നാളികേര പാൽ വിപണിയിൽ പിടിമുറുക്കി ‘ഗ്രീൻ ഓറ’

ഇന്ദു കെ.പി.

     ദിവസം ആയിരം ലിറ്റർ നാളികേര പാൽ ഉൽപാദിപ്പിക്കുന്ന ഒരു സ്ഥാപനമാണ് തൃശൂർ ജില്ലയിലെ ഗ്രീൻ ഓറ. നാളികേരത്തിന്റെയും അതിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളുടെയും ഗുണഗണങ്ങൾ ഒരു മലയാളിയോടും വിശദീകരിക്കേണ്ടതില്ല. എന്നാൽ ശ്രമകരമെന്ന് തോന്നാവുന്ന ഈ പ്രക്രിയകളെ സുഗമമാക്കി നാളികേര പാൽ കയറ്റുമതിയിലൂടെ ശ്രദ്ധേയരാകുകയാണ് ഈ സ്ഥാപനവും ഉടമ സുമില ജയരാജും. നാളികേരപാൽ ചേർത്ത ഫിഷ് മോളിയും സവിശേമായ മീൻ കറികളും മട്ടൻ മപ്പാസും തുടങ്ങി പായസവും ഓലനുമെല്ലാം രുചികരമായി പാകം ചെയ്യണമെങ്കിൽ നല്ല നാളികേര പാൽ തന്നെ വേണം. ലോകത്ത് എവിടെ ജീവിക്കുന്ന മലയാളിക്കും ഇത്തരം രുചികളെ കൂടെ കൂട്ടാൻ സഹായിക്കുക കൂടിയാണ് ഇത്തരം ഉത്പന്നങ്ങൾ.

     ഗ്രീൻ ഓറയിൽ നിന്നും ഏറ്റവും അധികം വിപണിയിലെത്തുന്നത് നാളികേര പാലാണ്. ഡബിൾ പാസ്ചുറൈസ് ചെയ്ത നാളികേര പാലിന് വിദേശ വിപണിയിൽ നല്ല ഡിമാന്റാണെന്ന് സംരംഭക പറയുന്നു. ഒരു കിലോ, 200 മില്ലി ലിറ്റർ എന്നിങ്ങനെ വിവിധ അളവുകളിലായി ഇവ ലഭ്യമാണ്. ഉൽപന്നത്തിന്റെ ഗുണമേന്മ തന്നെയാണ് വീണ്ടും ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ISO, HACCP, KOSHER എന്നീ സർട്ടിഫിക്കറ്റുകളും യൂണിറ്റിന് ലഭിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് വിർജിൻ കോക്കനട്ട് ഓയിൽ. ഉല്പാദന ചെലവ് കുറവുള്ള തായ്ലാന്റ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തുന്ന വിർജിൻ കോക്കനട്ട് ഓയിലിനോടാണ് രാജ്യാന്തര വിപണിയിൽ ഗ്രീൻ ഓറയുടെ ഉൽപന്നത്തിന് മത്സരിക്കേണ്ടിവരുന്നത്. എന്നാൽ ഉൽപാദന ചെലവ് കൂടിയതിനാൽ വില കുറച്ച് നൽകാനും സാധിക്കാതെ വരുന്നു.

     രണ്ട് തൊഴിലാളികളുമായി ആരംഭിച്ച ചെറിയ യൂണിറ്റിൽ കോക്കനട്ട് വിർജിൻ ഓയിലും വെളിച്ചെണ്ണയുമാണ് തുടക്കത്തിൽ ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ കൂടുതൽ സൗകര്യത്തോടെ വലിയ യൂണിറ്റ് ആരംഭിക്കുകയുമായിരുന്നു. ഇതിനായി കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാൻഡ് അപ് ഇന്ത്യ സ്കീമിൽ നിന്നും 70 ലക്ഷം രൂപ ടേം ലോണും 20 ലക്ഷം പ്രവർത്തന മൂലധനവും ലഭിച്ചു. എട്ടു സ്ത്രീകളും ആറു പുരുഷന്മാരും ഉൾപ്പെടെ 14 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഏങ്ങണ്ടിയൂരിലെ ‘ഗ്രീൻ ഓറ ഇന്റർനാഷണൽ ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് യൂണിറ്റിന്റെ’ സ്ഥാപകയായ സുമില ജയരാജ് പത്തുവർഷമായി ഈ നാളികേരോൽപന്ന യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. സുമില ഒരു കേരോൽപന്ന യൂണിറ്റിൽ മാനേജരായി ജോലി ചെയ്ത പരിചയമാണ് സംരംഭത്തിലേക്ക് നയിച്ചത്. മൂല്യ വർദ്ധിത ഉൽപന്നമായ നാളികേരത്തിന്റെ വിപണന സാധ്യത ഇവർ മനസ്സിലാക്കുന്നത് അവിടെ നിന്നാണ്.

      2012-ൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 30 ശതമാനം സബ്സിഡിയോടുകൂടി പന്ത്രണ്ട് ലക്ഷം രൂപ ലോണെടുത്ത് വീടിനോട് ചേർന്ന് ഒരു യൂണിറ്റ് ആരംഭിച്ചപ്പോൾ ഇവർക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. എന്നാൽ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും നിർലോഭമായ പ്രോത്സാഹനം ലഭിച്ചു. നാളികേര വികസന ബോർഡിലെയും മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും പരിശീലനം കൂടി പൂർത്തിയാക്കിയപ്പോൾ ഇതു തന്നെയാണ് തന്റെ മേഖലയെന്ന് സുമില തീരുമാനിക്കുകയായിരുന്നു. നാളികേര ഉൽപന്നങ്ങളുടെ ഗുണങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞതോടെ വരുമാന മാർഗ്ഗം എന്നതിനുമപ്പുറം ഇതൊരു പാഷനുമായി മാറി.

     ഗ്രീൻ ഓറയിൽ നിന്നും ‘ഗ്രീൻ നട്ട്സ്’ എന്ന ബ്രാൻഡിൽ വെർജിൻ കോക്കനട്ട് ഓയിൽ, വെളിച്ചെണ്ണ, കോക്കനട്ട് മിൽക്ക്, തേങ്ങ ചട്നി, തേങ്ങ അച്ചാർ, നാളികേര വെള്ളത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന വിനാഗിരി എന്നിങ്ങനെ വിവിധങ്ങളായ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലും കടകളിലും ഇവ ലഭ്യമാണെങ്കിലും കേരളത്തിന് പുറത്തും വിദേശത്തുമാണ് ഗ്രീൻ ഓറയുടെ ആവശ്യക്കാർ കൂടുതലുള്ളത്. ഇന്ത്യാ മാർട്ട്, ആമസോൺ തുടങ്ങി ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെയും ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴിയും വിപണനം നടത്തുന്നുണ്ട്. സ്ഥാപനത്തിലെ ഉൽപന്നങ്ങൾക്കുള്ള നാളികേരം പ്രാദേശിക കർഷകരിൽ നിന്നുമാണ് വാങ്ങുന്നത്. തീരദേശ മേഖലയായതിനാൽ നാളികേരത്തിന്റെ ഗുണനിലവാരം മികച്ചതാകും. വിപണി വിലയേക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതൽ നൽകിയാണ് അവ ശേഖരിക്കുന്നത്. പ്രദേശത്ത് അമ്പതോളം കുടുംബങ്ങൾ സ്ഥാപനത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

     7448.5 ദശലക്ഷം നാളികേരം പ്രതിവർഷം ഉത്പാദിപ്പിക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. നാളികേരം, വെളിച്ചെണ്ണ, പിണ്ണാക്ക് എന്നതിനപ്പുറം നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുകയും കേര ഉൽപന്നങ്ങളെകുറിച്ച് കൃത്യമായ അവബോധം ജനങ്ങളിൽ ഉണ്ടാക്കുകയും ചെയ്താൽ സ്ഥിര വരുമാനമുള്ള ധാരാളം യൂണിറ്റുകൾ ആരംഭിക്കുന്നതിനും ജോലി സാധ്യതയ്ക്കും എല്ലാറ്റിനുമുപരി കേരകർഷകർക്ക് കൈത്താങ്ങാകുന്നതിനും സഹായകരമാകുമെന്ന് സുമില പറയുന്നു. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളും ധാരാളം പൂരിതകൊഴുപ്പുകളും അടങ്ങിയ ഭക്ഷ്യ ഉത്പന്നമാണ് നാളികേരം. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ശരീരത്തിൽ ആഗിരണം ചെയ്യുമ്പോൾ മോണോലാറിൻ എന്ന പദാർത്ഥം രൂപം കൊള്ളുന്നു. ഇത് ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവക്കെതിരെ പ്രവർത്തിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

     കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ, ജില്ലാ വ്യവസായ കേന്ദ്രം, കാർഷിക സർവ്വകലാശാല, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി പുരസ്ക്കാരങ്ങൾ ഗ്രീൻ ഓറക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും കേരള കാർഷിക സർവ്വകലാശാല, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലെ നാളികേര സംരംഭകത്വവുമായി ബന്ധപ്പെട്ട പരിപാടികളിലും സുമില പങ്കെടുക്കാറുണ്ട്. നാളികേരത്തിന്റെ നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ മൂല്യവർദ്ധിത നാളികേര സംരംഭങ്ങൾക്ക് സാധ്യതകളേറെ യാണെന്നാണ് ഇവരുടെ അഭിപ്രായം.