനമായ ഉൽപന്നങ്ങളോ സേവനങ്ങളോ ആയിരിക്കണം.

രജിസ്‌ട്രേഷൻ കൊണ്ടുള്ള നേട്ടങ്ങൾ
1. NRI/ വിദേശ നിക്ഷേപകരിൽ നിന്നും വായ്പ സ്വീകരിക്കുന്നതാണ്.
2. ഫണ്ട് ഓഫ് ഫണ്ട് സ്‌കീമിൽ രജിസ്റ്റർ ചെയ്ത സംരംഭകർക്ക് ഫണ്ട് ലഭിക്കുന്നതാണ്.
3. സർക്കാരിന്റെ ഇ- വിപണിയിലൂടെ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനും സർക്കാരിന്റെ ടെണ്ടർ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിനും മുൻഗണനയുണ്ടായിരിക്കും.
4. ആദായ നികുതി ഇളവുകൾ ലഭ്യമാകുന്നതാണ്.
5. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന് ഇളവുകൾ ലഭിക്കുന്നു.
6. പേറ്റന്റ്, ട്രേഡ്മാർക്ക് രജിസ്‌ട്രേഷൻ ഫീസിൽ യഥാക്രമം 80%, 50% ഫീസിൽ ഇളവ്
7. അംഗങ്ങളിൽ നിന്നും 5 വർഷ കാലയളവിൽ നിക്ഷേപങ്ങൾ സ്വീകരിക്കാം

രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ
1. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
2.മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ/ ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ
3. ഡയറക്ടർ/ പങ്കാളികളുടെ പട്ടിക
4. അവാർഡ്/ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ
5. നിക്ഷേപകരുടെ വിവരങ്ങൾ
6. ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളും പേറ്റന്റ് രജിസ്‌ട്രേഷൻ വിവരങ്ങളും
7. വെബ്‌സൈറ്റ്/ മൊബൈൽ ലിങ്ക്
8. ഉദ്യം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
9. ബിസിനസ് പ്ലാൻ

സാമ്പത്തിക സഹായങ്ങൾ
2016-ലാണ് സ്റ്റാർട്ടപ്പ് പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റ് തുടക്കം കുറിയ്ക്കുന്നത്. വായ്പകൾ, സബ്‌സിഡികൾ എന്നീ ഇനങ്ങളിൽ വ്യത്യസ്തമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാണ്.
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം
2021 ജനുവരി 15-നാണ് സീഡ് ഫണ്ട് സ്‌കീം ആരംഭിച്ചത്. ഈ പദ്ധതിപ്രകാരം സ്റ്റാർട്ടപ്പ് സംരംഭം ആരംഭിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് 5 കോടി രൂപ വരെയുള്ള ഫണ്ട് ലഭിക്കും. 20 ലക്ഷം രൂപ വരെ ഗ്രാന്റായും ലഭിക്കുന്നതാണ്.

അടൽ ഇന്നവേഷൻ മിഷൻ പദ്ധതി
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 5 വർഷ കാലയളവിലേയ്ക്ക് ലഭിക്കുന്നതാണ്.

മുകളിൽ പ്രതിപാദിച്ച സാമ്പത്തിക സഹായ പദ്ധതികൾ കൂടാതെ ഇന്ത്യാ ഗവൺമെന്റും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ മന്ത്രാലയവും (എം. എസ്. എം. ഇ) ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെയും എം. എസ്. എം. ഇ കളെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടി സവിശേഷമായ പല പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. അവയിൽ പ്രധാനപ്പെട്ടവ:-
1. മുദ്ര
2. ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് സ്‌കീം
3. ഇസഡ്- ഇ. ഡി. സർട്ടിഫിക്കേഷൻ സ്‌കീം (ZED Scheme)
4. ക്രെഡിറ്റ് – ലിങ്ക്ഡ് ക്യാപ്പിറ്റൽ സബ്‌സിഡി സ്‌കീം (CLCSS)
5. ഉൽപന്നങ്ങളുടെ രൂപകൽപന ക്ലിനിക്ക് പദ്ധതി

ഇന്ത്യയും സ്റ്റാർട്ടപ്പ് സംരംഭങ്ങളും സാമ്പത്തിക പ്രാധാന്യവും
2016 മുതൽ 2022 വരെ ഇന്ത്യയിൽ 80,152 സ്റ്റാർട്ടപ്പുകൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ ഇന്റേണൽ പ്രൊമോഷൻ പോളിസി ആന്റ് ഇന്ത്യൻ ട്രേഡ് (DPIIT) അംഗീകരിച്ചിട്ടുണ്ട്. 2016 മുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഇന്ത്യയിൽ വളരാൻ തുടങ്ങി. 2016-ൽ 471 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചപ്പോൾ 2022-ൽ മാത്രം 19,500 സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. 2022-27 ൽ 25% വാർഷിക വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 5 വർഷത്തിനകം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (GDP) ഏകദേശം 4 മുതൽ 5 ശതമാനം വരെ സംഭാവന ചെയ്യുന്നതിന് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ൽ ഈ മേഖലയിൽ 2,30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2016-21 വരെ സ്റ്റാർട്ടപ്പിന്റെ ഫണ്ടിങ്ങിൽ 42% വാർഷിക വളർച്ച ഉണ്ടായിട്ടുണ്ട്.

കേരളവും സ്റ്റാർട്ടപ്പ് സംരംഭങ്ങളും
കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഇൻകുബേഷൻ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിന് സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനാണ് (KSUM). കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ടെക്‌നോളജി സ്റ്റാർട്ടപ്പുകളാണ്. കേരളത്തിലെ ടെക്‌നോളജി സ്റ്റാർട്ടപ്പ് പോളിസി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സ്റ്റാർട്ടപ്പ് മിഷനാണ്. സംസ്ഥാന സർക്കാർ സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയപ്രകാരമുള്ള ഗ്രാന്റുകൾ, സീഡ് ക്യാപ്പിറ്റൽഎന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേനയാണ്.

കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രദാനം ചെയ്യുന്ന പദ്ധതികൾ
1. ഇന്നോവേഷൻ ഗ്രാന്റ്
നൂതനമായ ആശയങ്ങൾ വികസിപ്പിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഓരോ ആശയങ്ങൾക്കും 12 ലക്ഷം രൂപ വരെ ഗ്രാന്റ് നൽകുന്ന പദ്ധതിയാണിത്.
2. സീഡ് ഫണ്ട് (KSUM) പ്രാരംഭ ദിശയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 15 ലക്ഷം രൂപ വരെ ഫണ്ട് ലഭിക്കുന്ന പദ്ധതിയാണിത്.
3. വെർച്വൽ ക്യാപിറ്റലിസ്റ്റ്, ഏയ്ഞ്ചൽ നിക്ഷേപകർ മുതലായവരിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള പിന്തുണ നൽകി വരുന്നു.
4. പേറ്റന്റ് റീ- ഇമ്പേഴ്‌സ്‌മെന്റ് പദ്ധതി
5. ഗവേഷണ പ്രോത്സാഹന സഹായ പദ്ധതി

സ്റ്റാർട്ടപ്പ് വളർച്ചയിൽകുതിച്ചു ചാട്ടം
കേരളം സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ അതിവേഗം മുന്നേറുന്നു. 2006 മുതലാണ് കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ചത്. ഏകദേശം 40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 4,500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേയ്ക്ക് എത്തിച്ചേർന്നു. നവീന സാങ്കേതിക വിദ്യയിൽ ഊന്നി നൂതന ആശയങ്ങളുമായി 4,000 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഇതിനോടകം കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 2010 മുതൽ 2021 വരെയുള്ള ഡെക്കഡ് ഓഫ് ഇന്നവേഷൻ എന്ന പദ്ധതിയിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച ശീഘ്രമായിരുന്നു. താങ്ങാവുന്ന വേതനത്തിൽ പ്രതിഭകളെ കണ്ടെത്തുന്ന കാര്യത്തിൽ കേരള സ്റ്റാർട്ടപ്പുകൾക്ക് ലോകത്തിൽ നാലാം സ്ഥാനവും ഏഷ്യയിൽ പ്രഥമ സ്ഥാനവുമുണ്ട്. വെർച്വൽ നിക്ഷേപം ലഭിക്കുന്ന കാര്യത്തിലും കേരളം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. സോഫ്റ്റ്‌വെയർ, ഐ. ടി എന്നീ മേഖലകൾക്കൊപ്പം മറ്റു മേഖലകളിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കൂടുതൽ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

സ്റ്റാർട്ടപ്പ് സംരംഭങ്ങളും പുതിയ വ്യവസായ – വാണിജ്യ നയവും

പുതിയ വ്യവസായ വാണിജ്യ നയം 2023-ൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നു. ടെക്‌നോളജി സ്റ്റാർട്ടപ്പുകളിൽ കേരളം അതിവേഗം വളർച്ച കൈവരിച്ചു. എന്നാൽ ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കൊപ്പം ഇതര മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സംരംഭം, ടൂറിസം എന്നിവയ്ക്ക് കൂടി പുതിയ വ്യവസായ – വാണിജ്യ നയം പ്രാധാന്യം കൊടുക്കുന്നു. ടൂറിസം പ്രചാരണത്തിനായി കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടായി’ അവതരിപ്പിച്ചത് പോലെ ‘കേരള ബ്രാന്റ് സ്റ്റാർട്ടപ്പുകൾ’ വളർത്തുന്നതിനുള്ള നിർദ്ദേശങ്ങളും പുതിയ വ്യവസായ നയം വ്യവസ്ഥ ചെയ്യുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അർഹത മാനദണ്ഡങ്ങൾ
1. കേരളത്തിൽ വിദ്യാഭ്യാസം ചെയ്യുന്ന ഒരു വിദ്യാർത്ഥി
2. കേരളത്തിന് പുറമെ നിന്നുള്ള നൂതനാശയങ്ങളുള്ള ഒരു വ്യക്തി
3. കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പ്
4.ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഏത് സംരംഭവും സ്റ്റാർട്ടപ്പിൽ ഉൾപെടുന്നതാണ്.

സേവനങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനുള്ള യോഗ്യതകൾ
*7 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളും 10 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ബയോ ടെക്‌നോളജി സ്റ്റാർട്ടപ്പുകളും അർഹത വിഭാഗത്തിലുൾപെടുന്നില്ല.
* മുൻ സാമ്പത്തിക വർഷം ഒന്നും തന്നെ വാർഷിക വിൽപന 25 കോടിയിൽ അധികരിക്കുവാൻ പാടില്ല.
*നൂതനാശയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് അർഹതയുണ്ടായിരിക്കും.
*കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്ന സംരംഭങ്ങൾ അർഹത പട്ടികയിലുൾപെടുന്നു.

വിദ്യാർത്ഥികളും സ്റ്റാർട്ടപ്പുകളും

വിദ്യാഭ്യാസ- സാങ്കേതിക വിദ്യ രംഗം, ജനസംഖ്യ എന്നിവയിലുണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച എല്ലാവർക്കും അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യം പരിമിതപ്പെടുത്തുന്നു. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് സംരംഭകത്വവും നവീനാശയങ്ങളും യുവാക്കളെയും വിദ്യാർത്ഥികളെയും സ്വതന്ത്രമായി ചിന്തിക്കുവാനും അവരുടെ സർഗാത്മകത (Creativity) ഉപയോഗിച്ച് എന്തെങ്കിലും തുടങ്ങണമെന്ന മനോഭാവം സ്റ്റാർട്ടപ്പ് സംരംഭം എന്നാശയത്തിന്റെ ഉത്ഭവത്തിലേയ്ക്ക് നയിക്കുന്നതാണ്. വിദ്യാർത്ഥി സംരംഭകർ (Student Entrepreneur) കണ്ടെത്തുന്ന നൂതനാശയങ്ങളെ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും വിദ്യാഭ്യാസ ഗവേഷണ സ്ഥപനങ്ങളും ഇൻകുബേഷൻ കേന്ദ്രങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പമുണ്ടാകുമ്പോൾ പുതിയ സ്റ്റാർട്ടപ്പുകൾ ഉദയം ചെയ്യും. ഈ സ്ഥാപനങ്ങളിലുള്ള മെന്റർ/ കൗൺസിലർ സഹായത്തോട് സംരംഭങ്ങൾ വിജയകരമാക്കുവാൻ കഴിയും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരന്നു.
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)