ട്വന്റി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി
ബിനോയ് ജോർജ് പി
മൂന്നു എക്കർ മുതൽ 15 ഏക്കർവരെയുള്ള ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന തൃശൂരിലെ കർഷകരുടെ കൂട്ടായ്മയാണ് ട്വന്റി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി. കമ്പനിയിൽ തുല്യ ഓഹരി പങ്കാളിത്തമുള്ള 10 പേരിൽ 5 പേരാണ് ഡയറക്ടർമാർ. പേരിൽ മാത്രമാണ് ട്വന്റി ഫാർമേഴ്സുളളത്. ഓഹരി പങ്കാളികളെ കൂടാതെ സ്ഥിരമായി ഉത്പന്നങ്ങൾ നൽകാൻ കഴിയുന്ന 20 ഓളം കർഷകരിൽ നിന്നും ഉത്പന്നങ്ങൾ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ 9ന് ഓൺലൈൻ ആപ്പിന്റെ ഉദ്ഘാടനം മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാർ തൃശൂരിൽ നിർവഹിച്ചു. ആഴ്ചയിൽ 2 ലക്ഷത്തോളം രൂപയാണ് ആദ്യ ആഴ്ച്ചകളിലെ മൊത്ത വ്യാപാരത്തിൽ നിന്നും ഇവർക്ക് ലഭിച്ചത്. ഓൺലൈൻ വിൽപ്പന സജീവമായി തുടങ്ങുന്നതെയുള്ളൂ.
ചേർത്തലക്കാരനായ നിഷാദിന്റെ ആശയത്തിൽ രൂപീകൃതമായ സ്ഥാപനത്തിൽ മറ്റു 9 പേരും തൃശൂർ സ്വദേശികളാണ്. ഇടനിലക്കാരനെ ഒഴിവാക്കി കർഷകന്റെ ഉത്പന്നത്തിന് മാന്യമായ വില നൽകുകയും മാസം ശമ്പളമായി 30,000 മുതൽ 60,000 രൂപ വരെ കർഷകന് ലഭിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കാർഷികോത്പന്നങ്ങൾക്ക് കൃഷി ചെയ്യുന്നവൻ തന്നെ വില നിശ്ചയിക്കുകയും ഉപഭോക്താക്കൾക്ക് മികച്ചവ നൽകുകയുമാണ് ഇവർ ചെയ്യുന്നത്. ഇപ്പോൾ മൊത്ത കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സ്ഥാപനം റീട്ടെയിലും താമസിയാതെ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. നാടൻ പഴം, പച്ചക്കറി, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയാണ് ഓൺലൈൻ വഴി ലഭിക്കുക. ഇവയിൽ കേരളത്തിൽ കൃഷി ചെയ്യാത്തവ മറ്റിടങ്ങളിൽ നിന്നും ആപ്പിൽ ലഭ്യമാക്കും. വെളിച്ചെണ്ണ മുതൽ മുളക്-മല്ലി-മഞ്ഞൾ തുടങ്ങിയ പൊടികളും സമ്പാർ-രസം പൊടികളും കൊണ്ടാട്ടവുമെല്ലാം ഈ ആപ്ലിക്കേഷൻ വഴി ലഭിക്കും. തൃശൂർ നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഇവ ലഭിക്കും. 400 രൂപക്ക് മുകളിൽ വാങ്ങുന്നവർക്ക് സർവീസ് ചാർജില്ല. കർഷകർക്കായി കർഷകർ ഉണ്ടാക്കിയ കമ്പനിയിൽ എല്ലാ ലാഭവും കർഷകർക്ക് പങ്കുവെയ്ക്കും.
പച്ചക്കറികൾക്കെല്ലാം ഒരു വർഷത്തേക്ക് സ്ഥിരം വില നിശ്ചയിക്കുന്നു എന്നതാണ് ഈ ആപ്ലിക്കേഷന്റെയും ഫാർമേഴ്സ് കമ്പനിയുടെയും വലിയ സവിശേഷത. അടുത്ത മെയ് മാസം വരെ ഇവരുടെ തക്കാളിക്ക് മൊത്ത വില്പന വില 40 രൂപയാണ്. തൃശൂരിലെ വില തന്നെയാണ് കൊല്ലത്തും നൽകുക. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികൾക്ക് വില കൂടിയാലും കുറഞ്ഞാലും ഇതിൽ മാറ്റമുണ്ടാകില്ല. കമ്പനി പ്രവർത്തനം ആരംഭിച്ചതിനു ശേഷം എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നേക്കാൽ ടൺ പച്ചക്കറിയുമായി ട്വന്റി ഫാർമേഴ്സിന്റെ പച്ചക്കറി വണ്ടി ഒറ്റപ്പാലത്തു നിന്നും പുറപ്പെടും. ചേലക്കര, തൃശൂർ, മാള, എറണാകുളം വഴി കൊല്ലം വരെയാണ് വിപണന യാത്ര. പച്ചക്കറി ആവശ്യപ്പെട്ട കർഷകർക്ക് നിശ്ചയിച്ച വിലക്ക് ഇവ നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഈ ഡെലിവറി. ഇതിനായി വാഹനത്തിൽ ഇവരിൽ ഒരാൾ തന്നെ പോകുന്നു.
നിരവധി കാർഷികോത്പന്നങ്ങൾ കൃഷിചെയ്യുന്ന കർഷകർക്ക് കമ്പനി കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവരുടെ കൃഷി ഭൂമിയിലെ 30 സെന്റിൽ ഏതെങ്കിലും ഒരു വിളയെങ്കിലും നിർബന്ധമായും കൃഷി ചെയ്യുകയും ഇവ ആഴ്ച്ചയിൽ മൂന്നു ദിവസം കമ്പനിക്ക് നൽകുകയും വേണം. വള്ളി പയർ പോലുള്ള വിളകൾ കൃഷി ചെയ്യുന്നയാൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ 100-150 കിലോ പയർ ലഭിക്കും. ഈ പയറിന്റെ വിലയാണ് മാസം ശമ്പളമായി നൽകുക. ഓരോ വിളകളും മാറിമാറിയാണ് കർഷകർ കൃഷി ചെയ്യേണ്ടത്. വള്ളിപ്പയർ, കുറ്റിപ്പയർ, തക്കാളി, പടവലം, വെണ്ട, പച്ചമുളക്, പാവയ്ക്ക തുടങ്ങി 10, 15 ഇനങ്ങൾ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ മറ്റു ഉത്പന്നങ്ങൾ കമ്പനിക്കോ മറ്റുള്ളവർക്കോ വിൽക്കാം. സംസ്ഥാന സർക്കാരിന്റെ കർഷക പുരസ്കാരം നേടിയ 4 പേരും കേന്ദ്രത്തിന്റെ കർഷക പുരസ്കാരം നേടിയ ഒരാളും 10 പേരുടെ ഈ കൂട്ടായ്മയിലുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിയെ പരിവർത്തിപ്പിക്കുകയും നാടൻ പച്ചക്കറികൾ കൃഷി ചെയ്യുന്നവർക്ക് താങ്ങും മാതൃകയും ആകുകയാണ് കമ്പനി ഉദേശിക്കുന്നത്.
കാർഷികോത്പന്നങ്ങൾ വിഷം തളിക്കാതെ പുതുമയോടെ ഉപഭോക്താവിലേക്ക് നേരിട്ട് എത്തിക്കുകയും അതുണ്ടാക്കിയ കർഷകന്, ഇടനിലക്കാരനെ ഒഴിവാക്കി കൃത്യമായ വരുമാനം ലഭ്യമാക്കുകയുമാണ് ട്വന്റി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കർഷകന് മാസ ശമ്പളവും ആരോഗ്യ ഇൻഷുറൻസും പെൻഷനും നൽകുക, നാടൻ പച്ചക്കറികൾക്ക് വില സ്ഥിരത ഉറപ്പാക്കുക, കർഷകന് ശാസ്ത്രീയമായ കൃഷി വിദ്യാഭ്യാസം നൽകുക എന്നിവയും ഇവർ ലക്ഷ്യമിടുന്നു. കൃഷിക്കാരനായ യുവാവിന്റെ വിവാഹാലോചനകൾ, കമ്പോളത്തിൽ ഒട്ടും ഡിമാന്റില്ലാത്ത വിളപോലെയാണെന്നാണ് ഇവരുടെ പക്ഷം. ഭക്ഷ്യധാന്യങ്ങളും-പഴം-പച്ചക്കറികളും മണ്ണിൽ വിളയിക്കുന്ന കർഷകനോടുള്ള സമൂഹത്തിന്റെ അവഗണനക്ക് ഇന്നും വലിയ മാറ്റമില്ല. അനിശ്ചിതമായ വരുമാനമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. പുതിയ തലമുറയ്ക്ക് കൃഷിയോട് അല്പമെങ്കിലും താല്പര്യം ഉണ്ടാകണമെങ്കിൽ കൃഷി ചെയ്യുന്നവൻ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും അവന് സാമ്പത്തിക ഭദ്രത ഉറപ്പാകുകയും വേണം. കൃഷി മാന്യവും ലാഭകരവുമായ ഒരു തൊഴിലാണെന്ന വിശ്വാസം പൊതുസമൂഹത്തിൽ സൃഷ്ടിക്കണം.അതിനുള്ള ശ്രമം കൂടിയാണ് കമ്പനി ലക്ഷ്യമിടുന്ന മാസ ശമ്പളം പദ്ധതി. കൃത്യമായ വരുമാനം കർഷകന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ തലയുയർത്തി നിൽക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും ചെയ്യും.
അത്യാദ്ധ്വാനത്തിലൂടെ കർഷകൻ വിളയിച്ചെടുത്ത ഉത്പന്നം പല അവസരങ്ങളിലും തുച്ഛ വിലക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. ഇടനിലക്കാരൻ അവസരം മുതലാക്കി കർഷകനെ വലിയ നഷ്ടത്തിലേക്ക് തള്ളി വിടുകയാണ് പതിവ്. 120 രൂപയുണ്ടായിരുന്ന പയർ ഓണത്തിന്റെ പിറ്റേന്ന് 10 രൂപക്ക് വിൽക്കേണ്ട ഗതികേടിലായ സുഭാഷ് ചന്ദ്രന് സഹായവുമായി ചേർത്തലക്കാരനായ നിഷാദ് എത്തുന്നതോടെ അവർ അറിയാതെ തന്നെ പുതിയ സംരംഭത്തിന് നാന്ദികുറിക്കുകയായിരുന്നു. വണ്ടിയിൽ നിറച്ച് വള്ളി പയർ തെരുവിൽ വിറ്റു തീർക്കുകയായിരുന്നു ഇവർ. ചേലക്കരയിൽ നിന്നും എറണാകുളം എത്തുമ്പോഴേക്കും 480 കിലോ പയറും തീർന്നിരുന്നു. മറ്റൊരു കർഷകന് സമാനമായ അവസ്ഥയുണ്ടായപ്പോഴും ഈ രീതി അവലംബിച്ചു. എന്നാൽ സ്ഥിരമായി ഈ രീതിയിൽ വില്പന നടക്കില്ലെന്ന് മനസിലാക്കിയാണ് ട്വന്റി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി എന്ന കർഷകരുടെ കമ്പനി രൂപീകരിക്കുന്നത്.
മലയാളിക്കായി തമിഴ്നാട്ടിൽ ‘പ്രത്യേകം’ ഉണ്ടാക്കിയെടുക്കുന്ന പച്ചക്കറികളെക്കാൾ പുതുമയും ഗുണവും നാട്ടിൽ ഉത്പാദിപ്പിക്കുന്നവയ്ക്ക് ഉണ്ട്. ഫാർമേഴ്സ് കമ്പനി നൽകുന്ന ഉത്പന്നങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ആരാണ് ആ പച്ചക്കറി നൽകിയതെന്നും അതിന്റെ പ്രശ്നങ്ങളും ഉപഭോക്താവിനും നേരിട്ട് കർഷകനുമായി സംസാരിക്കാം. ആര്, എപ്പോൾ, എവിടെയാണ് ഈ വിള കൃഷി ഇറക്കിയതെന്നും അറിയാൻ കഴിയും. ബ്ലോക്ക് ചെയിൻ മെത്തേഡ് എന്ന ഈ സാങ്കേതിക സംവിധാനവും പോൾട്രി, ഡയറി, കട്ട് വെജിറ്റബിൾ എന്നിവയുടെ വില്പനയും ഓൺലൈൻ വഴി താമസിയാതെ ആരംഭിക്കും. ഉപഭോക്താവിന് ഈ ജനുവരിയിൽ ഇവരുടെ ഫാമുകൾ സന്ദർശിക്കാനും വിളവെടുക്കാനുമുള്ള അവസരം ട്വന്റി ഫാർമേഴ്സ് കമ്പനി ഒരുക്കുന്നുണ്ട്. കമ്പനിയുടെ ചെയർമാൻ കൃഷി വകുപ്പ് മുൻ ജോയിൻ്റ് ഡയറക്ടർ ബൈജു ടി പി ആണ്.
കമ്പനിയുടെ മൊത്ത വിൽപന പരിധി ജനുവരി മാസത്തിൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കും. നിരവധി കർഷകർ കമ്പനിയിൽ അംഗങ്ങളാകാൻ ആഗ്രഹിച്ച് സമീപിക്കുന്നുണ്ടെങ്കിലും തൽക്കാലം കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. ഇവർക്ക് ഇതേ മാർഗം സ്വീകരിച്ച് വേണമെങ്കിൽ പുതിയ കമ്പനി ആരംഭിക്കാനും ഉത്പന്നങ്ങൾ വിറ്റഴിക്കാനും സഹായങ്ങൾ ചെയ്യാൻ തയ്യാറാണിവർ. ഈ മാതൃകയിൽ വാണിജ്യപരമായി കൃഷി ചെയ്യുന്ന കൂടുതൽ പേർ കേരളത്തിൽ ഉയർന്നു വരണമെന്നതാണ് ഇവരുടെ ആഗ്രഹം. കർഷകരുടെ ഈ കമ്പനി ആരംഭ ദശയിൽ തന്നെ 16 ടണ്ണോളം നാടൻ പച്ചക്കറികളാണ് ഒരു മാസം മൊത്ത വില്പന നടത്തുന്നത്. പല വലിയ ഹോട്ടൽ ശൃംഖലകളും ട്വന്റി ഫാർമേഴ്സ് കമ്പനിയുമായി കരാറിലേർപ്പെടാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞുവെന്ന് കമ്പനിയുടെ സ്ഥാപകനായ നിഷാദ് പറയുന്നു. പ്രമുഖ കൃഷി ശാസ്ത്രജ്ഞനായിരുന്ന ആർ. ഹേലിയുടെ പേരിലുള്ള പുരസ്കാരം, 60 ദിവസം പോലും പ്രായമെത്താത്ത ഈ കമ്പനിക്കാണെന്ന് അറിയുമ്പോൾ തന്നെ ഇവരുടെ പ്രവർത്തന മികവിനെപ്പറ്റി ഏകദേശം ധാരണ ലഭിക്കും.